
ലണ്ടന്‍: നാല്‍പ്പത്തിയേഴുവര്‍ഷത്തെ ബന്ധത്തിന് അവസാനം. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പിരിഞ്ഞു. വെള്ളിയാഴ്ച ബ്രിട്ടീഷ് സമയം രാത്രി 11-നായിരുന്നു (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ച 4.30) വിടപറയല്‍. ബ്രിട്ടീഷ് തെരുവുകളില്‍ ബ്രെക്‌സിറ്റിനെ അനൂലിക്കുന്നവര്‍ ആഹ്ലാദ പ്രകടനവും എതിര്‍ക്കുന്നവര്‍ പ്രതിഷേധപ്രകടനവും നടത്തി.
മൂന്നരവര്‍ഷത്തെ രാഷ്ട്രീയപിരിമുറുക്കങ്ങള്‍ക്ക് ഇതോടെ അവസാനമായി. ഇനി 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുണ്ടാകുക. 'പലര്‍ക്കും ഇത് വിസ്മയകരമായ നിമിഷമാണ്, ഒരിക്കലും വരില്ലെന്ന് കരുതിയ നിമിഷം' ബ്രെക്‌സിറ്റ് പൂര്‍ത്തിയായ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
'തീര്‍ച്ചയായും ഉത്കണ്ഠയും നഷ്ടവും അനുഭവപ്പെടുന്ന പലരും ഉണ്ട്. കൂടാതെ മൂന്നാമത്തെ ഒരു സംഘവുമുണ്ട്, ഒരുപക്ഷേ ഏറ്റവും വലിയ സംഘമായിരിക്കുമത്. മുഴുവന്‍ രാഷ്ട്രീയ കലഹവും ഒരിക്കലും അവസാനിക്കില്ലെന്ന് ആശങ്കപ്പെടുന്നവരായിരിക്കുമത്. ഈ വികാരങ്ങളെല്ലാം മനസ്സിലാക്കുന്നു. സര്‍ക്കാര്‍ എന്ന നിലയില്‍ ഞങ്ങളുടെ ജോലി, ഈ രാജ്യത്തെ ഇപ്പോള്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 11 മാസത്തെ സമയം (ട്രാന്‍സിഷന്‍ പിരീഡ്) കൂടിയുണ്ട്. ഡിസംബര്‍ 31-നാണ് ബ്രിട്ടന്‍ പൂര്‍ണ അര്‍ഥത്തില്‍ യൂണിയനില്‍നിന്ന് പുറത്തെത്തുക. അതുവരെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരമടക്കമുള്ള ഇ.യു. നിയമങ്ങള്‍ ബ്രിട്ടനും ബാധകമായിരിക്കും. ഇക്കാലയളവിനുള്ളില്‍ യൂണിയനുമായി സ്ഥിരസ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെക്കാനാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്.
തത്ത്വത്തില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിരിഞ്ഞെങ്കിലും പൂര്‍ണ അര്‍ഥത്തില്‍ സ്വതന്ത്രമാകാന്‍ ബ്രിട്ടന് വര്‍ഷാവസാനംവരെ കാത്തിരിക്കണം. ഈ സമയത്തിനുള്ളില്‍ ഭാവിബന്ധം എങ്ങനെയായിരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചചെയ്ത് ധാരണയിലെത്തണം.
ഫെബ്രുവരി ഒന്നുമുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബ്രിട്ടന്‍ പറയുന്നത്. ട്രാന്‍സിഷന്‍ സമയം അവസാനിക്കുന്നത് ഡിസംബര്‍ 31-നാണെങ്കിലും സമയം ഒന്നോ രണ്ടോ വര്‍ഷത്തേക്ക് നീട്ടിനല്‍കാന്‍ ബ്രിട്ടന് യൂണിയനോടാവശ്യപ്പെടാം. അക്കാര്യം ജൂലായ് ഒന്നിനുമുമ്പ് യൂണിയനെ അറിയിക്കണം. ഡിസംബര്‍ 31-നകം കാലാവധി നീട്ടാനോ വ്യാപാരക്കരാറില്‍ ഒപ്പുവെക്കാനോ ധാരണയായില്ലെങ്കില്‍ ഇരുഭാഗങ്ങളും തമ്മിലുള്ള ബന്ധം 2020 അവസാനത്തോടെ മരവിച്ച അവസ്ഥയിലെത്തും.
ട്രാന്‍സിഷന്‍ സമയത്ത് മാറാത്തത്
• വ്യോമ-ജല-റെയില്‍ ഗതാഗതം പതിവുപോലെ തുടരും.
• ഡ്രൈവിങ് ലൈസന്‍സ്, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ലൈസന്‍സ് തുടങ്ങിയവ പഴയതുപോലെ പരസ്പരം അംഗീകരിക്കും.
• യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്കും ബ്രിട്ടനില്‍ ഇ.യു. പൗരന്മാര്‍ക്കും ജീവിക്കാനും തൊഴിലെടുക്കാനുമുള്ള സ്വതന്ത്രസഞ്ചാര സ്വാതന്ത്ര്യം തുടരും.
• ട്രാന്‍സിഷന്‍ കാലാവധി കഴിയുന്നതുവരെ ഇ.യു.വിലേക്കുള്ള ബജറ്റ് വിഹിതം ബ്രിട്ടന്‍ നല്‍കണം.
• ബ്രിട്ടന്‍-ഇ.യു. വ്യാപാരം പുതിയ നിരക്കുകളില്ലാതെ പഴയതുപോലെ തുടരും. നിരക്കുകള്‍ മാറുക ട്രാന്‍സിഷന്‍ പിരീഡിനുശേഷം മാത്രം.
മാറുന്നത്
• യൂറോപ്യന്‍ പാര്‍ലമെന്റിലെ 73 ബ്രിട്ടീഷ് അംഗങ്ങള്‍ക്ക് സീറ്റില്ല
• ഇ.യു. സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടതില്ല. ബ്രിട്ടന്റെ സാന്നിധ്യം വേണമെങ്കില്‍ ഇ.യു. പ്രത്യേകം ക്ഷണിക്കണം
• വ്യാപാരവിഷയങ്ങളില്‍ മറ്റു രാജ്യങ്ങളുമായി ബ്രിട്ടന് സ്വതന്ത്രചര്‍ച്ച നടത്താം. പുതിയ നിയമങ്ങളുണ്ടാക്കാം.
• ബ്രിട്ടനില്‍ പഴയ നീല, സ്വര്‍ണ നിറങ്ങള്‍ ചേര്‍ന്ന പാസ്പോര്‍ട്ട് തിരികെയെത്തും. യൂറോപ്യന്‍ യൂണിയന്റെ പേരുള്‍പ്പെടുത്തിയ പാസ്പോര്‍ട്ട് മാറും.
• ബ്രെക്‌സിറ്റ് സ്മാരക നാണയങ്ങള്‍ പുറത്തിറക്കും
• ബ്രിട്ടന്റെ ബ്രെക്‌സിറ്റ് വിഭാഗം പ്രവര്‍ത്തനം നിര്‍ത്തും
• ബ്രിട്ടനിലേക്ക് കുറ്റവാളികളെ കൈമാറുന്നത് ജര്‍മനി അവസാനിപ്പിക്കും. കാരണം, ഇ.യു. അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് കുറ്റവാളികളെ കൈമാറാന്‍ ജര്‍മനിയുടെ ഭരണകൂടം അനുവദിക്കുന്നില്ല.
Content Highlights: Brexit: UK leaves the European Union
Published: 01 Feb 2020, 06:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented