
"എന്റെ ഏറ്റവും വലിയ ശക്തി എന്റെ ജനങ്ങളോടുള്ള സ്‌നേഹമാണ്. എന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ഞാന്‍ അവരെ അമിതമായി സ്‌നേഹിക്കുന്നുവെന്നതാണ്." ബംഗ്ലാദേശ് രാഷ്ട്രപിതാവും അവാമി ലീഗ് സ്ഥാപക നേതാക്കളിലൊരാളുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. ബംഗ്ലാദേശില്‍ അവാമി ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഇക്കാലമത്രയും ജനങ്ങളിലും രാഷ്ട്രത്തിലുമുണ്ടാക്കിയ സ്വാധീനം അത്രത്തോളമുണ്ടായിരുന്നു. പക്ഷെ, തുടര്‍ഭരണവും സ്വജനപക്ഷപാതവും ഒരു പാര്‍ട്ടിയെ എങ്ങനെയെല്ലാം നശിപ്പിക്കാമെന്നതിന്റെ നേര്‍ക്കാഴ്ച അവാമി ലീഗും ഹസീന സര്‍ക്കാരും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ കാണിച്ചുകൊടുത്തപ്പോള്‍ അത് ആ പാര്‍ട്ടിയുടെ ആണിക്കല്ലിളക്കുകയും ചെയ്തു. ഒടുവില്‍ രാജ്യംവിട്ടോടേണ്ടി വന്നതിന് പിന്നാലെ ഇടക്കാല സര്‍ക്കാരിനാല്‍ പാര്‍ട്ടി തന്നെ നിരോധനം വരെ നേരിടുമ്പോള്‍ ഒരു രാജ്യത്തിന് വെള്ളവും വളവും നല്‍കിയ യജമാനന്‍ തന്നെയാണ് ഇല്ലാതാവുന്നത്.
ഒരുപക്ഷെ ദക്ഷിണേഷ്യയുടെ ചരിത്രത്തില്‍ തന്നെ അവാമി ലീഗിനെപ്പോലെ പരിവര്‍ത്തനപരമോ, അല്ലെങ്കില്‍ ദീര്‍ഘകാലം നിലനിന്നതോ ആയ കുറച്ച് രാഷ്ട്രീയ ശക്തികളേ ഉണ്ടായിട്ടുള്ളൂവെന്ന് പറയാം. 1949-ല്‍ കിഴക്കന്‍ പാകിസ്താനില്‍ കൂടുതല്‍ സ്വയംഭരണത്തിനായുള്ള ഒരു ചെറിയ പ്രസ്ഥാനമായി ആരംഭിച്ച് പെട്ടെന്ന് ഒരു വിപ്ലവത്തിന്റെ ഹൃദയമായി പരിണമിക്കുകയും 1971-ല്‍ ഒരു സ്വതന്ത്ര ബംഗ്ലാദേശ് പിറവിയെടുക്കുന്നതില്‍ കലാശിക്കുകയും ചെയ്ത ചരിത്രം ബംഗ്ലാദേശിലെ അവാമി ലീഗിനുണ്ട്. ഭാഷാപരവും പ്രാദേശികവുമായ അവകാശങ്ങള്‍ക്കായുള്ള ഒരു വേദിയില്‍നിന്ന് ദേശീയ വിമോചനത്തിന്റെ ശില്‍പ്പിയിലേക്കുള്ള പാര്‍ട്ടിയുടെ യാത്ര, രാജ്യത്തിന്റെ യഥാര്‍ഥ അസ്തിത്വത്തില്‍നിന്ന് അതിനെ വേര്‍പെടുത്താനാവാത്തതാക്കി. പക്ഷെ, വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു രാജ്യത്തിന് മുന്നെ പിറന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി അവിടെ നിരോധിക്കപ്പെടുമ്പോള്‍ വലിയൊരു രാഷ്ട്രീയ ചരിത്രത്തിന്റെ കഥ കൂടിയാണ് അത് പറഞ്ഞുവെക്കുന്നത്.

ഭാഷാ പ്രസ്ഥാനത്തില്‍ തുടങ്ങിയ നീണ്ട യാത്ര
1949 ജൂണ്‍ 23-ന് ധാക്കയിലാണ് കിഴക്കന്‍ പാകിസ്താന്‍ അവാമി മുസ്ലീം ലീഗ് അഥവാ അവാമി ലീഗ് രൂപവത്കരിക്കപ്പെടുന്നത്. കിഴക്കന്‍ പാകിസ്താനിലെ ബംഗാളി മുസ്ലിങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി സ്ഥാപിക്കപ്പെട്ടതെങ്കിലും ജനങ്ങളുടെ വലിയ പിന്തുണ അതിവേഗം നേടിയെടുക്കാന്‍ അവാമി ലീഗിനായി. മൗലാന അബ്ദുള്‍ ഹമീദ് ഖാന്‍ ബഷാണി ആദ്യ പ്രസിഡന്റും ഷംസുല്‍ ഹഖ് ജനറല്‍ സെക്രട്ടറിയുമായി രൂപം കൊണ്ട പാര്‍ട്ടിയില്‍ ഷെയ്ഖ് മൂജീബുര്‍ റഹ്‌മാനും സ്ഥാപക നേതാവായി. പിന്നീട് രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി രാഷ്ട്ര പിതാവായി ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ മാറുകയും ചെയ്തു. 1955-ല്‍ ആണ് പാര്‍ട്ടിയുടെ പേരില്‍നിന്ന് മുസ്ലീം എന്ന പദം ഒഴിവാക്കുകയും മതേതര പാര്‍ട്ടിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവാമി ലീഗ് എന്ന് മാത്രമായി പേര് മാറ്റുകയും ചെയ്തത്.
അജയ്യനായ ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ നേതൃത്വത്തിലാണ് ഭാഷാ പ്രസ്ഥാനം, ആറ്-പോയിന്റ് പരിപാടി, ഒടുവില്‍ സ്വാതന്ത്ര്യത്തിനായുള്ള ഒരു രക്തരൂഷിത യുദ്ധം എന്നിവയിലൂടെ അവാമി ലീഗ് സ്വയം നിര്‍ണയാവകാശത്തിനായുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. പാര്‍ട്ടി പിന്നീട് കേവലം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക മാത്രമല്ല ചെയ്തത്. ഒരു ബംഗാളിയായിരിക്കുക എന്നതിന്റെയും സ്വതന്ത്രനായിരിക്കുക എന്നതിന്റെയും പ്രധാന്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കിപ്പുറം സാമ്പത്തിക പുരോഗതി, ഡിജിറ്റല്‍ പരിവര്‍ത്തനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വഴിയൊരുക്കി അവാമി ലീഗ് രാജ്യത്തെ പ്രബല രാഷ്ട്രീയ ശക്തിയായി മാറുകയും ചെയ്തു. എന്നിരുന്നാലും, ജനാധിപത്യപരമായ തിരിച്ചടികള്‍, വിയോജിപ്പുകളെ അടിച്ചമര്‍ത്തല്‍, അധികാരത്തിന്റെ വര്‍ധിച്ചുവരുന്ന കേന്ദ്രീകരണം തുടങ്ങിയ വിവാദങ്ങളില്‍നിന്നു പാര്‍ട്ടിയുടെ ഭരണം മുക്തമായിരുന്നില്ല.
1952-ലാണ് ഭാഷാപോരാട്ടവുമായി അവാമി ലീഗ് സജീവമായത്. അന്നത്തെ പാകിസ്താന്‍ സര്‍ക്കാര്‍ ബംഗ്ലാ ഭാഷ ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. ഈ ഭാഷാസമരമാണ് അവാമി ലീഗിനെ ദേശീയ ശ്രദ്ധയിലേക്കാകര്‍ഷിച്ചതും കിഴിക്കന്‍ പാകിസ്താനിലെ ജനങ്ങളുടെ വലിയ പിന്തുണ നേടാന്‍ സഹായിച്ചതും.
മുജീബുര്‍ റഹ്‌മാന്റെ ആറിന പദ്ധതിയും ബംഗാള്‍ പോരാട്ടവും
1960-ഓടെ ഷെയ്ഖ് മൂജീബുര്‍ റഹ്‌മാന്‍ അവാമി ലീഗിന്റെ അനിഷേധ്യനായ നേതാവായി മാറി. ബംഗാള്‍ സുഹൃത്തെന്ന് അര്‍ഥം വരുന്ന ബംഗബന്ധുവെന്ന വിളിപ്പേരും കിട്ടി. പാകിസ്താനില്‍നിന്ന് സ്വതന്ത്ര രാഷ്ട്രമാവാനായുള്ള ആറിന പദ്ധതി പ്രഖ്യാപിച്ചതും മുജീബര്‍ റഹ്‌മാനാണ്. ഈ ആറിന പദ്ധതിയാണ് ബംഗ്ലാദേശ് സ്വാതന്ത്ര സമരപോരാട്ടത്തിന്റെ ബ്ലുപ്രിന്റായി കണക്കാക്കിയത്. അത് ഇപ്രകാരമായിരുന്നു
1-പാര്‍ലമെന്ററി ജനാധിപത്യത്തോട് കൂടിയുള്ള സ്വന്ത്ര സര്‍ക്കാര്‍
2-കിഴക്കന്‍ പാകിസ്താന് പ്രത്യേക കറന്‍സി, സാമ്പത്തിക സ്വാതന്ത്ര്യം
3-നികുതിയിലും റവന്യൂവിലുമുള്ള നിയന്ത്രണം
4-വിദേശ വ്യാപാരത്തിനും സഹായത്തിനുമുള്ള സ്വാതന്ത്ര്യം
5-സാമ്പത്തിക കാര്യങ്ങളില്‍ സ്വയംഭരണം
6-കിഴക്കന്‍ പാകിസ്ഥാന് പ്രത്യേക സേന
ഈ ആറിന പദ്ധതികള്‍ മുന്നോട്ടുവെച്ചായിരുന്നു മുജീബുര്‍ റഹ്‌മാന്‍ 1970-ലെ പാകിസ്താന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കിഴക്കന്‍ പാകിസ്താനിലെ 162 സീറ്റില്‍ 160 സീറ്റ് നേടി അവാമി ലീഗ് വന്‍വിജയം നേടുകയും ചെയ്തു. പക്ഷെ, അധികാരം കൈമാറാന്‍ പടിഞ്ഞാറന്‍ പാകിസ്താന്‍ തയ്യാറായിരുന്നില്ല. ഇതാണ് പിന്നീട് ആഭ്യന്തര കലാപത്തിലേക്കും യുദ്ധത്തിലേക്കുമെത്തിയത്. ഒമ്പത് മാസത്തെ യുദ്ധത്തിനൊടുവില്‍ 1971 മാര്‍ച്ച് 26-നാണ് ബംഗ്ലാദേശ് സ്വതന്ത്രമാവുകയും സ്വതന്ത്രരാഷ്ട്രമായി മാറുകയും ചെയ്തത്. മുജീബുര്‍ റഹ്‌മാന്‍ പിന്നീട് ബംഗ്ലാദേശിന്റെ ആദ്യ പ്രധാനമന്ത്രിയും പിന്നീട് പ്രസിഡന്റുമായി. വ്യാപാര സ്ഥാപനങ്ങളുടെ ദേശസാല്‍ക്കരണം, മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ ഭരണഘടനയുടെ കരട് തയ്യാറാക്കല്‍, യുദ്ധാനന്തര രാജ്യത്തിന്റെ പുനര്‍ നിര്‍മാണം എന്നിവയെല്ലാം മുജീബുര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ നടന്നു. ഇക്കാലത്തു കനത്ത ഭക്ഷണ ലഭ്യതക്കുറവടക്കം രാജ്യം അനുഭവിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് 1975 ആഗസ്റ്റ് 15-ന് ആദ്യ സൈനിക അട്ടിമറി നടക്കുകയും മുജീബര്‍ റഹ്‌മാനും കുടുംബത്തിലെ ഭൂരിഭാഗം പേരും കൊല്ലപ്പെടുകയും ചെയ്തത്.
അട്ടിമറിയെത്തുടര്‍ന്ന് അവാമി ലീഗിന് രാഷ്ട്രീയ വനവാസത്തിലേക്ക് പോവേണ്ടി വന്നു. രാജ്യം ജനറല്‍ സിയാവുര്‍ റഹ്‌മാന്റെയും പിന്നീട് ഖാലിദ സിയായുടെയും കീഴില്‍ വര്‍ഷങ്ങളോളം നീണ്ട പട്ടാള ഭരണത്തിലൂടെയും ബിഎന്‍പിയുടെ ആധിപത്യത്തിലൂടെയും കടന്നുപോയി.

ഷെയ്ഖ് ഹസീനയുടെ വരവും ബംഗ്ലാദേശും
ഷെയ്ഖ് മുജീബൂര്‍ റഹ്‌മാന്റെയും കുടുംബത്തിന്റേയും കൂട്ടക്കൊലയ്ക്കുശേഷമാണ് മകള്‍ ഷെയ്ഖ് ഹസീന പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത് 1981-ല്‍ രാജ്യത്തേക്ക് തിരിച്ചെത്തുന്നത്. പാര്‍ട്ടിയെ പുനസംഘടിപ്പിച്ച ഹസീന 1996-ല്‍ ഭരണത്തിലെത്തുകയും ചെയ്തു. തുടര്‍ന്ന് 15 വര്‍ഷക്കാലമാണ് ഹസീന ബംഗ്ലാദേശ് ഭരിച്ചത്. ഹസീന അധികാരത്തിലിരുന്ന കാലത്ത് പരോക്ഷമായിട്ടാണെങ്കിലും 'ഏകാധിപത്യ രാഷ്ട്രീയ'ത്തിലേക്കുള്ള മാറ്റം വ്യക്തമായിരുന്നു. ഇത് ബംഗ്ലാദേശിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ക്രമേണ ദുര്‍ബലപ്പെടുത്തി. ഭരണത്തിന്റെ അവസാന നാളുകളില്‍ തികഞ്ഞ ഏകാധിപത്യ പ്രവണത അവര്‍ കാണിച്ചിരുന്നു.
നിയമവിരുദ്ധ കൊലപാതകങ്ങളും തിരോധാന കേസുകളും അവരുടെ ഭരണകൂടത്തിനെതിരേ പലപ്പോഴും ആരോപിക്കപ്പെട്ടിട്ടുണ്ട്. 2018-ലെ ഡിജിറ്റല്‍ സുരക്ഷാ നിയമം സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചു. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കി. നിയമം ഉപയോഗിച്ച് പ്രതിപക്ഷത്തുള്ള രാഷ്ട്രീയക്കാരെയും പത്രപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. ഇതെല്ലാം ജനങ്ങള്‍ക്കിടയിലും പ്രതിപക്ഷ പാര്‍ട്ടികളിലും കടുത്ത അസംതൃപ്തിക്ക് വഴിവെച്ചു. ഹസീനയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന സാഹചര്യമുണ്ടായി.
എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടായിരുന്നു അവസാന വര്‍ഷം ഹസീനയും അവാമി ലീഗും അധികാരത്തിലെത്തിയത്. പിന്നാലെ അവര്‍ക്കെതിരായ അസംതൃപ്തി രാജ്യത്ത് ആളിക്കത്തി. അദ്യം വിദ്യാര്‍ഥി പ്രക്ഷോഭമായി രൂപംകൊണ്ട പ്രതിഷേധങ്ങള്‍ ഹസീനയ്ക്ക് എതിരായത് പെട്ടന്നാണ്. 2024 ജൂലായില്‍ ആരംഭിച്ച കലാപത്തില്‍ 700-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 19,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പോലീസ് ഉപയോഗിച്ച കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും കാരണം 19 പേര്‍ പൂര്‍ണമായും അന്ധരായി. 382 പേര്‍ക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു. ഒരു മാസത്തിനിടെയാണ് ഹസീന ഭരണകൂടം 11,000-ത്തിലധികം വിദ്യാര്‍ഥികളെയും പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തത്. പിന്നാലെ വിദ്യാര്‍ഥി-പൗര പ്രക്ഷോഭം രൂക്ഷമായി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഭരണവും രാജ്യവുമുപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ ഹസീന നിര്‍ബന്ധിതയായത്. ഇതിന് ശേഷമാണ് നൊബൈല്‍ പുരസ്‌കാര ജേതാവുംസാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യുനൂസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിച്ചത്. കലാപകാരികളെന്ന് പറഞ്ഞ് യുനൂസ് സര്‍ക്കാര്‍ അവാമി ലീഗിന്റെ നിരവധി പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.മറ്റ് നിയമ നപടികളും സ്വീകരിച്ച് വരികയാണ്. ഇതിനിടെയാണ് അവാമി ലീഗിന്റെ നിരോധനവും വന്നിരിക്കുന്നത്.

ദേശസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപണം
ദേശസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ചാണ് അവാമി ലീഗീന് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയത്. അവാമി ലീഗിനെ നിരോധിക്കണമെന്നും ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി(എന്‍സിപി)യുടെ നേതൃത്വത്തില്‍ രാജ്യത്ത് പ്രക്ഷോഭം നടന്നുവരികയാണ്. ഈ പ്രക്ഷോഭം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ നിരോധനം വന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഹസീന സര്‍ക്കാരിന്റെ പുറത്താക്കലിന് വഴിവെച്ച പ്രക്ഷോഭം നയിച്ച വിദ്യാര്‍ഥി സംഘടനകളുടെ പാര്‍ട്ടിയാണ് എന്‍സിപി. അവാമി ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും നേതാക്കള്‍ക്കെതിരേയും കൊലപാതക കേസുകളടക്കം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വിചാരണ പൂര്‍ത്തിയാകും വരെയാകും നിരോധനം.
അവാമി ലീഗിന്റെ നിരോധനം രാജ്യത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍, ആധുനിക ബംഗ്ലാദേശിന്റെ രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിയെന്ന നിലയില്‍ ഈ നിരോധനത്തിന് വലിയ പ്രധാന്യവുമുണ്ട്. നേതാക്കള്‍ക്കെതിരേയും പ്രവര്‍ത്തകര്‍ക്കെതിരേയുമുള്ള കേസിന്റെ വിചാരണ പൂര്‍ത്തിയാക്കും വരെയാണ് നിരോധനമെങ്കിലും ഈ വിചാരണ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് പോലും സര്‍ക്കാര്‍ പറയുന്നില്ല. ഇത് സംശയത്തിനുമിടയാക്കുന്നുണ്ട്. അവാമി ലീഗിന്റെ വിടവ് നികത്താന്‍ മറ്റ് പാര്‍ട്ടികള്‍ ശ്രമിക്കുമെന്നുമുറപ്പാണ്. പ്രധാനമായും അവാമി ലീഗിന്റെ പരമ്പരാഗത ശത്രുവായ ബി.എന്‍.പി അടക്കമുള്ളവര്‍. അങ്ങനെ വന്നാല്‍ രാജ്യവ്യാപക സമരങ്ങള്‍ക്ക് ബംഗ്ലാദേശ് വീണ്ടും സാക്ഷിയാകേണ്ടി വരുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഈ വര്‍ഷം അവസാനമോ 2026 മാര്‍ച്ചോടെയോ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹസീയുടെ ഭരണകാലത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബിഎന്‍പി, പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ യൂനുസ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയുമാണ്. ഇതിനിടെയാണ് അവാമി ലീഗിനെതിരേയുള്ള നിരോധനവും വന്നിരിക്കുന്നതെന്ന് ശ്രദ്ധേയം. തിരഞ്ഞെടുപ്പ് നടക്കുകയും ബി.എന്‍.പി അധികാരത്തിലെത്തുകയും ചെയ്താല്‍ ഒരുപക്ഷെ അത് അവാമി ലീഗിന്റെ അവസാനമാവും.
ഒരുകാലത്ത് ശക്തമായിരുന്ന അവാമി ലീഗ് ബംഗ്ലാദേശില്‍ ഇന്ന് ജനശ്രദ്ധയില്‍നിന്ന് മങ്ങിത്തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഹസീന രാജ്യത്തേക്ക് തിരിച്ചുവരുമെന്നും പാര്‍ട്ടിയെ വീണ്ടം സജീവമാക്കുമെന്നും പറയുന്നുണ്ട്. ഇതിനെ ഇല്ലാതാക്കുകയെന്നതാണ് അവരുടെ എതിരാളികള്‍ ആഗ്രഹിക്കുന്നതും. ഇപ്പോള്‍തന്നെ അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തിന് തൊട്ടുപിന്നാലെ പാര്‍ട്ടിയുടെ പല നേതാക്കളും ഒളിവിലാണ്. നിരവധി നേതാക്കളുടെ സ്വത്തുക്കളും വസതികളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.
പാര്‍ട്ടി മന്ത്രിമാരെയും സ്വാധീനമുള്ള രാഷ്ട്രീയക്കാരെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. നേതാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗത്തെ എല്ലാത്തരം രാഷ്ട്രീയ, സംഘടനാ പ്രവര്‍ത്തനങ്ങളില്‍നിന്നും സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധിക്കുകയും തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഔദ്യോഗിക പാര്‍ട്ടിക്ക് തന്നെ നിരോധനം വന്നിരിക്കുന്നത്. ഇത് ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ വരുംനാളില്‍ എന്ത് കോളിളക്കമുണ്ടാക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Content Highlights: The Awami League once a dominant force in Bangladesh faces a ban
Published: 13 May 2025, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented