അമേരിക്കൻ പ്രസിഡന്റ് എടുക്കുന്ന തീരുമാനങ്ങൾ ആഗോളതലത്തിൽ സ്വാധീനം ചെലുത്തുന്നവയാണ്. എന്നാൽ, സ്വന്തം കച്ചവട താത്പര്യങ്ങളും അമേരിക്കൻ രാഷ്ട്രീയവും ആഗോള രാഷ്ട്രീയവും പരസ്പരം ബന്ധിപ്പിച്ചുള്ള അസാധാരണ രീതിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേത്. പ്രശ്നങ്ങളും പ്രതിസന്ധികളും ലോകവ്യാപകമായി സൃഷ്ടിച്ച് കുടുംബ ബിസിനസ്സ് വിപുലപ്പെടുത്തുകയും ലാഭം കൊയ്യുകയും ചെയ്യുകയാണ് ട്രംപ് എന്നാണ് പരക്കേ ആക്ഷേപം. ട്രംപിന്റെ രാഷ്ട്രീയ ജീവിതവും വ്യക്തിഗത സാമ്പത്തിക സാമ്രാജ്യവും തമ്മിലുള്ള പരസ്പരബന്ധം അമേരിക്കൻ ചരിത്രത്തിലെ വേറിട്ടൊരു അധ്യായമാണ്. പരമ്പരാഗത റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽനിന്ന് ഡിജിറ്റൽ ആസ്തികളിലേക്കും അന്താരാഷ്ട്ര ബ്രാൻഡ് ലൈസൻസിങ്ങിലേക്കും ട്രംപ് ഓർഗനൈസേഷൻ നടത്തിയ ചുവടുമാറ്റം ട്രംപിന്റെ ആസ്തികളിൽ നിർണ്ണായക മാറ്റങ്ങളുണ്ടാക്കി.
ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ (2017-2021) അദ്ദേഹത്തിന്റെ ആസ്തിയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2015-ൽ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമ്പോൾ ഫോർബ്സ് കണക്കാക്കിയ ആസ്തിയിൽനിന്ന് 31% ഇടിവ് സംഭവിക്കുകയും ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദ്ദേഹം താഴേക്ക് പോവുകയും ചെയ്തു. കോവിഡ് മഹാമാരി കാരണം റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ മാന്ദ്യം ആദ്യ ഭരണകാലത്തിന്റെ അവസാനത്തോടെ അദ്ദേഹത്തിന്റെ സമ്പത്തിൽനിന്ന് ഒരു ബില്യൺ ഡോളറോളം കുറച്ചു. എന്നാൽ, ട്രംപിന്റെ രണ്ടാം വരവിൽ കാര്യങ്ങൾ മാറിമറിഞ്ഞു.
ഡിജിറ്റൽ മീഡിയ സംരംഭമായ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ്, ഡിജിറ്റൽ ക്രിപ്റ്റോ കറൻസി സംരംഭങ്ങൾ, വിപുലമായ വിദേശ റിയൽ എസ്റ്റേറ്റ് കരാറുകൾ എന്നിവ ട്രംപിന്റെ സമ്പത്ത് മുൻപില്ലാത്തവിധം ഉയർത്തി. നിലവിൽ 2026 ഫെബ്രുവരിയിലെ ഫോർബ്സ് കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 6.5 ബില്യൺ ഡോളറാണ്. 2025-ന്റെ തുടക്കത്തിൽ സ്വന്തം ക്രിപ്റ്റോ കറൻസി പോലും പുറത്തിറക്കി ട്രംപ് വരുമാനം കണ്ടെത്തിയിരുന്നു.
അധികാരം+ബിസിനസ് = ട്രംപ്
ഇതൊന്നുമല്ല ട്രംപിനെ വേറിട്ട രാഷ്ട്രീയക്കാരനാക്കുന്നത്. അധികാരത്തിലിരിക്കെ ട്രംപ് ഓർഗനൈസേഷൻ നടത്തിയ നിക്ഷേപങ്ങളും ആസ്തി വികസനവും അമേരിക്കൻ പ്രസിഡന്റ് എന്ന സ്ഥാനം ഉപയോഗിച്ചുള്ളതാണെന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല. അധികാരത്തിലിരിക്കെ ട്രംപിന്റെ നിയന്ത്രണത്തിലുള്ള ട്രംപ് ഓർഗനൈസേഷൻ വിദേശ രാജ്യങ്ങളിലെ ബിസിനസ് ഇടപാടുകൾ വൻതോതിൽ വിപുലീകരിക്കുകയുണ്ടായി. പ്രത്യേകിച്ച്, മിഡിൽ ഈസ്റ്റ് മേഖലയിലാണ് ട്രംപ് ബ്രാൻഡിന്റെ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത്. സൗദി അറേബ്യ, ഖത്തർ, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളിൽ ആഡംബര ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ, റെസിഡൻഷ്യൽ സമുച്ചയങ്ങൾ എന്നിവ ട്രംപ് ബ്രാൻഡിന് കീഴിൽ വിപുലമായി.
ഒമാനിൽ ടൂറിസം ഏജൻസിയുടെ പങ്കാളിത്തത്തോടെ പുതിയ ട്രംപ് പ്രോജക്ട് ആരംഭിച്ചു. ഈ പദ്ധതികളുടെ നിർമ്മാണ പങ്കാളികളായി പ്രവർത്തിക്കുന്നത് സൗദി സർക്കാരുമായി അടുത്ത ബന്ധമുള്ള കമ്പനികളാണ്. ഏഷ്യൻ-യൂറോപ്യൻ മേഖലകളിലും ട്രംപിന്റെ വ്യാവസായിക സന്നിധ്യം ഇക്കാലയളവിൽ ശക്തിപ്പെട്ടു. ഇന്ത്യയിൽ മാത്രം എട്ട് ട്രംപ് ബ്രാൻഡഡ് റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് പുരോഗമിക്കുന്നത്. കൂടാതെ വിയറ്റ്നാം, ഇൻഡൊനീഷ്യ, റൊമാനിയ, ജോർജിയ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലും പുതിയ കരാറുകൾ ഒപ്പുവെക്കപ്പെട്ടു.
ആദ്യ ഭരണകാലത്ത് വിദേശ സർക്കാരുകളിൽനിന്ന് 7.8 മില്യൺ ഡോളറിലധികം തുക ട്രംപിന്റെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടികളിലേക്ക് ഒഴുകിയെത്തിയതായി യു.എസ്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിൽ ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പേയ്മെന്റുകളും ഉൾപ്പെടുന്നു. പദവിയിലിരിക്കെയുള്ള ബിസിനസുകളെപ്പറ്റിയുള്ള വിമർശനങ്ങളോട്, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ആരും കാര്യമാക്കുന്നില്ലെന്നും തനിക്ക് ബിസിനസ് ചെയ്യാൻ നിയമപരമായി അനുവാദമുണ്ടെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
ട്രംപിന്റെ ഔദ്യോഗിക ഭരണനയങ്ങളും അദ്ദേഹത്തിന്റെ വ്യക്തിഗത ബിസിനസ് താത്പര്യങ്ങളും തമ്മിൽ നേരിട്ടു പരസ്പരബന്ധം നിലനിന്നിരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ഭരണകാലത്ത് ഡിജിറ്റൽ ആസ്തികളെയും ക്രിപ്റ്റോ വിപണിയെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ട്രംപ് ഭരണകൂടം സ്വീകരിച്ച നയങ്ങൾ അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്തു. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് ഡിജിറ്റൽ വേൾഡ് അക്വിസിഷൻ കോർപ്പറേഷനുമായി ലയിച്ച് 2024 മാർച്ചിൽ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തപ്പോൾ കമ്പനിയുടെ മൂല്യം 8 ബില്യൺ ഡോളറിലെത്തിയിരുന്നു. 2024 ഡിസംബറിൽ തനിക്കുള്ള 115 മില്യൺ ഓഹരികൾ ട്രംപ് റിവോക്കബിൾ ട്രസ്റ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
2025 ജൂണിൽ പുറത്തുവിട്ട സാമ്പത്തിക കണക്ക് പ്രകാരം, 2024-ൽ ട്രംപിന്റെ വാർഷിക വരുമാനം 600 മില്യൺ ഡോളറിലധികമായിരുന്നു. ക്രിപ്റ്റോ കറൻസി വരുമാനം, ഗോൾഫ് ക്ലബ്ബുകൾ, ബ്രാൻഡ് ലൈസൻസിങ് എന്നിവയായിരുന്നു ഇതിന്റെ പ്രധാന സ്രോതസ്സുകൾ. രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ശേഖരിച്ച ഫണ്ടിൽനിന്ന് ട്രംപ് ഓർഗനൈസേഷൻ പ്രോപ്പർട്ടികളിലെ താമസച്ചെലവുകൾക്കും നിയമപരമായ ചെലവുകൾക്കും പണം ചെലവഴിച്ചിരുന്നു. കൂടാതെ, ട്രംപിന് സംരക്ഷണം നൽകിയ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരിൽനിന്ന് ഒരു രാത്രിക്ക് 1,185 ഡോളർ വരെ ഈടാക്കിയ ഇനത്തിൽ 1.4 മില്യൺ ഡോളറിലധികം നികുതിപ്പണം ട്രംപ് കമ്പനികളിലേക്ക് എത്തിപ്പെട്ടു.
ആസ്തി വർധിപ്പിച്ച് കുടുംബാംഗങ്ങളും
ട്രംപിന്റെ സാമ്പത്തിക വളർച്ചയിലെ ഏറ്റവും പ്രകടമായ സവിശേഷത ഡിജിറ്റൽ ആസ്തികളിലേക്ക് അദ്ദേഹം നടത്തിയ വലിയ നിക്ഷേപങ്ങളാണ്. 2025-ലെ സാമ്പത്തിക റിപ്പോർട്ടുകൾ പ്രകാരം ക്രിപ്റ്റോ വ്യാപാരങ്ങൾ വഴി മാത്രം ട്രംപ് 1.2 ബില്യൺ ഡോളറിനടുത്ത് വരുമാനം ഉണ്ടാക്കിയിട്ടുണ്ട്.
ഡൊണാൾഡ് ട്രംപിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിയുടെ കാലയളവിൽ ബിസിനസ് രംഗത്ത് വൻമുന്നേറ്റം നടത്തിയതും ശ്രദ്ധിക്കേണ്ട വിഷയമാണ്. ട്രംപിന്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും ട്രംപ് ഓർഗനൈസേഷന്റെ ദൈനംദിന ഭരണത്തിന് നേതൃത്വം നൽകുന്നതിനൊപ്പം വേൾഡ് ലിബർട്ടി ഫിനാൻഷ്യലിന്റെ സഹസ്ഥാപകരായും പ്രവർത്തിക്കുന്നു. ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ കുടുംബവും ചേർന്ന് സ്ഥാപിച്ച ഒരു ഡിസെൻട്രലൈസ്ഡ് ഫിനാൻസ് (DeFi) ക്രിപ്റ്റോകറൻസി സംരംഭമാണ് വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ. പരമ്പരാഗത ബാങ്കിങ് രീതികൾക്ക് പകരം ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. ഇതിലൂടെയും ട്രംപും കുടുംബവും വലിയ തോതിൽ വരുമാനം നേടുന്നുണ്ട്.
കൂടാതെ, 4 ബില്യൺ ഡോളർ മൂല്യമുള്ള ട്രംപ് മീഡിയ ട്രസ്റ്റിന്റെ ട്രസ്റ്റിയായി ഡൊണാൾഡ് ട്രംപ് ജൂനിയർ ചുമതല വഹിക്കുന്നു. ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വ്യക്തിഗത ആസ്തി 50 മില്യൺ മുതൽ 100 മില്യൺ ഡോളർ വരെയാണെന്ന് കണക്കാക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ യഥാർഥ ആസ്തിയേപ്പറ്റി വിവിധ കണക്കുകളാണ് ഉള്ളത്. അതിനാലാണ് ഇത്തരമൊരു വിലയിരുത്തൽ. ടംപിന്റെ മരുമകനായ ജാറെഡ് കുഷ്നറുടെ 'അഫിനിറ്റി പാർട്ട്നേഴ്സ്' എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം ആഗോളതലത്തിൽ വൻ സാമ്പത്തിക ഇടപാടുകൾ നടത്തുന്നു. ട്രംപിന്റെ ആദ്യ ഭരണകാലം അവസാനിച്ച ഉടൻ 2021-ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിലേക്ക് സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽനിന്ന് 2 ബില്യൺ ഡോളറാണ് നിക്ഷേപമായി ലഭിച്ചത്.
യു.എ.ഇ, ഖത്തർ എന്നിവരുടെ ഫണ്ടുകൾ കൂടി ചേർന്നതോടെ കുഷ്നറുടെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി 3 ബില്യൺ ഡോളറിലധികമായി. അഫിനിറ്റി പാർട്ട്നേഴ്സ് സെർബിയയിലെ ബെൽഗ്രേഡിൽ 500 മില്യൺ ഡോളർ ചെലവിൽ 'ട്രംപ് ടവർ ബെൽഗ്രേഡ്' നിർമ്മിക്കാൻ പദ്ധതിയൊരുക്കിയിരുന്നു. 1999-ൽ നാറ്റോ ബോംബാക്രമണത്തിൽ തകർന്ന യുഗോസ്ലാവ് മിലിട്ടറി ആസ്ഥാനത്തിന്റെ ഭൂമി 99 വർഷത്തേക്ക് ലീസിന് നൽകാൻ സെർബിയൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇത് കടുത്ത അഴിമതി ആരോപണങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും കാരണമായി. പദ്ധതിക്കായി വ്യാജരേഖ ചമച്ചതിനും പദവി ദുരുപയോഗം ചെയ്തതിനും സെർബിയൻ സാംസ്കാരിക മന്ത്രി നികോള സെലാകോവിച്ച് അടക്കം നാല് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ കേസ് എടുത്തതിനെ തുടർന്ന് 2025 ഡിസംബറിൽ അഫിനിറ്റി പാർട്ട്നേഴ്സ് ഈ പദ്ധതിയിൽനിന്ന് പൂർണ്ണമായി പിന്മാറിയതും ചേർത്ത് വായിക്കണം.
വ്യാപാര യുദ്ധത്തിലെ നേട്ടങ്ങൾ
വ്യാപാര തീരുവകളും സാമ്പത്തിക ഉപരോധങ്ങളും ട്രംപ് ഭരണകൂടം തങ്ങളുടെ വിദേശനയത്തിൽ ഒരു പ്രധാന ആയുധമായി ഉപയോഗിച്ചത് ലോകമാകെ ബാധിച്ച വിഷയമാണ്. ആഗോളതലത്തിൽ തീരുവ യുദ്ധത്തിനും വിലക്കയറ്റത്തിനും സാമ്പത്തിക ക്രമങ്ങളുടെ ഉലച്ചിലിനും ട്രംപിന്റെ തീരുവ നയങ്ങൾ കാരണമായി. അതിലും ട്രംപിന് ചില വ്യക്തിപരമായ നേട്ടങ്ങളുണ്ടായിട്ടുണ്ട്. ചൈനയുമായി കടുത്ത താരിഫ് യുദ്ധത്തിൽ ഏർപ്പെടുകയും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 45% വരെ തീരുവ ഭീഷണി മുഴക്കുകയും ചെയ്തത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണ്.
അമേരിക്കൻ സാങ്കേതികവിദ്യകൾ നിയമവിരുദ്ധമായി ട്രാൻസ്ഫർ ചെയ്തതിന് ഉപരോധം നേരിട്ട ചൈനീസ് ടെലികോം ഭീമനായ ഇസഡ്.ടി.ഇ (ZTE)യ്ക്കെതിരെ കടുത്ത നടപടികൾ അമേരിക്ക സ്വീകരിച്ചിരുന്നു. പിന്നീട്, അപ്രതീക്ഷിതമായി ട്രംപ് ഉപരോധങ്ങൾ പിൻവലിക്കുകയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി സഖ്യസാധ്യതകൾ ആരായുകയും ചെയ്തു. ഈ നയപരമായ അയവുകൾ നടന്ന അതേ ദിവസങ്ങളിലും തൊട്ടടുത്ത മാസങ്ങളിലുമായി, ഇവാങ്ക ട്രംപിന്റെ ഫാഷൻ ബ്രാൻഡിനും ട്രംപ് ഓർഗനൈസേഷനും വിലപ്പെട്ട ട്രേഡ്മാർക്കുകൾക്കും ചൈനീസ് ഗവൺമെന്റ് ഔദ്യോഗിക അംഗീകാരം നൽകുകയുണ്ടായി.
സമാനമായ വാണിജ്യ-നയതന്ത്ര ബന്ധം അർജന്റീനയുമായുള്ള വ്യാപാര ഇടപാടുകളിലും ദൃശ്യമായിരുന്നു. അർജന്റീനയിൽനിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് അമേരിക്ക തീരുവ ചുമത്തുന്നത് താൽക്കാലികമായി നീട്ടിവെച്ച സമയത്താണ് അർജന്റീനിയൻ ട്രേഡ്മാർക്ക് അതോറിറ്റി ട്രംപ് കമ്പനിയുടെ ദീർഘകാലമായുള്ള ട്രേഡ്മാർക്ക് അപേക്ഷകൾക്ക് അംഗീകാരം നൽകിയത്. ഇത്തരത്തിൽ അമേരിക്കയെന്ന രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിൽ ട്രംപ് സ്വീകരിച്ച നയങ്ങൾ അദ്ദേഹം സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി മാറ്റിമറിക്കുന്നുവെന്ന് വ്യക്തമാകുന്നു.
ട്രംപിന്റെ മിഡിൽ ഈസ്റ്റ് നയങ്ങളും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ്-ക്രിപ്റ്റോ ബിസിനസുകളും തമ്മിൽ ശക്തമായ സാമ്പത്തിക ബന്ധങ്ങളുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ അന്വേഷണ റിപ്പോർട്ടുകൾ മുമ്പ് പുറത്തുവന്നിരുന്നു. ട്രംപിന്റെ മരുമകനും മിഡിൽ ഈസ്റ്റ് ഉപദേശകനുമായിരുന്ന ജാറെഡ് കുഷ്നറുടെ കുടുംബ ബിസിനസിന് വെസ്റ്റ് ബാങ്ക് കുടിയേറ്റ ഗ്രൂപ്പുകളുമായി സാമ്പത്തിക ഇടപാടുകളുണ്ട്. ട്രംപിന്റെ ഇസ്രയേൽ അനുകൂല നയങ്ങൾക്ക് ശേഷം കുഷ്നറുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നും വലിയ ഫണ്ടിംഗ് ലഭിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ നേരിട്ട് ബിസിനസ് ഇല്ലെങ്കിലും, ട്രംപിന്റെ മിഡിൽ ഈസ്റ്റ് നയങ്ങൾ ഗൾഫ് രാജ്യങ്ങളിലെ അദ്ദേഹത്തിന്റെ വൻകിട റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കി നൽകിയിട്ടുണ്ട്.
സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ വൻകിട കമ്പനികൾ ട്രംപിന്റെ പേര് ഉപയോഗിച്ച് ലക്ഷ്വറി ടവറുകളും ഗോൾഫ് കോഴ്സുകളും നിർമ്മിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ ട്രംപ് ഓർഗനൈസേഷന് ലൈസൻസ് ഫീസായി നൽകുന്നുണ്ട്. ട്രംപിന്റെ ഗൾഫ് സന്ദർശനങ്ങൾക്കും നയതന്ത്ര നീക്കങ്ങൾക്കും പിന്നാലെ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽനിന്നും അദ്ദേഹത്തിന്റെ കുടുംബ ബിസിനസുകളിലേക്ക് ഏകദേശം 300 മില്യൺ ഡോളറിലധികം എത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇത്തരത്തിൽ രാഷ്ട്രീയ അധികാരവും ബിസിനസ് തന്ത്രങ്ങളും കൂട്ടിയിണക്കിയുള്ള അസാധാരണവും അപകടകരവുമായ മാതൃകയും കീഴ്വഴക്കവുമാണ് നിലവിൽ ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ ഭരണഘടന പ്രകാരം ഒരാൾക്ക് രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റ് പദവിയിലിരിക്കാനാകില്ല. ഒരിടയ്ക്ക് ഇക്കാര്യത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനേപ്പറ്റി ട്രംപ് വാചാലനായിരുന്നു. ഇനി അത് നടന്നില്ലെങ്കിൽ പോലും മക്കളുടെയും മരുമക്കളുടെയും ഇനി അവർക്ക് പിറക്കാൻ പോകുന്ന കുട്ടികളുടെയും ഭാവി ഇതിനകം ട്രംപ് ഭദ്രമാക്കിയിട്ടുണ്ട്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ, അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറേണ്ടി വന്നാലും നിലവിലെ സ്വാധീനത്താൽ അദ്ദേഹം വളർത്തിയെടുത്ത ബിസിനസ് സാമ്രാജ്യം ഏറെക്കാലം നിലനിൽക്കുക തന്നെ ചെയ്യും.
Content Highlights: Donald Trump's net worth reached $6.5 billion by February 2026, driven by digital assets and global business expansion., The Trump Organization expanded significantly in the Middle East, Asia, and Europe during his presidency., Family members like Donald Trump Jr. and Jared Kushner also scaled massive private equity and crypto ventures.
Published: 21 Aug 2026, 04:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented