ഇസ്ലാമാബാദ്: ഏഴ് പാക് സൈനികരെ തടവിലാക്കി വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). പാക് സുരക്ഷാസേനയിലെ ഏഴുപേരാണ് തങ്ങളുടെ കസ്റ്റഡിയിലുള്ളതെന്നാണ് ബിഎൽഎയുടെ അവകാശവാദം. ഏഴു ദിവസത്തിനുള്ളിൽ പാക് സർക്കാരിന്റെ തടവിലുള്ള ബിഎൽഎ അംഗങ്ങളെ കൈമാറിയില്ലെങ്കിൽ പാക് സൈനികരെ വധിക്കുമെന്നും ബിഎൽഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

To advertise here,

ബിഎൽഎയുടെ മാധ്യമവിഭാഗമായ 'ഹക്കൽ' പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് പാക് സൈനികരെ കസ്റ്റഡിയിലെടുത്ത വിവരം പങ്കുവെച്ചിരിക്കുന്നത്. ഏഴു ദിവസത്തിനുള്ളിൽ പാകിസ്താനിലെ ജയിലുകളിൽ നിന്ന് തങ്ങളുടെ അംഗങ്ങളെ വിട്ടയച്ചില്ലെങ്കിൽ കസ്റ്റഡിയിലുള്ള സൈനികർക്ക് വധശിക്ഷ നൽകുമെന്നാണ് ബിഎൽഎയുടെ മുന്നറിയിപ്പ്. അതേസമയം, ബിഎൽഎയുടെ വീഡിയോ സന്ദേശത്തിൽ പാക് സൈന്യമോ സർക്കാർ അധികൃതരോ പ്രതികരിച്ചിട്ടില്ല. ബിഎൽഎയുടെ അവകാശവാദങ്ങൾ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വാർത്താ ഏജൻസികളും റിപ്പോർട്ട്‌ചെയ്തു.

'ഓപ്പറേഷൻ ഹെറോഫ്' എന്ന സൈനികനീക്കത്തിന്റെ രണ്ടാം ഘട്ടത്തിനിടെയാണ് പാക് സൈനികരെ പിടികൂടിയതെന്നാണ് ബിഎൽഎ പറയുന്നത്. പാക് സുരക്ഷാസേനയിലെ 17 പേരെ പിടികൂടിയെങ്കിലും ഇവരിൽ പത്തുപേരെ പിന്നീട് വിട്ടയച്ചു. ബലൂച് വംശജരായ പ്രാദേശിക പോലീസുകാരെയാണ് താക്കീത് നൽകി വിട്ടയച്ചത്. അതേസമയം, കസ്റ്റഡിയിലുള്ള ഏഴുപേർ പാകിസ്താൻ സൈന്യത്തിന്റെ സ്ഥിരം യൂണിറ്റുകളിൽ നിന്നുള്ളവരാണെന്നും ബിഎൽഎ പറഞ്ഞു.

കസ്റ്റഡിയിലുള്ള പാക് സൈനികരുടെയും വിചാരണ ബലൂച് ദേശീയ കോടതിയിൽ പൂർത്തിയാക്കിയെന്നാണ് ബിഎൽഎ പറയുന്നത്. സാധാരണക്കാർക്കെതിരായ അതിക്രമങ്ങൾ, ബലൂച് ജനതയ്ക്കെതിരായ വംശഹത്യ തുടങ്ങിയ കുറ്റങ്ങളാണ് സൈനികർക്കെതിരേ ചുമത്തിയിരിക്കുന്നത്. വിചാരണവേളയിൽ കുറ്റാരോപിതർക്ക് മറുപടി നൽകാൻ അവസരം നൽകിയെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവരുടെ മൊഴികൾ രേഖപ്പെടുത്തിയെന്നും ബിഎൽഎ പറഞ്ഞു. യുദ്ധസാഹചര്യങ്ങളിൽ പോലും ചില തത്വങ്ങളും നിയമങ്ങളും പരസ്പര ഉത്തരവാദിത്തങ്ങളം നിലനിൽക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇനി തീരുമാനം പാകിസ്താന്റേതാണ്. തങ്ങളുടെ ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കണോ അതോ പതിവുപോലെ നിശബ്ദത പാലിച്ച് അവരുടെ മരണം അനുവദിക്കണോ എന്ന് പാകിസ്താൻ ഭരണകൂടം തീരുമാനിക്കട്ടെ' എന്നും ബിഎൽഎ പ്രസ്താവനയിലൂടെ പറഞ്ഞു.