തിനഞ്ചു മാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും ആശ്വാസമായി ഗാസയില്‍ ജനുവരി 19-നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നത്. എന്നാല്‍ മൂന്നാഴ്ച പിന്നിടുമ്പോഴേക്കും വെടിനിര്‍ത്തല്‍ കരാര്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ബന്ദികളെ കൈമാറുന്നത്‌ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുകയാണെന്ന ഹമാസിന്റെ പ്രഖ്യാപനവും തുടര്‍ന്നുള്ള ഇസ്രയേലിന്റെയും യു.എസിന്റെയും ഭീഷണികളും ഗാസയെ വീണ്ടും നരകതുല്യമാക്കുന്നതിലേക്കാണ് സ്ഥിതിഗതികള്‍ കൊണ്ടുപോകുന്നത്. ഗാസയെ ഏറ്റെടുക്കുമെന്നുള്ള ട്രംപിന്റെ ഭീഷണി ഒരുഭാഗത്ത് നടക്കുമ്പോഴാണ് വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വം വന്നിരിക്കുന്നത് എന്നതും രംഗം കൂടുതല്‍ വഷളാക്കുന്നു.

To advertise here,

വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം 21 ഇസ്രയേലി-തായ് ബന്ദികളെ ഹമാസും 730-ഓളം പലസ്തീനി തടവുകാരെ ഇസ്രയേലും കൈമാറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ശനിയാഴ്ച മൂന്ന് ഇസ്രയേലി ബന്ദികളെ ഹമാസ് കൈമാറാനിരുന്നതാണ്. അതിന്‌ ബദലായി നൂറോളം പലസ്തീനി തടവുകാരെയും വിട്ടയക്കേണ്ടതായിരുന്നു.

ഇതിനിടെയാണ് കിഴക്കന്‍ ജറുസലേമില്‍ ദീര്‍ഘകാലമായി പലസ്തീന്‍കാരന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പുസ്തകശാലയില്‍ ഇസ്രയേല്‍ പോലീസ് റെയ്ഡ് നടത്തിയത്. ഇതടക്കം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൊട്ടുപിന്നാലെ ബന്ദികളുടെ മോചനം അനിശ്ചിതകാലത്തേക്ക് നീട്ടുകയാണെന്ന് ഹമാസ് പ്രഖ്യാപിച്ചു.

ബന്ദികളുടെ മോചനം നീട്ടുന്നുതായി ഹമാസ്

ഗാസയിലേക്കുള്ള മാനുഷിക സഹായത്തിന്റെ ഒഴുക്ക് ഇസ്രയേല്‍ പ്രതിരോധ സേന തടസ്സപ്പെടുത്തുന്നു. വടക്കന്‍ ഭാഗത്തേക്ക് മടങ്ങുന്ന പലസ്തീനികളെ ലക്ഷ്യമിടുന്നു.  ഷെല്ലാക്രമണവും വെടിവെപ്പും നടത്തുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി കരാര്‍ പ്രകാരമുള്ള ബാധ്യതകള്‍ ഇസ്രയേല്‍ നിറവേറ്റിയിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ ഹമാസ് അടുത്ത ശനിയാഴ്ച നിശ്ചയിച്ചിരുന്ന തടവുകാരുടെ മോചനം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെയ്ക്കുകയാണെന്ന് അറിയിച്ചു. ഹമാസിന്റെ സൈനിക വക്താവ് അബു ഉബൈദയാണ് ഇക്കാര്യം അറിയിച്ചത്.

placeholder
ഇസ്രയേലി ബന്ദിയെ മോചിപ്പിക്കുന്ന ഹമാസ് | Photo: AP

വെടിനിര്‍ത്തല്‍ കരാറിന്റെ പ്രകടമായ ലംഘനങ്ങള്‍ ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ കൃത്യസമയത്ത് മോചനം പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും പിന്നാലെ തന്നെ മറ്റൊരു പ്രസ്താവനയില്‍ ഹമാസ് വ്യക്തമാക്കി. ബാധ്യത നിറവേറ്റാന്‍ ഇസ്രയേലിന് മതിയായ സമയമുണ്ടെന്നും അവര്‍ അറിയിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ടെന്റുകളും മറ്റും കൊണ്ടുവരുന്നതിനും ഇസ്രയേല്‍ തടസ്സം സൃഷ്ടിക്കുന്നതായും ഹമാസ് ആരോപിച്ചു.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രയേല്‍ സൈനിക നടപടികളില്‍ 92 പേര്‍ കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച ഗാസ ആരോഗ്യ മന്ത്രാലയവും അറിയിച്ചു.

സൈനികമായി തയ്യാറെടുത്ത് ഇസ്രയേല്‍

ബന്ദികളുടെ മോചനം വൈകുമെന്ന് ഹമാസ് പ്രസ്താവന ഇറക്കിയതിന് പിന്നാലെ സൈന്യത്തിന് ജാഗ്രതാനിര്‍ദേശം ഇസ്രയേല്‍ നൽകി. ഗാസയില്‍ ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇസ്രയേലി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സിന്റേതാണ് നിർദേശം. വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണ്ണലംഘനമാണ് ഹമാസിന്റേതെന്ന് ഇസ്രയേല്‍ അറിയിക്കുകയും ചെയ്തു. പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തി. സുരക്ഷാതല മന്ത്രിസഭ വിളിച്ചുചേര്‍ക്കുകയും ചെയ്തു. ഈ യോഗത്തിന് ശേഷം ഗാസയ്ക്ക് ചുറ്റും അകത്തും സൈനികവിന്യാസം ശക്തിപ്പെടുത്താന്‍ നെതന്യാഹു ഉത്തരവിട്ടതായാണ് വിവരം.

ശനിയാഴ്ച ഉച്ചവരെ സമയം... ശേഷം 

ബന്ദികളെ മോചിപ്പിക്കുന്നത്‌ നീട്ടിവെക്കുന്നതായുള്ള ഹമാസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ശക്തമായ ഭാഷയില്‍ ആദ്യം പ്രതികരിച്ചത് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. നേരത്തെ നിശ്ചയിച്ച മൂന്ന് ബന്ദികള്‍ മാത്രമല്ല, ഹമാസിന്റെ തടങ്കലില്‍ ശേഷിക്കുന്ന മുഴുവന്‍ ബന്ദികളേയും ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പായി മോചിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഗാസയില്‍ വീണ്ടും നരകം സൃഷ്ടിക്കുമെന്നുമാണ് ട്രംപിന്റെ താക്കീത്.

placeholder
വെടിനിര്‍ത്തലിനെത്തുടര്‍ന്ന് തിരിച്ചെത്തിയ ഗാസ നിവാസികള്‍ തകര്‍ന്ന വീടിന് മുന്നില്‍ ടെന്റ് കെട്ടിയപ്പോള്‍ | Photo: AP

ശനിയാഴ്ച ഉച്ചയോടെ ഹമാസ് 'ബന്ദികളെ' വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിക്കുകയും ഇസ്രയേല്‍ ഗാസയില്‍ 'തീവ്രമായ പോരാട്ടം' പുനരാരംഭിക്കുകയും ചെയ്യുമെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും പിന്നാലെ അറിയിച്ചു. നാലുമണിക്കൂര്‍ നീണ്ട സുരക്ഷ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നെതന്യാഹു പ്രസ്താവന ഇറക്കിയത്. ഇതുമായി ബന്ധപ്പെട്ട് ട്രംപ് സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത നെതന്യാഹു, ഗാസയിലെ അദ്ദേഹത്തിന്റെ പദ്ധതികളെയും തങ്ങളെല്ലാവരും ഒരുപോലെ സ്വാഗതം ചെയ്യുന്നതായും  കൂട്ടിച്ചേര്‍ത്തു.

വെടിനിര്‍ത്തലിന്റെ ആദ്യഘട്ടമായി ഇനി 17 ബന്ദികളെ കൂടിയാണ് ഹമാസ് മോചിപ്പിക്കേണ്ടത്. ഇതില്‍ ഒമ്പത് പേരെ ജീവിച്ചിരിപ്പുള്ളൂ എന്നാണ് വിവരം. മറ്റുള്ളവര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. മൊത്തം 76 ഇസ്രയേലി ബന്ദികളാണ് ഇനിയും ഹമാസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ എല്ലാവരേയും ശനിയാഴ്ച  മോചിപ്പിക്കണമോ അതോ മൂന്ന് പേരെ മാത്രമാണോ ആവശ്യപ്പെടുന്നതെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പ്രധാനമന്ത്രി ഉദ്ദേശിച്ചത് 'എല്ലാവരേയും' ആണെന്നാണ് ഒരു ഇസ്രയേലി മന്ത്രി പ്രതികരിച്ചത്.

അതേസമയം, ഭീഷണികള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നാണ് ട്രംപിന്റെ ഭീഷണി സംബന്ധിച്ച് ഹമാസ് പ്രതികരിച്ചിട്ടുള്ളത്. 'ഇരുപക്ഷവും പാലിക്കേണ്ട ഒരു കരാറുണ്ട്. ബന്ദികളുടെ മോചനത്തിനുള്ള ഒരേയൊരു മാര്‍ഗം ഇതുമാത്രമാണെന്നും ട്രംപ് ഓര്‍ക്കണം. ഭീഷണിയുടെ ഭാഷയെ വിലമതിക്കുന്നില്ല. അത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേ ചെയ്യൂ.' ഹമാസ് പ്രതിനിധി പ്രതികരിച്ചു.

എന്തായിരുന്നു വെടിനിര്‍ത്തല്‍ കരാര്‍?

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് യു.എസിന്റെയും ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമങ്ങളുടെ ഫലമായി ഗാസയില്‍ ഹമാസും ഇസ്രേയലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടത്. പലസ്തീന്‍ തടവുകാരുടെയും ഇസ്രയേലി ബന്ദികളുടെയും പരസ്പരം കൈമാറ്റം അടക്കമുള്ളതായിരുന്നു കരാറിന്റെ ആദ്യഘട്ടം. ആറാഴ്ച നീണ്ടുനില്‍ക്കുന്ന കരാറിന്റെ ഒന്നാംഘട്ടം പ്രാബല്യത്തില്‍ വന്നത് ജനുവരി 19-നാണ്. കരാറനുസരിച്ച് മാര്‍ച്ച് രണ്ടുവരെ ആഴ്ചതോറും തടവുകാരെയും ബന്ദികളെയും മോചിപ്പിക്കും. ഇതിന്റെ ഭാഗമായി ശനിയാഴ്ചയാണ് അടുത്ത കൈമാറ്റം നടക്കേണ്ടിയിരുന്നത്. 

കരാറിന്റെ രണ്ടാം ഘട്ടത്തില്‍ ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കുകയും ഇസ്രയേല്‍ ഗാസയില്‍നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങുകയും വേണമെന്നതായിരുന്നു. ഫലത്തില്‍ യുദ്ധം അവസാനിപ്പിക്കുകയും ചെയ്യേണ്ടതായിരുന്നു. ഇതെല്ലാം തുടര്‍ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് നടക്കേണ്ടത്. ആദ്യഘട്ടം പാതി പിന്നിട്ടപ്പോഴേക്കും കരാറില്‍ വിള്ളല്‍ വീണിരിക്കുകയാണ്.

രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞയാഴ്ച ആരംഭിക്കേണ്ടതായിരുന്നു, എന്നാല്‍, ആദ്യ ഘട്ടവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമേ നെതന്യാഹു ഇസ്രയേലി ടീമിന് അനുമതി നല്‍കിയിട്ടുള്ളൂ.  കരാറിന്റെ ഒന്നാം ഘട്ടം നീട്ടുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും കരാറില്‍ മറ്റൊരു സാധ്യതയാണ്‌.

മൂന്നാം ഘട്ടത്തില്‍ മരിച്ച ബന്ദികളുടേയും ഹമാസ് അംഗങ്ങളുടേയും മൃതദേഹങ്ങള്‍ കൈമാറണമെന്നതായിരുന്നു വ്യവസ്ഥ. ഗാസയുടെ പുനര്‍നിര്‍മ്മാണ പദ്ധതിയും ഇതിന്റെ ഭാഗമായിട്ട് ആരംഭിക്കേണ്ടതാണ്. എന്നാല്‍, ഡൊണാള്‍ഡ് ട്രംപ് യു.എസില്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ഗാസ പിടിച്ചെടുക്കുമെന്നുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനവും തുടര്‍ സംഭവങ്ങളും കരാറിനെ ഇനി എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതാണ്.

ഗാസ പിടിക്കാനുറച്ച് ട്രംപ്

പത്തൊമ്പതാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിന്റെ പാരമ്പര്യത്തില്‍ ലോക ഭൂപടം പുനര്‍ രൂപകല്‍പ്പന ചെയ്യുന്നതിനെക്കുറിച്ചുള്ള ആശയങ്ങളാണ് രണ്ടാംതവണ അമേരിക്കന്‍ പ്രസിഡന്റായ ശേഷം ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്‌. ഗ്രീന്‍ലാന്‍ഡ് വാങ്ങുക, കാനഡ പിടിച്ചെടുക്കുക, പാനമ കനാല്‍ വീണ്ടെടുക്കുക, ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റുക.  ഒടുവിലായി പശ്ചിമേഷ്യയിലെ വിനാശകരമായ യുദ്ധമേഖലയായ ഗാസയെ ഏറ്റെടുക്കുമെന്നുള്ള പ്രഖ്യാപനമാണ് ട്രംപ് നടത്തിയത്.

ഗാസയിലുള്ളവരെ അയല്‍രാജ്യങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ച ശേഷമുള്ള പുനര്‍നിര്‍മാണമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പ്രഖ്യാപിച്ചത്. ഗാസ ഏറ്റെടുത്ത് കഴിഞ്ഞാല്‍ പലസ്തീനികള്‍ക്ക് പിന്നീട് അവിടെ അവകാശമുണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി കഴിഞ്ഞു. ഒരു ഭാഗത്ത് ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അപകടത്തിലേക്ക് നീങ്ങുമ്പോള്‍ മറുഭാഗത്ത് ഗാസ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ട്രംപ്. ഇതിന് ഇസ്രയേലിന്റെ പൂര്‍ണ്ണ പിന്തുണകൂടിയുള്ള സാഹചര്യത്തില്‍ വരുംദിനങ്ങളിലെ ഇടപെടലുകളും ശ്രദ്ധേയമാകും.

placeholder
ജോര്‍ദന്‍ ഭരണാധികാരി അബ്ദുള്ള രാജാവും യുഎസ് പ്രസിഡന്റ് ട്രംപും കൂടിക്കാഴ്ച നടത്തിയപ്പോള്‍ |  Photo: AFP

ഗാസ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ആദ്യപടിയായി ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ വെച്ച് ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രണ്ട് ദശലക്ഷത്തോളം വരുന്ന പലസ്തീനികളെ ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനുള്ള നിര്‍ദേശം ട്രംപ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്. ഗാസയിലെ പലസ്തീനികളെ ഏറ്റെടുത്തില്ലെങ്കിലും ജോര്‍ദാനും ഈജിപ്തിനുമുള്ള സഹായം തടയുമെന്നും ട്രംപ് ഭീഷണിമുഴക്കിയിരുന്നു.

പശ്ചിമേഷ്യയിലെ യു.എസിന്റെ പ്രധാന സഖ്യകക്ഷിയായ ജോര്‍ദാനില്‍ ഇതിനകം നിരവധി പലസ്തീനികള്‍ അഭയം പ്രാപിച്ചിട്ടുണ്ട്. അതേസമയം, പലസ്തീനികളെ കുടിയിറക്കാനുള്ള നീക്കത്തിന് തങ്ങള്‍ എതിരാണെന്നും ഇക്കാര്യത്തില്‍ ജോര്‍ദാന്റെ നിലപാട് അചഞ്ചലമാണെന്നുമാണ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അബ്ദുള്ള രാജാവ് പ്രതികരിച്ചത്. എന്നാല്‍, അബ്ദുള്ള രാജാവിനൊപ്പം മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ ട്രംപ് തന്റെ നിലപാടില്‍ ഉറച്ച് നിന്നു. 'ഞങ്ങള്‍ അത് ഏറ്റെടുക്കാന്‍ പോകുന്നു. ഞങ്ങള്‍ അത് പിടിക്കാന്‍ പോകുന്നു. ഞങ്ങള്‍ അതിനെ പരിപാലിക്കാന്‍ പോകുന്നു' ഗാസയെ കുറിച്ച് ജോര്‍ദാന്‍ ഭരണാധികാരിയെ സമീപത്തിരുത്തി ട്രംപ് പറഞ്ഞു.

ഗാസ യു,എസ്, ഏറ്റെടുക്കുകയാണെങ്കില്‍ മേഖലയിലുടനീളം ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ട്രംപ് അവകാശപ്പെട്ടു., മറ്റ് രാജ്യങ്ങളെ ഇതില്‍ പങ്കെടുപ്പിക്കാന്‍ യു.എസിന് സമ്മർദം ചെലുത്തേണ്ടിവരും.' ട്രംപ് വ്യക്തമാക്കുകയുണ്ടായി. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന ലംഘനമാകും ഇതെന്ന് വ്യക്തമാക്കിയ അബ്ദുല്ല രാജാവ് എല്ലാവര്‍ക്കും ഏറ്റവും മികച്ച ഒരു പരിഹാരം ആവശ്യമാണെന്നും വ്യക്തമാക്കുകയുണ്ടായി. അസുഖബാധിതരായ 2000 പലസ്തീന്‍ കുട്ടികളെ ജോര്‍ദാന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലക്ഷ്യം റിയല്‍എസ്റ്റേറ്റോ

ട്രംപിന്റെ ഗാസ ഏറ്റെടുക്കല്‍ പ്രഖ്യാപനത്തെ നെതന്യാഹു ആവേശത്തോടെ പിന്താങ്ങിയെങ്കിലും യു.എസിന്റെ പല സഖ്യകക്ഷികളും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. താന്‍ ഇതുവരെ കേട്ടതില്‍ മികച്ച ആശയമെന്ന് വിശേഷിപ്പിച്ച നെതന്യാഹു ഇത് എല്ലാവര്‍ക്കും വ്യത്യസ്തമായ ഒരു ഭാവി സൃഷ്ടിക്കുമെന്നാണ് പറഞ്ഞത്. 

മറ്റെന്തെങ്കിലും പദ്ധതികള്‍ മറച്ചുവെച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് ട്രംപിന്റേതെന്ന് കരുതുന്നവരുമുണ്ട്. ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങളാണ് ഇതില്‍ പ്രധാനം. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പോലും ഗാസ ലക്ഷ്യമാക്കിയുള്ള ട്രംപിന്റെ ആശയത്തെ സംശയത്തോടെയാണ് കാണുന്നത്. അത്തരമൊരു സംശയത്തിലേക്ക് വിരല്‍ചൂണ്ടുന്നതിന് പ്രധാന കാരണം, ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആശയം അദ്ദേഹത്തിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍ ഒരുവര്‍ഷം മുമ്പ് അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ്. പശ്ചിമേഷ്യ കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ സ്വകാര്യ ഇക്വിറ്റി സ്ഥാപനം പ്രവര്‍ത്തിക്കുന്നുമുണ്ട്.

ഒന്നാം ട്രംപ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച 2020-ലെ പശ്ചിമേഷ്യയിലെ സമാധാന പദ്ധതിയുടെ ആസൂത്രകന്‍ കൂടിയായിരുന്നു കുഷ്നെര്‍. പലതരത്തിലുള്ള നിക്ഷേപ സാധ്യത പ്രതീക്ഷിച്ചിരുന്ന പദ്ധതി പലവിധ എതിര്‍പ്പുകളെ തുടര്‍ന്ന് നടക്കാതെ പോകുകയും ചെയ്തു.

placeholder
ജാരെഡ് കുഷ്‌നുറും ഇവാന്‍ക ട്രംപും | Photo: REUTERS

അത്തരമൊരു ആശയത്തിന്റെ തുടര്‍ച്ചയെന്നോണമാണ് വീണ്ടും അധികാരത്തിലേറിയപ്പോള്‍ ട്രംപ് കൂടുതല്‍ തീവ്രതയോടെ മുന്നോട്ട് വന്നിരിക്കുന്നത്. വംശീയ ഉന്മൂലനത്തിന് തുല്യമായി, ഗാസക്കാരെ അവരുടെ നാട്ടില്‍നിന്ന് തുടച്ചുനീക്കാനുള്ള പദ്ധതി. മിയാമിയെപ്പോലെ, ഗാസയ്ക്ക് വളരെ മൂല്യവത്തായ' വാട്ടര്‍ഫ്രണ്ട് പ്രോപ്പര്‍ട്ടി ഉണ്ട്. ഗാസക്കാരെ താത്കാലികമായെങ്കിലും അവിടെനിന്ന് മാറ്റിമാര്‍പ്പിച്ചാല്‍ അത് വിനോദസഞ്ചാരത്തിന്റെ ഒരു കേന്ദ്രമായി മാറ്റിയെടുക്കാമെന്നുമാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നടന്ന ഒരു അഭിമുഖത്തിന്റെ ട്രംപിന്റെ മരുമകന്‍ പറഞ്ഞത്.

പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കെ തന്നെ കഴിഞ്ഞ വര്‍ഷം സ്വകാര്യവും അല്ലാതെയുമുള്ള സംഭാഷണങ്ങളില്‍, ട്രംപ് ഗാസയുടെ കടല്‍ത്തീരത്തിന്റെ മൂല്യം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അവിടുത്തെ റിയല്‍എസ്റ്റ്റ്റ് സാധ്യകളെ സംബന്ധിച്ചും അദ്ദേഹം സൂചനകള്‍ നല്‍കിയിരുന്നു. 

ഇറാഖ് അധിനിവേശത്തിലെ തിരിച്ചടികള്‍ ചൂണ്ടിക്കാട്ടി വിദേശ രാഷ്ട്ര നിര്‍മാണങ്ങളില്‍ കടുത്ത വിമര്‍ശകനായിരുന്ന ട്രംപ് എന്നതും ശ്രദ്ധേയമാണ്. ഇറാഖിലും അഫ്ഗാനിലും അധിനിവേശത്തിനും മറ്റും അന്നത്തെ യു.എസ്. സര്‍ക്കാരുകള്‍ പണം ചെലവാക്കുന്നതിനെതിരെ നിശിതവിമര്‍ശനം നടത്തിയിരുന്നു ട്രംപ്. അതേ ട്രംപ് തന്നെയാണ്‌ ഇപ്പോള്‍ വന്‍തുക ചെലവും വലിയ സംഘര്‍ഷവും പ്രതീക്ഷിക്കേണ്ട ഗാസ മുനമ്പ് ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.