
സിറിയ വീണ്ടും പുകയുന്നു! ഒരിടവേളയ്ക്ക് ശേഷം വീണ്ടും വെടിയൊച്ച മുഴങ്ങുകയാണ്. 2011 മുതല്‍ ആഭ്യന്തരകലാപത്തിന്റെ പിടിയിലുള്ള സിറിയയില്‍ ഏതാനും ദിവസമായി സൈന്യവും വിമതരും തമ്മില്‍ അതിരൂക്ഷ പോരാട്ടമാണ് നടക്കുന്നത്. ടര്‍ക്കിഷ് സായുധസംഘങ്ങളുടെ പിന്തുണയോടെ സുന്നി സായുധസംഘമായ ഹയാത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തിലാണ് ബാഷര്‍ അല്‍അസദിന്റെ സര്‍ക്കാരിനെതിരേ പോരാട്ടം നടക്കുന്നത്. സര്‍ക്കാര്‍ അധീനതയിലുള്ള വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്ലിബില്‍ ദിവസങ്ങളായി ഇരുവിഭാഗവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോയില്‍ വിമതര്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. തലസ്ഥാന നഗരമായ ഡമാസ്കസിന് 350 കിലോമീറ്റര്‍ വടക്കാണ് അലെപ്പോ. 2012-ല്‍ അലെപ്പോയുടെ പകുതി വിമതര്‍ പിടിച്ചെടുത്തുവെങ്കിലും നാല് വര്‍ഷത്തിന് ശേഷം റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ അലെപ്പോ തിരിച്ചുപിടിച്ചിരുന്നു. അവിടേയ്ക്കാണ് വിമതര്‍ കടന്നുകയറിയിരിക്കുന്നത്. 2016-ല്‍ സൈന്യം നഗരം തിരിച്ചുപിടിച്ചശേഷം ആദ്യമായാണ് വിമതര്‍ അലെപ്പോ നഗരത്തില്‍ പ്രവേശിക്കുന്നത്.
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അലെപ്പോ നഗരത്തില്‍ എച്ച്.ടി.എസിന്റെ നേതൃത്വത്തിലുള്ള വിമതരുടെ സാന്നിധ്യം സിറിയന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിന്റെ വലിയൊരു ഭാഗം വിമതര്‍ കൈയടക്കിയെന്നാണ് സൈന്യം പറയുന്നത്. ഏറ്റുമുട്ടലില്‍ ഒട്ടേറെ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നും സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. അലെപ്പോ നഗരത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത വിമതര്‍ സമീപ പ്രവിശ്യകളിലേക്കും ആക്രമണം വ്യാപിപ്പിച്ചു. സിറിയയുടെ വടക്കുപടിഞ്ഞാറുള്ള ഇഡ്ലിബ് മേഖലയുടെ ഭാഗങ്ങളുടെയും അലെപ്പോയുടെ ഭാഗങ്ങളുടെയും ഹമ, ലടാകിയ എന്നീ പ്രവിശ്യകളുടെയും നിയന്ത്രണം എച്ച്.ടി.എസിന്റെ കൈയിലാണ്. വിമതരും സിറിയന്‍ സൈന്യവും തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ഇതോടെ സിറിയ വീണ്ടും അതിരൂക്ഷമായ ആഭ്യന്തരയുദ്ധത്തിലേക്ക് പോകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അങ്ങനെ വന്നാല്‍ വിമതരെ അടിച്ചമര്‍ത്താന്‍ ബാഷര്‍ അല്‍അസദിന് സാധിക്കുമോ? റഷ്യയ്ക്കും ഇറാനും എത്രത്തോളം അവരെ പിന്തുണയ്ക്കാനാകും ?

ഏകാധിപത്യവഴിയില്‍ സിറിയ
സിറിയിലെ പ്രസ്നങ്ങളുടെ വേരുകള്‍ ചികഞ്ഞാല്‍ അതിന് പഴക്കം ഏറെയുണ്ട്. 1963-ല്‍ ഒരു അട്ടിമറിയിലൂടെയാണ് അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടി സിറിയയില്‍ അധികാരത്തില്‍ വരുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സിറിയ അട്ടിമറികളിലൂടെയും നേതൃമാറ്റങ്ങളിലൂടെയും കടന്നുപോയി. 1971 മാര്‍ച്ചില്‍ ജനറല്‍ ഹഫീസ് അല്‍-അസദ് ബാത്തിസ്റ്റ് ഭരണകൂടത്തില്‍ നിന്ന് ഭരണം പിടിച്ചെടുക്കുകയും സ്വയം പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തു. സിറിയയില്‍ ദീര്‍ഘകാലമായി വിവേചനം അനുഭവിച്ചിരുന്ന ഷിയാ ന്യൂനപക്ഷമായ അലവി വിഭാഗത്തില്നിന്നുള്ളയാളായിരുന്നു ഹഫീസ് അല്‍-അസദ്. എന്നാല്‍ സിറയയാകട്ടെ സുന്നി ഭൂരിപക്ഷ രാഷ്ട്രവും. 1973 ജനുവരി 31-ന് ഹഫീസ് അല്‍-അസദ് പുതിയ ഭരണഘടന കൊണ്ടുവന്നു. ഇത് അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടിക്ക് 'രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും നേതാവ്' എന്ന സവിശേഷ പദവി നല്കി. സ്കൂള്‍ പാഠ്യപദ്ധതി വഴി ബാത്തിസ്റ്റ് പ്രത്യയശാസ്ത്രം നിര്‍ബന്ധിതമായി കുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. സിറിയന്‍ സായുധ സേനയെ പാര്‍ട്ടി കര്‍ശനമായി നിയന്ത്രിച്ചു. ഇസ്ലാമിനെ ഔദ്യോഗിക മതമായി അംഗീകരിക്കുന്നത് നീക്കുകയും സിറിയന്‍ പ്രസിഡന്റ് മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളയാള്‍ ആയിരിക്കണമെന്നത് പോലുള്ള വ്യവസ്ഥകള്‍ എടുത്തുകളയുകയും ചെയ്തു.
ഈ നടപടികളെല്ലാം ജനങ്ങളുടെ ഇടയില്‍ വലിയ എതിര്‍പ്പുണ്ടാക്കി. മുസ്ലീം ബ്രദര്‍ഹുഡ് പോലുള്ള പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തി. 1976-1982 കാലഘട്ടത്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് നടത്തിയ കലാപങ്ങള്‍ ഭരണകൂടം അടിച്ചമര്‍ത്തുകയും ചെയ്തു. 1982 ഫെബ്രുവരിയില്‍, ഹമാ നഗരത്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് നടത്തിയ പ്രക്ഷോഭം സൈന്യത്തെ ഉപയോഗിച്ച് മൃഗീയമായാണ് ഹഫീസ് അല്‍-അസദ് അടിച്ചമര്‍ത്തിയത്. ഇരുപത്തയ്യായിരത്തിലധികം ആളുകളെയാണ് അന്ന് സിറിയന്‍ സൈന്യം കൊലപ്പെടുത്തിയത്. അധികം താമസിയാതെ ബാത്ത് പാര്‍ട്ടി വെറും റബ്ബര്‍ സ്റ്റാമ്പായി മാറുകയും അധികാരം അസദ് കുടുംബത്തില്‍ പൂര്‍ണമായും കേന്ദ്രീകരിക്കുകയും ചെയ്തു. പിന്നാലെ ഉയര്‍ന്ന വിയോജിപ്പുകളെ ഇല്ലാതാക്കാന്‍ ഹഫീസ് സായുധസേനയെ വലിയ തോതില്‍ ഉപയോഗിച്ചു. കടുത്ത സെന്‍സര്‍ഷിപ്പ്, കൂട്ടക്കൊലകള്‍, നിര്‍ബന്ധിത നാടുകടത്തല്‍, സാധാരണക്കാര്‍ക്ക് എതിരേ അഴിച്ചുവിട്ട പീഡനം എന്നിങ്ങനെ ഭരണകൂട ഭീകരതയുടെ എല്ലാ രീതികളും ഉപയോഗിച്ച് ഹഫീസ് മൂന്ന് പതിറ്റാണ്ട് സിറിയ ഭരിച്ചു. 2000-ലാണ് ആ ഭരണത്തിന് അന്ത്യമാകുന്നത്. അതോടെ സിറിയയില്‍ ഒരു ഭരണമാറ്റവും നടന്നു. ഹഫീസ് അല്‍ അസാദിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന് ബാഷര്‍ അല്‍-അസദ് സിറിയയുടെ പ്രസിഡന്റായി.

അസദിന്റെ ഭരണകാലത്ത് രൂക്ഷമായ അസ്വസ്ഥത
പിതാവിന്റെ പിന്‍ഗാമിയായി അധികാരമേറ്റ ബാഷര്‍ അല്‍-അസദ് വലിയ പരിഷ്കാരങ്ങളാണ് വാഗ്ദാനം ചെയ്തത്. രാജ്യത്തെ പൊതുമേഖലാ കുത്തക അവസാനിപ്പിച്ച അദ്ദേഹം പല മേഖലകളും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്തു. പക്ഷേ, ആനുകൂല്യങ്ങള്‍ ഭരണ നേതൃത്വത്തിന്റെ അടുപ്പക്കാരിലേക്ക് മാത്രമാണ് എത്തിയത്. അതേസമയം സബ്സിഡിയും വില പരിധിയും അവസാനിച്ചത് ഗ്രാമീണ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വലിയ രീതിയില്‍ ദോഷം ചെയ്യുകയും ചെയ്തു. 2006 മുതല്‍ 2010 വരെ ഉണ്ടായ കഠിനമായ വരള്‍ച്ച സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാക്കി. കൃഷിയിടങ്ങള്‍ തരിശായി മാറുകയും കര്‍ഷകര്‍ വന്‍തോതില്‍ നഗരങ്ങളിലേക്ക് കുടിയേറുകയും ചെയ്തു. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നു. ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് പോകുന്നതിന് മുമ്പുതന്നെ ഉയര്‍ന്ന തൊഴിലില്ലായ്മ, അഴിമതി, അസദിന്റെ കീഴില്‍ രാഷ്ട്രീയ സ്വാതന്ത്ര്യമില്ലായ്മ എന്നിവയെക്കുറിച്ച് സിറിയന്‍ ജനത പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് ടുണീഷ്യയില്‍ അറബ് വസന്തം പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ 2011 മാര്‍ച്ചില്‍, അയല്‍ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അസദ് ഭരണകൂടത്തിനെതിരേ തെക്കന്‍ നഗരമായ ദേരയില്‍ ജനാധിപത്യ അനുകൂല പ്രകടനങ്ങള്‍ ആരംഭിച്ചു.
രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, അരനൂറ്റാണ്ട് പഴക്കമുള്ള അടിയന്തരാവസ്ഥ അവസാനിപ്പിക്കുക, പൗരസ്വാതന്ത്ര്യം ഉറപ്പാക്കുക, അഴിമതി അവസാനിപ്പിക്കുക എന്നിങ്ങനെ ഭരണമാറ്റത്തേക്കാള്‍ മറ്റ് ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍, ടുണീഷ്യയിലേയും ഈജിപ്തിലേയും ഭരണകൂടങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അസദ് പ്രതിഷേധങ്ങളെ നേരിട്ടു. പ്രതിഷേധങ്ങള്‍ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താന്‍ സുരക്ഷാ സേവനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. പരിഷ്കാരങ്ങള്‍ പേരില്‍ ഒതുങ്ങുകയും ചെയ്തു. ഇതോടെ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നു. പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും പ്രതിഷേധം വ്യാപിക്കുകയും ചെയ്തു. ആദ്യം സ്വയം പ്രതിരോധിക്കാനും പിന്നീട് തങ്ങളുടെ പ്രദേശങ്ങളെ സുരക്ഷാ സേനയില്‍ നിന്ന് മോചിപ്പിക്കാനും വിമതര്‍ ആയുധമെടുത്തു. വിദേശ പിന്തുണയോടെ നടക്കുന്ന ഭീകരപ്രവര്‍ത്തനം എന്ന് പ്രതിഷേധങ്ങളെ വിശേഷിപ്പിച്ച അസദ് ഏത് വിധേനയും സംഘര്‍ഷം അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സംഘര്‍ഷം അതിവേഗം വര്‍ദ്ധിക്കുകയും രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു.
പിന്നാലെ രാജ്യവ്യാപകമായി നൂറുകണക്കിന് വിമത ഗ്രൂപ്പുകള്‍ ഉടലെടുത്തു. പോരാട്ടം അസദിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാകാന്‍ അധികം സമയമെടുത്തില്ല. പണവും ആയുധങ്ങളും പോരാളികളും അയച്ചുകൊണ്ട് വിദേശ ശക്തികള്‍ പക്ഷം പിടിക്കാന്‍ തുടങ്ങി. അരാജകത്വം ശക്തമായതോടെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പും അല്‍ഖ്വായ്ദയും പോലുള്ള അവരുടെ സ്വന്തം ലക്ഷ്യങ്ങളുള്ള തീവ്രവാദ ജിഹാദിസ്റ്റ് സംഘടനകള്‍ അതില്‍ ഉള്‍പ്പെട്ടു. എന്നാല്‍, സ്വയം ഭരണാവകാശം ആഗ്രഹിക്കുന്ന സിറിയയിലെ കുര്‍ദുകള്‍ അസദിന്റെ സേനയുമായി യുദ്ധം ചെയ്തിട്ടില്ല.

ഇറാന്റെയും റഷ്യയുടെയും പിന്തുണ
ആഭ്യന്തരയുദ്ധം തുടര്‍ന്ന പശ്ചാത്തലത്തിലാണ് ഭരണകൂടവും വിമതരും ഒരേപോലെ ബാഹ്യശക്തികളെ ആശ്രയിക്കാന്‍ തുടങ്ങിയത്. യുദ്ധം അസദ് സൈന്യത്തെ ദുര്‍ബലമാക്കിയപ്പോള്‍, ഭരണകൂടം ഇറാനെയും റഷ്യയെയും കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. റഷ്യയും ഇറാനുമാണ് പ്രധാനമായും സിറിയന്‍ സര്‍ക്കാരിനെ പിന്തുണച്ചത്. അതേസമയം തുര്‍ക്കി, പാശ്ചാത്യ ശക്തികള്‍, ഗള്‍ഫ്- അറബ് രാജ്യങ്ങള്‍ എന്നിവര്‍ വിമതരെയാണ് പിന്തുണച്ചത്. 2012-ലാണ് ഷിയാ ഭൂരിപക്ഷ രാഷ്ട്രമായ ഇറാന് സിറിയയില്‍ ഇടപെടുന്നത്. അസദിനെ വലിയ തോതില്‍ ഇറാന് പിന്തുണച്ചപ്പോള്‍ വിമതരായ സുന്നി ഗ്രൂപ്പുകള്‍ക്കാണ് സൗദി പിന്തുണ നല്‍കുന്നത്. ഇതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ അന്ത്യന്തം രൂക്ഷമായി. ഏറെക്കാലമായി തുടര്‍ന്നുപോന്ന ഇറാന്-സൗദി ശത്രുത സിറിയന്‍ ആഭ്യന്തരയുദ്ധത്തിലും പ്രതിഫലിച്ചു. മേഖലയിലെ മേല്‍ക്കോയ്മയ്ക്കായി പരസ്പരം പോരടിച്ചിരുന്ന ഇരുരാജ്യങ്ങളും അതിനുള്ള വേദിയായി സിറിയയെ കണ്ടതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. പിന്നാലെ തീവ്രവാദ ഗ്രൂപ്പുകള്‍ വിമതരെ കൂട്ടുപിടിക്കുകയും പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തു. ഐ.എസും അല്‍ ഖ്വായ്ദയുടെ പ്രാദേശിക ഗ്രൂപ്പുകളും സിറിയയുടെ ചില ഭാഗങ്ങളില്‍ വിമതരില്‍നിന്ന് പ്രതിഷേധങ്ങള്‍ ഏറ്റെടുക്കുകയും ഇത് പിന്നീട് മേഖലയ്ക്കൊന്നാകെ വലിയ ഭീഷണിയായി മാറുകയും ചെയ്തു.
ഇതിനിടയില്‍ നിര്‍ണായക നയതന്ത്ര പിന്തുണ അസദിന് നല്‍കിയത് റഷ്യയാണ്. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സിറിയന്‍ ഭരണകൂടത്തിനെതിരായ നടപടികള്‍ വീറ്റോ ചെയ്താണ് റഷ്യ സഹായിച്ചത്. വീറ്റോ നടപടികള്‍ക്കുള്ള ന്യായീകരണമായി അവര്‍ ഉയര്‍ത്തിയത് 2011-ലെ നാറ്റോയുടെ നേതൃത്വത്തില്‍ ലിബിയയില്‍ ഉണ്ടായ ഇടപെടലും തുടര്‍ന്നുണ്ടായ അരാജകത്വവുമായിരുന്നു. പിന്നീട് 2015 സെപ്റ്റംബറില്‍ വ്യോമസേനയെ വിന്യസിച്ച് റഷ്യ നേരിട്ട് യുദ്ധത്തിന്റെ ഭാഗമായി. ഇതോടെ കിഴക്കന്‍ സിറിയയിലേക്ക് യു.എസും സൈന്യത്തെ അയച്ചു. റഷ്യയുടെ വ്യോമാക്രമണങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിനെയും അല്‍ഖ്വയ്ദയെയും ലക്ഷ്യം വെച്ചാണെന്ന് അവര്‍ അവകാശപ്പെട്ടെങ്കിലും ഇത് പലപ്പോഴും മറ്റ് വിമത ഗ്രൂപ്പുകളെയാണ് ലക്ഷ്യമിട്ടതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ നിയന്ത്രണം സ്വന്തമാക്കാന്‍ ഇത് അസദിനെ സഹായിച്ചു. ഇതിനൊപ്പം വിമതശക്തികള്ക്കും വലിയ വിദേശ പിന്തുണ ലഭിച്ചു. വിമതരെ അമേരിക്ക രഹസ്യമായി പരിശീലിപ്പിക്കുകയും ആയുധം നല്‍കുകയും ചെയ്തു. ഫ്രാന്‍സും ബ്രിട്ടനും അവര്‍ക്ക് സൈനിക പിന്തുണ നല്കി. ഇതിനിടെ തുര്‍ക്കി സിറിയയില്‍ അധിനിവേശം നടത്തി. അഫ്രിന് പോലുള്ള പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയ തുര്‍ക്കി പ്രദേശത്തുനിന്ന് കുര്‍ദുകളെ പുറത്താക്കുകയും അറബ് വിമത ഗ്രൂപ്പുകളെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ആഭ്യന്തര സംഘര്‍ഷങ്ങളുടെ ബാക്കിപത്രം
യുദ്ധം നഷ്ടം മാത്രമാണ് സിറയയ്ക്ക് സമ്മാനിച്ചത്. നീണ്ടുപോയ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ കൊല്ലുകയും ഭവനരഹിതരാകുകയും ചെയ്തു. ഇത് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും വ്യവസായത്തെയും അമ്പേ തകര്‍ത്തുകളയുകയും ചെയ്തു. ഒരു ദശാബ്ദത്തിലേറെയായി നീണ്ടുനില്‍ക്കുന്ന ആഭ്യന്തര സംഘര്‍ഷം അതിരൂക്ഷമായ പ്രത്യാഘാതങ്ങളിലേക്കാണ് സിറിയന്‍ ജനതയെ കൊണ്ടെത്തിച്ചത്. അടിസ്ഥാനസൗകര്യങ്ങള്‍ പോലും തകര്‍ക്കപ്പെട്ട് ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും അഭയാര്‍ഥികളായി മാറുകയും ചെയ്യുന്നത് ലോകം കണ്ടു. 2011 മാര്‍ച്ചിനും 2021 മാര്‍ച്ചിനും ഇടയില്‍ 306,887 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് യു.എന്‍. പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. യുദ്ധത്തിനു മുമ്പുള്ള മൊത്തം ജനസംഖ്യയുടെ 1.5 ശതമാനം വരുമിത്. കൊല്ലപ്പെട്ടവരില്‍ 27,126 പേര് കുട്ടികളാണ്. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന നിരീക്ഷണഗ്രൂപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023 മാര്‍ച്ച് വരെ 503,064 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാജ്യത്തുടനീളമുള്ള പ്രവര്‍ത്തകരില്‍ നിന്നുള്ള വിവരങ്ങളെ ആശ്രയിക്കുന്ന മറ്റൊരു മോണിറ്ററിംഗ് ഗ്രൂപ്പായ ലംഘന ഡോക്യുമെന്റേഷന് സെന്റര്‍, 2023 മാര്‍ച്ച് വരെ 145,765 സാധാരണക്കാര്‍ ഉള്‍പ്പെടെ 240,215 യുദ്ധവുമായി ബന്ധപ്പെട്ട മരണങ്ങള് രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനൊപ്പമായിരുന്നു രാജ്യത്തെ ജനങ്ങള്‍ക്ക് നേരിടേണ്ടി വന്ന ശാരീരികമാനസിക വൈകല്യങ്ങള്‍. ആഭ്യന്തരയുദ്ധത്തിന്റെ ബാക്കിപത്രമായി, സിറിയയിലെ രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള 28 ശതമാനം ജനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വൈകല്യം അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ലോകത്ത് വൈകല്യം അനുഭവിക്കുന്ന ആളുകളുടെ ശരാശരി എണ്ണത്തേക്കാള്‍ ഇരട്ടിയാണ് ഇത്. ഒരു കണക്കിലുമുള്പ്പെടാത്ത വൈകല്യം അനുഭവിക്കുന്ന നൂറുകണക്കിന് ആളുകള്‍ വടക്കന്‍ സിറിയയുടെ പലഭാഗത്തുമുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ 2021-ല്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. വടക്കുകിഴക്കന്‍ സിറിയയിലെ ജനസംഖ്യയുടെ 37 ശതമാനവും ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് യു.എന്‍. പറയുന്നു. സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് വൈകല്യത്തോടെ ജീവിച്ചിരുന്നവരുടെ ആരോഗ്യസാമൂഹിക സ്ഥിതി കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തിയതായും അത്യാവശ്യ മെഡിക്കല്‍ സര്‍വീസ് പോലും ലഭിക്കാതെ പ്രയാസത്തിലായതായും യു.എന്‍. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സിറിയയില്‍ വീണ്ടും ആഭ്യന്തരയുദ്ധഭീതി
ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിലൂടെ അസദ് സര്‍ക്കാരിന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും പ്രത്യേകിച്ച് പ്രധാന നഗരങ്ങള്‍ വിമതരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. എന്നാല്‍ രാജ്യത്തിന്റെ വടക്കന്‍, കിഴക്കന്‍ ഭാഗങ്ങളാണ് പ്രതിപക്ഷ ഗ്രൂപ്പുകളോ യു.എസ്. പിന്തുണയുള്ള കുര്‍ദിഷ് സൈന്യമോ നിയന്ത്രിക്കുന്നത്. ഇതിനിടെയാണ് രാജ്യത്ത് വീണ്ടും ആഭ്യന്തരയുദ്ധഭീതി അലയടിച്ചത്. ആഭ്യന്തര യുദ്ധസമയത്ത് പോരാട്ടങ്ങളുടെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരുന്ന അലെപ്പോ നഗരത്തിലേക്കാണ് വിമതര്‍ വീണ്ടും കടന്നുകയറിയത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിന് 350 കിലോമീറ്റര്‍ വടക്കാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ അലെപ്പോ. അലെപ്പോയുടെ അഞ്ച് സമീപപ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത വിമതര്‍ തന്ത്രപ്രധാനമായ 50 പട്ടണങ്ങളും ഗ്രാമങ്ങളും പിടിച്ചു. അലെപ്പോ സര്‍വകലാശാലയ്ക്കുനേരേ ആക്രമണം നടത്തി. പിന്നാലെ സര്‍ക്കാരിന് അലെപ്പോ വിമാനത്താവളം അടച്ചിടേണ്ടിവന്നു. ഇതിനിടെ വിമതരെ നേരിടാന്‍ അലെപ്പോ സര്‍വകലാശാലയ്ക്കുസമീപം റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണം നടത്തിയിരുന്നു. വിമതസാന്നിധ്യം സ്ഥിരീകരിച്ച സിറിയന്‍ സൈന്യമാകട്ടെ സംഘര്‍ഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള 2019-ലെ സമാധാനക്കരാര്‍ കലാപകാരികള്‍ ലംഘിച്ചെന്നും ആരോപിച്ചു. ഒപ്പം റഷ്യയുമായിച്ചേര്ന്ന് ഇഡ്ലിബില്‍ പ്രത്യാക്രമണം ശക്തമാക്കുകയും ചെയ്തു. 2020നുശേഷം മേഖലയില്‍ നടക്കുന്ന വലിയ സായുധകലാപമാണിത്.
ബാഷര്‍ അല്‍-അസദ് സര്‍ക്കാര്‍ സമീപകാലത്തുനേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. 2012-ല്‍ അലെപ്പോയുടെ പകുതിയും വിമതര്‍ പിടിച്ചെങ്കിലും റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ സേനകള്‍ 2016-ല്‍ അലെപ്പോ തിരിച്ചുപിടിച്ചിരുന്നു. റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെയായിരുന്നു തുടര്‍നീക്കങ്ങള്‍. ഇതോടെ സുപ്രധാനകേന്ദ്രങ്ങളിലെല്ലാം പിടിമുറുക്കാന്‍ അസദ് സര്‍ക്കാരിന് സാധിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ് വിമതര്‍ വീണ്ടും ആക്രമണം നടത്തി സിറയയെ ഞെട്ടിച്ചത്. ഭീകരസംഘടനയായ അല്‍ ഖായിദയുമായി ബന്ധമുണ്ടായിരുന്ന ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) ആണ് വിമതസംഘത്തില്‍ പ്രധാനം. ഐക്യരാഷ്ട്രസഭയും അമേരിക്കയും ഭീകരസംഘടനയായി പ്രഖ്യാപിച്ച എച്ച്.ടി.എസ് ഭീകരബന്ധം ഉപേക്ഷിച്ചുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം സിറിയന്‍ സര്‍ക്കാരിന് വലിയ വെല്ലുവിളിയായേക്കും. റഷ്യ വ്യോമാക്രമണം നടത്തിയെങ്കിലും മുമ്പ് നല്കിയതുപോയുള്ള പിന്തുണ റഷ്യയുടേയും ഇറാന്റെയും ഭാഗത്ത് നിന്ന് അവര്‍ക്ക് ലഭിക്കാന്‍ സാധ്യത കുറവാണ്. ഇറാന്റെ പിന്തുണയുള്ള ഹമാസും ഹിസ്ബുള്ളയും ഇസ്രയേലുമായി യുദ്ധത്തലാണ്. മറുവശത്ത് റഷ്യ യുക്രൈനുമായി യുദ്ധം തുടരുകയം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പഴയതുപോലെ സിറിയയെ സഹായിക്കാന്‍ റഷ്യയ്ക്കോ ഇറാനോ കഴിയില്ല. അതിനാല്‍ തന്നെ വിമതര്‍ ആക്രമണം ശക്തമാക്കിയാല്‍ അത് അസദ് സര്‍ക്കാരിന് പരീക്ഷണകാലം തന്നെയാകും.
Content Highlights: Whats Happening in Syria after rebels seizing parts of Aleppo
Published: 02 Dec 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented