കാബൂള്‍: താലിബാനെയും പാകിസ്താനെയും വെല്ലുവിളിച്ച് അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ. ഭീകര സംഘടനകള്‍ക്കു മുന്നില്‍ തലകുനിക്കരുതെന്ന് സലേ ആവശ്യപ്പെട്ടു.

To advertise here,

'അക്രമത്തെയല്ല മറിച്ച് ക്രമസമാധാനപാലനത്തെ രാജ്യങ്ങള്‍ ബഹുമാനിക്കണം. പാകിസ്താന്‌ അഫ്ഗാനിസ്താനെ വിഴുങ്ങുന്നതിനും താലിബാന് ഭരിക്കുന്നതിനും കഴിയില്ല, കാരണം അത് വളരെ വലിയ രാജ്യമാണ്. നാണക്കേടിന്റെയും ഭീകരസംഘടനകള്‍ക്കു മുന്നില്‍ തലകുനിച്ചതിന്റെയും അധ്യായങ്ങള്‍ നിങ്ങളുടെ ചരിത്രത്തില്‍ ഉള്‍ചേര്‍ക്കരുത്'-സലേ ട്വീറ്റു ചെയ്തു. 

ഓഗസ്റ്റ് 15-ന് താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം താന്‍ അവര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് സലേ പ്രഖ്യാപിച്ചിരുന്നു. ഇതുവരെയും താലിബാന്‍ പിടിച്ചെടുക്കാത്ത കാബൂളിനു വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പഞ്ച്ഷീര്‍ താഴ്‌വരയിലാണ് സലേ ഉള്ളതെന്നാണ് സൂചന. തന്നെ കേള്‍ക്കുന്ന ലക്ഷക്കണക്കിനാളുകളെ നിരാശരാക്കില്ലെന്നുംസലേ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. 

അദ്ദേഹത്തിന്റെ മുന്‍ ഉപദേഷ്ടാവും താലിബാന്‍ വിരുദ്ധ നേതാവുമായ അഹമ്മദ് മസൗദിന്റെ മകനൊപ്പം സലേ ഇരിക്കുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. 

പഞ്ച്ഷീര്‍ പ്രവിശ്യയില്‍ ജനിച്ച സലേ അവിടെത്തന്നെയാണ് വളര്‍ന്നതും. ഇതുവരെ വിദേശശക്തികള്‍ക്കും താലിബാനും കീഴടങ്ങാതെ നിലനില്‍ക്കുന്ന അഫ്ഗാനിലെ ഒരേയൊരു പ്രവിശ്യയാണിത്.  

Content Highlights: afghanistan is too big for pakistan to swallow and too big for taliban to govern says amrullah saleh