വാഷിങ്ടണ്‍:  അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടപ്പാക്കിയ എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് വര്‍ധനവില്‍നിന്ന് ഡോക്ടര്‍മാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. വൈറ്റ്ഹൗസ് വക്താവ് ടെയ്‌ലര്‍ റോജേഴ്‌സിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ച ഉത്തരവ്, ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ റെസിഡന്റുമാര്‍ക്കും ഉൾപ്പെടെയുള്ളവർക്ക് ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്ന് റോജേഴ്‌സ് പ്രതികരിച്ചു.

To advertise here,

എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവിൽ കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്. ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് വന്‍ തിരിച്ചടിയാകുന്നതാണ് യുഎസ് തീരുമാനം. എന്നാല്‍, വര്‍ധന പുതിയ അപേക്ഷകരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും നിലവിലെ എച്ച് 1 ബി വിസക്കാരും എച്ച് 1 ബി വിസ പുതുക്കുന്നവരും ഈ ഫീസ് നല്‍കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. 

നേരത്തെ എച്ച്1ബി വിസയ്ക്ക് 1700-5000 ഡോളര്‍ (1.49 ലക്ഷം-4.4 ലക്ഷം രൂപവരെ) മാത്രമായിരുന്നു ചെലവ്. എന്നാല്‍ ഇപ്പോള്‍ ഈ തുക ഒരുലക്ഷം ഡോളര്‍ (88 ലക്ഷം രൂപ) ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും അനുവദിക്കുന്ന എച്ച്1ബി വിസയില്‍ ഭൂരിപക്ഷവും നേടുന്നത് ഇന്ത്യക്കാരാണ്. 2024-ല്‍ 71 ശതമാനം. ചൈനക്കാരാണ് രണ്ടാമത് (11.7%).