ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കവുമായി പാകിസ്താന്‍. പാക് വിദേശകാര്യമന്ത്രി ഇഷ്താഖ് ദാര്‍, അഫ്ഗാനിസ്ഥാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഗി എന്നിവര്‍ കാബൂളില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും പരസ്പര വിശ്വാസം ദൃഢപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞു. ഇരുരാജ്യങ്ങളും അംബാസിഡര്‍മാരെ നിയമിക്കും. 

To advertise here,

അഫ്ഗാനിസഥാന്‍ ഭരണകൂടവുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് പാകിസ്താന്റെ നയതന്ത്ര നീക്കം. അഫ്ഗാന്‍ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്ന കാര്യത്തിൽ നിലനിന്ന തടസ്സം നീക്കുകയായിരുന്നു ആദ്യനടപടി. അഫ്ഗാന്‍ പൗരന്മാരുടെ മെഡിക്കല്‍, സ്റ്റുഡന്റ്, ബിസിനസ് വിസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. ഇതിനൊപ്പം അഫ്ഗാനിലെ യു.എന്‍ പ്രതിനിധികള്‍ക്കും വിസ അനുവദിക്കും. കൂടാതെ ഓപ്പറേഷന്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അഫ്ഗാന്‍ വിദേശകാര്യമന്ത്രി തന്നെ വിളിച്ചുവെന്നും സംഭവത്തെ അപലപിച്ചുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ചിലരുടെ നീക്കം പരാജയപ്പെട്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. 

കാലങ്ങളായി പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം മോശമാണ്. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍ക്ക് അഫ്ഗാന്‍ ഭരണകൂടം അഭയം നല്‍കുന്നുണ്ടെന്ന് പാകിസ്താന്‍ ആരോപിച്ചിരുന്നു. അഫ്ഗാന്‍ പൗരന്മാരെ പാകിസ്താന്‍ നാടുകടത്തിയാണ് മറ്റൊരു പ്രശ്‌നം. ഇതിനിടയില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പാകിസ്താന്റെ നീക്കം.