ആകാശവാണി പുലര്‍കാലങ്ങളില്‍ നമ്മളെ ഉണര്‍ത്തുമ്പോള്‍ ആ സംഗീതവീചികള്‍ ചെന്നു തൊടുന്നത് ഇന്ത്യയും ഏഷ്യയും കടന്ന് ഹിറ്റ്‌ലറുടെ കാലത്തെ യൂറോപ്പിലാണ്, ജൂതപലായനത്തിന്റെ ചരിത്രത്തിലാണ്, ലോകമഹായുദ്ധത്തിന്റെ അലയൊലികളിലാണ്. ആകാശവാണിയുടെ ഉണര്‍ത്തുഗീതം അഥവാ സിഗ്‌നേച്ചര്‍ ട്യൂണ്‍ ഒരുക്കിയത് ഹിറ്റ്‌ലറിന്റെ നാസിപ്പടയുടെ പിടിയിലാകാതെ രക്ഷപ്പെട്ട ഒരു ജൂത അഭയാര്‍ഥിയാണ്. ജര്‍മനിയുടെ അതിര്‍ത്തിയിലുള്ള ചെക്കൊസ്ലൊവാക്യയിലെ പൗരനായിരുന്ന ആ സംഗീതജ്ഞനാണ് വാള്‍ട്ടര്‍ കോഫ്മാന്‍. ഐക്യജര്‍മനിക്കും ജൂതവംശഹത്യയ്ക്കും വേണ്ടി ഹിറ്റ്‌ലര്‍ അയല്‍രാജ്യങ്ങളെ ലക്ഷ്യമിട്ടുനീങ്ങിയപ്പോള്‍ കോഫ്മാന്‍ നാടും ദേശവും വിട്ട്, തന്റെ സംഗീതവുമായി ഭൂഖണ്ഡങ്ങള്‍ താണ്ടി ഇന്ത്യയിലെത്തുകയായിരുന്നു. ശിവരഞ്ജിനി രാഗത്തില്‍ കോഫ്മാന്‍ ഒരുക്കിയ ആകാശവാണി സിഗ്‌നേച്ചര്‍ ട്യൂണ്‍ പോലെ വിഷാദമധുരമാണ് അത് എങ്ങനെയുണ്ടായി എന്ന കഥയും.
1907-ല്‍ ചെക്കൊസ്ലൊവാക്യയിലെ കാര്‍ല്‍സ്ബാഡിലാണ് വാള്‍ട്ടര്‍ കോഫ്മാന്‍ ജനിച്ചത്. ബെര്‍ലിനിലെ സ്റ്റാറ്റ്‌ലിഷ് ഹോച്ഷുലെ ഫ്യൂര്‍ മ്യൂസികില്‍നിന്നു ബിരുദം നേടി. പിന്നീട് പ്രാഗിലെ ജര്‍മന്‍ സര്‍വകലാശാലയില്‍ സംഗീതത്തില്‍ ഗവേഷണം ചെയ്തു. വിഖ്യാത ജര്‍മന്‍ എഴുത്തുകാരന്‍ ഫ്രാന്‍സിസ് കാഫ്കയുടെ അനന്തരവള്‍ ഗെര്‍റ്റി ഹെര്‍മാനെ അദ്ദേഹം വിവാഹം ചെയ്തു. അപ്പോഴേക്കും ഹിറ്റ്‌ലര്‍ യൂറോപ്പിനെ മാറ്റിമറിക്കാന്‍ തുടങ്ങിയിരുന്നു. ഹിറ്റ്‌ലറുടെ ജൂതവൈരത്തെത്തുടര്‍ന്ന് സ്വദേശത്തുനിന്നു പലായനം ചെയ്യുന്നതിനിടെ ചെക്ക് അതിര്‍ത്തിക്ക് സമീപം വെച്ച് കോഫ്മാന്റെ പിതാവ് മരിച്ചു. പിടിയിലാകുംമുന്‍പ് ബാക്കിയുള്ളവര്‍ എങ്ങോട്ടൊക്കെയോ പലായനം ചെയ്തു. അങ്ങനെയാണ് 1934 ഫെബ്രുവരിയില്‍ വാള്‍ട്ടര്‍ കോഫ്മാന്‍ മുംബൈയിലെത്തിയത്. പിന്നീട് 14 വര്‍ഷം അദ്ദേഹം ഇന്ത്യയിലുണ്ടായിരുന്നു.
എന്തുകൊണ്ട് ഇന്ത്യയിലേക്കെത്തി എന്ന ചോദ്യത്തിന് 'എനിക്ക് പെട്ടെന്ന് ഇന്ത്യയിലേക്ക് വിസ കിട്ടുമായിരുന്നു' എന്ന് കോഫ്മാന്‍ ഉത്തരം കൊടുത്തതായി അറിയുന്നു. അന്ന് ഇന്ത്യന്‍ റേഡിയോ ദേശസാത്കരിച്ച് ഇന്ത്യ ബ്രോഡ്കാസ്റ്റിങ് സര്‍വീസും പിന്നീട് ഓള്‍ ഇന്ത്യ റേഡിയോയുമായി മാറിയ കാലം. കൗഫ്മാന്‍ ആകാശവാണിയില്‍ സംഗീതസംവിധായകനായി ജോലിയില്‍ പ്രവേശിച്ചു. സംഗീതത്തിന്റെ ഒടുങ്ങാത്ത വൈവിധ്യമായ ഇന്ത്യയില്‍ കൗഫ്മാന്റെ പൗരസ്ത്യ ഈണങ്ങള്‍ ലയിച്ചുചേരുക അത്ര എളുപ്പമായിരുന്നില്ല.
മികച്ച പരിശീലനം കിട്ടിയ സംഗീതജ്ഞനായ അദ്ദേഹം ബോംബെ ചേംബര്‍ മ്യൂസിക് സൊസൈറ്റി സ്ഥാപിച്ചു. അവിടെ പ്രശസ്ത ഇന്ത്യന്‍ ഓര്‍ക്കെസ്ട്ര കണ്ടക്ടര്‍ മെഹ്ലി മേത്തയുമായി അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചു. മെഹ്ലി മേത്തയുടെ മകനാണ് പ്രശസ്ത സംഗീതജ്ഞനായ സുബിന്‍ മേത്ത. സുബിന്‍ മേത്തയും കോഫ്മാന്റെ കീഴില്‍ സംഗീതം അഭ്യസിച്ചു. ബോംബെ ചേംബര്‍ മ്യൂസിക് എല്ലാ വ്യാഴാഴ്ചയും വെല്ലിങ്ടണ്‍ ജിംഖാനയില്‍ സംഗീതപരിപാടി അവതരിപ്പിച്ചുപോന്നു. അവിടെ കോഫ്മാന്‍ പിയാനോയിലും, എഡിജിയോ വെര്‍ഗ സെല്ലോയിലും, മെഹ്ലി മേത്ത മേത്ത വയലിനും വായിച്ചു.ബോംബെ ചേംബര്‍ മ്യൂസികില്‍ പൂര്‍ണ്ണ അംഗത്വത്തിന് പ്രതിമാസം 15 രൂപയായിരുന്നു നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും മിഷനറിമാര്‍ക്കും എല്ലാ കച്ചേരികളിലും പങ്കെടുക്കാന്‍ പ്രതിമാസം 5 രൂപ മാത്രമേ നല്‍കിയിരുന്നുള്ളൂ.
അക്കാലത്ത്, 1936-ലാണ് അദ്ദേഹം ആകാശവാണിയുടെ ഗൃഹാതുരതയാര്‍ന്ന സിഗ്‌നേച്ചര്‍ ട്യൂണ്‍ രചിച്ചത്. ഈ സംഗീതത്തില്‍ മെഹ്ലി മേത്ത വയലിന്‍ വായിച്ചു. പുലര്‍ച്ചെ റേഡിയോ പരിപാടികള്‍ തുടങ്ങുംമുമ്പ് കേള്‍ക്കുന്ന ശിവരഞ്ജിനി രാഗത്തിലെ ആ വിഷാദമധുര ഗൃഹാതുരസംഗീതത്തിന് 90 വയസ്സാകുകയാണ്.
എ.ഐ.ആര്‍ സിഗ്‌നേച്ചര്‍ ട്യൂണിനേക്കാള്‍ വിശാലമാണ് ഇന്ത്യയ്ക്കുള്ള കൗഫ്മാന്റെ സംഭാവന. അദ്ദേഹം നിരവധി ഓപ്പറകള്‍, ബാലെ, ചേമ്പര്‍ മ്യൂസിക് കൃതികള്‍, സിനിമാ സംഗീതം എന്നിവ സൃഷ്ടിച്ചു. ''അനസൂയ'' എന്ന എ.ഐ.ആര്‍ ഓപ്പറ 'ഇന്ത്യയിലെ ആദ്യ റേഡിയോ ഓപ്പറ' എന്നറിയപ്പെടുന്നു. 1946-ല്‍ ഇന്ത്യ വിട്ട അദ്ദേഹം അമേരിക്കയിലും ലണ്ടനിലും എത്തി. ബി.ബി.സി, വിന്നിപെഗ് സിംഫണി ഓര്‍ക്കെസ്ട്ര, ഇന്‍ഡിയാന സര്‍വകലാശാല എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ഗെര്‍റ്റി ഹെര്‍മാനില്‍നിന്നു വിവാഹമോചനം നേടിയ ശേഷം പിയാനോ വാദന ഫ്രെദയെ വിവാഹം കഴിച്ചു. 1984-ല്‍ അമേരിക്കയിലെ ബ്ലൂമിങ്ടണിലായിരുന്നു അന്ത്യം. കോഫ്മാന്‍ ഇത്യക്കാര്‍ക്ക് ചിരപരിചിതനായില്ലെങ്കിലും അദ്ദേഹം സൃഷ്ടിച്ച സംഗീതം ഗൃഹാതുരതയോടെ ഇന്നും ജീവിക്കുന്നു. പൗരസ്ത്യ പാശ്ചാത്യസംഗീതത്തിന്റെ അനന്യ സൗന്ദര്യം സൃഷ്ടിച്ച ഈ രചന ആകാശവാണിയിലൂടെ ഇന്നും നമ്മളെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു.
ഐന്‍സ്റ്റീന്റെ സുഹൃത്ത്
ഹിറ്റ്‌ലര്‍ യുഗം തുടങ്ങിയതോടെ ജര്‍മനിവിട്ട ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ കോഫ്മാന്റെ അടുത്ത സുഹൃത്തായിരുന്നു. ഇരുവരുടെയും സൗഹൃദം വ്യക്തമാക്കുന്ന കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ അധികാരമേല്‍ക്കുമ്പോള്‍ ഐന്‍സ്‌റ്റൈന്‍ അമേരിക്കയിലായിരുന്നു. പിന്നീട് അദ്ദേഹം ജന്മനാട്ടിലേക്ക് തിരിച്ചുപോയില്ല. ഹിറ്റ്‌ലറുടെ ജൂതവിരോധം കാരണം യൂറോപ്പില്‍നിന്നു പലായനം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ തുടക്കം മുതലേ അവിടെയുള്ള ജൂതവിഭാഗക്കാര്‍ നടത്തിയിരുന്നു. പലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം ശക്തമായ അക്കാലത്ത് അതിനെക്കുറിച്ചുള്ള സാധ്യതകള്‍ അന്വേഷിച്ച് കോഫ്മാന്‍ എഴുതിയ കത്തിന് ഐന്‍സ്‌റ്റൈന്‍ എഴുതിയ മറുപടിയാണ് താഴെ കൊടുത്തിരിക്കുന്നത്.
ലെ കോക്-സര്‍-മെര്‍, ഏപ്രില്‍ 25, 1933
മിസ്റ്റര്‍ വാള്‍ട്ടര്‍ കോഫ്മാന്‍
പ്രാഗ് വി,
ബില്‍കോവ 4,
കാഫ്കയ്ക്ക് സമീപം
പ്രിയപ്പെട്ട, മിസ്റ്റര്‍ കോഫ്മാന്‍, നിര്‍ഭാഗ്യവശാല്‍, നിലവില്‍ പലസ്തീനില്‍ (താങ്കള്‍ക്ക്) ഒരു സംഗീതജ്ഞനാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ അതിനുവേണ്ടി ശ്രമിക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ഒരേയൊരു സ്ഥലം അമേരിക്കയാണെന്ന് ഞാന്‍ കരുതുന്നു. അവിടെ നിങ്ങള്‍ക്ക് ഒരു മ്യൂസിക് കണ്ടക്ടറോ ഒരു സര്‍വകലാശാലയില്‍ സംഗീതചരിത്ര പ്രൊഫസറോ ആകാം. അടുത്ത ശൈത്യകാലത്ത് ഞാന്‍ അവിടെ പോകുമ്പോള്‍, ഇതുസംബന്ധിച്ച് നിങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറക്കാതിരിക്കാന്‍ അടുത്ത നവംബറില്‍ പ്രിന്‍സ്റ്റണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയിലേക്ക് എനിക്ക് എഴുതുക.
ആശംസകള്‍
നിങ്ങളുടെ എ. ഐന്‍സ്റ്റീന്‍.
ഞാന്‍ നിങ്ങളെ ഓര്‍ക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ ചിന്തിക്കാന്‍ കഴിയും!
Content Highlights: Walter Kaufmann: Composer of AIR`s Signature Tune
Published: 09 Mar 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented