ടെഹ്റാന്: ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന് കനത്ത ആഘാതം. സൈനിക മേധാവികളും ആണവ ശാസ്ത്രജ്ഞന്മാരും കൊല്ലപ്പെട്ടു. ഇറാന് ഇസ്ലാമിക് റെവലൂഷന് ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിയുടേതിന് പിന്നാലെ സൈനിക മേധാവി മുഹമ്മദ് ബഘേരിയുടെ മരണവും ഇറാന് സ്ഥിരീകരിച്ചു. റെവലൂഷണറി ഗാര്‍ഡ്സിന്റെ ഖതം അല്‍-അന്‍ബിയ ആസ്ഥാനത്തിന്റെ തലവന്‍ മേജര്‍ ജനറല്‍ ഗോലം അലി റാഷിദും കൊല്ലപ്പെട്ടിട്ടുണ്ട്.
ഉന്നതരായ സൈനിക മേധാവികളെയാണ് ഒറ്റദിവസം ഇറാന് നഷ്ടമായിരിക്കുന്നത്. തലസ്ഥാനമായ ടെഹ്റാനില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടതെന്ന് ഇറാന് അറിയിച്ചിരുന്നു. ഇറാനിയന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഘേരിയും ടെഹ്റാനിലെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം.
ഓപ്പറേഷന് റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാന് തലസ്ഥാനമായ ടെഹ്റാനിലടക്കം വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സൈനിക മേധാവികളും ശാസ്ത്രജ്ഞന്മാരും കൊല്ലപ്പെട്ടത്.
ആറ്റമിക് എനര്‍ജി ഓര്ഗനൈസേഷന് ഓഫ് ഇറാന്റെ മുന്‍ തലവന്‍ ഫെറൈഡൂണ്‍ അബ്ബാസി, ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്റാഞ്ചി എന്നിവരാണ് കൊല്ലപ്പെട്ട ഉന്നത ശാസ്ത്രജ്ഞര്‍. 2010-ല്‍ ടെഹ്റാനില്‍ ഫെറൈഡൂണ്‍ അബ്ബാസിക്ക് നേരെ വധശ്രമം നടന്നിരുന്നു.
ഇസ്രയേല്‍ ആക്രമണത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള സന്ദേശത്തില്‍ ഇറാന് പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി സ്ഥിരീകരിച്ചിരുന്നു. 'ആക്രമണങ്ങളില്‍ നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ പിന്‍ഗാമികളും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കും' ഖമേനി പറഞ്ഞു.
Content Highlights: Israel launched attacks in Tehran, killing top Iranian military commanders and nuclear scientists.
Published: 13 Jun 2025, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented