
ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം അഥവാ പ്രതികാര ചുങ്കം ചൂടേറിയ സംസാര വിഷയമാണ്. മൂന്നാം ലോക മഹായുദ്ധം വ്യാപാരയുദ്ധതിന്റെ രൂപത്തില്‍ ആയിരിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ഇന്ത്യയുടെ സാമ്പത്തികരംഗമെടുക്കുകയാണെങ്കില്‍, യുഎസ് ചുമത്തുന്ന താരിഫുകള്‍ എങ്ങനെയുള്ള പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന ആശങ്ക ഓഹരി വിപണികളെ വന്‍തോതില്‍ പിടിച്ചു കുലുക്കി. താരിഫുകളില്‍ വന്ന മാറ്റം ഇന്ത്യയുടെ ആഭ്യന്തര വ്യവസായങ്ങളെയും കയറ്റുമതിയേയും രൂക്ഷമായി ബാധിക്കാവുന്നതാണ്. അതിനുപുറമേ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നയങ്ങളെയും പുതിയ താരിഫുകള്‍ ഗൗരവമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍, ഇപ്പോള്‍ ട്രംപ് ഭരണകൂടം രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന പകരച്ചുങ്കം നടപ്പിലാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ചു. പക്ഷേ, ചൈനയോട് വിട്ടുവീഴ്ച തീരെയില്ല എന്ന നയത്തിലാണ് ട്രംപ്.
ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 125% ആയി ഉയര്‍ത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ നാടകീയ സംഭവങ്ങളാണ് ചൈന-യു.എസ് വ്യാപാരബന്ധത്തില്‍ ഉണ്ടായിരിക്കുന്നത്. ചൈനയ്ക്ക് 104 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ ചൈന അതേ നാണയത്തില്‍ തിരിച്ചടിച്ച് യു.എസിന് 84% തീരുവ ചുമത്തി. ഇതിന് പിന്നാലെയാണ് 125 ശതമാനം തീരുവ എന്ന പ്രതികാര നടപടിയിലേക്ക് യു.എസ് കടന്നത്. വൈറ്റ് ഹൗസ് അതിനുശേഷം വ്യക്തമാക്കിയത് നിലവിലുള്ള 20% താരിഫിന് മുകളിലാണ് നിരക്ക് എന്നാണ്. അതോടെ മിക്ക ചൈനീസ് ഇറക്കുമതികള്‍ക്കും യുഎസ് തീരുവ നിരക്ക് 145% ആകും. ഈ സാഹചര്യത്തില്‍ ചൈനയുടെ തിരിച്ചടികള്‍ ഇന്ത്യയ്ക്ക് എങ്ങനെ ഗുണകരമാകും എന്നതിനെപ്പറ്റി ഒരു വിശകലനം അനിവാര്യമാണ്. പ്രത്യേകിച്ച് ചൈന പ്ലസ് വണ്‍ എന്ന വികാരം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ അതിവേഗം പ്രചരിക്കുകയാണ്. ഉര്‍വശീ ശാപം എങ്ങനെ ഉപകാരപ്പെടുത്താം എന്നാണ് ഈ ഘട്ടത്തില്‍ ചിന്തിക്കേണ്ടത്.
കയറ്റുമതിയിലെ കുറവും സാമ്പത്തിക വളര്‍ച്ചയിലെ മന്ദതയും
ചുങ്കത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതം ആദ്യം ബാധിക്കുന്നത് കയറ്റുമതിയെ ആണ്. യു.എസ്. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തുമ്പോള്‍, ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വില യു.എസ്. വിപണിയില്‍ വര്‍ധിക്കുന്നു. ഇത്, സ്റ്റീല്‍, അലുമിനിയം, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യന്‍ കയറ്റുമതിയില്‍ ഗണ്യമായ കുറവുണ്ടാകും. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡേവിഡ് റിക്കാര്‍ഡോയുടെ കംപാരിറ്റീവ് അഡ്വാന്റേജ് സിദ്ധാന്തം (Theory of Comparative Advantage) അനുസരിച്ച്, നികുതികള്‍, താരിഫുകള്‍ എന്നിവ സ്വതന്ത്ര വ്യാപാരത്തെ തടസ്സപ്പെടുത്തുകയും രാജ്യങ്ങള്‍ തമ്മിലുള്ള ഉത്പാദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു. രാജ്യങ്ങള്‍ക്ക് അവരുടെ താരതമ്യനേട്ടങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ അനുവദിക്കുന്നതിനാല്‍, താരിഫ് പോലുള്ള വ്യാപാരത്തിനുള്ള തടസ്സങ്ങള്‍ കുറയ്ക്കുന്ന സ്വതന്ത്ര വ്യാപാരത്തെ ഈ സിദ്ധാന്തം ശക്തമായി പിന്തുണയ്ക്കുന്നു.
കയറ്റുമതിയിലെ പ്രത്യാഘാതം അവിടെ തീരുന്നില്ല. അത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തെ (GDP) പ്രതികൂലമായി ബാധിക്കുകയും സാമ്പത്തിക വളര്‍ച്ചയില്‍ മന്ദത സൃഷ്ടിക്കുകയും ചെയ്യുന്നു. റിസര്‍വ് ബാങ്ക് അവരുടെ പണനയ അവലോകനയോഗത്തില്‍ ഇതിനെപ്പറ്റി പരാമര്‍ശിക്കുകയുണ്ടായി. ആഗോള സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തിന്റെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോവുകയാണെന്നും നയരൂപവത്കരണത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറയുകയുണ്ടായി.
താരിഫുകള്‍ കാരണം മാന്ദ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, ഇത് ചെലവ് വര്‍ദ്ധിപ്പിക്കുകയും ആവശ്യകത കുറയ്ക്കുകയും ചെയ്യും. തുടര്‍ച്ചയായി രണ്ടാം തവണയും റിസര്‍വ് ബാങ്ക് ബെഞ്ച്മാര്‍ക്ക് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള നീക്കം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാഹ്യ ആഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ ആയിട്ടാണ് കാണേണ്ടത്.
ആഭ്യന്തര വ്യവസായങ്ങളിലെ പ്രത്യാഘാതങ്ങള്‍
വ്യാപാര പങ്കാളികളുള്‍പ്പെടെ അറുപതോളം രാജ്യങ്ങള്‍ക്ക് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്ക് യുഎസ് ചുമത്തിയത് 26 ശതമാനമായിരുന്നു. ആഭ്യന്തര വ്യവസായങ്ങളെ സംബന്ധിച്ചിടത്തോളം താരിഫുകള്‍ യു.എസ്. ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയാനും ഇതുവഴി, ആഭ്യന്തര വ്യവസായങ്ങള്‍ക്ക് നേട്ടവും സംരക്ഷണവും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. പക്ഷേ, ഇതിന്റെ മറുവശം നോക്കിയാല്‍ നമ്മുടെ ആഭ്യന്തര വ്യവസായങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു. മൈക്കല്‍ പോര്‍ട്ടറുടെ ഫൈവ് ഫോഴ്‌സ് മാതൃക (Porter's Five Forces Model) ഒരു വ്യവസായത്തിന്റെ ലാഭക്ഷമതയും ആകര്‍ഷണീയതയും നിര്‍ണയിക്കുന്ന അഞ്ച് പ്രധാന ശക്തികളെപറ്റി പ്രതിപാദിക്കുന്നു. ഈ മാതൃകയനുസരിച്ച്, മത്സരം കുറയുന്നത് വ്യവസായങ്ങളുടെ നവീകരണത്തെയും ഉത്പാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നു. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ വ്യവസായങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍
യുഎസ് പകരച്ചുങ്കം ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജമേഖലയെ ബാധിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. സോളാര്‍ പാനലുകള്‍, കാറ്റാടി യന്ത്രങ്ങള്‍ തുടങ്ങിയ പുനരുപയോഗ ഊര്‍ജ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് താരിഫ് ചുമത്തുമ്പോള്‍, അവയുടെ വിലവര്‍ധനവിലേക്ക് കാര്യങ്ങള്‍ നയിക്കുന്നു. ഇത്, പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ ചെലവ് കൂട്ടുകയും അവയുടെ വ്യാപകമായ ഉപയോഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് അത്യാവശ്യമാണ്. ട്രംപിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളും പ്രഖ്യാപിത നയങ്ങളും തെളിയിക്കുന്നത് പോലെ, താരിഫ് നയവും കാലാവസ്ഥാ നടപടികളെ സാരമായി തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. പാരീസ് ഉടമ്പടി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കാലാവസ്ഥാ കരാറുകളെ ദുര്‍ബലപ്പെടുത്തിയ ചരിത്രമാണ് ട്രംപിനുള്ളത്.
താരിഫുകള്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദമുണ്ടെങ്കിലും, പുനരുപയോഗ ഊര്‍ജത്തിന്റെ കാര്യത്തില്‍, താരിഫുകള്‍ വിദേശത്ത് നിന്ന് സാധനങ്ങള്‍ സ്വീകരിക്കുന്ന യുഎസ് കമ്പനികളുടെ ചെലവ് വര്‍ധിപ്പിക്കുമെന്നും ആഗോള വിതരണ ശൃംഖലയെ താറുമാറാക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
2030 ആകുമ്പോഴേക്കും എല്ലാ പുതിയ കാര്‍ വില്‍പ്പനയുടെയും 50% ഇലക്ട്രിക് ആയിരിക്കണമെന്ന് ബൈഡന്‍ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചതിനുശേഷം, പല സംസ്ഥാനങ്ങളും അവരുടേതായ സീറോ-എമിഷന്‍ മാനദണ്ഡങ്ങൾ നിശ്ചയിച്ചതിനുശേഷം, സമീപ വര്‍ഷങ്ങളില്‍ നിരവധി അമേരിക്കന്‍ കാര്‍ നിര്‍മാതാക്കള്‍ അവരുടെ ഇലക്ട്രിക് വാഹന ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിലവിലെ ട്രംപ് ഭരണകൂടത്തിന്റെ ഇ.വി വിരുദ്ധ നീക്കങ്ങള്‍ക്ക് പുറമേ താരിഫുകളും ഈ പുരോഗതിയെ മന്ദഗതിയിലാക്കും.
പുനരുപയോഗ ഊര്‍ജത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഫോസില്‍ ഇന്ധന മേഖലയെയും പകര ചുങ്കം വെറുതെ വിടുന്നില്ല. ട്രംപിന്റെ 'ഡ്രില്‍ ബേബി ഡ്രില്‍' എന്ന ഉത്തരവ് ഉണ്ടായിരുന്നിട്ടും, താരിഫുകള്‍ ഡ്രില്ലിങ്ങിന്റെ ചെലവ് വര്‍ദ്ധിപ്പിക്കും. ഈ ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് ഇന്ധനങ്ങള്‍ ഖനനം ചെയ്യുമ്പോഴും സംസ്‌കരിക്കുമ്പോഴും വലിയ അളവില്‍ ആവശ്യമായ സ്റ്റീല്‍, അലുമിനിയം, ഇതുപോലുള്ള മറ്റ് വസ്തുക്കള്‍ക്ക് ചെലവ് വര്‍ധിക്കും. താരിഫുകളുടെ സാമ്പത്തിക സ്വാധീനം ലഘൂകരിക്കാനുള്ള ശ്രമത്തില്‍, ഇന്ത്യ ഫോസില്‍ ഇന്ധനം അടിസ്ഥാനമാക്കിയുള്ള ഊര്‍ജ ഉല്‍പാദനം, ഇത്തരം ഇന്ധനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദമല്ലാത്ത മേഖലകളില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അത് പലതരത്തിലുള്ള മലിനീകരണങ്ങള്‍ക്കും കാര്‍ബണ്‍ പുറന്തള്ളലിനും കാരണമായേക്കാം. യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് കാലാവസ്ഥാ സൗഹൃദ സാങ്കേതികവിദ്യകളുടെ കൈമാറ്റത്തെ താരിഫുകള്‍ ബാധിക്കും. ഇത് സുസ്ഥിരവികസനം, കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ ശ്രമങ്ങളെ മന്ദഗതിയില്‍ ആക്കും.
ചൈനയുടെ തിരിച്ചടികളും ഇന്ത്യയ്ക്കുള്ള അവസരങ്ങളും
യു.എസ്.-ചൈന വ്യാപാരയുദ്ധം ചൈനയുടെ സാമ്പത്തികരംഗത്ത് വലിയ തിരിച്ചടികള്‍ സൃഷ്ടിക്കുന്നു. ഇത് എങ്ങനെ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് അവസരമാണ് അവസരപ്പെടുത്താന്‍ സാധിക്കും എന്നത് ചിന്തിക്കേണ്ട കാര്യമാണ്. നേരത്തെ പരാമര്‍ശിച്ച പോലെ ചൈനാ പ്ലസ് വണ്‍ എന്ന ആലോചനയിലാണ് ലോകരാജ്യങ്ങള്‍. ചൈനയിലേക്ക് ഉല്‍പാദന മേഖലയെയും ലോകരാജ്യങ്ങളെയും കൂടുതല്‍ ആകര്‍ഷിക്കുന്നത് അവിടുത്തെ സുലഭമായ മനുഷ്യ വിഭവശേഷിയും അത്യാധുനിക സാങ്കേതികവിദ്യകളുടെ അതിവേഗത്തിലുള്ള വളര്‍ച്ചയും ആണ്. പക്ഷേ യുഎസിന്റെ താരീഫ് നയം വന്നപ്പോള്‍ ഇന്ത്യക്ക് ചുമത്തിയ താരിഫ് 26 ശതമാനവും ചൈനയ്ക്ക് അത് ഇന്നത്തെ നിലയില്‍ 145 ശതമാനവും ആണ് ചൈചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യു.എസ്. ഇത്ര വലിയ നിരക്കില്‍ താരിഫ് ചുമത്തുമ്പോള്‍, ഇന്ത്യക്ക് യു.എസ്. വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു.
ടെക്‌സ്‌റ്റൈല്‍സ്, രാസവസ്തുക്കള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യയ്ക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള നിരവധി ടെക് ഭീമന്മാര്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റുകയാണ്, ഭാഗികമായി 'ചൈന പ്ലസ് വണ്‍' തന്ത്രവും 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭവും ഇതിന് കാരണമാണ്. താരതമ്യേന കുറഞ്ഞ തൊഴില്‍ ചെലവ്, 'മെയ്ക്ക് ഇന്‍ ഇന്ത്യ' പ്രോത്സാഹനങ്ങള്‍, ആഗോള വിതരണ ശൃംഖലകള്‍ക്ക് സ്ഥിരതയുള്ളതും വിശ്വസനീയവുമായ അന്തരീക്ഷം എന്നിവയിലൂടെ ഇന്ത്യയ്ക്ക് ഇന്ത്യയ്ക്ക് കമ്പനികളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ പറ്റും.
ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ.എച്ച്. ഡണ്ണിംഗിന്റെ ആന്തരികവല്‍ക്കരണ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി, എക്ലെക്റ്റിക് മാതൃക (Dunning's Eclectic Paradigm) എന്നത് വിദേശ നിക്ഷേപം നടത്തുന്നതിന്റെ ആകര്‍ഷണീയത വിശകലനം ചെയ്യുന്നതിനുള്ള ഒരു സാമ്പത്തിക, ബിസിനസ് രീതിയാണ്. ഈ മാതൃക പ്രകാരം, അനുകൂലമായ ആഭ്യന്തര സാഹചര്യങ്ങള്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് പ്രതിപാദിച്ചിരിക്കുന്നു.
ചൈനയില്‍ നിന്നുള്ള ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റുന്നത്, ഇന്ത്യയുടെ ഉത്പാദനരംഗത്ത് വലിയ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. അതിനുപുറമേ, അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍, അത് സാങ്കേതികവിദ്യയുടെ കൈമാറ്റത്തിന് സഹായിക്കുന്നു. ഇത് ഇന്ത്യയുടെ സാങ്കേതികരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാം. ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ച വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന ഒരു അടിസ്ഥാന സാമ്പത്തിക മാതൃകയായ സോളോ-സ്വാന്‍ മോഡല്‍ അഥവാ സോലോ ഗ്രോത്ത് മോഡല്‍ (Solow Growth Model) അനുസരിച്ച്, സാങ്കേതികവിദ്യയുടെ പുരോഗതി സാമ്പത്തിക വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. ഈ മാതൃക പ്രകാരം ദീര്‍ഘകാല വളര്‍ച്ചയുടെ പ്രാഥമിക ചാലകമാണ് സാങ്കേതിക പുരോഗതി.
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വെല്ലുവിളികളെ എങ്ങനെ അവസരങ്ങളായി മാറ്റാം എന്നതിന് ചില നിര്‍ണായക തന്ത്രങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ജനസംഖ്യ അടിസ്ഥാനത്തില്‍ ലോകത്തിലെ ഒന്നാമനായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് ഭൂപ്രകൃതി വലുപ്പത്തില്‍ ഏഴാം സ്ഥാനമാണുള്ളത്. ഉയര്‍ന്ന ജനസംഖ്യ, ജനസാന്ദ്രത എന്നിവ കൂടിയാകുമ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്ഥലം ഇല്ലാത്ത അവസ്ഥയാണ്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ലോക ബാങ്കിന്റെ ലോജിസ്റ്റിക്‌സ് പെര്‍ഫോമന്‍സ് ഇന്‍ഡെക്‌സ് (Logistics Performance Index) അനുസരിച്ച്, ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.
ഒരു രാജ്യം വ്യാപാരം എത്രത്തോളം സുഗമമാക്കുന്നുവെന്നും അതിന്റെ ലോജിസ്റ്റിക് സേവനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും ഉള്‍ക്കാഴ്ച നല്‍കുന്ന സൂചകയാണിത്. 2023 ലെ എല്‍പിഐയില്‍, 139 രാജ്യങ്ങളില്‍ ഇന്ത്യ 38-ാം സ്ഥാനത്താണ്, 2018 ല്‍ 44-ാം സ്ഥാനത്തും 2014 ല്‍ 54-ാം സ്ഥാനത്തുമായിരുന്നു. തൊഴിലാളികളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിലൂടെ, ഉത്പാദനരംഗത്ത് മത്സരക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇന്ത്യ സ്‌കില്‍ ഇന്ത്യ, പി എം ഇന്റേണ്‍ഷിപ്പ് സ്‌കീം, പോലുള്ള പദ്ധതികള്‍ ഇതിനു വേഗതകൂട്ടാന്‍ ഉപയോഗിക്കാവുന്നതാണ്.
താരിഫ് യുദ്ധം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ശരിയായ നയങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് ഈ പ്രതിസന്ധിയെ മറികടക്കാനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.
(ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ഡോ. അഖില്‍ എം. പി, ഡോ.അപര്‍ണ മെറിന്‍ മാത്യു, തിരുവനന്തപുരം ഓള്‍ സെയ്ന്റ്‌സ് കോളേജിലെ കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്)
Content Highlights: Trump`s Tariffs & India`s Economy: Opportunities & Challeng
Published: 27 Apr 2025, 11:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented