ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര യുദ്ധം ശക്തമാക്കി കാനഡ. ഏകദേശം 2000 കോടി ഡോളർ (ഏകദേശം 1,91,474 കോടി ഇന്ത്യൻ രൂപ) മൂല്യം വരുന്ന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ഈ തീരുമാനം. സ്റ്റീൽ, ഡയറി ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്കൊപ്പം നിത്യോപയോഗ സാധനങ്ങളായ സമുദ്രവിഭവങ്ങൾ, ചീസ്, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ടോയ്‌ലറ്റ് പേപ്പർ എന്നിവയെയും ഈ നികുതി വർദ്ധനവ് ബാധിക്കും. ചില ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെയാണ് കടുത്ത തീരുവ ചുമത്തിയിരിക്കുന്നത്.

To advertise here,

ഞങ്ങൾ ഈ സംഘർഷം സ്വയം തിരഞ്ഞെടുത്തതല്ലെന്നും എന്നാൽ സാമ്പത്തിക കൂട്ടായ്മയെ പരസ്പരവിജയത്തിനായുള്ള പങ്കാളിത്തത്തിന്റെ അടിത്തറയാക്കുന്നതിന് പകരം അതിനെ ഒരു ആയുധമായി ഉപയോഗിക്കുമ്പോൾ പ്രതികരിക്കേണ്ടതുണ്ടെന്നും കനേഡിയൻ ധനമന്ത്രി ഫ്രാൻസ്വാ ഫിലിപ്പ് ഷാംപെയ്ൻ പറ‍ഞ്ഞു.

കാനഡ പ്രഖ്യാപിച്ച പുതിയ നികുതി നിരക്കുകൾ സെപ്റ്റംബർ 8 മുതൽ പ്രാബല്യത്തിൽ വരും. പ്രധാനമായും സ്റ്റീൽ, അലുമിനിയം, ഫർണിച്ചർ, വസ്ത്രങ്ങൾ എന്നിവയ്ക്കാണ് 50 ശതമാനം തീരുവ ഏർപ്പെടുത്തുക. കൂടാതെ ഡയറി ഉൽപ്പന്നങ്ങൾ, ചീസ്, മീൻ, സമുദ്രവിഭവങ്ങൾ, ചില വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് 25 ശതമാനം തീരുവ ചുമത്തും. ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള 700-ലധികം ഉൽപ്പന്നങ്ങൾക്ക് അമേരിക്ക കാനഡയ്ക്ക് മേൽ ചുമത്തിയ അതേ നിരക്കിലാണ് തീരുവ ഈടാക്കുന്നത്. വരുമാനം വർദ്ധിപ്പിക്കുകയല്ല, മറിച്ച് തദ്ദേശീയ കമ്പനികളെ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഈ വ്യാപാര തർക്കം മൂലം ബാധിക്കപ്പെടുന്ന തൊഴിലാളികളെയും ബിസിനസ്സുകളെയും സഹായിക്കുന്നതിനായി കാനഡ 750 കോടി കനേഡിയൻ ഡോളറിന്റെ (540 കോടി യു.എസ് ഡോളർ) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത നികുതി ഇരുരാജ്യങ്ങളിലെയും ഉപഭോക്താക്കൾക്കും ബിസിനസ്സുകൾക്കും കടുത്ത സാമ്പത്തിക ബാധ്യതയും അനിശ്ചിതത്വവും ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വാരാന്ത്യത്തിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടം 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് കാനഡയുടെ അടിയന്തര പ്രതിരോധ നടപടി. കാനഡയെ കീഴ്പ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ആരോപിച്ചു. പരാജയപ്പെട്ട ചർച്ചകളിലെ അമേരിക്കയുടെ ആവശ്യങ്ങൾ കാനഡയുടെ പ്രധാന വ്യവസായങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കനേഡിയൻ നേതാക്കൾ തങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അല്ലാത്തപക്ഷം ഇതിനേക്കാൾ മോശമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കാനഡയിൽ നിന്നുള്ള വാഹനങ്ങൾ, ഓട്ടോ ഭാഗങ്ങൾ, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനം പുതിയ തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.