ബെയ്ജിങ്: യുഎസുമായൊരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തുന്ന ഉയര്‍ന്ന തീരുവയ്‌ക്കെതിരെ ശക്തമായ നിലപാട് പുലര്‍ത്തുമെന്ന് ചൈന. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ 125 ശതമാനമായി യുഎസ് ഉയര്‍ത്തിയതിനുപിന്നാലെയാണ് ചൈനയുടെ പ്രതികരണം. വ്യാപാരയുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്ന പരസ്യപ്രഖ്യാപനമാണ് ചൈന നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. കൂടാതെ ട്രംപ് ഭരണകൂടത്തിന്റെ 'നിന്ദ്യമായ' നടപടികള്‍ക്കെതിരെ ലോക വ്യാപാര സംഘടനയിലും ചൈന പരാതി നല്‍കിയിട്ടുണ്ട്. 

To advertise here,

"വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും ശക്തവുമാണ്. ചര്‍ച്ചയ്ക്ക് യുഎസ് ഒരുക്കമാണെങ്കില്‍ ചൈനയുടെ വാതിലുകള്‍ എല്ലായ്‌പോഴും തുറന്നുകിടക്കും. പക്ഷേ ചര്‍ച്ചകള്‍ പരസ്പര ബഹുമാനവും സമത്വവും മുന്‍നിര്‍ത്തിയുള്ളതാകണം. സമ്മര്‍ദം, മുന്നറിയിപ്പുകള്‍, ഭീഷണി തുടങ്ങിയവയൊന്നും ചൈനയുമായി ഇടപെടുന്നതിനുള്ള ശരിയായ മാര്‍ഗ്ഗങ്ങളല്ല", ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് ഹീ യോങ് ക്വിയാന്‍ പറഞ്ഞു. വ്യാപാരയുദ്ധത്തിനായി യുഎസ് ശഠിക്കുകയാണെങ്കില്‍ ചൈനയും അതേനിലപാട് സ്വീകരിക്കുമെന്നും യോങ് ക്വിയാന്‍ കൂട്ടിച്ചേര്‍ത്തു. വ്യാപാരയുദ്ധത്തില്‍ വിജയികളില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. 

ട്രംപിന്റെ ഏറ്റവും പുതിയ നടപടി ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള ബന്ധത്തിലെ വിള്ളലിന്‍റെ ആഴം കൂട്ടിയിരിക്കുകയാണ്. ചുങ്കം ഏര്‍പ്പെടുത്തുന്നതില്‍ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും 90 ദിവസത്തേക്ക് ഇളവനുവദിച്ചപ്പോള്‍ ചൈനയെ ട്രംപ് ഒഴിവാക്കിയില്ല. യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കം നേരത്തെ പ്രഖ്യാപിച്ച 34 ശതമാനത്തില്‍നിന്ന്  84 ശതമാനമായി ചൈന വര്‍ധിപ്പിച്ചതിനു പകരമായാണ് ചൈനയുടെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഭാഷ്യം. 

ആഗോളവിപണിയില്‍ ചൈന മറ്റുരാഷ്ട്രങ്ങളോട് പുലര്‍ത്തുന്ന ബഹുമാനക്കുറവാണ് ചൈനയുടെ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള കാരണമെന്നാണ് ട്രംപ് പറയുന്നത്. തിരിച്ചും തീരുവ വര്‍ധിപ്പിച്ചാല്‍ അധികചുങ്കം ഏര്‍പ്പെടുത്തുമെന്നും അല്ലാത്തപക്ഷം 90 ദിവസം ചുങ്കം വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെക്കാമെന്നും രാജ്യങ്ങളെ അറിയിച്ചു. തിരികെ നികുതി വര്‍ധിപ്പിക്കാതെ സഹകരിച്ച രാഷ്ട്രങ്ങളെ അധികനികുതിയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ചൈന അതിനെതിരെ പ്രവര്‍ത്തിച്ചതിനാലാണ് തീരുവ വര്‍ധിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു.