വാഷിങ്ടണ്‍: പ്രമുഖ ടെക് കമ്പനികളുടെ മേധാവിമാര്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴവിരുന്ന്. വ്യാഴാഴ്ച വൈറ്റ് ഹൗസിലാണ് ട്രംപ് അത്താഴവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അടക്കം അഞ്ച് ഇന്ത്യന്‍ വംശജര്‍ക്കും അത്താഴവിരുന്നിലേക്ക് ക്ഷണമുണ്ട്. അതേസമയം, ട്രംപിന്റെ ഉറ്റസുഹൃത്തായിരുന്ന, ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന് വിരുന്നിലേക്ക് ക്ഷണമില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

To advertise here,

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍, ഒറാക്കിള്‍ സിഇഒ സാഫ്ര കാറ്റ്‌സ്, ബ്ലൂഒറിജിന്‍ സിഇഒ ഡേവിഡ് ലിംപ് തുടങ്ങിയവരെല്ലാം അതിഥികളുടെ പട്ടികയിലുണ്ട്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, മൈക്രോണ്‍ ടെക്‌നോളജീസ് സിഇഒ സഞ്ജയ് മെഹ്‌റോത്ര, ടിബ്‌കോ ചെയര്‍മാന്‍ വിവേക് രണദിവെ, പലാന്തിര്‍ സിടിഒ ശ്യാംശങ്കര്‍ എന്നിവരാണ് അതിഥികളുടെ പട്ടികയിലുള്ള ഇന്ത്യന്‍ വംശജര്‍. 

വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനിലാണ് ട്രംപ് ടെക്ക് പ്രമുഖര്‍ക്കായി അത്താഴവിരുന്ന് ഒരുക്കിയിരിക്കുന്നത്. അതേസമയം, അത്താഴവിരുന്നിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ചോ മറ്റുവിശദാംശങ്ങളോ വൈറ്റ്ഹൗസ് വിശദീകരിച്ചിട്ടില്ല. മെലാനി ട്രംപ് അധ്യക്ഷത വഹിക്കുന്ന എഐയുമായി ബന്ധപ്പെട്ട ഒരു യോഗത്തിന് ശേഷമായിരിക്കും അത്താഴവിരുന്ന് നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ എഐ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും എഐയും പുതിയ സാങ്കേതികവിദ്യകളും സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും സൂചനയുണ്ട്. 

അതിനിടെ, ട്രംപിന്റെ അടുത്ത സുഹൃത്തായിരുന്ന ഇലോണ്‍ മസ്‌കിന്റെ അസാന്നിധ്യമാണ് വ്യാഴാഴ്ചയിലെ അത്താഴവിരുന്നിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ട്രംപ് അവതരിപ്പിച്ച 'ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി'ലാണ് ഇലോണ്‍ മസ്‌കിന് അദ്ദേഹത്തോട് അഭിപ്രായവ്യത്യാസമുണ്ടായത്.