വാഷിങ്ടൺ: യു.എസിന്റെ 47-ാം പ്രസിഡന്റായുള്ള ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം രാത്രി 10.30-നാണ് അധികാരമേൽക്കൽ ചടങ്ങ്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് സത്യവാചകം ചൊല്ലിക്കൊടുക്കും. നിരവധി ലോകനേതാക്കളും ശതകോടീശ്വരന്മാരും പ്രമുഖ കമ്പനികളുടെ സി.ഇ.ഒ മാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 

To advertise here,

വാഷിങ്ടണിൽ അതിശൈത്യമായതിനാൽ കാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളാണ് സത്യപ്രതിജ്ഞാവേദി. 1985-ൽ റൊണാൾഡ് റീഗന്റെ സത്യപ്രതിജ്ഞയാണ് ഇതിനുമുൻപ്‌ അടഞ്ഞവേദിയിൽ നടന്നത്. സത്യപ്രതിജ്ഞയ്ക്കുശേഷം ട്രംപ് രാജ്യത്തെ അഭിസംബോധനചെയ്യും. 2017-2021 കാലത്ത് പ്രസിഡന്റായിരുന്ന ട്രംപ് നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടുമെത്തുന്നത്.

മുന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഇന്ത്യയുടെ പ്രതിനിധിയായി ചടങ്ങിൽ പങ്കെടുക്കും. പ്രമുഖ കമ്പനികളുടെ സി.ഇ.ഒ മാരും ചടങ്ങിനെത്തുന്നുണ്ട്. ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് എന്നിവരുടെ സാന്നിധ്യമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയിട്ടുണ്ട്. 

യു.എസിനെ നയിക്കാൻ വീണ്ടുമെത്തുന്ന ഡൊണാൾഡ് ട്രംപിന് കൈകാര്യംചെയ്യാൻ അമേരിക്കയ്ക്കുള്ളിലും പുറത്തും നിരവധി വിഷയങ്ങളുണ്ട്. യുക്രൈനിലും ഗാസയിലുമുള്ള യുദ്ധം, യു.എസിലെ വിലക്കയറ്റം, അഭയാർഥിപ്രശ്നം എന്നിവയെ അഭിമുഖീകരിക്കേണ്ടതായുണ്ട്. യു.എസിന്റെ ആഗോളസ്വാധീനം കുറഞ്ഞെന്ന അടക്കംപറച്ചിലുകൾക്കിടെയാണ് ട്രംപിന്റെ രണ്ടാംവരവ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നാണ് കഴിഞ്ഞതവണത്തെപ്പോലെ ഇത്തവണയും അദ്ദേഹത്തിന്റെ ആപ്തവാക്യം. 

അധികാരമേറ്റശേഷം ചൈനയിൽപ്പോയി പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കാണാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് നേരത്തേ വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടുചെയ്തിരുന്നു. ചൈനയുമായുള്ള ബന്ധത്തിലെ സംഘർഷം പരിഹരിക്കുകയാണ് ലക്ഷ്യം. ചൈനീസ് ഉത്പന്നങ്ങൾക്ക് 60 ശതമാനംവരെ ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുമെന്നാണ് അടുത്തിടെവരെ ട്രംപ് പറഞ്ഞിരുന്നത്.

ഇന്ത്യ സന്ദർശിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ ഉപദേശകരുമായി ചർച്ചചെയ്തു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ കഴിഞ്ഞമാസം യു.എസ്. സന്ദർശിച്ചവേളയിൽ ഇതിനുള്ള പ്രാഥമികചർച്ച നടന്നതായാണ് വിവരം.യു.എസും ജപ്പാനും ഓസ്ട്രേലിയയും അംഗങ്ങളായ ക്വാഡിന്റെ ഉച്ചകോടി ഇത്തവണ ഇന്ത്യയിൽവെച്ചാണ്. ഇതിന്റെ ഭാഗമായോ അതിനുമുൻപോ ട്രംപ് ഇന്ത്യയിലെത്തിയേക്കുമെന്നാണ് കരുതുന്നത്.