
ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ നാല് ബന്ദികളുടെ മൃതദേഹങ്ങളില്‍ ഷിരി ബിബാസിന്റേതില്ലെന്ന് ഇസ്രയേല്‍ അധികൃതര്‍. കൈമാറിയ മൃതദേഹങ്ങളുടെ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് ഇസ്രയേലിന്റെ ആരോപണം. ഹമാസ് നടത്തിയത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ ക്രൂരതയ്ക്ക് കനത്ത വിലനല്‍കേണ്ടി വരുമെന്നും വ്യക്തമാക്കി.
ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പ്രതീകമായിരുന്നു 32-കാരിയായ ഷിരി ബിബാസും മക്കളും.
2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേല്‍ ആക്രമിച്ച് അവിടെനിന്നും തട്ടിക്കൊണ്ടുപോയ 32-കാരിയായ ഷിരി ബിബാസ്, മക്കളായ ഒന്‍പതുമാസംമാത്രം പ്രായമുണ്ടായിരുന്ന കഫിര്‍, നാലുവയസ്സുകാരന് ഏരിയല്‍ എന്നിവരുടെയും 84-കാരനായ ഒദെദ് ലിഫ്ഷിറ്റ്സിന്റെയും ശരീരാവശിഷ്ടങ്ങളെന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞദിവസം ഖാന് യൂനിസില്‍ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി ഹമാസ് റെഡ്ക്രോസിന് വിട്ടുനല്‍കിയത്.
എന്നാല്‍ ഷിരി ബിബാസിന്റേതെന്ന് അവകാശപ്പെട്ട് കൈമാറിയ മൃതദേഹം അവരുടേതല്ലെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇവരുടെ മക്കളുടേതടക്കം മറ്റു മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ഷിരി ബിബാസിന്റേതെന്ന് അവകാശപ്പെട്ട് നല്കിയ നാലാമത്ത മൃതദേഹം അവരുടേതുമല്ല ഇസ്രയേലി ബന്ദികളില്‍ ആരുടേതുമല്ലെന്നാണ് നെതന്യാഹു അറിയിച്ചത്. ഒരു ഗാസന്‍ സ്ത്രീയുടെ മൃതദേഹം ശവപ്പെട്ടിയിലാക്കി അയക്കുകയാണ് ഹമാസ് ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇസ്രയേലിന്റെ ആരോപണം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ ഹമാസ്, ഷിരി ബബാസിന്റെ മൃതദേഹം ഇസ്രയേലി വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ മറ്റുചില മൃതദേഹങ്ങളുമായി കൂടിചേര്‍ന്ന നിലയിലായിരുന്നുവെന്നും അറിയിച്ചു.
ഇസ്രയേല്‍ ബോബാക്രമണത്തിലാണ് ഷിരി ബിബാസും മക്കളും കൊല്ലപ്പെട്ടതെന്നും ഹമാസ് ആരോപിച്ചു. എന്നാല്‍ ഇത് നിഷേധിച്ച ഇസ്രയേല്‍ നവംബറില്‍ ഹമാസ് തീവ്രവാദികള്‍ കുട്ടികളെ ക്രൂരമായി കൊല്ലുകയായിരുന്നുവെന്നും പ്രതികരിച്ചു. ഷിരി ബിബാസ് ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റു ബന്ദികള്‍ക്കൊപ്പം അവരെ ഹമാസ് കൈമാറിയേ മതിയാകൂവെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
'ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഞങ്ങളുടെ എല്ലാ ബന്ദികളും ഒപ്പം ഷിരിയേയും വീട്ടിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കും. കരാറിന്റെ ക്രൂരവും തിന്മ നിറഞ്ഞതുമായ ഈ ലംഘനത്തിന്റെ മുഴുവന്‍ വിലയും ഹമാസ് നല്‍കേണ്ടി വരുമെന്ന് ഉറപ്പാക്കുകയും ചെയ്യും' നെതന്യാഹു പറഞ്ഞു.
ഷിരി ബിബാസിന്റെ ഭര്‍ത്താവ് യാര്‍ദെന്‍ ബിബാസിനെ ഫെബ്രുവരി ഒന്നിന് ഹമാസ് വിട്ടയച്ചിരുന്നു.
Content Highlights: Body returned from Gaza is not Shiri Bibas-Israeli military says
Published: 21 Feb 2025, 06:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented