ധാക്ക: ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ വലിയ രാഷ്ട്രീയ മാറ്റങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. നീണ്ട പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. അതേസമയം, ഹസീന വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥി സംഘടന തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്.
പുതിയ പ്രതിപക്ഷമായി ഉയർന്നുവന്ന ജമാഅത്തെ ഇസ്ലാമി, പ്രതിച്ഛായ മാറ്റാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കുന്നതിൽ പരാജയപ്പെട്ടു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. വരാനിരിക്കുന്ന ഭരണകൂടത്തിന് മുന്നിൽ വലിയ വെല്ലുവിളികളാണുള്ളത്. സംയമനത്തോടെയുള്ള വിജയാഘോഷങ്ങളും രാജ്യത്ത് സ്ഥിരത ഉറപ്പാക്കാനുള്ള പുതിയ നേതൃത്വത്തിന്റെ നീക്കങ്ങളും പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
ബംഗ്ലാദേശിലെ 13-ാമത് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ, 17 വർഷത്തെ പ്രവാസത്തിന് ശേഷം മടങ്ങിയെത്തിയ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. അതേസമയം, തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിക്ക് 68 സീറ്റുകൾ മാത്രമാണ് നേടാനായത്. ഹസീന വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളുടെ പാർട്ടിയായ എൻസിപി (NCP) മത്സരിച്ച 30-ൽ വെറും ആറുസീറ്റുകളിൽ ഒതുങ്ങി.
ബിഎൻപിയുടെ ശക്തമായ സംഘടനാ സംവിധാനവും, രാജ്യത്ത് സുസ്ഥിരമായ ഒരു ഭരണകൂടം വേണമെന്ന വോട്ടർമാരുടെ ആഗ്രഹവുമാണ് ഈ പാർട്ടികൾക്ക് തിരിച്ചടിയായത് എന്നാണ് വിലയിരുത്തൽ. സ്ത്രീകളും യുവജനങ്ങളും ന്യൂനപക്ഷങ്ങളും സുസ്ഥിരത ലക്ഷ്യമിട്ട് ബിഎൻപിക്ക് വോട്ട് നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാസങ്ങളോളം നീണ്ട അശാന്തിക്ക് ശേഷം രാജ്യത്ത് സുസ്ഥിരമായ ഭരണവും ക്രമസമാധാനവും ഉറപ്പാക്കാൻ ബിഎൻപിക്ക് മാത്രമേ കഴിയൂ എന്ന് കന്നി വോട്ടർമാരും യുവജനങ്ങളും കരുതി.
ഷെയ്ഖ് ഹസീനയുടെ 15 വർഷത്തിലേറെ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച 2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്നാണ് അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയത്. ഈ പ്രക്ഷോഭത്തിന് ശേഷം ഷെയ്ഖ് ഹസീനയ്ക്ക് അധികാരം ഒഴിഞ്ഞു പോകേണ്ടി വരികയും രാജ്യത്ത് ഒരു ഇടക്കാല ഭരണകൂടം (Interim Administration) അധികാരത്തിൽ വരികയും ചെയ്തു. 2024 ഓഗസ്റ്റ് എട്ടിനാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റത്. ഇടക്കാല സർക്കാരിന് കീഴിലാണ് ഇത്തവണ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്.
പ്രക്ഷോഭകാലത്ത് ആയിരത്തിലധികമാളുകളാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയത്. എന്നാൽ ആ പാർട്ടിയുടെ വോട്ടർമാർ ജമാഅത്തെ ഇസ്ലാമിക്ക് പകരം ബിഎൻപിയെയാണ് തിരഞ്ഞെടുത്തത്. തീവ്ര സ്വഭാവമുള്ള പ്രതിച്ഛായ മാറ്റാൻ ജമാഅത്തെ ഇസ്ലാമി ഈ തിരഞ്ഞെടുപ്പിൽ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടി ചരിത്രത്തിൽ ആദ്യമായി ഒരു ഹിന്ദു സ്ഥാനാർത്ഥിയെ മത്സരരംഗത്തിറക്കി. എന്നാൽ ഇതൊന്നും അവർക്ക് സഹായകമായില്ല.
പരാജയം സമ്മതിച്ചെങ്കിലും, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തങ്ങൾ തൃപ്തരല്ലെന്നും ഗൗരവമായ ചോദ്യങ്ങൾ ഉയർത്താനുണ്ടെന്നും പാർട്ടി ചീഫ് ഷഫീഖുർ റഹ്‌മാൻ പറഞ്ഞു. എങ്കിലും ആദ്യമായി രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടി എന്ന പദവിയിലേക്ക് ജമാഅത്തെ ഇസ്ലാമി എത്തി എന്നതും ശ്രദ്ധേയമാണ്.
ബിഎൻപിയുടെ വിജയത്തിന് പിന്നാലെ താരിഖ് റഹ്‌മാനെ ആദ്യമായി അഭിനന്ദിച്ചവരിൽ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ തുടക്കമെന്ന നിലയിൽ ശ്രദ്ധേയമാണ്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തുണ്ടായിരുന്ന ബന്ധത്തിൽ നിന്ന് മാറി, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ബംഗ്ലാദേശുമായി ഒരു പുനർക്രമീകരണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നതായാണ് സൂചനകൾ.
മാസങ്ങളോളം നീണ്ട അശാന്തിക്ക് ശേഷം ബംഗ്ലാദേശിൽ സുസ്ഥിരമായ ഒരു ഭരണകൂടം വരുന്നു എന്നത് ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ജോലിസാധ്യതകൾ വർദ്ധിപ്പിക്കുമെന്നും കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുമെന്നുമുള്ള ബിഎൻപിയുടെ വാഗ്ദാനങ്ങൾ രാജ്യത്ത് സുസ്ഥിരത കൊണ്ടുവരുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയമാറ്റം ഇന്ത്യയുമായുള്ള ഭാവി ബന്ധത്തിൽ നിർണായകമാകും.
Content Highlights: Bangladesh`s 13th parliamentary election results show a decisive BNP victory, with Tarique Rahman`s party securing a majority. Jamaat-e-Islami and student parties face significant setbacks. Read analysis.
Published: 13 Feb 2026, 09:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented