
അഡലെയ്ഡ്: 'ഫ്രണ്ട്‌സ്' സീരീസിലൂടെ ജനപ്രിയനായ മാത്യു പെറി വിട പറഞ്ഞതിന്റെ ദുഃഖം ആരാധകര്‍ക്ക് ഇനിയും മാറിയിട്ടില്ല. മാത്യുവിന് കത്തെഴുതിയും പുഷ്പങ്ങള്‍ അര്‍പ്പിച്ചുമെല്ലാമാണ് ലോകമെങ്ങുമുള്ള ആരാധകര്‍ അദ്ദേഹത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്. അതിനിടെയാണ് മാത്യുവിന് ആദരമര്‍പ്പിച്ചതിന്റെ പേരില്‍ ഓസ്‌ട്രേലിയയിലെ ഒരു ബാര്‍ 'എയറിലായി'രിക്കുന്നത്. സംഭവം എന്താണെന്ന് അറിഞ്ഞാല്‍ ഈ ആദരം ഇത്തിരി കൂടിപ്പോയില്ലേ എന്ന് നമുക്കും തോന്നും.
ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലെ പ്രശസ്തമായൊരു ബാറാണ് പുലിവാല് പിടിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28-ന് അന്തരിച്ച മാത്യു പെറിയോടുള്ള ആദരസൂചകമായി അവര്‍ പുതിയൊരു കോക്ക്‌ടെയില്‍ അവതരിപ്പിച്ചു. ഫ്രണ്ട്‌സ് സീരീസിലെ മാത്യുവിന്റെ കഥാപാത്രമായ 'ചാന്‍ഡ്‌ലര്‍ ബിങ്' എന്ന പേരാണ് പുതിയ കോക്ക്‌ടെയിലിന് ബാര്‍ അധികൃതര്‍ നല്‍കിയത്.
അമേരിക്കന്‍ വിസ്‌കിയായ സതേണ്‍ കംഫര്‍ട്ട്, പീച്ച് സ്‌നാപ്സ്, ക്രാന്‍ബെറി ജ്യൂസ്, ഫ്രഷ് ലൈം, പഞ്ചസാര എന്നിവ പ്രത്യേക അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്താണ് 'ചാന്‍ഡ്‌ലര്‍ ബിങ് കോക്ക്‌ടെയില്‍' ഉണ്ടാക്കുന്നത്. 18 ഡോളറാണ് ഈ കോക്ക്‌ടെയിലിന്റെ വില. എന്നാല്‍ 'കോക്ക്‌ടെയില്‍ ആദര'ത്തെ കുറിച്ചുള്ള വിവരം ബാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ രൂക്ഷമായ വിമര്‍ശനമാണ് ബാറിനെതിരെ ഉയര്‍ന്നത്. 'ആക്ഷേപഹാസ്യത്തിന്റെ രാജാവിന് ആദരം. ഞങ്ങള്‍ അവതരിപ്പിക്കുന്നു, ചാന്‍ഡ്‌ലര്‍ ബിങ്' എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പ്.

നിരവധി പേരാണ് ബാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. 'മദ്യപാനത്തിനെതിരെ പോരാടിയ മാത്യു പെറിയുടെ പേരില്‍ കോക്ക്‌ടെയില്‍ അവതരിപ്പിച്ചത് തെറ്റാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ബാര്‍ പുതിയ കോക്ക്‌ടെയില്‍ പിന്‍വലിച്ചു. സംഭവത്തില്‍ മാപ്പ് ചോദിക്കുന്നതായും ബാര്‍ അധികൃതര്‍ പറഞ്ഞു.
'നമ്മുടെ പ്രിയനടനുള്ള ആദരമായാണ് ഞങ്ങള്‍ കോക്ക്‌ടെയില്‍ അവതരിപ്പിച്ചത്. എന്നാല്‍ അത് തെറ്റായിരുന്നുവെന്ന് ഞങ്ങള്‍ക്ക് മനസിലായി. കോക്ക്‌ടെയില്‍ ഞങ്ങള്‍ പിന്‍വലിക്കുകയാണ്. ഇത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു',ബാര്‍ വക്താവ് പറഞ്ഞു.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നതിനെ കുറിച്ചും പിന്നീട് അതില്‍ നിന്നെല്ലാം മോചിതനായതിനെ കുറിച്ചുമെല്ലാം മാത്യു തുറന്ന് പറഞ്ഞിട്ടുണ്ട്.
Content Highlights: Australian bar slammed for introducing a new cocktail 'Chandler Bing' as tribute to Matthew Perry.
Published: 03 Nov 2023, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented