രുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ സംസ്ഥാനത്ത് പതിവായിരിക്കുന്നു. ഈ വര്‍ഷം വയനാട്ടിലുണ്ടായ ദുരന്തം എന്നത്തേക്കാളും  ഭയാനകമാണ്. കാലാവസ്ഥ വ്യതിയാനത്തെയും പരിസ്ഥിതിനാശത്തെയും പഴിച്ച് അടുത്ത വര്‍ഷത്തെ ദുരന്തത്തിന് കാത്തിരിക്കുക മാത്രമേ നിര്‍വാഹമുള്ളോ? ഈ പ്രശ്നം പ്രായോഗികമായി പരിഹരിക്കാനോ കുറഞ്ഞപക്ഷം, മരണസംഖ്യയും നാശനഷ്ടങ്ങളും ഗണ്യമായി കുറയ്ക്കാനോ സാധിക്കുമോ? ആശങ്കകള്‍ക്ക് ഉത്തരം പറയുകയാണ് ഓസ്ട്രേലിയയില്‍ കണ്‍സള്‍ട്ടിങ്‌ സെഡിമെന്റോളജിസ്റ്റ് ആയ ഭൗമശാസ്ത്രജ്ഞന്‍ ഡോ. സാജു മേനാച്ചേരി.

To advertise here,

അടിക്കടിയുണ്ടാവുന്ന ദുരന്തങ്ങള്‍

സഹ്യപര്‍വതത്തിന്റെ ഏറ്റവും ചരിവുള്ള ഭാഗത്താണ് കേരളം. വയനാട്, മൂന്നാര്‍ ഭാഗങ്ങളിലൊക്കെ സഹ്യന്‍ ഏതാണ്ട് 2,700 മീറ്ററോളം ഉയരമുണ്ട്. ഇവിടങ്ങളില്‍ ഭൂമിയുടെ ചെരിവ്‌ ഇരുപതു ഡിഗ്രിയിലും കൂടുതലാണ്. ഇന്ന് പലവിധ കാരണങ്ങളാല്‍ നമ്മുടെ നാട്ടില്‍ പെയ്യുന്ന മഴയുടെ രീതി മാറിയിരിക്കുന്നു. പണ്ട് കൂടുതല്‍ നേരം മഴ പെയ്യുമെങ്കിലും തീവ്രത കുറവായിരുന്നു. വെള്ളത്തിന് ഭൂമിയെ തണുപ്പിച്ച് ഭൂഗര്‍ഭജലത്തിലേക്ക് ചെന്നു ചേരാനുള്ള സമയമുണ്ടായിരുന്നു. ഇന്ന് ശക്തമായ മഴ പെയ്യുമ്പോള്‍ മണ്ണിന്റെ ഘടനയിലെ ദൗര്‍ബല്യം കാരണം കനത്ത മഴയെ നേരിടാന്‍ സാധിക്കുന്നില്ല. ഇരുപതു ഡിഗ്രിയിലധികം ചെരിവുള്ള സ്ഥലങ്ങളില്‍ മണ്ണിനുള്ളിലെ സുഷിരങ്ങളിലൂടെ കടക്കുന്ന മഴവെള്ളം പുറത്തുപോവാതെ കെട്ടിനില്‍ക്കുന്നത് പൊട്ടാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഉയര്‍ന്ന ജനസാന്ദ്രതയും മനുഷ്യര്‍ നടത്തുന്ന ഇടപെടലുകളും വലിയതോതിലുള്ള അടിസ്ഥാന സൗകര്യ വികസനവുമൊക്കെ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നു. മുമ്പ് വെള്ളത്തിന് ഒഴുകിപ്പോകാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നു. 

placeholder
ഡോ. സാജു മേനാച്ചേരി

ഇവിടെ ഏറ്റവും വലിയ പ്രശ്നങ്ങളായി ഞാന്‍ കാണുന്നത് കാലാവസ്ഥ വ്യതിയാനവും മലനിരകളുടെ ചെരിവിലെ മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റവും മലഞ്ചെരിവിലെ സസ്യങ്ങളുടെ പാറ്റേണില്‍ വന്ന വ്യത്യാസവുമാണ്. വെള്ളം ഒഴുകിപ്പോവുന്നതിനു പകരം കെട്ടിനിന്ന് അപകടത്തിലേക്കു പോവുന്നു. കളിമണ്ണിന്റെ ഘടനയില്‍ വന്ന വ്യത്യാസം പ്രധാനമാണ്. അതിലൂടെ കടന്നുപോവാന്‍ കഴിയില്ലെങ്കില്‍ മണ്ണില്‍ വെള്ളം തങ്ങി നില്‍ക്കുകയും ചരിവിന്റെ കോണ്‍ ഭൂഗുരുത്വബലത്തെക്കാള്‍ അധികമാവുമ്പോള്‍ സമ്മര്‍ദ്ദം കാരണം അത് മുന്നോട്ടു തള്ളുന്നു. അതിനൊപ്പം എല്ലാം താഴേയക്ക് കുത്തിയൊലിക്കും. ചെരിവു കൂടിയ സ്ഥലത്തെ മണ്ണിനുള്ളില്‍ വെള്ളം പിടിച്ചുനിര്‍ത്താനുള്ള ശേഷിക്കുറവും കൂടിയാവുമ്പോള്‍ ഭാരം കൂടുന്നു.

വയനാട്ടില്‍ സംഭവിച്ചത്

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ തുടക്കത്തില്‍ വളരെ തീവ്രമായിരുന്നില്ല. 40 ഡിഗ്രി വരെ ചെരിവുണ്ടായിരുന്നു പ്രദേശത്തിന്. ചെരിവിന്റെ ആംഗിളും അസ്ഥിരതയും ഘടനയിലെ പ്രത്യേകതയും കാരണം മണ്ണും കല്ലും മറ്റും താഴേയ്ക്കു പതിക്കുന്നതിന്റെ വേഗം വളരെ കൂടി. ഉദാഹരണത്തിന്, മുണ്ടക്കൈയില്‍ ഒന്നര കിലോമീറ്ററിലധികം ഉയരത്തിലാണ് ഉരുള്‍ പൊട്ടിയത്. തുടക്കത്തില്‍ അഞ്ചു കിലോമീറ്ററായിരുന്നു ഉരുളിന്റെ വേഗമെന്നു കരുതുക. എട്ടോ പത്തോ കിലോമീറ്റര്‍ താഴെയെത്തിയിട്ടും ചെരിവിന് മാറ്റം വരുന്നില്ല, അതിനാല്‍ കുത്തൊഴുക്കിന്റെ വേഗം പലമടങ്ങാവുന്നു, മുപ്പതു കിലോമീറ്റര്‍ വരെ. അതിലുള്ള കല്ലും പാറയുമൊക്കെ കോണുകളില്ലാത്തവയായിരുന്നതും വേഗം കൂടാന്‍ കാരണമായി. ജനസാന്ദ്രതയേറിയ സ്ഥലത്തെത്തി പരന്നൊഴുകാന്‍ തുടങ്ങുമ്പോള്‍ പുഴയുടെ വഴികളിലുള്ള തടസ്സങ്ങളൊക്കെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. വെള്ളം കരകവിഞ്ഞിരുന്ന ഇടങ്ങളിലും മുമ്പ് നദി ഒഴുകിയിരുന്ന പ്രദേശങ്ങളിലും നടത്തിയിരുന്ന നിര്‍മാണങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

റിപ്പോര്‍ട്ടുകള്‍ക്ക് സംഭവിക്കുന്നത്

റിപ്പോര്‍ട്ടുകള്‍ ഗൗരവമായി എടുത്ത് ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതായി തോന്നുന്നില്ല. മണ്ണ് സംരക്ഷിച്ചുകൊണ്ടുള്ള വനവത്ക്കരണം സാധ്യമാണ്. റോഡരുകില്‍ കുത്തനെ ഒരു മല വെട്ടിയൊതുക്കി ഭൂമിക്കു ലംബമായി നിര്‍ത്തിയാല്‍ എന്നായാലും അപകടമുണ്ടാവും. അതിന്റെ ചെരിവു കുറച്ച് പല തട്ടുകളാക്കി തിരിച്ചാല്‍ പ്രശ്നമുണ്ടാവില്ല. ഏറ്റവും താഴെ സംരക്ഷണഭിത്തിയും കെട്ടണം. അതില്‍നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കാന്‍ പൈപ്പുകളിട്ടു കൊടുക്കണം. കലുങ്കുകള്‍ വഴി ആ വെള്ളത്തെ അരുവികളിലോ മറ്റോ ഒഴുക്കി വിടാം. മണ്ണിനെ നിലനിര്‍ത്തിക്കൊണ്ട് കല്ലുകള്‍ക്കിടയിലൂടെ വെള്ളം പുറത്തേക്കൊഴുകാന്‍ വേണ്ടിയാണ് കുന്നിനെ തട്ടുകളായി തിരിക്കുന്നത്. ഇതൊക്കെ മുമ്പ് നമ്മള്‍ ചെയ്തിരുന്നു. പഠനകാലത്ത് മൂന്നാറിലെ കണ്ണന്‍ദേവന്‍ എസ്റ്റേറ്റില്‍ പോയപ്പോള്‍ ഇത്തരം കുഴലുകള്‍ കണ്ടിട്ടുണ്ട്. അതുപോലെ പ്രകൃതി സംരക്ഷണഭിത്തി, ഭൂപ്രകൃതിക്ക് യോജിച്ച കൃഷി എന്നീ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കാട്ടണം.

placeholder
കുന്നിനെ തട്ടുകളായി തിരിക്കുന്ന ടെറസ് സ്റ്റെപ്സ് രീതി

പരിസ്ഥിതിനാശവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും
 
അതു മാത്രമാണ് ഉരുള്‍പൊട്ടലിന് കാരണമെന്നു പറയാനാവില്ല. പാറ പൊട്ടിക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും എതിരല്ല. പക്ഷേ, അതിനുമുമ്പ് വേണ്ട കരുതലും നിയന്ത്രണവും വേണം എന്നേയുള്ളൂ. ഭൂമിയുടെ ചെരിവ്, അവിടെ പെയ്യുന്ന മഴയുടെ പാറ്റേണ്‍, മണ്ണിലെ ചെളിയുടെ അളവ്, അതിന്റെ ഒഴുക്ക് എങ്ങനെയാകാം തുടങ്ങിയ കാര്യങ്ങള്‍ നോക്കിവേണം മുമ്പോട്ടുപോവാന്‍. പ്രകൃതിയോട് ഏറ്റവും ചേര്‍ന്നു നിന്നുകൊണ്ട് എന്തു കൃഷി ചെയ്യാം, എത്തരത്തിലെ വീടുകള്‍ വെയ്ക്കാം, മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നൊക്കെ മനസ്സിലാക്കി വേണം അതിനിറങ്ങാന്‍. ഏതുതരത്തിലുള്ള പുല്ലുകളും സസ്യങ്ങളും മരങ്ങളും വെച്ചുപിടിപ്പിക്കുന്നതാണ് നല്ലത്, വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസം വരുത്തുന്നതെന്താണ് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കണം. എങ്കില്‍ ഉരുള്‍പൊട്ടല്‍ പൂര്‍ണമായും ഒഴിവാക്കാനായില്ലെങ്കിലും അതുണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ തീവ്ര പരമാവധി കുറയ്ക്കാന്‍ കഴിയും.

placeholder

മറ്റുരാജ്യങ്ങള്‍ ഇത്തരം പ്രശ്നങ്ങളെ നേരിടുന്ന രീതി

കേരളത്തിലേക്കാള്‍ മഴ പെയ്യുന്ന രാജ്യങ്ങളുണ്ട്. നമുക്കു കിട്ടുന്നത്ര മഴ കിട്ടുന്നില്ലെങ്കിലും പെയ്യുന്ന മഴയുടെ തീവ്രത കൂടുതലാണ്. ഉദാഹരണത്തിന്, മലേഷ്യയില്‍ ഇവിടത്തേക്കാള്‍ ചെരിവുള്ള മലകളുണ്ട്. അവര്‍ സംരക്ഷണഭിത്തി കെട്ടും, മഴവെള്ളമെല്ലാം ശേഖരിച്ച് തോടു വഴിയോ മറ്റോ പുഴകളിലോ, അതിന്റെ കൈവഴികളിലോ ചെന്നു ചേരാനുള്ള ഡ്രെയിനേജ് സൗകര്യമുണ്ടാക്കും. വെള്ളം തങ്ങിനില്‍ക്കാതെ പുറത്തുവരാനായി പൈപ്പുകളിട്ടു കൊടുക്കും. മഴക്കാലത്ത് ഇത്തരം പൈപ്പുകളിലൂടെ വെള്ളം ചാടുന്നതു കാണാം.  ചെരിവുകളില്‍ വെള്ളം കെട്ടിനിന്ന് ഭാരം വര്‍ധിക്കാതെ സന്തുലനം നിലനിര്‍ത്തുന്നു. ഭൂവസ്ത്രമുപയോഗിച്ച് മണ്ണിനെ ഒലിച്ചുപോവാതെ കെട്ടിനിര്‍ത്തിയിരിക്കുന്നതും പുല്ല് വെച്ചുപിടിപ്പിച്ചിട്ടുള്ളതും നമുക്കു കാണാം. സസ്യജാലത്തിന് മണ്ണിലൂടെ നുഴഞ്ഞുകയറുന്ന ജലത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയും. മാത്രമല്ല, വേരുപടലങ്ങള്‍ മണ്ണിനെ നിലനിര്‍ത്തുകയും ചരിവുകളുടെ സ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യും. ഇതൊക്കെ കേരളത്തിലും ചെയ്യാവുന്നതേയുള്ളൂ.

placeholder


ആദ്യമായി വേണ്ടത് പ്രദേശവാസികള്‍ക്ക് ബോധവല്‍ക്കരണം കൊടുക്കുകയാണ്. പൊട്ടിക്കിടക്കുന്ന പാറകള്‍ക്കിടയില്‍ ഗ്രൗട്ട് നിറയ്ക്കുക, ചരിവ് ഭാഗത്തെ ഇളകിക്കിടക്കുന്ന മണ്ണിനെ ശക്തിപ്പെടുത്താന്‍ രാസിക ഏജന്റുകളെ ഉപയോഗിക്കുക, പ്രദേശത്തിന് യോജിച്ച സസ്യങ്ങളെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക. വലിയ മേഖലകളാണെങ്കില്‍, മലനിരകളിലും മറ്റും, റോഡിന്റെ വശത്താണെങ്കില്‍ കെട്ടിനിര്‍ത്താന്‍ ശ്രമിക്കുക, വെള്ളത്തിന് പുറത്തുവരാന്‍ സാഹചര്യമുണ്ടാക്കുക, അഥവാ ഇടിഞ്ഞുവീണാല്‍ വഴി തിരിച്ചുവിടാന്‍ കൈവഴികളുണ്ടാക്കുക. വലിയ തോതില്‍ ഉരുള്‍പൊട്ടല്‍ ആവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഏതൊക്കെ തരത്തില്‍ വനവല്‍ക്കരണം നടത്താന്‍ പറ്റും, ഏതു കൃഷിയാണ് ചെയ്യേണ്ടത്, എന്തു വികസനമാണ് വേണ്ടത്, ഏതു തരത്തിലുള്ള നിര്‍മാണമാണ് വേണ്ടത് എന്നൊക്കെ തീരുമാനിക്കുന്നത് ശ്രദ്ധിച്ചുവേണം. ഒഴുകിവരുന്ന മഴവെള്ളത്തെ ഭൂഗര്‍ഭജലത്തിലേക്കു തിരിച്ചുവിടാന്‍ പറ്റും. മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ അയഞ്ഞ മണ്ണിനെ നീക്കം ചെയ്ത് പകരം കട്ടിയുള്ള മണ്ണും കല്ലും നിറയ്ക്കണം.എങ്കില്‍ മാത്രമേ മണ്ണിനു ഉറപ്പുണ്ടാവൂ, ചെടികള്‍ക്ക് ബലം കിട്ടൂ. ഇതിനൊപ്പം പ്രധാനപ്പെട്ടതാണ് നീര്‍ത്തടങ്ങളുടെ മാനേജ്‌മെന്റും. ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലുള്ള മേഖലകളില്‍ വികസനം നിയന്ത്രിക്കണം.   ജലപ്രവാഹ സമതലങ്ങളിൽ പുഴയ്ക്ക് അവകാശപ്പെടത് കവര്‍ന്നെടുക്കരുത്. വികസനം വേണ്ടെന്നല്ല, വരുംവരായ്കകളെ കുറിച്ചുള്ള ധാരണയോടെയുള്ള മികച്ച ആസൂത്രണത്തോടെ വേണം ചെയ്യാന്‍.