
കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നേടി റാപ്പർ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി. ജെൻ-സീയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾക്ക് ശേഷം നടന്ന നേപ്പാളിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജ്യത്തുടനീളം 94 മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുകയാണ് രാഷ്ട്രീയ സ്വതന്ത്ര പാർട്ടി.
നേപ്പാൾ കോൺഗ്രസ് ഒരു സീറ്റിൽ വിജയം ഉറപ്പിക്കുകയും 10 ലേറെ മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നു. നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയായ സിപിഎൻ-യുഎംഎലിലെ സ്ഥാനാർത്ഥികൾ ഒമ്പത് മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുന്നതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന നേപ്പാളിൽ സ്ഥിരതയുള്ള ഒരു സർക്കാർ ഉണ്ടാകുമ്പോൾ ഇരു രാജ്യങ്ങൾക്കിടയിലുള്ള ബന്ധം മെച്ചപ്പെടുത്താമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യ, ഈ തിരഞ്ഞെടുപ്പ് വളരെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
'രണ്ട് രാജ്യങ്ങൾക്കുമിടയിലുള്ള ശക്തമായ ബന്ധങ്ങൾ പരസ്പര പ്രയോജനത്തിനായി കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ നേപ്പാൾ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു,' വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യ നേപ്പാളിൽ സമാധാനത്തിനും പുരോഗതിക്കും സ്ഥിരതയ്ക്കും സ്ഥിരമായി പിന്തുണ നൽകിയിട്ടുണ്ട്. തങ്ങളുടെ പ്രതിബദ്ധത അനുസരിച്ച്, ഈ തിരഞ്ഞെടുപ്പുകൾക്കായി നേപ്പാൾ സർക്കാരിന്റെ അഭ്യർത്ഥന അനുസരിച്ച് സഹായം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലുതവണ പ്രധാനമന്ത്രിയായിരുന്ന കെ.പി. ശർമ ഒലിയെ പിന്തള്ളിയാണ് ബാലേന്ദ്ര ഷാ നേപ്പാളിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുന്നേറുന്നത്. അഞ്ച് മാസം മുൻപ് അരങ്ങേറിയ പ്രക്ഷോഭങ്ങളെത്തുടർന്നായിരുന്നു ശർമ ഒലിയുടെ രാജി. പ്രക്ഷോഭങ്ങളിൽ 77 പേർ മരിച്ചിരുന്നു. ഝാപ്പ-5 ൽ നിന്നാണ് ശർമ ഒലിയും ബാലേന്ദ്ര ഷായും മത്സരിക്കുന്നത്.
കാഠ്മണ്ഡുവിൽ ജനിച്ച ബാലേന്ദ്ര ഒട്ടനവധി മേഖലകളിൽ തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. എൻജിനീയറിങ് ബിരുദപഠനത്തിനുശേഷം ഇന്ത്യയിൽ സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.
2022ൽ മേയർ സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിച്ച ബാലേന്ദ്ര ഷാ, 61,767 വോട്ടുകൾ നേടി വിജയിച്ചു. അതോടൊപ്പം തന്നെ ബാലേന്റെ സംഗീതം രാജ്യാതിർത്തിക്കപ്പുറത്തേക്ക് വ്യാപിച്ചു. ഒലിയുടെ രാജിയ്ക്ക് ശേഷം യുവജന പ്രക്ഷോഭകർ നേതൃത്വത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ ഏറ്റവും അധികം പിന്തുണ കിട്ടിയ പേര് ബാലേന്ദ്രയുടേതായിരുന്നു. ഇത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വ്യക്തിയാക്കി.
Content Highlights: Balendra Shah's Rashtriya Swatantra Party is leading in 94 constituencies in Nepal's general election., The election follows significant youth-led protests
Published: 06 Mar 2026, 06:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented