വാഷിങ്ടൺ: വെനസ്വേലയ്‌ക്കെതിരേ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാമത്തെ ആക്രമണ പരമ്പര റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും നല്ലരീതിയിൽ സഹകരിക്കുന്നതിനാലാണ് രണ്ടാംവട്ട ആക്രമണ പരമ്പര ഒഴിവാക്കാൻ താൻ തീരുമാനിച്ചതെന്ന് സ്വന്തം സാമൂഹികമാധ്യമമയ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് വ്യക്തമാക്കി.

To advertise here,

സമാധാനം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയെന്നോണം വെനസ്വേല വലിയ അളവിൽ രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുകയാണ്. ഇത് പ്രധാനപ്പെട്ടതും ബുദ്ധിപൂർവവുമായ സൂചനയാണ്. അവരുടെ എണ്ണ, വാതക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിലും ആധുനികവത്കരിക്കുന്നതിലും അത് വലുതും മെച്ചപ്പെട്ടതുമാക്കുന്നതുമായും ബന്ധപ്പെട്ട് യുഎസ്എയും വെനസ്വേലയും നല്ല രീതിയിൽ യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. ഈ സഹകരണത്താൽ, നേരത്തെ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ടാംവട്ട ആക്രമണ പരമ്പര റദ്ദാക്കുകയാണ്. അത് ആവശ്യമില്ലെന്നാണ് കരുതുന്നത്, ട്രംപ് വ്യക്തമാക്കി.

ബിഗ് ഓയിൽ ചുരുങ്ങിയത് 100 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും അവരുമായി ഇന്ന് താൻ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് കുറിപ്പിൽ കൂട്ടിച്ചേർത്തു. അതേസമയം, ഷെവ്‌റോൺ കോർപറേഷൻ, വിറ്റോൽ, ട്രാഫിഗ്യുര ഉൾപ്പെടെയുള്ള എണ്ണക്കമ്പനികൾ വെനസ്വേലയിൽനിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാറുകൾക്കായി യുഎസ് സർക്കാരിനെ സമീപിക്കുന്നുണ്ടെന്നാണ് വിവരം.