ഔദ്യോഗിക അവധികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാലിഫോര്‍ണിയ. സ്റ്റേറ്റ് ഗവര്‍ണര്‍ ഗാവിന് ന്യൂസോം അസംബ്ലി ബില്‍ 268-ല്‍ ഒപ്പുവെച്ചതോടെ ഇത് നിയമമായി

ദീപാവലിയെ ഔദ്യോഗിക അവധികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാലിഫോര്‍ണിയ. സ്റ്റേറ്റ് ഗവര്‍ണര്‍ ഗാവിന് ന്യൂസോം അസംബ്ലി ബില്‍ 268-ല്‍ ഒപ്പുവെച്ചതോടെ ഇത് നിയമമായി. ഇതോടെ ഇനി പൊതുവിദ്യാലയങ്ങള്‍ക്കും കോളേജുകള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടി അവധിയെടുത്ത് ദീപാവലി ആഘോഷിക്കാം. പത്തുലക്ഷത്തോളം ദക്ഷിണേഷ്യക്കാരാണ് കാലിഫോര്‍ണിയയില്‍ കഴിയുന്നത്. ഇന്ത്യന്‍ അമേരിക്കനായ കാലിഫോര്‍ണിയ നിയമസഭാംഗം ആഷ് കല്‍റയാണ് ബില്‍ സഭയില്‍ കൊണ്ടുവന്നത്.
ഇതൊരു അവധി ദിവസം മാത്രമല്ല, ദീപാവലി പ്രതിനിധാനംചെയ്യുന്ന മൂല്യങ്ങള്‍ക്കുള്ള അംഗീകാരംകൂടിയാണെന്ന് ആഷ് കല്‍റ പറഞ്ഞു. ‘നിരാശയ്ക്കുമേല്‍ പ്രത്യാശ, ഇരുട്ടിനുമേല്‍ വെളിച്ചം, ഭിന്നതയ്ക്കുമേല്‍ ഐക്യം’ അതാണ് ദീപാവലിയെന്നും അദ്ദേഹം പറഞ്ഞു. കാലിഫോര്‍ണിയ ദീപാവലിയെയും അതിന്റെ വൈവിധ്യത്തെയും സ്വീകരിക്കണമെന്നും അതിനെ ഇരുട്ടില്‍ ഒളിപ്പിക്കരുതെന്നും ബില്‍ സഭയില്‍ പാസായപ്പോള്‍ കല്‍റ പറഞ്ഞിരുന്നു. സഭാംഗം ദര്‍ശന പട്ടേലിനൊപ്പം ചേര്‍ന്നാണ് നിയമത്തിന് വിപുലമായ പിന്തുണ ഉറപ്പിച്ചത്.
വൈവിധ്യങ്ങളെയും ഉള്ക്കൊള്ളലുകളെയും എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള യുഎസ് സ്റ്റേറ്റാണ് കാലിഫോര്‍ണിയ. അതിനുവേണ്ടി ശക്തമായി വാദിച്ചിട്ടുള്ള ആളുമാണ് ആഷ് കല്‍റ. സാന്‍ ഹോസെയുടെ 25-ാം ഡിസ്ട്രിക്റ്റിനെ പ്രതിനിധാനംചെയ്താണ് കല്‍റ സഭയിലെത്തിയത്. പെന്‍സില്‍വാനിയ, കണക്റ്റികട്ട് എന്നീ യുഎസ് സ്റ്റേറ്റുകളില്‍ നേരത്തേ ദീപാവലി അവധി ഔദ്യോഗികമാക്കിയിട്ടുണ്ട്. ഇതോടെ, യുഎസില്‍ ദീപാവലിക്ക് അവധി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ സ്റ്റേറ്റാവുകയാണ് കാലിഫോര്‍ണിയ.
Content Highlights: Diwali Becomes State Holiday in California
Published: 08 Oct 2025, 01:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented