തങ്ങളിൽ ഒരു രാജ്യത്തിനെതിരെയുള്ള ആക്രമണം മൂവർക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് പ്രഖ്യാപിക്കുന്ന പ്രതിരോധ കരാർ സൗദി അറേബ്യയും തുർക്കിയും പാകിസ്താനും ചേർന്ന് മക്കയിൽ ഒപ്പുവെച്ചത് 2026 ഓഗസ്റ്റ് ഏഴിനാണ്. അതിലെ മഷി ഉണങ്ങും മുൻപുതന്നെ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂത്തികൾ സൗദിയിലെ അരാംകോ എണ്ണ ശുദ്ധീകരണശാല ആക്രമിച്ചു. സൗദി പിന്തുണയുള്ള യെമൻ സർക്കാരിന്റെ ചെങ്കടലിലെ തുറമുഖമായ അൽ മോഖയിൽ ആഗസ്ത് ഒമ്പതിന് മിസൈലും ഡ്രോണുകളും ഉപയോഗിച്ച് ഹൂത്തികൾ നടത്തിയ കനത്ത ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും പതിനഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദിയെ രക്ഷിക്കാൻ തുർക്കിയും വന്നില്ല, പാകിസ്താനും വന്നില്ല!

To advertise here,

ഈ സഖ്യത്തിന് സൗദി അറേബ്യയെ പ്രേരിപ്പിച്ച മുഖ്യകാരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇറാൻ യുദ്ധമാണെന്നും അതിന്റെ മുഖ്യലക്ഷ്യം ഇറാനുമാണെന്നു വ്യക്തമാണ്. പക്ഷേ, ഇതുവരെ ഇറാൻ കരാറിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. 'പശ്ചിമേഷ്യയിലും പേർഷ്യൻ ഉൾക്കടലിലും നിലനിൽക്കുന്ന യുഎസ് സുരക്ഷാ ആധിപത്യത്തിന്റെ തകർച്ചയുടെ തുടക്കമായാണ്്' കരാറിനെ കാണുന്നതെന്ന് പാർലമെന്ററി, നിയമകാര്യ ഡയറക്ടർ ജനറലായ ഹുസൈൻ നൗഷാബാദി, സർക്കാർ നിയന്ത്രിത വാർത്താ ഏജൻസി ഐഎസ്എൻഎയോട് പറഞ്ഞു. സഖ്യത്തിന്റെ പ്രധാനലക്ഷ്യം ഇന്ത്യയെയും ഇസ്രയേലിനെയും 'പാഠം പഠിപ്പിക്കുക'യാണെന്ന് പാകിസ്താന്റെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വീമ്പിളക്കിയിരുന്നു. അതും നിലവിലെ സാഹചര്യത്തിൽ തികച്ചും അസംഭാവ്യമാണ്.

ദീർഘകാലമായി 'മുസ്ലിം നേറ്റോ' എന്ന ആശയത്തിന്റെ പ്രചാരകരായ പാകിസ്താനുമായി 2025 സെപ്റ്റംബറിൽ സൗദി അറേബ്യ പരസ്പര പ്രതിരോധകരാറിൽ ഒപ്പുവെച്ചിരുന്നു. ദോഹയിൽവെച്ച് ഹമാസ് നേതാക്കളെ ഇസ്രയേൽ ആക്രമിച്ചതോടെ പതിറ്റാണ്ടുകളായി ലഭിച്ചിരുന്ന അമേരിക്കൻ സംരക്ഷണം ഇനിയും ഉണ്ടാവുമെന്ന് കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ലെന്ന് ഗൾഫ് രാജ്യങ്ങൾക്ക് മനസ്സിലായി. മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ വ്യോമസേനാ താവളമുള്ള ഖത്തറിന് പോലും സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് ഗൾഫ് രാജ്യങ്ങൾ അമേരിക്കയെ ആശ്രയിക്കുന്നതെന്ന ചോദ്യമുയർന്നു. ആ ചിന്തയുടെ തുടർച്ചയാണ് തുർക്കിയെ കൂടി ഉൾപ്പെടുത്തിയ പരസ്പര സംരക്ഷണക്കരാർ. അതിന്റെ അടിസ്ഥാനം ആത്മവിശ്വാസമോ ശക്തിപ്രകടനമോ അല്ല, കടുത്ത സുരക്ഷാ ആശങ്കകളാണ്.

ഒറ്റനോട്ടത്തിൽ ഈ സഖ്യം അതിശക്തമാണ്, അനന്തമായ സാധ്യതകളുണ്ട്. ആണവായുധമുള്ള ഏക മുസ്ലിം രാജ്യമായ, ലോകത്തിലെ ആറാമത്തെ വലിയ സൈന്യമുള്ള പാകിസ്താൻ. നേറ്റോ പരിശീലനം ലഭിച്ച സൈന്യവും സിറിയയിലും ലിബിയയിലും യുദ്ധപരിചയവും സ്വന്തമായി ഡ്രോൺ നിർമ്മാണവുമുള്ള തുർക്കി. മികച്ച സാമ്പത്തികശേഷിയുള്ള, മക്ക, മദീന എന്നീ പുണ്യസ്ഥലങ്ങളുടെ കാവലാളായ, ഇസ്ലാമികലോകത്ത് വളരെ ആത്മീയ പ്രാധാന്യമുള്ള സൗദി. സൗദിയുടെ പണം, പാകിസ്താന്റെ അണുബോംബ്, തുർക്കിയുടെ കരുത്തുറ്റ സൈന്യവും സൈനിക സാങ്കേതികവിദ്യയും.

പക്ഷേ, സൗദിയുടെ മണ്ണിൽ മിസൈലുകൾ പതിക്കുമ്പോൾ സഖ്യകക്ഷികൾ രണ്ടും പരിസരത്തുണ്ടായില്ല. സിറിയയിലെ പ്രശ്നങ്ങളും കുർദ് വിഷയങ്ങളും അമേരിക്കയുമായുള്ള എഫ്35 വിമാന ഇടപാടിലെ തർക്കങ്ങളും കാരണം വലയുന്ന തുർക്കി ഇതുവരെ സൗദിക്ക് വേണ്ടി രഗത്തിറങ്ങുമെന്ന സൂചന നൽകിയിട്ടില്ല. രണ്ടുദിവസം പോലും പിടിച്ചുനിൽക്കാൻ കരാറിനായില്ലെന്ന പരിഹാസം പിന്നാലെയെത്തി.

ഓപ്പറേഷൻ സിന്ദൂറും സഖ്യവും

തുടക്കത്തിലേ സഖ്യം ദുർബലമായതിന് പ്രധാന കാരണം 2025 മേയിലെ 'ഓപ്പറേഷൻ സിന്ദൂർ' ആണ്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചപ്പോൾ പാകിസ്താൻ തുർക്കിയുടെ സഹായം തേടി. തുർക്കി വിമാനങ്ങളും തുർക്കി നിർമ്മിതമായ ഡ്രോണുകളും അവിടത്തെ ഡ്രോൺ ഓപ്പറേറ്റർമാരും ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങളിൽ പങ്കാളിയായെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, ഏറ്റുമുട്ടലിൽ പാകിസ്താന് വലിയ തിരിച്ചടി നേരിട്ടു. തുർക്കി ഡ്രോണുകളിൽ ഭൂരിഭാഗവും ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടു. പാക് സൈന്യത്തെ സഹായിച്ച തുർക്കി ഉദ്യോഗസ്ഥരും ഇന്ത്യൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. നാലുദിവസം നീണ്ട യുദ്ധത്തിൽ പാകിസ്താൻ തോറ്റു, ചൈനയ്ക്കും തുർക്കിക്കും വലിയ പ്രതിച്ഛായാ നഷ്ടമുണ്ടായി.

പുതിയ സഖ്യത്തെ വിലയിരുത്തുമ്പോൾ ഓപ്പറേഷൻ സിന്ദൂർ കണക്കിലെടുക്കാതെ പറ്റില്ല. ഇന്ത്യയെപ്പോലെ ഒരു സൈനികശക്തിക്ക് കാര്യമായി ക്ഷതമേൽപ്പിക്കാൻ കഴിയാതിരുന്ന ഈ കൂട്ടുകെട്ടിന് (സൗദി വലിയൊരു സൈനിക ശക്തിയല്ലാത്തതിനാൽ കാര്യമായ പ്രസക്തിയില്ല) നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ഇറാന്റെ സഖ്യസേനകളെയോ ഇസ്രയേലിന്റെ വ്യോമസേനയെയോ ഭയപ്പെടുത്താനെങ്കിലും കഴിയുമെന്ന് കരുതാനാവില്ല. പാകിസ്താന്റെ ആണവശേഖരം തന്ത്രപരമായ മേൽക്കൈ നൽകുന്നതാണെങ്കിലും, അവരുടെ ആണവ ബ്ലാക്ക്മെയിൽ മേലിൽ വിലപ്പോവില്ലെന്ന് സിന്ദൂറിനു ശേഷം ഇന്ത്യയുടെ സൈനിക, രാഷ്ട്രീയ നേതൃത്വങ്ങൾ പലതവണ ആവർത്തിച്ചത് ആ അവകാശവാദത്തിനുമേലും നിഴൽ വീഴ്ത്തുന്നുണ്ട്. ഇനി അവ പ്രയോഗിക്കാനാവുന്ന സാഹചര്യമാണെങ്കിലും ഹൂത്തികളുടെ മിസൈൽ ബോട്ടുകളെ പ്രതിരോധിക്കാൻ ആണവായുധങ്ങൾ കൊണ്ട് കഴിയില്ല എന്നത് വ്യക്തമാണ്.

വളരെ പ്രതീക്ഷകളോടെയാണ് പാകിസ്താൻ ഈ സഖ്യത്തെ കാണുന്നത്. അക്രമോത്സുകമായ സൈനിക കൂട്ടായ്മയാണതെന്ന് പാക് അധികൃതർ പറയുമ്പോൾ സൗദി അറേബ്യ, സഖ്യം ഒരു രാജ്യത്തെയും ശത്രുവായി പ്രഖ്യാപിച്ചിട്ടില്ലെന്നും ഒരു പ്രത്യേക മതത്തെയോ വിഭാഗത്തെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നും വ്യക്തമാക്കുന്നു. ഹൂത്തികൾ നടത്തുന്ന ഉപരോധവും സൗദി മണ്ണിലെ ആക്രമണങ്ങളും നാറ്റോ മോഡൽ 'ആർട്ടിക്കിൾ 5' ഉപയോഗിച്ച് തടയാൻ കഴിയുന്ന തരത്തിലുള്ള ഒന്നല്ല. ഒരു രാജ്യത്തിന്റെ ഔദ്യോഗിക സൈന്യമല്ല ഹൂത്തികൾ. എന്നാൽ, ഇറാന്റെ പിന്തുണ കാരണം ആധുനിക ആയുധങ്ങളുണ്ട്, അതുപയോഗിക്കാൻ വിദഗ്ധപരിശീലനം ലഭിച്ച പോരാളികളുമുണ്ട്. ഗറില്ലകളുടെയും പട്ടാളത്തിന്റെയും ഒരു പ്രത്യേകസങ്കലനം. അവരെ തളയ്ക്കാൻ ഈ പട്ടാളസഖ്യം ഒരുമിച്ച് രംഗത്തിറങ്ങിയാലും പരിമിതികളുണ്ട്.

സൗദി അറേബ്യയുടെ സാമ്പത്തികശക്തി പ്രയോജനപ്പെടുത്തി തങ്ങളുടെ സൈനികശക്തി മെച്ചപ്പെടുത്താമെന്ന് പാകിസ്താൻ വ്യാമോഹിക്കുന്നുണ്ടാവാം. മാറിയ സാഹചര്യങ്ങളിൽ സൗദിക്ക് അതിനു കഴിയുമെന്ന് തോന്നുന്നില്ല. ആറുമാസത്തോളമായി തുടരുന്ന യുദ്ധം കാരണം എണ്ണവിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിൽ സൗദിയുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് എണ്ണ കയറ്റുമതിയെ ബാധിക്കുന്നുണ്ട്. എണ്ണയിലെ ആശ്രിതത്വം കുറച്ച് ശക്തമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാൻ വേണ്ടിയുള്ള വിഷൻ 2030 നടപ്പാക്കാൻ ഭീമമായ ചെലവുണ്ട് സൗദിക്ക്. അമേരിക്കയിൽ ഒരു ലക്ഷം കോടി ഡോളർ നിക്ഷേപിക്കാമെന്ന് ഉറപ്പുകൊടുത്തിട്ടുള്ളതാണ് മറ്റൊന്ന്. പാകിസ്താൻ പൂർണതോതിലുള്ള ഒരു യുദ്ധത്തിനിറങ്ങിയാൽ ചെലവു മുഴുവൻ വഹിക്കാൻ സൗദിക്കാവില്ല എന്നുവേണം മനസ്സിലാക്കാൻ.

കരുതലോടെ ഇന്ത്യ

അതിവേഗം മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ കരുതലോടെയാണ് നീങ്ങുന്ന ഇന്ത്യ കുറച്ചുകാലമായി പശ്ചിമേഷ്യയിലും മെഡിറ്ററേനിയൻ മേഖലയിലും ശക്തവും തന്ത്രപരവുമായ പങ്കാളിത്തങ്ങൾ വ്യാപിപ്പിക്കുന്ന തിരക്കിലാണ്. സൗദി- പാക്- തുർക്കി മാതൃകയിൽ പരസ്പര പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കുന്നതിനു പകരം സൈനിക സാമഗ്രികളുടെ ഉൽപ്പാദനം, സാങ്കേതികവിദ്യയുടെ കൈമാറ്റം, സമുദ്രസുരക്ഷ, സംയുക്ത സൈനിക അഭ്യാസങ്ങൾ എന്നിവയ്ക്കാണ് രാജ്യത്തിന്റെ മുൻഗണന. 2026 മേയ് മാസം ഇന്ത്യയും യുഎഇയും ഒപ്പുവെച്ച പ്രതിരോധ നിർമ്മാണത്തിൽ അധിഷ്ഠിതമായ കരാർ ഉദാഹരണമാണ്.

തന്ത്രപ്രധാന മേഖലകളിൽ തുർക്കിയുടെ അമിതസ്വാധീനത്തെ പ്രതിരോധിക്കാൻ ഗ്രീസുമായും സൈപ്രസുമായും ഇന്ത്യ ബന്ധം ശക്തമാക്കിയതും ശ്രദ്ധേയമാണ്. 2026-ൽ ഗ്രീസുമായി അഞ്ച് വർഷത്തെ സൈനിക സഹകരണ കരാറിലും, സൈപ്രസുമായി തന്ത്രപ്രധാന പങ്കാളിത്ത കരാറിലും ഇന്ത്യ ഒപ്പുവെച്ചു. ഇത് മെഡിറ്ററേനിയനിൽ ഇന്ത്യൻ നാവികസേനയ്ക്ക് മേൽക്കൈ നൽകുന്നു. കുറച്ചുകാലമായി ആകാശ് മിസൈലുകളും പിനാക റോക്കറ്റുകളും ഡ്രോൺ പ്രതിരോധ സംവിധാനങ്ങളുമൊക്കെ നൽകിക്കൊണ്ട് അർമീനിയയുടെ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ഇന്ത്യ. ദക്ഷിണ കോക്കസസ് മേഖലയിൽ തുർക്കിയുടെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ, സൈനിക സ്വാധീനത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നതാണ് ഈ നീക്കം.

ഇസ്രയേലും ഇന്ത്യയുമായുള്ള സൈനികസഹകരണത്തിന് ദശകങ്ങൾ പഴക്കമുണ്ട്. 1962-ലെ ചൈനായുദ്ധം മുതൽ ബാലാകോട്ട് ആക്രമണവും ഓപ്പറേഷൻ സിന്ദൂറുംവരെ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് അവർ തുണയായിട്ടുണ്ട്. ഔദ്യോഗികമായി അംഗീകരിക്കാതിരുന്ന കാലത്തും അവർ ഒപ്പമുണ്ടായിരുന്നു. കേവലം ആയുധങ്ങൾ വാങ്ങുന്നതിനപ്പുറം 'തന്ത്രപ്രധാനമായ പ്രത്യേക പങ്കാളിത്തം' വഴി ഇസ്രയേലുമൊത്ത് അത്യാധുനിക സാങ്കേതികവിദ്യകളും മിസൈലുകളും വികസിപ്പിക്കുകയാണ് ഇന്ത്യ. ചുരുക്കത്തിൽ, അനാവശ്യമായ യുദ്ധങ്ങളിൽ തലവെക്കാതെതന്നെ സ്വന്തം അതിരുകൾക്കപ്പുറത്ത് സ്വാധീനമുണ്ടാക്കുകയാണ് ഇന്ത്യ. ഊർജ്ജസുരക്ഷ ഉറപ്പാക്കാനും അത്യാധുനിക ആയുധങ്ങൾ സ്വന്തമാക്കാനും അസ്ഥിരമായ പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ തന്ത്രപ്രധാന മേൽക്കൈ നേടാനും രാജ്യത്തിനു സാധിക്കുന്നതിനു കാരണം ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളാണ്.

ഒഴിയാത്ത ഇറാന്റെ ആവനാഴി, തലയൂരാനാകാതെ ട്രംപ്

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുക എളുപ്പമല്ല. ഇറാന്റെ ആണവ സമ്പുഷ്ടീകരണശേഷി ഇല്ലാതാക്കുക എന്ന പ്രധാന ലക്ഷ്യവുമായി ഇസ്രയേലുമൊത്ത് 2026 ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധമാണ്. എങ്ങനെയെങ്കിലും ഹോർമുസ് കടലിടുക്ക് ഒന്നു തുറന്നു കിട്ടിയാൽ പരിപാടി അവസാനിപ്പിക്കാമെന്ന് ചിന്തിക്കുകയാണ് യുഎസ് എന്നു സൂചനയുണ്ട്. ഇറാനെതിരെ സൈനിക നടപടികൾക്ക് പരിധികളുണ്ടെന്ന ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു.

യുദ്ധം 23 ആഴ്ച പിന്നിടുമ്പോൾ, വീണ്ടും ആക്രമിക്കുന്നതിനേക്കാൾ ടെഹ്റാന്റെ സാമ്പത്തിക മേഖലയെ സമ്മർദ്ദത്തിലാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത് വ്യക്തമായ സൂചനയാണ്. ഇറാനുമായി ഭാഗികചർച്ചകൾ മാത്രമാണ് നടത്തുന്നതെന്ന് ട്രംപ് പറയുമ്പോൾ വാഷിംഗ്ടണുമായി നേരിട്ട് യാതൊരു ചർച്ചകളും നടക്കുന്നില്ലെന്ന് ടെഹ്റാൻ വ്യക്തമാക്കുന്നു. യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ വീരവാദങ്ങൾക്ക് ഇപ്പോൾ വലിയ വിലയൊന്നുമില്ല.

അമേരിക്കയുടെ ആയുധശേഖരം ശോഷിക്കുകയാണ് എന്ന റിപ്പോർട്ടുകളെ ട്രംപ് ഭരണകൂടം നിഷേധിച്ചെങ്കിലും ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാനാതെ കുഴങ്ങുകയാണ് 'ലോക പോലീസ്.' ഇറാനിലെ മതഭരണകൂടത്തെ അട്ടിമറിച്ച് ജനകീയ ഭരണകൂടത്തെ അധികാരത്തിലേറ്റുക, ഇസ്രയേലിനെ വരുതിക്ക് നിർത്തി ഗാസയിൽ സമാധാനമുണ്ടാക്കുക, ഗൾഫ് രാജ്യങ്ങൾക്ക് സുരക്ഷ ഉറപ്പ് നൽകുക. ഇവയിലൊന്നുപോലും പൂർത്തിയാക്കാൻ അമേരിക്കയ്ക്ക് കഴിയുന്നില്ല. നിലവിൽ ഹോർമുസിൽ കനത്ത ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. ഇറാനാകട്ടെ, ഒമാനുമായി ധാരണയുണ്ടാക്കുകയും ഹൂത്തികളെ രംഗത്തിറക്കുകയും ചെയ്തു. ഇറാന്റെ മേൽ കടുത്ത സാമ്പത്തിക സമ്മർദ്ദമുണ്ട്. പക്ഷേ, ജിസിസി രാജ്യങ്ങളെ ആക്രമിച്ച് അതിനെക്കാൾ വലിയ സമ്മർദ്ദമുണ്ടാക്കാൻ അവർക്കാവും!

യുഎസിന്റെ തലവേദനകളിൽ ഇസ്രയേലിന്റെ വിട്ടുവീഴ്ചയില്ലാ മനോഭാവവും പെടും. ഗാസയുടെ കാര്യം നോക്കുക. സമാധാനത്തിനായി ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച പതിനഞ്ചിന സമാധാന പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും തള്ളിക്കളഞ്ഞു. കെയ്റോയിലെ ധാരണപ്രകാരം കീഴടങ്ങാൻ ഹമാസ് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നെതന്യാഹു വഴങ്ങുന്നില്ല. ഹമാസ് പൂർണ്ണമായും ആയുധംവെച്ചു കീഴടങ്ങാതെ ഇസ്രയേൽ സൈന്യം പിന്മാറില്ലെന്ന അദ്ദേഹത്തിന്റെ നിലപാടിനു പിന്നിൽ ഇസ്രയേലിലെ ആഭ്യന്തര രാഷ്ട്രീയമാണ്. ഒക്ടോബർ 27-നാണ് അവിടെ തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിൽ പിന്നിലുള്ള നെതന്യാഹുവിന് വിട്ടുവീഴ്ചകളെ എതിർക്കുന്ന തീവ്ര വലതുപക്ഷ പങ്കാളികളെ പിണക്കാനാവില്ല. അതിനാൽ അമേരിക്കയുടെ പരസ്യവിമർശനങ്ങളെ അവഗണിക്കാൻ നെതന്യാഹു നിർബന്ധിതനാണ്.

ഇവയെല്ലാം കൂട്ടിവായിക്കുമ്പോൾ തുർക്കിയും പാകിസ്താനുമായി സൈനികസഖ്യമുണ്ടാക്കാൻ സൗദി തയ്യാറായത് എന്തിനെന്ന് വ്യക്തമാവും. ഇറാന്റെയും ഹൂത്തികളുടെയും മിസൈലുകളെ തടയാൻ സഖ്യത്തിന് കഴിയില്ല; അതിനായി നേരിട്ട് സൈന്യത്തെ ഇറക്കാൻ മൂന്നു കൂട്ടരും തയ്യാറല്ല. ഈ കരാർ കൊണ്ട് ഓപ്പറേഷൻ സിന്ദൂറിൽ മങ്ങിയ പാക് സൈന്യത്തിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാനാവില്ല, അമേരിക്കയുടെ സൈനിക കരുത്തിന് പകരമാകാനാവില്ല, ഗാസയിൽ ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കാനും കഴിയില്ല. എന്നാൽ, തങ്ങൾക്ക് മറ്റ് വഴികളുണ്ടെന്ന സന്ദേശം വാഷിംഗ്ടണു നൽകാൻ സഖ്യത്തിനാവും. സൗദി ഒറ്റയ്ക്കല്ലെന്ന് ഇറാനെ ഓർമ്മിപ്പിക്കാനും തങ്ങൾ മിണ്ടാതിരിക്കുന്നില്ലെന്ന് സ്വന്തം രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനും ഒരുപക്ഷേ നേതാക്കൾക്ക് സാധിക്കും. രാഷ്ട്രീയത്തിൽ ഇത്തരം സന്ദേശങ്ങളുടെ പ്രസക്തി ഒരിക്കലും കുറച്ചു കാണാനാവില്ല.