ബെയ്ജിങ്: അനധികൃത മാംസക്കച്ചവടക്കാർ മോഷ്ടിച്ചുകൊണ്ടുപോയ ഒരുകൂട്ടം നായ്ക്കൾ. അവർ ആ മാംസക്കച്ചവടക്കാരുടെ കയ്യിൽനിന്ന് രക്ഷപ്പെട്ട് ഉടമകളുടെ അടുത്തേക്ക് മടങ്ങിപ്പോകുന്നതിന്റെ മനോഹരമായൊരു വീഡിയോ. സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ ദൃശ്യങ്ങൾ. ചൈനയിലാണ് സംഭവം. വിവിധയിനത്തിൽപ്പെട്ട ഏഴുനായ്ക്കളാണ്, മോഷ്ടിച്ചുകൊണ്ടുപോയ മാംസക്കച്ചവടക്കാരുടെ ട്രക്കിൽനിന്ന് രക്ഷപ്പെട്ട് ഉടമകൾക്കരികിലേക്ക് എത്തിയത്. സമീപവാസികളായ മൂന്ന് കുടുംബങ്ങളുടെ വളർത്തുനായ്ക്കളാണ് ഈ ഏഴുപേരും.

To advertise here,

17 കിലോമീറ്റർ ദൂരം രണ്ടുദിവസംകൊണ്ട് താണ്ടിയാണ് ആ നായ്ക്കൾ ഉടമകൾക്കരികിലേക്ക് എത്തിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. നായകളുടെ മടക്കയാത്രയ്ക്കും ചില പ്രത്യേകതകളുണ്ടായിരുന്നു. നായ്ക്കൂട്ടത്തിന് മുന്നിൽ നടന്നത് കോർഗി ഇനത്തിൽപ്പെട്ടൊരു നായയായിരുന്നു. ഇടയ്ക്കിടെ എല്ലാവരും ഒപ്പമില്ലേ എന്ന് തിരിഞ്ഞുനോക്കികൊണ്ടായിരുന്നു കക്ഷിയുടെ നടപ്പ്. പിന്നിലുണ്ടായിരുന്നതാകട്ടെ ഒരു ഗോൾഡൻ റിട്രീവറും. നായ്ക്കൂട്ടത്തിന്റെ സുരക്ഷാച്ചുമതല വഹിക്കുന്നതുപോലെ ആയിരുന്നു കോർഗിയുടെയും ഗോൾഡൻ റിട്രീവറിന്റെയും നടപ്പ്.

കൂട്ടത്തിലുണ്ടായിരുന്ന, പരിക്കേറ്റ് മുടന്തി നടന്നിരുന്ന ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയ്ക്ക് മറ്റുള്ള നായ്ക്കൾ പ്രത്യേക പരിഗണന നൽകിയായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് ഇവരുടെ വീഡിയോ വ്യക്തമാക്കുന്നു.

തിരക്കേറിയ ചാങ്ചുൻ ഹൈവേയിലൂടെ കടന്നുപോയ നായക്കൂട്ടത്തിന്റെ ദൃശ്യം ലു ഷോവിങ് എന്ന് കുടുംബപ്പേരുള്ള ആളാണ് പകർത്തിയത്. ചാങ്‌സ്ഷുവാങ് എക്‌സ്പ്രസ് വേയിലൂടെ കൊണ്ടുപോയ ട്രക്കിൽനിന്നാണ് ഇവർ രക്ഷപ്പെട്ടത്. ട്രക്കിലെ കൂട് തകർത്ത് പുറത്തുചാടുകയായിരുന്നു. തുടർന്ന് സ്വന്തം വീടുകൾ ലക്ഷ്യമാക്കി കൂട്ടത്തോടെ യാത്രതിരിച്ചു. വേർപെട്ടു പോകാതെ കൂട്ടമായിട്ടായിരുന്നു നായ്ക്കളുടെ യാത്ര. നായ്ക്കൾക്ക് സുരക്ഷിതമായി പോകാനുള്ള മാർഗനിർദേശം കൊടുക്കാൻ ശ്രമിച്ചുവെങ്കിലും അവർ അത് കേൾക്കാൻ കൂട്ടാക്കിയില്ലെന്നും ലു ഷോവിങ് പറയുന്നു.

ലു പകർത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും പ്രാദേശിക അധികൃതരോട് ഇടപെടാൻ അഭ്യർഥിക്കുകയും ചെയ്തതിന് പിന്നാലെ ദൃശ്യങ്ങൾ വലിയ തോതിൽ വൈറലായി. പ്രാദേശിക അധികൃതർ ഇടപെടുകയും സന്നദ്ധ പ്രവർത്തകർ രംഗത്തിറങ്ങുകയും ചെയ്തു. മാർച്ച് 19-ാം തീയതിയോടെ നായ്ക്കൾ അവരുടെ ഉടമകൾക്കരികിൽ എത്തിച്ചേർന്നതായി സന്നദ്ധപ്രവർത്തകരിലൊരാൾ അറിയിച്ചു. നായ്ക്കൾ മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലും സമാധാനത്തിലുമാണ് അവരുടെ ഉടമകൾ. അവർ തിരിച്ചുവന്നതും ആർക്കും ഭക്ഷണമാകാതിരുന്നതും തങ്ങളുടെ ഭാഗ്യമാണെന്ന് ഗോൾഡൻ റിട്രീവർ നായയുടെയും ജർമൻ ഷെപ്പേഡ് നായയുടെയും ഉടമസ്ഥൻ പറഞ്ഞു.

ചൈനയിൽ നായ്ക്കളെ മോഷ്ടിക്കുന്നത് ക്രിമിനൽ കുറ്റമാണ്. നായയുടെ വിലയ്ക്ക് അനുസരിച്ച് ശിക്ഷയും കൂടും. എന്നിരുന്നാലും ചാങ്ചുൻ, ഹർബിൻ, ഡാലിയൻ നഗരങ്ങളിൽ നായ്‌മോഷണം പതിവാണ്.