മനില: കോവിഡ് വ്യാപനം ഏഷ്യാ-പസഫിക് മേഖലയിലെ 22 കോടി തൊഴിലാളികളേയാണ് ബാധിച്ചതെന്ന് എഷ്യന്‍ വികസന ബാങ്കിന്റെ ( എഡിബി) റിപ്പോര്‍ട്ട്. മഹാമാരി  തൊഴില്‍ വിപണിയില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നതെന്ന് എഡിബി റിപ്പോര്‍ട്ടില്‍ പറയുന്നു. 

To advertise here,

ലോക്ഡൗണ്‍, തുടര്‍ച്ചയായ യാത്രാ നിയന്ത്രണങ്ങള്‍ തുടങ്ങിയവ മൂലം നിരവധി ബിസിനസുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനോ നിര്‍ബന്ധിതമാക്കിയതാണ് തൊഴിലാളികളെ ഗുരുതരമായി ബാധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എഡിബിക്കൊപ്പം ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 15 മുതല്‍ 25 വയസ് വരെയുള്ള 22 കോടിയോളം യുവാക്കളായ തൊഴിലാളികളെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിസന്ധി വളരെ പെട്ടെന്ന് ബാധിച്ചത് യുവാക്കളായ തൊഴിലാളികളെയാണ്. ഇത് ദീര്‍ഘകാലത്തേക്ക് സാമൂഹ്യ- സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും യൂത്ത് എംപ്ലോയ്‌മെന്റ് ക്രൈസിസ് ഇന്‍ ഏഷ്യാ പസഫിക് എന്ന റിപ്പോര്‍ട്ടിലുണ്ട്. 

ഈ പ്രതിസന്ധി പരിഹരിക്കാന്‍ സമഗ്രമായ നയമാണ് വേണ്ടതെന്നാണ് സര്‍ക്കാരുകളോട് ഈ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. വേതന സബ്‌സിഡി, തൊഴില്‍ പദ്ധതികള്‍ തുടങ്ങിയവയിലൂടെ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഫലപ്രദമായ നടപടികളിലൂടെ ദരിദ്രരും ദുര്‍ബലരുമായ യുവാക്കള്‍ക്ക് സഹായം എത്തിച്ചേരുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം.

Content Highlights: Covid-19 pandemic to hit 220mn young workers in Asia-Pacific