ടെല്‍ അവീവ്: ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒന്നിനും തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നും ഇസ്രയേല്‍ ഈ യുദ്ധം ജയിക്കാന്‍ പോവുകയാണെന്ന് വീണ്ടും ഉറപ്പിക്കുന്നുവെന്നും വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറയുന്നു. 

To advertise here,

'നിങ്ങള്‍ക്കറിയാമോ, രണ്ട് ദിവസം മുമ്പ് തങ്ങള്‍ കൂട്ടക്കൊലയാളിയായ ഹമാസ് നേതാവ് യഹിയ സിന്‍വാറിനെ ഇല്ലാതാക്കി. ഞാന്‍ പറഞ്ഞതുപോലെ ഞങ്ങള്‍ അസ്തിത്വത്തിനായുള്ള യുദ്ധത്തിലാണ്.  അവസാനം കാണുന്നതു വരെ തുടരും'-വീഡിയോയില്‍ നെതന്യാഹു പറയുന്നു. ഇറാന്റെ നിഴല്‍സംഘങ്ങളായ ഭീകരവാദികളുമായുള്ള തങ്ങളുടെ യുദ്ധം തുടരുകയാണെന്നും സൈനികരെ കുറിച്ചും ഇസ്രയേല്‍ പൗരമാരെ കുറിച്ചും താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

കറുപ്പ് പോളോ ഷര്‍ട്ടും സണ്‍ ഗ്ലാസും ധരിച്ച് ഒരു പാര്‍ക്കില്‍ നിന്നാണ് നെതന്യാഹു സംസാരിക്കുന്നത്.  ഇംഗീഷിലും ഹീബ്രുവിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇന്ത്യന്‍ സമയം ശനിയാഴ്ച്ച ഉച്ചയ്ക്കാണ് നെതന്യാഹുവിനെ ലക്ഷ്യംവെച്ച് ലെബനില്‍ നിന്ന് ഡ്രോണ്‍ ആക്രമണമുണ്ടായത്. ലെബനനില്‍ നിന്നുള്ള ഡ്രോണ്‍ രാജ്യത്തേക്ക് കടന്നതായി ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തില്‍ നെതന്യാഹു സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. 

സീസേറിയയിലെ നെതന്യാഹുവിന്റെ വസതി ലക്ഷ്യംവെച്ച് ഡ്രോണ്‍ ആക്രമണമുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹു സമീപത്തുണ്ടായിരുന്നില്ലെന്നും ആളപായമൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സീസേറിയ പട്ടണത്തിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി സൈന്യവും സ്ഥിരീകരിച്ചു. അക്രമത്തില്‍ ആര്‍ക്കും പരിക്കുകളില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സൈന്യം അറിയിച്ചു. 

ശനിയാഴ്ച രാവിലെയായിരുന്നു ഹിസ്ബുള്ളയുടെ അപ്രതീക്ഷിത ആക്രമണം. ലെബനനില്‍നിന്ന് മൂന്ന് മിസൈലുകള്‍ സീസേറിയ ലക്ഷ്യമിട്ട് എത്തിയതായാണ് റിപ്പോര്‍ട്ട്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ടെല്‍ അവീവിലും ഗ്ലിലോട്ടിലേയും വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങി.

ഹമാസിന്റെ തലവന്‍ യഹിയ സിന്‍വാറെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്. ഗാസയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന സൈനികനടപടിക്കിടെയാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകനായിരുന്നു സിന്‍വാര്‍. 

ബയ്‌റുത്തിന്റെ തെക്കുഭാഗത്ത് ഹിസ്ബുള്ള കേന്ദ്രത്തിലും തെക്കന്‍ ലെബനനിലെ നബതിയേഹിലുമാണ് ഇസ്രയേല്‍ കഴിഞ്ഞദിവസം വ്യോമാക്രമണം നടത്തിയത്. അന്ന് നബതിയേഹില്‍ മേയറുള്‍പ്പെടെ ആറുപേര്‍ മരിക്കുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടലില്‍ 1356 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.