ലാ പാസ്: ബൊളീവിയയിൽ കറൻസി നോട്ടുകളുമായി പോയ സൈനിക വിമാനം തകർന്നുവീണ് 15 പേർ മരിച്ചു. തലസ്ഥാനമായ ലാ പാസിന് സമീപം എൽ ആൾട്ടോ വിമാനത്താവളത്തിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളിൽ പറയുന്നു.

To advertise here,

സെൻട്രൽ ബാങ്കിന്റെ പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി എത്തിയ സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഹെർക്കുലീസ് സി-130 എന്ന വിമാനം എൽ ആൾട്ടോ വിമാനത്താവളത്തിൽ ലാൻഡ്‌ചെയ്യുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറി സമീപത്തെ ഹൈവേയിലേക്ക് ഇടിച്ചുകയറി തകർന്നെന്നാണ് റിപ്പോർട്ട്. വിമാനം ഇടിച്ചുകയറി ഹൈവേയിലുണ്ടായിരുന്ന 15-ഓളം വാഹനങ്ങൾ തകർന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചതായും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചതെന്നും റിപ്പോർട്ടുകളിലുണ്ട്.

അപകടത്തിൽ 15 പേർ മരിച്ചതായി അഗ്നിരക്ഷാസേന മേധാവി പവേൽ ടൊവാർ സ്ഥിരീകരിച്ചു. അതേസമയം, മരിച്ചവർ വിമാനത്തിലുണ്ടായിരുന്നവരാണോ വാഹനങ്ങളിലെ യാത്രക്കാരാണോ എന്നകാര്യം വ്യക്തമാക്കിയിട്ടില്ല. അതിനിടെ, വിമാനത്തിലുണ്ടായിരുന്ന ആറുജീവനക്കാരിൽ രണ്ടുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ബൊളീവിയൻ വ്യോമസേന ജനറൽ സെർജിയോ ലോറ പറഞ്ഞു. സാന്താക്രൂസിൽനിന്നാണ് വിമാനം എൽ ആൾട്ടോ വിമാനത്താവളത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടകാരണം സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്ന് ബൊളീവിയൻ പ്രതിരോധമന്ത്രി മാഴ്‌സെലോ സാലിനാസും പ്രതികരിച്ചു. എന്നാൽ, അപകടത്തിൽ എത്രപേർ മരിച്ചെന്നോ എത്രപേർക്ക് പരിക്കുണ്ടെന്നോ മന്ത്രി വ്യക്തമാക്കിയില്ല.

അപകടത്തിൽപ്പെട്ട വിമാനത്തിന്റെയും തകർന്നവാഹനങ്ങളുടെയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന നോട്ടുകൾ അപകടസ്ഥലത്ത് ചിതറികിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനത്തിൽനിന്ന് വീണ നോട്ടുകൾ ശേഖരിക്കാനായി ആളുകൾ തടിച്ചുകൂടിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

അതേസമയം, സീരിയൽനമ്പറുകളില്ലാത്തതിനാൽ വിമാനത്തിലുണ്ടായിരുന്ന നോട്ടുകൾക്ക് വിനിമയമൂല്യമില്ലെന്ന് സെൻട്രൽ ബാങ്ക് പ്രസിഡന്റ് ഡേവിഡ് എസ്പിനോസ പ്രതികരിച്ചു. വിമാനത്തിലുണ്ടായിരുന്ന നോട്ടുകൾ തലസ്ഥാനമായ ലാ പാസിലേക്ക് കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിമാനത്തിൽ എത്ര തുകയുടെ കറൻസി നോട്ടുകളുണ്ടായിരുന്നുവെന്ന് സെൻട്രൽ ബാങ്ക് പ്രസിഡന്റ് വ്യക്തമാക്കിയില്ല.

അപകടത്തെത്തുടർന്ന് ലാ പാസിലെ എൽ ആൾട്ടോ വിമാനത്താവളത്തിൽനിന്നുള്ള എല്ലാ വിമാനസർവീസുകളും താത്കാലികമായി നിർത്തിവെച്ചു.