ഇസ്‌ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന. പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാകിസ്താനുള്ള പിന്തുണ ചൈന അറിയിച്ചത്. 

To advertise here,

പാകിസ്താന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വാങ് യി പാകിസ്താനെ അറിയിച്ചു. 

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ റഷ്യയോ ചൈനയോ ഉള്‍പ്പെട്ട അന്വേഷണം സ്വീകാര്യമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ പാകിസ്താന്‍ ചൈനയെ അറിയിച്ചു. ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണെന്നും സംയമനത്തോടെ ഇടപെടണമെന്നും വാങ് യി ആവശ്യപ്പെട്ടു. 

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന് ചൈനയോടും റഷ്യയോടും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ പറയുന്നത് സത്യമാണോ കള്ളമാണോ എന്നത് അന്താരാഷ്ട്ര അന്വേഷണസംഘം കണ്ടെത്തട്ടേയെന്നാണ് മന്ത്രി പറഞ്ഞത്.