ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള, നിര്‍ണായക മേഖലകളില്‍ പഠനം നടത്തുന്ന ചൈനീസ് വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുമെന്ന് അമേരിക്കയുടെ വിദേശ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞത് എന്തുകൊണ്ടാണ്? മറ്റു രാജ്യങ്ങളിലെ പഠിതാക്കളില്‍ നിന്നും വ്യത്യസ്തമായി ചൈനീസ് വിദ്യാര്‍ഥികള്‍ അമേരിക്കയ്ക്ക് ഉയര്‍ത്തുന്ന ഭീഷണി എന്താണ്?

To advertise here,

ഉത്തരം എല്ലാവര്‍ക്കും അറിയുന്നതാണ്. ബൗദ്ധിക സ്വത്ത്, അത്യാധുനിക സാങ്കേതികവിദ്യ, ശാസ്ത്ര, സാങ്കേതികവിദ്യയിലെ നൂതന കണ്ടുപിടിത്തങ്ങള്‍ എന്നിവയുടെ മോഷണം, ചാരവൃത്തി എന്നിവയ്ക്ക് ചൈന വിദ്യാര്‍ഥികളെ വ്യാപകമായി ഉപയോഗിക്കുന്നു എന്ന ആരോപണം. സാങ്കേതിക, സാമ്പത്തിക രംഗങ്ങളില്‍ ഞെട്ടിക്കുന്ന വേഗത്തില്‍ ചൈന വളര്‍ന്നതും വന്‍ശക്തിയായതും സാമ്പത്തികരംഗത്തെ ചാരവൃത്തി വഴിയാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. അമേരിക്കയില്‍ ഈ രംഗത്തെ 80 ശതമാനം കേസുകളിലും ചൈന പ്രതിയാണ്. ഓരോ 12 മണിക്കൂറിലും ചൈനയുടെ ചാരവൃത്തിക്കെതിരായ ഒരു കേസ് എഫ്.ബി.ഐ ആരംഭിക്കുന്നു. 2017-ലെ ബൗദ്ധിക സ്വത്തവകാശ (ഐ.പി) കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് ഒരു വര്‍ഷം ഈ മോഷണം കാരണം അമേരിക്കയ്ക്കുണ്ടാവുന്ന നഷ്ടം 225 ബില്യന്‍ ഡോളറിനും 600 ബില്യന്‍ ഡോളറിനും ഇടയ്ക്കാണ്. മോഷ്ടാവ് മിക്കപ്പോഴും ചൈന തന്നെ. 2019-ലെ സി.എന്‍.ബി.സി സര്‍വേ പ്രകാരം അമേരിക്കന്‍ കമ്പനികളില്‍ അഞ്ചിലൊന്നും ചൈനീസ് സ്ഥാപനങ്ങള്‍ തൊട്ടു മുമ്പത്തെ വര്‍ഷം ഐ.പി മോഷണം നടത്തിയതായി പരാതിപ്പെട്ടിട്ടുണ്ട്.

നിരവധി വിവാദങ്ങളില്‍ പെട്ടുലയുന്ന ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന് നാട്ടില്‍ ജനപ്രീതി കുറച്ചെങ്കിലും തിരിച്ചുപിടിക്കാന്‍ ഉതകുന്നതാണ് ഈ തീരുമാനം. 'അമേരിക്ക ഫസ്റ്റും' 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌നും' മുദ്രാവാക്യമാക്കി അധികാരം പിടിച്ച ട്രംപിന് നല്ല സമയമല്ല ഇപ്പോള്‍. ഇലോണ്‍ മസ്‌ക് ഡോജില്‍ നിന്നും പടിയിറങ്ങിയതും തീരുവയടക്കമുള്ള തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നതും കാരണം ബുദ്ധിമുട്ടുന്ന സമയത്ത് സംശയകരമായ പശ്ചാത്തലമുള്ള ചൈനീസ് വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനം രാഷ്ട്രീയമായി ഗുണം ചെയ്യും. ഇതിനിടയില്‍ പെട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും തീരുമാനം ദോഷകരമായി ബാധിച്ചേക്കും.

placeholder
ഡൊണാൾഡ് ട്രംപ് | Photo: AP

വ്യാളി വളര്‍ന്നത് പാശ്ചാത്യ സാങ്കേതികവിദ്യ കട്ടെടുത്ത്!

വിദ്യാര്‍ഥികളെയും ഗവേഷകരെയും ചാരന്‍മാരെയും ഉപയോഗിച്ച് ചൈന ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ അമേരിക്കയും യൂറോപ്പും കൈവരിക്കുന്ന പുരോഗതികളെ, ശാസ്ത്ര രഹസ്യങ്ങളെ ചോര്‍ത്തിയെടുക്കുന്നത് പുതിയ ആരോപണമല്ല. സ്മാര്‍ട്ട്‌ഫോണ്‍ ഗവേഷണരംഗത്ത് കോടിക്കണക്കിന് ഡോളര്‍ ചെലവിട്ട് വര്‍ഷങ്ങള്‍ അധ്വാനിച്ച് നേടുന്ന കണ്ടുപിടിത്തങ്ങളും പേറ്റന്റുകളുമൊക്കെ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ചൈന സ്വന്തമാക്കിയത് നമ്മള്‍ കണ്ടിട്ടുണ്ട്. പേറ്റന്റുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പുതിയ പേറ്റന്റു നേടുന്ന വിദ്യ. ഒരു ലക്ഷത്തിന്റെ അമേരിക്കന്‍ ഫോണിന്റെ സാങ്കേതികമേന്മ ഇരുപതിനായിരത്തിന് ചൈനീസ് കമ്പനി തരുന്നത് അങ്ങനെയാണെന്ന് എതിരാളികള്‍ പറയും.

വിദ്യാര്‍ഥികള്‍ അടക്കമുള്ള ചൈനീസ് പൗരന്മാര്‍ വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ചതിന്റെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് സുപ്രധാന സാങ്കേതികവിദ്യകള്‍ ചൈനയ്ക്ക് കൈമാറിയതിന്റെയും ഒരുപാട് കേസുകള്‍ അമേരിക്കയ്ക്ക് ചൂണ്ടിക്കാട്ടാനുണ്ട്. ചൈനയുടെ സൈനിക, സിവിലിയന്‍ സംയോജന തന്ത്രത്തിന്റെ (മിലിറ്ററി സിവില്‍ ഫ്യൂഷന്‍) ഭാഗമായാണത്രെ ഇത്. ട്രംപിന്റെ ആദ്യടേമില്‍, 2020-ല്‍, ഈ സമരതന്ത്രം വൈറ്റ് ഹൗസ് പരസ്യമാക്കിയിരുന്നു. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വിദ്യാര്‍ഥികളെ ഉപയോഗിച്ച് അമേരിക്കയുടെ നൂതന കണ്ടുപിടിത്തങ്ങളെ സൈനികാവശ്യങ്ങള്‍ക്ക് ചോര്‍ത്തുന്നതു സംബന്ധിച്ച കണക്കുകള്‍ സമീപകാലത്ത് എഫ്.ബി.ഐ പുറത്തുവിട്ടിരുന്നു.

അത്യാധുനികമായ ശാസ്ത്ര, സാങ്കേതികവിദ്യകള്‍ മോഷ്ടിച്ചെടുക്കാന്‍ വരെ ആസൂത്രിതവും ഫലപ്രദവുമായ രീതികള്‍ ചൈനയ്ക്കുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍വകലാശാലകള്‍, ഗവേഷണശാലകള്‍, പ്രതിരോധ കോണ്‍ട്രാക്ടര്‍മാര്‍, സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അതിവിദഗ്ധമായ സൈബര്‍ ആക്രമണത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഒരു രീതി. നിര്‍ണായക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്ഥാപനങ്ങളില്‍ നുഴഞ്ഞു കയറി രഹസ്യങ്ങള്‍ ചോര്‍ത്തുന്നതു മറ്റൊന്ന്. അമേരിക്കന്‍ കമ്പനികളുമായി സംയുക്ത സംരംഭം തുടങ്ങിയ ശേഷം സാങ്കേതികവിദ്യാ കൈമാറ്റത്തിന് നിര്‍ബന്ധിതമാക്കുന്ന രീതിയുമുണ്ട്.

ഈ പറയുന്ന രീതി നമുക്കറിയുന്നതാണ്. ചൈനീസ് (വ്യാജ) പതിപ്പുകള്‍ വന്‍തോതില്‍ വിപണിയിലിറക്കുക. ലോകത്ത് പിടിക്കപ്പെടുന്ന വ്യാജ ഉത്പന്നങ്ങളുടെ 90 ശതമാനവും ചൈനീസ് നിര്‍മിതമാണത്രെ. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെയുണ്ട് ചൈനീസ്. ഗവേഷണത്തിന് അമേരിക്കന്‍ സര്‍വകലാശാലകളുമായി ഉണ്ടാക്കുന്ന പങ്കാളിത്തം വഴിയും അമേരിക്കന്‍ സാങ്കേതികവിദ്യ ചൈന സ്വന്തമാക്കുന്നുണ്ട്. മോഷ്ടിച്ച സാങ്കേതികവിദ്യയ്ക്ക് സര്‍ക്കാര്‍ പിന്തുണയും കിട്ടും. ടെലികോം, ഏവിയേഷന്‍, റിന്യൂവബിള്‍ എനര്‍ജി മേഖലകളില്‍ ചൈന വന്‍ശക്തിയായതിനു കാരണം ഇതാണത്രെ. സൈനിക സാങ്കേതികവിദ്യയിലും ചൈനയുടെ മുന്നേറ്റത്തിനു പിന്നില്‍ ഈ മോഷണതന്ത്രമുണ്ട്. ഇന്ന് ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ചൈന വളര്‍ന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇതുതന്നെ.

ചൈന ഐ.പി മോഷണം സംബന്ധിച്ച ആരോപണങ്ങളെ എക്കാലവും നിഷേധിച്ചിരുന്നു. ചൈനീസ് കമ്പോളത്തില്‍ പ്രവേശനം കിട്ടാനായി പാശ്ചാത്യസ്ഥാപനങ്ങള്‍ സ്വമേധയാ സാങ്കേതികവിദ്യാ കൈമാറ്റം നടത്തിയതാണെന്ന് അവര്‍ അവകാശപ്പെടുന്നു. 2001-ല്‍ ലോകവ്യാപാര സംഘടനയില്‍ അംഗത്വം ലഭിച്ച ചൈന പിന്നീട് സംഘടനയുടെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം സംബന്ധിച്ച കരാറില്‍ (ട്രിപ്‌സ്) ഒപ്പുവെക്കുകയും അതനുസരിച്ച് തങ്ങളുടെ ഐ.പി. നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്തു. 2019-ല്‍ വിദേശനിക്ഷേപ നിയമം അനുസരിച്ച് സമ്മര്‍ദ്ദം ചെലുത്തി സാങ്കേതികവിദ്യാകൈമാറ്റം നേടുന്നത് തടഞ്ഞു. ഒരുപക്ഷേ, ഇനി ചൈനയ്ക്ക് ഐ.പി മോഷണമില്ലാതെ തന്നെ മേധാവിത്വം നിലനിര്‍ത്താനായേക്കും!

ചൈനയുടെ ഐ.പി മോഷണം സംബന്ധിച്ച പാശ്ചാത്യരുടെ ആരോപണങ്ങള്‍ പര്‍വതീകരിക്കപ്പെട്ടവയാണെന്ന് കരുതുന്നവരുണ്ട്. പാശ്ചാത്യ കൊളോണിയലിസ്റ്റുകള്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഇതു തന്നെയല്ലേ എന്ന് അവര്‍ ചോദിക്കുന്നു. മോഷണം കൊണ്ടല്ല, വ്യാപാരം, വിദേശനിക്ഷേപം, സ്വന്തമായ കണ്ടുപിടിത്തങ്ങള്‍ എന്നിവയുടെ അടിത്തറയിലാണ് ചൈന വളര്‍ന്നതെന്ന് അവരെ ന്യായീകരിക്കുന്നവര്‍ പറയുന്നു. 

placeholder
ബീജിങ്ങിലെ ഫോറിൻ സ്റ്റഡീസ് യൂണിവേഴ്‌സിറ്റിയിലെ ചൈനീസ് വിദ്യാർഥികൾ | Photo by Jade GAO / AFP

ചൈനീസ് വിദ്യാര്‍ഥികളും അമേരിക്കയും

2018-ല്‍ അമേരിക്കയിലെ നീതിന്യായ വകുപ്പ് (ഡി.ഒ.ജെ) ചൈനീസ് വംശജരായ ഗവേഷകരെയും പഠിതാക്കളെയും ലക്ഷ്യംവച്ച് ചൈന ഇനിഷ്യേറ്റീവ് എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിരുന്നു. ജോ ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് 2022-ല്‍ പദ്ധതി അവസാനിപ്പിച്ചു, അത് വംശീയ വേര്‍തിരിവ് ഉണ്ടാക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന്. ട്രംപ് തിരിച്ചെത്തിയതും കൂടുതല്‍ വഷളായ അമേരിക്ക-ചൈന ബന്ധങ്ങളും കടുത്ത നിലപാടിന് സഹായകമായി. റൂബിയോയുടെ പ്രഖ്യാപനത്തില്‍ ചില അവ്യക്തതകള്‍ ഉണ്ട്- എന്താണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം, എന്താണ് നിര്‍ണായകമായ മേഖലകള്‍ തുടങ്ങിയ കാര്യങ്ങളില്‍.

അമേരിക്കയില്‍ ഏതാണ്ട് പത്തു ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികളാണ് ഉള്ളത്. ഇതില്‍ കാല്‍ ശതമാനത്തോളം ചൈനീസ് വംശജരാണ്. 2023 24- ലെ കണക്കനുസരിച്ച് അമേരിക്കയില്‍ 2,77,000 ചൈനീസ് വിദ്യാര്‍ഥികളുണ്ട്. ബഹുഭൂരിപക്ഷവും പഠിക്കുന്നത് ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (STEM) മേഖലകളിലാണ്. ഇവര്‍ 2023-ല്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന ചെയ്തത് 14.3 ബില്യണ്‍ ഡോളറാണ്. ഈ വിദ്യാര്‍ഥികളെ വിലക്കുന്നതോ നിയന്ത്രിക്കുകയോ ചെയ്യുന്നത് ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ അമേരിക്കക്കുള്ള മുന്‍തൂക്കത്തെ ബാധിച്ചേക്കും എന്ന് ചില സര്‍വ്വേകള്‍ കാണിക്കുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി (സി.സി.പി) ബന്ധമുള്ള വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുമെന്ന് പറയുമ്പോള്‍ ഏതാണ്ട് എല്ലാവരെയും വിലക്കും എന്നാണ് മനസ്സിലാക്കേണ്ടത്. ചൈനയിലെ ഏതാണ്ട് എല്ലാ പൗരന്മാരും ഏതെങ്കിലും ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കും. ഏതെങ്കിലും തരത്തില്‍ സി.സി.പിയുമായി ബന്ധമില്ലാത്തവര്‍ കുറവാണ്. നിര്‍ണായക മേഖലകളില്‍- ഉന്നത സാങ്കേതികവിദ്യകള്‍, നിര്‍മ്മിതബുദ്ധി, റോബോട്ടിക്‌സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയവ-പഠിക്കുന്ന ചൈനീസ് വിദ്യാര്‍ഥികളെ ആയിരിക്കാം അമേരിക്ക ലക്ഷ്യം വെക്കുന്നത്. അവരെ സി.സി.പിയുമായി ബന്ധമുള്ളവര്‍ എന്ന് മുദ്രകുത്തി പുറത്താക്കാനെളുപ്പമാണ്. അതിനര്‍ത്ഥം ചൈനക്കാര്‍ക്ക് അമേരിക്കയില്‍ വന്ന കട്ടിങ് എജ് ടെക്‌നോളജി പഠിച്ച് തിരിച്ചുപോയി ചൈനയെ ശക്തിപ്പെടുത്താനാവില്ല. ഈ മേഖലകളിലൊക്കെ ചൈന വളരെ അധികം മുന്നേറിയത് അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്.

ഭൗമരാഷ്ട്രീയപരമായി നോക്കിയാല്‍ അമേരിക്കന്‍ നീക്കം ചൈനയുമായുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുകയേയുള്ളൂ. ചൈനീസ് വിദ്യാര്‍ഥികളുടെ അവകാശങ്ങളെ സംരക്ഷിക്കുമെന്ന് അവരുടെ വിദേശമന്ത്രാലയം പറയുന്നുണ്ട്. പക്ഷേ, ഏതു വഴിക്കാണ് അത് ചെയ്യാന്‍ പറ്റുക എന്ന കാര്യം വ്യക്തമല്ല. ചൈനയുടെ സമ്പദ്‌വ്യവസ്ഥ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു സമയമാണിത്. 2021-നു ശേഷം കുടുംബങ്ങളുടെ സമ്പത്തില്‍ 18 ലക്ഷം കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്, തൊഴിലില്ലായ്മ 20 ശതമാനത്തോട് അടുക്കുന്നു. അതിനിടയിലാണ് ട്രംപിന്റെ പുതിയ ഭീഷണി. അമേരിക്കയില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ ഹോങ്കോങിലും മറ്റുമുള്ള സര്‍വകലാശാലകള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.