
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പേരാണ് ദേവീന്ദര്‍ പാല്‍ സിങ് ഭുള്ളറുടേത്. എതിരാളികളെ ആക്രമിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്ത്രപരമായി ഉപയോഗിക്കുന്ന പേര്. പഞ്ചാബിലേയും ചണ്ഡീഗഡിലെയും ന്യൂഡല്‍ഹിയിലെയും രാഷ്ട്രീയക്കാരെ സമ്മര്‍ദത്തിലാക്കാന്‍ സിഖ് സംഘടനകളും ഭുള്ളറുടെ പേര് കാലാകാലങ്ങളായി ഉപയോഗിച്ചുവന്നു. 2013-ലാണ് ഭുള്ളറുടെ പേര് ഇന്ത്യ വലിയ തോതില്‍ ചര്‍ച്ച ചെയ്തത്. 1993-ലെ ഡല്‍ഹി കാര്‍ബോംബ് സ്‌ഫോടനക്കേസ് പ്രതിയും നിരോധിത സംഘടനയായ ഖലിസ്താനി ലിബറേഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകനുമായ ഭുള്ളറുടെ വധശിക്ഷ ആ വര്‍ഷം നടപ്പായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ബഹളങ്ങള്‍ക്കിടയില്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും മകന്‍ സുഖ്ബീര്‍ സിങ് ബാദലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കണ്ട് ഭുള്ളറുടെ വധശിക്ഷ ഇളവ് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. പിന്നലെ 2014 മാര്‍ച്ചില്‍ സുപ്രീംകോടതി ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു.
വധശിക്ഷയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കും സുപ്രീം കോടതിയുടെ തുടര്‍ന്നുള്ള വിധിക്കും പത്ത് വര്‍ഷത്തിന് ശേഷം ഭുള്ളര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തിഹാര്‍ ജയിലിലുള്ള ഖലിസ്താന്‍ ഭീകരരായ ജഗ്ദീഷ് സിങ്, മന്‍ജീത് സിങ്, ദേവേന്ദര്‍ പാല്‍ ഭുള്ളര്‍ എന്നിവരുടെ മോചനത്തിന് ഇടപെടാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തുവെന്നും ഇതിനായി അദ്ദേഹം 134 കോടി കൈപ്പറ്റിയെന്നും ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ വെളിപ്പെടുത്തിയിരുന്നു. 2014-ല്‍ ന്യൂയോര്‍ക്കിലെ ഗുരുദ്വാരയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു വാഗ്ദാനമെന്നും ഇതില്‍നിന്ന് പിന്നോട്ടുപോയ അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ കഴിയുന്ന ഖലിസ്താനികള്‍ പാഠം പഠിപ്പിക്കുമെന്ന് പന്നൂന്‍ ഭീഷണിയും മുഴക്കി. ആരാണ് പന്നൂൻ പറഞ്ഞ ദേവേന്ദര്‍ പാല്‍ ഭുള്ളര്‍? എന്താണ് ഭുള്ളറുടെ പേരിലുള്ള കുറ്റം? ഭുള്ളറുടെ മോചനത്തിന്റെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

1993 ഡല്‍ഹി സ്‌ഫോടനക്കേസ്
1993 സെപ്റ്റംബര്‍ 11-നാണ് ന്യൂഡല്‍ഹിയിലെ റെയ്സിന റോഡിലുള്ള ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് (ഐ.വൈ.സി) ഓഫീസിന് പുറത്ത് കാര്‍ ബോംബ് സ്ഫോടനം ഉണ്ടാകുന്നത്. റിമോട്ട് വഴി നിയന്ത്രിച്ച ബോംബില്‍ ആര്‍.ഡി.എക്‌സാണ് സ്‌ഫോടകവസ്തുവായി ഉപയോഗിച്ചത്. ബോംബാക്രമണത്തിന്റെ പ്രധാന ലക്ഷ്യം ഖലിസ്താനി വിഘടനവാദികളുടെ രൂക്ഷവിമര്‍ശകനായ അന്നത്തെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ മനീന്ദര്‍ സിങ് ബിട്ടയായിരുന്നു. ബിട്ടയെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണമായിരുന്നു അത്. 1992 മെയ് 9-ന് അമൃത്സറില്‍ 13 പേരുടെ മരണത്തിനിടയാക്കിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ബിട്ടയും സുഹൃത്ത് ചരണ്‍ജിത് സിങ് ബേദിയും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡല്‍ഹിയില്‍ നടന്ന ആക്രമണം. ബിട്ട യൂത്ത് കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് കാറില്‍ പുറത്തേക്ക് പോകുമ്പോഴായിരുന്നു സ്ഫോടം. ആക്രമണത്തില്‍ നെഞ്ചില്‍ പൊള്ളലേറ്റ ബിട്ട പരിക്കുകളോടെ രക്ഷപ്പെട്ടു. പക്ഷേ സ്ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിട്ടയുടെ രണ്ട് അംഗരക്ഷകരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സംഭവം നടക്കുമ്പോള്‍ റോഡിലൂടെ പോയ ബസിലെ യാത്രക്കാര്‍ക്കടക്കം പരിക്കേറ്റു. കനത്ത മഴ പെയ്തില്ലായിരുന്നെങ്കില്‍ മരണസംഖ്യ ഇനിയും ഉയരുമായിരുന്നു.
അന്വേഷണത്തിനൊടുവില്‍ ലുധിയാനയില്‍ നിന്നുള്ള എന്‍ജിനീയറിങ് അധ്യാപകനായ ദേവീന്ദര്‍ പാല്‍ സിങ് ഭുള്ളറാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണ് ഭുള്ളര്‍ എന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. പക്ഷേ ഭുള്ളറുടെ കുടുംബവും സുഹൃത്തുക്കളും ഈ അവകാശവാദങ്ങള്‍ നിഷേധിച്ചിരുന്നു. ബോംബാക്രമണത്തിന് പിന്നാലെ 1994 ഡിസംബറില്‍ ഭുള്ളര്‍ ജര്‍മ്മനിയിലേക്ക് പലായനം ചെയ്തു. ജര്‍മനിയില്‍ രാഷ്ട്രീയ അഭയം തേടാനാണ് ഭുള്ളര്‍ ശ്രമിച്ചത്. ഇതാനായി ജര്‍മന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. പക്ഷേ, ഭൂള്ളറിന്റെ അപേക്ഷ 1995-ല്‍ ജര്‍മ്മന്‍ ഗവണ്‍മെന്റ് നിരസിക്കുകയും ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തു. 1995-ല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഭുള്ളറെ വിമാനത്താവളത്തില്‍വെച്ച് തന്നെ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. പിന്നീട് തീവ്രവാദിയായി കണക്കാക്കുകയും ടെററിസം ആന്‍ഡ് ഡിസ്റപ്റ്റീവ് ആക്ടിവിറ്റീസ് ആക്ട് (ടാഡ) പ്രകാരം കേസെടുക്കുകയും ചെയ്തു.

ആരാണ് ദേവീന്ദര്‍ പാല്‍ സിങ് ഭുള്ളര്‍?
പഞ്ചാബിലെ ബട്ടിന്‍ഡയിലെ ദയാല്‍പുര ഭായികെ ഗ്രാമത്തില്‍ 1965 മേയ് 26-നാണ് ദേവീന്ദര്‍ പാല്‍ സിങ് ഭുള്ളര്‍ ജനിച്ചത്. കോളേജ് അധ്യാപകനായിരുന്ന ദേവീന്ദര്‍ പാല്‍ സിങ് ഭുള്ളര്‍ 1993-ലെ ഡല്‍ഹി ബോംബ് സ്ഫോടനക്കേസില്‍ പിടിയിലാകുന്നതോടെയാണ് രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നത്. 1990-ല്‍, ലുധിയാനയിലെ ഗുരുനാനാക്ക് പോളിടെക്നിക് കോളേജില്‍ കെമിക്കല്‍ എഞ്ചിനീയറിങ് അധ്യാപകനായിരുന്നു ഭുള്ളര്‍. 1995-ല്‍ ജര്‍മനില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഭുള്ളറെ അറസ്റ്റ് ചെയ്യുകയും തീവ്രവാദിയായി കണക്കാക്കുകയും ടെററിസം ആന്‍ഡ് ഡിസ്റപ്റ്റീവ് ആക്ടിവിറ്റീസ് ആക്ട് (ടാഡ) പ്രകാരം കേസെടുക്കുകയും ചെയ്തു. പക്ഷേ ഭുള്ളര്‍ നിരപരാധിയാണെന്നാണ് കുടുംബവും അനുയായികളും വാദിച്ചത്. പഞ്ചാബിലെ അനീതികള്‍ക്കെതിരെ ശബ്ദിച്ചതിനും ഖലിസ്താനി വിഘടനവാദത്തെ പിന്തുണച്ചതിനും സര്‍ക്കാര്‍ പ്രതികാരം തീര്‍ത്തു എന്നാണ് ഭുള്ളറുടെ അനുഭാവികള്‍ ആരോപിച്ചത്.
നിരോധിത വിഘടനവാദി സംഘടനയായ ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്സിന്റെ ഭാഗമാണ് ഇയാള്‍ എന്നാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ അവകാശപ്പെട്ടത്. പക്ഷേ ഭുള്ളറുടെ കുടുംബവും സുഹൃത്തുക്കളും ഈ അവകാശവാദങ്ങള്‍ നിഷേധിച്ചിരുന്നു. ഡല്‍ഹി ബോംബ് സ്ഫോടനക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണക്കോടതി ഭുള്ളറെ 2001 ഓഗസ്റ്റ് 25-ന് തൂക്കിക്കൊല്ലാന്‍ വിധിച്ചു. കേസില്‍ ബാക്കിയുള്ള പ്രതികളെ പക്ഷേ കോടതി വെറുതെവിട്ടു. 2002 മാര്‍ച്ചില്‍, ഡല്‍ഹി ഹൈക്കോടതി ഭുള്ളറുടെ വധശിക്ഷ ശരിവച്ചു. അതേവര്‍ഷം തന്നെ സുപ്രീം കോടതിയും വിധി ശരിവെച്ചിരുന്നു. തുടര്‍ന്ന് ഭുള്ളറുടെ റിവ്യൂ ഹര്‍ജിയും സുപ്രീം കോടതി തള്ളി. പിന്നീട് ഭുള്ളര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയെങ്കിലും 2013 മാര്‍ച്ചില്‍ സുപ്രീംകോടതി അതും തള്ളി. ശിക്ഷ നടപ്പാക്കുന്നത് വൈകിയതുകൊണ്ട് മാത്രം വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

തുടരുന്ന നിയമ പോരാട്ടം
2003-ല്‍ ഭുള്ളറുടെ ക്യുറേറ്റീവ് പെറ്റീഷന്‍ സുപ്രീം കോടതി നിരസിച്ചതിനേത്തുര്‍ന്ന ഭുള്ളര്‍ അതേ വര്‍ഷം രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. ഭുള്ളറുടെ ദയാഹര്‍ജി രാഷ്ട്രപതി എട്ട് വര്‍ഷമായി തീര്‍പ്പാക്കാതെ സൂക്ഷിച്ചു. പിന്നീട് 2011 മെയ് മാസത്തില്‍ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ദയാഹര്‍ജി നിരസിച്ചു. ഇതോടെ ഭുള്ളറുടെ ദയാഹര്‍ജി തള്ളുന്നതിലെ കാലതാമസത്തിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയെ സമീപിച്ചു. രാഷ്ട്രപതിയുടെ ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ അമിതമായ കാലതാമസവും അദ്ദേഹത്തിന്റെ മാനസികാരോഗ്യവും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഭുള്ളര്‍ മാനസികാരോഗ്യ ചികിത്സയിലാണെന്നാണെന്നും വധശിക്ഷ നടപ്പാക്കരുതെന്നും ആ ഘട്ടത്തില്‍ തന്നെ ആവശ്യമുയര്‍ന്നിരുന്നു. കൂടുതല്‍ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാകും ജയില്‍ അധികൃതരും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതുകൊണ്ട് മാത്രം ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനാകില്ലെന്നായിരുന്നു 2013-ല്‍ സുപ്രീം കോടതി വിധിച്ചത്.ജസ്റ്റിസുമാരായാ ജി.എസ്. സിംഘ്‌വി, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനുള്ള ന്യായം വ്യക്തമാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. മറ്റുള്ളവരോട് ദയയോ സഹാനുഭൂതിയോ പ്രകടിപ്പിക്കാതിരുന്നവര്‍ ദയാഹര്‍ജി നല്‍കുന്നത് വൈരുധ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പക്ഷേ ഇതിനെതിരേ ആ വര്‍ഷം തന്നെ ഭുള്ളര്‍ പുനപരിശോധനാ ഹര്‍ജി നല്‍കി. 2014 ജനുവരി 31-ന് സുപ്രീം കോടതി, ഭുള്ളറിന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. 2014 മാര്‍ച്ച് 31-ന്, അന്നത്തെ ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ സുപ്രീം കോടതിയുടെ ബെഞ്ച്, ഭുള്ളറിന്റെ ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടതിന്റെയും മാനസികരോഗത്തിന്റെയും അടിസ്ഥാനത്തില്‍ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

ഭുള്ളറുടെ സമ്മര്‍ദങ്ങളുടെ പരമ്പര
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഭുള്ളറുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാന്‍ സിഖ് സംഘടനകള്‍ വലിയ സമ്മര്‍ദമാണ് സര്‍ക്കാരുകളില്‍ ചെലുത്തിയത്. പഞ്ചാബിലേയും ചണ്ഡീഗഡിലെയും ഡല്‍ഹിയിലെയും രാഷ്ട്രീയക്കാരെ അവര്‍ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി. 2009 ഓഗസ്റ്റില്‍ ജയില്‍ മാറ്റം അവശ്യപ്പെട്ട് ഭുള്ളറുടെ അഭിഭാഷകന്‍ ഡല്‍ഹിയിലെയും പഞ്ചാബിലെയും സര്‍ക്കാരുകള്‍ക്ക് അപേക്ഷ നല്‍കി. ഭുള്ളര്‍ വിഷാദരോഗിയാണെന്നും രക്തസമ്മര്‍ദ്ദവും സന്ധിവേദയും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നും അതിനാല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് സ്വന്തം സംസ്ഥാനത്തേക്ക് മാറ്റണം എന്നതായിരുന്നു ആവശ്യം. പക്ഷേ, അന്നത്തെ ശിരോമണി അകാലിദള്‍-ബിജെപി സഖ്യസര്‍ക്കാര്‍ ഈ അഭ്യര്‍ത്ഥന അംഗീകരിച്ചില്ല. ഭുള്ളര്‍ അന്താരാഷ്ട്ര പിന്തുണയുള്ള പരിചയസമ്പന്നനുമായ കുറ്റവാളിയും തീവ്രവാദിയുമാണെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ പറഞ്ഞത്.
2013-ല്‍ ഭുള്ളര്‍ വിഷയം കത്തിനില്‍ക്കുന്ന ഘട്ടത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. വധശിക്ഷ ഇളവ് ചെയ്യുന്നതിനുള്ള പ്രചാരണം ഭുള്ളറുടെ കുടുംബവും വിവിധ സിഖ് സംഘടനകളും നടത്തിയതോടെ പഞ്ചാബ് സര്‍ക്കാര്‍ സമ്മര്‍ദത്തിലായി. അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ഭുള്ളറുടെ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് അഭ്യര്‍ത്ഥിച്ചു. 2014 ജനുവരിയില്‍, ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാര്‍ ഭുള്ളര്‍ മാനസിക രോഗത്താല്‍ കഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ശിക്ഷയിളവിന് അഭ്യര്‍ഥിച്ചിരുന്നു. 2015-ല്‍ ഭുള്ളറിനെ തിഹാറില്‍ നിന്ന് അമൃത്സറിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഡല്‍ഹിയിലെ ആംആദ്മി, പഞ്ചാബിലെ എസ്എഡി-ബിജെപി സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. 23 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2016 ഏപ്രിലില്‍ ഭുള്ളറുടെ ആദ്യ പരോള്‍ ലഭിച്ചു. അതിനുശേഷം അദ്ദേഹത്തിന് ഇടയ്ക്ക് പരോള്‍ ലഭിച്ചിരുന്നു.

പന്നൂനിന്റെ ആരോപണവും ലഫ്റ്റനന്റ് ഗവര്‍ണറുടെ പരാതിയും
മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിക്ക് 134 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ അവകാശപ്പെട്ടത്. 2014 മുതല്‍ 2022 വരെയുള്ള കാലത്താണ് വിദേശത്തുള്ള ഖലിസ്താന്‍ സംഘടനകളില്‍നിന്നു പാര്‍ട്ടി പണം സ്വീകരിച്ചതെന്നാണ് നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ തലവനായ പന്നൂന്‍ വീഡിയോസന്ദേശത്തില്‍ ആരോപിച്ചത്. 2014-ല്‍ ന്യൂയോര്‍ക്കില്‍വെച്ച് കെജ്‌രിവാളും ഖലിസ്താനി നേതാക്കളും കൂടിക്കാഴ്ച നടത്തിയെന്ന് പന്നൂന്‍ പറയുന്നു. പാര്‍ട്ടിക്ക് സാമ്പത്തികസഹായം നല്‍കിയാല്‍ പ്രതിഫലമായി 1993-ലെ ഡല്‍ഹി ബോംബ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന ഖലിസ്താന്‍ ഭീകരവാദി ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്ന് കെജ്‌രിവാള്‍ ഉറപ്പുകൊടുത്തെന്നും വീഡിയോയില്‍ ആരോപിച്ചു. ഖലിസ്താന്‍ വിഘടനവാദികളെ പഞ്ചാബ് പോലീസ് അറസ്റ്റുചെയ്തപ്പോള്‍ കഴിഞ്ഞ ജനുവരിയിലും പന്നൂന്‍ സമാനമായ ആരോപണമുന്നയിച്ചിരുന്നു. അമേരിക്കയിലും കാനഡയിലുമുള്ള ഖലിസ്താനി സംഘടനകളില്‍നിന്ന് എ.എ.പി. പണം വാങ്ങിയെന്നായിരുന്നു ആരോപണം.
എന്നാല്‍, ഇക്കാര്യങ്ങള്‍ നിഷേധിച്ച പാര്‍ട്ടി വൃത്തങ്ങള്‍ ആരോപണങ്ങളെ അടിസ്ഥാനരഹിതം എന്നാണ് വിശേഷിപ്പിച്ചത്. ഇത് പാര്‍ട്ടിക്കും കെജ്‌രിവാളിനുമെതിരായ വലിയ ഗൂഢാലോചനയാണെന്നാണ് ഡല്‍ഹി മന്ത്രിയും മുതിര്‍ന്ന എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞത്. പിന്നാലെ വിഷയത്തില്‍ കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)യുടെ അന്വേഷണത്തിന് നിര്‍ദേശിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന രംഗത്ത് എത്തി. പന്നൂനിന്റെ സംഘടനയില്‍നിന്ന് 134 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപിച്ച് വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഷൂ മൊംഗിയ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിക്കൊണ്ടുള്ള കത്തിലാണ് എന്‍.ഐ.എ. അന്വേഷണത്തിന് നിര്‍ദേശിച്ചത്. മുന്‍ എ.എ.പി. പ്രവര്‍ത്തകനായ ഡോ. മുനിഷ് കുമാര്‍ സിങ് റെയ്സാദയുടെ എക്സ് പോസ്റ്റും പാരാതിക്കൊപ്പമുണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍വെച്ച് കെജ്‌രിവാളും സിഖ് നേതാക്കളും ചര്‍ച്ച നടത്തിയെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളുള്ള പോസ്റ്റാണിത്. ഇതോടെ കെജ്‌രിവാള്‍ പ്രതിരോധത്തിലായി. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രിക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ ശുപാര്‍ശയില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചാല്‍ കെജ്‌രിവാള്‍ പ്രശ്‌നത്തിലാകും. ഇതിനായുള്ള രാഷ്ട്രീയ നീക്കമായി ഇതിനെ കാണുന്നവരും കുറവല്ല.
Content Highlights: who is devinder pal bhullar, and how he connected to aap and arvind kejriwal
Published: 12 May 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented