ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്നില്‍ നാണംകെട്ട് പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രിയും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്താന്റെ ഭാഗം വിശദീകരിക്കുന്നതിനിടെ ഇന്ത്യയെക്കുറിച്ച് നടത്തിയ തെറ്റായ പ്രസ്താവന മാധ്യമപ്രവര്‍ത്തകന്‍ പൊളിച്ചടുക്കിയതോടെയാണ് ബിലാവല്‍ ഭൂട്ടോ പരസ്യമായി ഇളിഭ്യനായത്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലായിരുന്നു സംഭവം.

To advertise here,

പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ അധിക്ഷേപിക്കാനായി രാഷ്ട്രീയവത്കരിക്കുകയാണെന്നായിരുന്നു ബിലാവല്‍ ഭൂട്ടോ ഇന്ത്യക്കെതിരായി പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്നില്‍ അദ്ദേഹം പതറി. ബിലാവല്‍ ഭൂട്ടോയുടെ തെറ്റായവാദത്തെ കേണല്‍ സോഫിയ ഖുറേഷി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരണങ്ങള്‍ നല്‍കിയ വാര്‍ത്താസമ്മേളനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകന്‍ പൊളിച്ചടുക്കിയത്. 

'കശ്മീരില്‍ അടുത്തിടെ നടന്ന ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ അധിക്ഷേപിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് നിങ്ങള്‍ പറഞ്ഞത്. പക്ഷേ, ഞാന്‍ ഇരുഭാഗത്തുനിന്നുമുള്ള വിശദീകരണങ്ങള്‍ കണ്ടിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് വിശദീകരണം നല്‍കിയവരില്‍ മുസ്ലീം സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായാണ് എന്റെ ഓര്‍മ', മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. ഇതോടെ അസ്വസ്ഥനായ ബിലാവല്‍ ഭൂട്ടോ ഏതാനും വാക്കുകളില്‍ മറുപടി നല്‍കി. 'സൈനിക ഓപ്പറേഷനുകളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ പറഞ്ഞത് ശരിയാണ്' എന്നായിരുന്നു അസ്വസ്ഥനായ ബിലാവല്‍ ഭൂട്ടോയുടെ മറുപടി. 

അടുത്തിടെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്താന്റെ ഭാഗം വിശദീകരിക്കാനായാണ് ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധികള്‍ യുഎസിലെത്തിയത്. ഭീകരവാദത്തിനെതിരേയും പാകിസ്താന്‍ ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണയും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനായി ഇന്ത്യ വിവിധസംഘങ്ങളെ വിദേശരാജ്യങ്ങളിലേക്ക് അയച്ചതിന് പിന്നാലെയാണ് പാകിസ്താനും ഇതേരീതിയില്‍ പ്രതിനിധിസംഘത്തെ അയച്ചത്.