ധാക്ക: ഫിഫ ലോകകപ്പ് ആവേശത്തിനിടെ ബംഗ്ലാദേശിലെ വീടുകളുടെ മുന്നിലും തെരുവുകളിലും ബ്രസീൽ, അർജന്റീന പതാകകൾക്കൊപ്പം ‘കലിമ’ എഴുതിയ കറുത്തതും വെളുത്തതുമായ പതാകകൾ പ്രത്യക്ഷപ്പെട്ടു. അൽഖായിദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരസംഘടനകൾ ഉപയോഗിക്കുന്ന പതാകകളോട് സാമ്യമുള്ള പതാകകളാണിത്. ഇതോടെ ഈ സംഘടനകളുടെ സാന്നിധ്യം ബംഗ്ലാദേശിൽ വർധിക്കുന്നതായാണ് സൂചന.

To advertise here,

ജൂൺ 17-ന് ധാക്കയിലെ ഒരു മേൽപ്പാലത്തിലാണ് അറബിക് ലിഖിതങ്ങളുള്ള ഈ പതാകകൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മിർപുർ, ചിറ്റഗോങ്, കോക്സ് ബസാർ, ഫരീദ്‌പുർ തുടങ്ങിയ സ്ഥലങ്ങളിലും ഇവ പ്രത്യക്ഷപ്പെട്ടു. ഈ പതാകകളുമായി ബൈക്ക് റാലികൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

അറബിക് വാചകങ്ങളാണ് രണ്ട് തരം പതാകകളിലും ഉള്ളത്. ഒന്ന് വെള്ള പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളും മറ്റേത് കറുത്ത പശ്ചാത്തലത്തിൽ വെളുത്ത അക്ഷരങ്ങളുമാണ്. ഇതിൽ ആദ്യത്തേത് താലിബാന്റെ പതാകയായും രണ്ടാമത്തേത് അൽഖായിദ, ഐ.എസ്, നിരോധിത സംഘടനയായ ഹിസ്ബ് ഉത്-തഹ്‌രീർ തുടങ്ങിയവർ ഉപയോഗിക്കുന്നതായും കരുതപ്പെടുന്നു.

2024-ലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശേഷം ഹിസ്ബ് ഉത്-തഹ്‌രീർ ബംഗ്ലാദേശിൽ തങ്ങളുടെ പ്രവർത്തനം അതിവേഗം വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ധാക്കയിലെ പ്രധാന പള്ളിക്ക് മുന്നിൽ 'ഖിലാഫത്ത് മാർച്ച്' എന്ന പേരിൽ ഹിസ്ബ് ഉത്-തഹ്‌രീർ നടത്തിയ പരിപാടിയിൽ രണ്ടായിരത്തിലധികം പേർ പങ്കെടുത്തിരുന്നു. സംഘടനയെ 2009-ൽ ഷെയ്ഖ് ഹസീന സർക്കാരാണ് നിരോധിച്ചത്.