ഭൗമരാഷ്ട്രീയ രംഗത്ത് വലിയ ദിശമാറ്റങ്ങളുടെയും ബഹുരാഷ്ട്രസഖ്യങ്ങളുടെ പുനര്‍ക്രമീകരണത്തിന്റെയും കാലമാണ്. അതില്‍ ഭൂരിഭാഗവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. മൂന്നര വര്‍ഷമായി തുടരുന്ന യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് ശ്രമം തുടങ്ങിയേടത്തു തന്നെയാണ്. ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ തയ്യാറല്ല, റഷ്യയുടെ കൈവശമുള്ള ഭൂവിഭാഗങ്ങള്‍ വിട്ടുകൊടുക്കുക യുക്രൈൻ പ്രസിഡണ്ട് സെലന്‍സ്‌കിക്ക് എളുപ്പവുമല്ല. ഒരുപക്ഷേ അതുകൊണ്ടാവാം, പുതിനും സെലന്‍സ്‌കിയും ഒറ്റയ്ക്കൊറ്റയ്ക്ക് ചര്‍ച്ച ചെയ്ത ശേഷം മതി താന്‍ കൂടി ഉള്‍പ്പെട്ട ത്രികക്ഷി ഉച്ചകോടിയെന്ന് ട്രംപ് പറഞ്ഞത്.

To advertise here,

അതേസമയം, അധിക തീരുവ പ്രശ്നത്തില്‍ അമേരിക്കന്‍ ഭീഷണികള്‍ക്ക് വഴങ്ങാതെ ഇന്ത്യ, റഷ്യയും ചൈനയുമായുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. റഷ്യയില്‍ നിന്നും സൗജന്യനിരക്കില്‍ എണ്ണ വാങ്ങി സംസ്‌കരിച്ച് കയറ്റിയയച്ച് ഇന്ത്യ അമിത ലാഭം ഉണ്ടാക്കുന്നുവെന്നും ഇന്ത്യ റഷ്യയുടെ അലക്കുയന്ത്രമാണെന്നും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാറോ ആരോപിച്ചു. യുക്രൈനിലെ രക്തച്ചൊരിച്ചിലില്‍ തങ്ങളുടെ പങ്ക് ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച നവാറോ ഇന്ത്യ തീരുവകളുടെ മഹാരാജാവാണെന്ന് പരിഹസിച്ചു. തീരുവ ഇരട്ടിപ്പിക്കാന്‍ അമേരിക്ക നിശ്ചയിച്ച കാലാവധി (ഓഗസ്റ്റ് 27) നീട്ടാനിടയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ നടപടികളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മാന്യമായ ഭാഷയില്‍ ശക്തമായി പ്രതികരിച്ചു. ജോ ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് അമേരിക്ക ആഗോള ഊര്‍ജവിപണിയുടെ സ്ഥിരതയ്ക്കായി ഇന്ത്യയെ റഷ്യന്‍ എണ്ണ വാങ്ങാന്‍ പ്രോത്സാഹിപ്പിച്ചിരുന്നത് അദ്ദേഹം ഓര്‍മിപ്പിച്ചു. അത്  അനുസരിച്ചതിന്റെ പേരില്‍ ഇന്ത്യയെ ഇപ്പോള്‍ ശിക്ഷിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനു പുറമേ, മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഇന്ത്യ. ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങള്‍ക്ക് ട്രംപിന്റെ പിഴത്തീരുവ ലോകാവസാനമല്ല. പക്ഷേ, ലോകത്തിലെ ഏക വന്‍ശക്തി എന്ന സ്ഥാനത്തുനിന്നും ബഹുധ്രുവ ലോകത്തിലേക്കുള്ള അമേരിക്കയുടെ പതനം അതിവേഗത്തിലായിട്ടുണ്ട്.

ട്രംപത്തം തകര്‍ത്ത വിശ്വാസം

ഇന്ത്യയും അമേരിക്കയും 25 വര്‍ഷം കൊണ്ട് കരുതലോടെ കെട്ടിപ്പൊക്കിയ പരസ്പരബന്ധത്തില്‍ ട്രംപിന്റെ തീരുവപ്രഖ്യാപനം വലിയ വിള്ളലുകള്‍ ഉണ്ടാക്കി. അതിനു പുറമെയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് എല്ലാ പിന്തുണയും നല്‍കിയെന്നു കരുതുന്ന പാകിസ്താന്‍ പട്ടാളമേധാവി മുനീറിനെ രണ്ടുതവണ വൈറ്റ്ഹൗസില്‍ ക്ഷണിച്ചു സല്‍കരിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ തങ്ങള്‍ മാധ്യസ്ഥം വഹിച്ചെന്ന ട്രംപിന്റെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള പ്രസ്താവനകളും കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടാമെന്ന ഓഫറും ഇന്ത്യയുടെ കാലങ്ങളായുള്ള നിലപാടുകളെയും ഉത്ക്കണ്ഠകളെയും ബഹുമാനിക്കാത്തവയായിരുന്നു. ദീര്‍ഘകാലമായി പാക് അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ഇരകളായ ഇന്ത്യയുടെ ഉത്കണ്ഠകളെ ബഹുമാനിക്കാത്ത രീതിയിലായിരുന്നു അമേരിക്കയുടെ നടപടികള്‍. മുമ്പ് ഇന്ത്യ ചത്ത സമ്പദ് വ്യവസ്ഥയാണെന്ന് ട്രംപ് ആരോപിച്ചത് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. കാരണം, ലോകത്തിലേക്കും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ എന്നതു തന്നെ.

ട്രംപിന്റെ തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്കു മുന്നില്‍ നിശബ്ദത പാലിച്ച ഇന്ത്യ വളരെ കരുതലോടെ, സൂക്ഷ്മതയോടെ, ചങ്കുറപ്പോടെ വിദേശനയം പുതുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാൻ കഴിയുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസാവസാനം എസ്​സിഒ  (ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍) യോഗത്തില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക് പോകുന്നുണ്ട്, അവിടെ അദ്ദേഹം ഷീ ജിന്‍പിങ്ങുമായി സംസാരിക്കും എന്ന് കരുതുന്നു. കഴിഞ്ഞയാഴ്ച ചൈനയുടെ വിദേശമന്ത്രി വാങ് യീ ഇന്ത്യ സന്ദര്‍ശിക്കുകയും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്ന ചില നടപടികള്‍ക്ക് തീരുമാനമായിട്ടുണ്ട്. ചൈനയുമായി ചരിത്രപരമായ പ്രശ്നങ്ങളും ശത്രുതയും ഉണ്ടെങ്കില്‍ കൂടി പ്രത്യേക സാഹചര്യം പരിഗണിച്ച് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുകയാണ് ഇരു രാജ്യങ്ങളും.

നേരത്തെ, മോദി ഫ്രാന്‍സിന്റെ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണും ബ്രസീല്‍ പ്രസിഡണ്ട് ലൂലയുമായി ഫോണ്‍ചര്‍ച്ചകള്‍ നടത്തിയിരുന്നു അമേരിക്കയല്ലാത്ത മറ്റ് ആഗോള ശക്തികളുമായുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇന്ത്യ. ഇന്ത്യയും ചൈനയും റഷ്യയും ഉള്‍പ്പെട്ട ബ്രിക്സ് സഖ്യത്തിന് പാശ്ചാത്യ മേല്‍ക്കോയ്മയെ ചെറുക്കാനുള്ള ശക്തി എന്ന നിലയ്ക്ക് പ്രാധാന്യം കൂടിവരികയാണ്. ഇന്ത്യ ബ്രിക്സില്‍ വളരെ സജീവമായ പങ്കാളിയാണ്. അംഗരാജ്യങ്ങള്‍ തമ്മില്‍ സ്വന്തം കറന്‍സികളില്‍ വ്യാപാരം നടത്തുന്ന രീതി വ്യാപിപ്പിച്ചു വരുന്നു. റഷ്യയുമായി റൂബിളില്‍ വ്യാപാരം നടത്തുന്ന പോലെ ചൈനയുമായി ഇന്ത്യ യുവാനിലും ഇടപാടുകള്‍ തുടങ്ങിയേക്കും.

അകത്തും പുറത്തും പഴികേട്ട് അമേരിക്കന്‍ നേതൃത്വം

ട്രംപ് ഇന്ത്യയെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്. ജയശങ്കര്‍ ചൂണ്ടിക്കാണിച്ചതു പോലെ, ഏറ്റവും കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യം ചൈനയാണ്, ഇന്ത്യയല്ല. ഏറ്റവുമധികം റഷ്യന്‍ പ്രകൃതിവാതകം (എല്‍എന്‍ജി) വാങ്ങുന്നത് യൂറോപ്യന്‍ യൂണിയനാണ്. പക്ഷേ, ഇന്ത്യയ്ക്കെതിരെ മാത്രം നടപടിയെന്നത് യുക്തിക്കു നിരക്കുന്നതല്ല, ഒരുതരത്തിലും നീതീകരിക്കാനുമാവില്ല. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളെ ഒപ്പം നിര്‍ത്താനും അവര്‍ക്കായിട്ടില്ല. റഷ്യന്‍ ഊര്‍ജ ഇറക്കുമതിയെ യൂറോപ്പ് വലിയതോതില്‍ ആശ്രയിക്കുന്നുണ്ട്.

യൂറോപ്പിന് ട്രംപിന്റെ വ്യാപാരഭീഷണികളില്‍ ഉത്കണ്ഠയുണ്ട്. യുദ്ധം തീരാന്‍ യുക്രൈന്റെ ഭൂവിഭാഗങ്ങള്‍ റഷ്യയ്ക്കു വിട്ടുകൊടുക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തിലും അധിക തീരുവകളിലും വലിയ അസന്തുഷ്ടിയുണ്ട്. പക്ഷേ, ട്രംപിനോട് തിരിച്ചൊന്നും പറയാന്‍ കഴിയാന്‍ അവര്‍ക്കായില്ല. പ്രശസ്ത സംരംഭകന്‍ അര്‍നോഡ് ബെര്‍ട്രന്‍ഡ് പറഞ്ഞതു ശ്രദ്ധേയമാണ്; ട്രംപിന്റെ തോന്നിവാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വഴങ്ങാതിരിക്കാന്‍ ഇന്ത്യ കാട്ടിയ രാഷ്ട്രീയധീരത യൂറോപ്യന്‍ യൂണിയനുണ്ടായില്ല. ഇന്ത്യ ഇപ്പോള്‍ കാണിച്ച ധൈര്യം നേരത്തേ യൂറോപ്പ് കാട്ടിയിരുന്നെങ്കില്‍ തങ്ങളോട് അനുഭാവമൊന്നുമില്ലാത്ത ട്രംപിന്റെ മധ്യസ്ഥത്തില്‍ റഷ്യയോട് ചര്‍ച്ച നടത്തേണ്ടി വരില്ലായിരുന്നു. റഷ്യയുമായി സൗഹൃദം പുനര്‍നിര്‍മിച്ച് അത് അമേരിക്കന്‍ പിടിച്ചുപറിക്കെതിരെ ഉപയോഗിക്കാമായിരുന്നു.

ഇന്ത്യയുടെ തന്ത്രപരമായ സ്വതന്ത്രനിലപാട് യൂറോപ്പിനും ഉപകാരപ്പെട്ടേനെ. പോയ ബുദ്ധി ആന പിടിച്ചാലും വരില്ലല്ലോ! ട്രംപിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളില്‍ അമേരിക്കയ്ക്കുള്ളിലും പ്രതിഷേധമുയരുകയാണ്. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന നിക്കി ഹേലി കഴിഞ്ഞ ദിവസം ന്യൂസ്വീക്ക് മാസികയില്‍ എഴുതിയ ലേഖനത്തില്‍ ചൈനയുടെ ആഗോളസ്വാധീനത്തെ ചെറുക്കാന്‍ അമേരിക്ക താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും ഇപ്പോഴത്തെ പോക്കില്‍ മാറ്റം വരുത്തണമെന്നും അഭിപ്രായപ്പെട്ടു. തീരുവത്തര്‍ക്കങ്ങളും ഓപ്പറേഷന്‍ സിന്ദൂറിലെ സമാധാനചര്‍ച്ച സംബന്ധിച്ച തര്‍ക്കവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ തകര്‍ക്കാനിടയാവരുതെന്ന് അവര്‍ എഴുതി. ട്രംപിന്റെ പിഴത്തീരുവ ഇന്ത്യയുടെ വിശ്വാസം തകര്‍ത്തതായും ബ്രിക്സ് കൂട്ടായ്മയെ ശക്തിപ്പെടുത്തിയതായും പ്രശസ്ത സാമ്പത്തികവിദഗ്ധന്‍ ജെഫ്രി സാക്സ് അഭിപ്രായപ്പെട്ടു. മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കേല്‍ റൂബിന്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് ചരിത്രമാവുമെന്ന് അഭിപ്രായപ്പെട്ടു.

സാമ്പത്തിക വിദഗ്ധനായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് ട്രംപിന്റെ വിപണി സംരക്ഷണനയങ്ങള്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നും ഉപയോക്താക്കളുടെ ആത്മവിശ്വാസത്തെ ഉലയ്ക്കുമെന്നും പറയുന്നു. അധിക തീരുവ ഇന്ത്യയെ കാര്യമായി ബാധിക്കാനിടയില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വിദഗ്ധന്‍ ക്രിസ്റ്റഫര്‍ ലാങ്ഫോഡും പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനം മാത്രമാണ് അമേരിക്കയിലേക്കുള്ള കയറ്റുമതി. അധിക തീരുവ ബാധിക്കുക കയറ്റുമതിയുടെ 10 ശതമാനത്തില്‍ താഴെ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഈ തിരിച്ചടി ഇന്ത്യക്ക് ഒരു പുതുയുഗപ്പിറവിയാകാമെന്നും ലാങ്ഫോഡ് പറഞ്ഞുവെക്കുന്നു. സ്വന്തം സാമ്പത്തിക നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന, സ്വന്തം വ്യവസ്ഥകളനുസരിച്ച ലോകവുമായി ഇടപെടുന്ന ഇന്ത്യ.

ഇന്ത്യ പ്ലസ് ടു

ചൈന പ്ലസ് വണ്‍ തന്ത്രമായിരുന്നു സമീപകാലത്ത് പാശ്ചാത്യരാജ്യങ്ങള്‍ സ്വീകരിച്ചിരുന്ന തന്ത്രം. കോവിഡ് 19 കാലത്ത്, അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങളുടെ മധ്യത്തിലാണ് ചൈനയ്ക്ക് മേലുള്ള ആശ്രിതത്വം കുറയ്ക്കാനായി ഈ തന്ത്രം ഉണ്ടായത്. ചൈനയില്‍ നിന്നും ഉല്‍പാദന, വിതരണ ശൃംഖലകള്‍ പുറത്തേക്കു മാറ്റുകയാണ് ലക്ഷ്യം. വിശാലമായ വിപണിയും നൈപുണിയുള്ള തൊഴില്‍ സേനയും വര്‍ധിച്ചുവരുന്ന നിര്‍മാണശേഷികളുമുള്ള ഇന്ത്യയെയാണ് ചൈനയ്ക്കുള്ള പ്രധാന ബദലായി ലോകം കണ്ടത്. ഐഫോണ്‍ ഉല്‍പാദനത്തിന്റെ നിര്‍ണായകമായ ഭാഗം ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ തീരുമാനിച്ചത് ഈ മാറ്റത്തിന്റെ സൂചനയായിരുന്നു. പക്ഷേ ട്രംപിന്റെ തീരുവകള്‍ പുതിയൊരു നയത്തിന് വഴിയൊരുക്കിയിരിക്കുകയാണ്- ഇന്ത്യ പ്ലസ് ടു. ഇന്ത്യയും പിന്നെ, വിയറ്റ്നാമും ബംഗ്ലാദേശും പോലുള്ള വികസ്വരരാജ്യങ്ങളും വഴിമാറി വരുന്ന വ്യാപാര, നിക്ഷേപ പ്രവാഹങ്ങളുടെ ഗുണഭോക്താക്കളാവും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമ്പത്തികവും തന്ത്രപരവുമായ വൈവിധ്യവത്കരണത്തിനുള്ള കാഹളമാണ് ഈ പിഴത്തീരുവ. ഇന്ത്യ പ്ലസ് ടു ചട്ടക്കൂട് പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യത്തിലെ ചില കുറവുകള്‍, നിയന്ത്രണസംവിധാനത്തിലെ സങ്കീര്‍ണതകള്‍, തൊഴില്‍പ്രശ്നങ്ങള്‍ തുടങ്ങിയവ പരിഹരിക്കണം. കൂടുതല്‍ ആഴത്തിലുള്ള പരിഷ്‌കാരങ്ങള്‍ സാമ്പത്തികവളര്‍ച്ച ശക്തമായി തുടരുന്നതിന് ആവശ്യമായി വരും. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി കമ്പോളം അമേരിക്കയാണ്. സാങ്കേതികവിദ്യയിലും പ്രതിരോധമേഖലയിലും പ്രധാനപ്പെട്ട പങ്കാളിയാണ് യുഎസ്. അത് അങ്ങനെ തുടരാനാണിട. വ്യാപാരചര്‍ച്ചകള്‍ തുടരുന്നത് പ്രശ്നം പരിഹരിക്കാനുള്ള സാധ്യത തുറന്നിടുന്നു. സെപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ മോദിയും ട്രംപും തമ്മില്‍ കാണാനിടയുണ്ട്. അത് ബന്ധങ്ങളെ പുനര്‍നിര്‍വചിക്കുന്നതിനു സഹായിച്ചേക്കും.