
ഓടിട്ട ഒരു കുടുസുമുറി വീട്ടില്‍ ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞുവരികയായിരുന്നവര്‍. ഒരുമിച്ച് കിടക്കല്‍ ബുദ്ധിമുട്ടായത് കൊണ്ട് ചിലസമയത്ത് മുറികള്‍ വാടകയ്ക്കെടുത്ത് ആണുങ്ങള്‍ അങ്ങോട്ടേക്ക് മാറിത്താമസിക്കും. എന്നാലും നിറയെ കുട്ടികളും അവരുടെ കളിചിരിയും കരച്ചിലുമെല്ലാമായി പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്തെ കുന്നുമ്മല്‍ വീട് എന്നും ആഘോഷനിറവിലായിരുന്നു, ഒരു വര്‍ഷം മുമ്പുവരെ. കഴിഞ്ഞ മെയ് മാസത്തിലേ ഇതേ ദിവസമുണ്ടായ ദുരന്തം നാലുപേരെ മാത്രം ബാക്കിയാക്കി ആ വീട്ടിലുള്ളവരെയെല്ലാം കൊണ്ടുപോയി. മീറ്ററുകള്‍ക്കപ്പുറമുള്ള പുത്തന്‍കടപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനിലെ അടുത്തത്തടുത്ത കബറുകളിലായി അന്ത്യനിദ്രയിലാണ് കുന്നുമ്മല്‍ വീട്ടില്‍ സൈതലവിയുടെ ഭാര്യയും മക്കളുമടക്കം 11 പേര്‍. സൈതലവിയുടെ സഹോദരന്‍ സിറാജിന്റെ പത്തുമാസം പ്രായമായ മകളും ഇക്കൂട്ടത്തിലുണ്ട്..
താനൂര്‍ പൂരപ്പുഴയില്‍ തൂവല്‍ തീരത്തിനുസമീപമുണ്ടായ ബോട്ടപകടം 22 പേരുടെ ജീവനാണ് കവര്‍ന്നത്. ഇന്നേക്ക് ഒരാണ്ടായി. അധികൃതരുടെ ഒത്താശയോടെ മീന്‍പ്പിടിത്ത തോണി ബോട്ടാക്കി മാറ്റി ഉല്ലാസയാത്ര നടത്തിയപ്പോഴുണ്ടായ ദുരന്തത്തിന്റെ നോവ് ഇപ്പോഴും മാറിയിട്ടില്ല തീരത്ത്. അപകടം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ വിചാരണ നടന്നിട്ടില്ല. ബോട്ടടുമ നാസറും ബോട്ടോടിച്ചിരുന്ന ദിനേശനും ജാമ്യത്തിലിറങ്ങി. നിയമലംഘനത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷിലായിരുന്നെങ്കിലും ഇപ്പോള്‍ ജോലിക്ക് തിരിച്ചുകയറി. ജുഡീഷ്യല്‍ കമ്മിഷന്റെ സിറ്റിങ് രണ്ടു തവണയേ നടന്നിട്ടുള്ളൂ.
ഞങ്ങള്‍ക്ക് മുന്നിലൂടെ വിലസി നടക്കുകയാണ് കുറ്റവാളികളെന്ന് സൈതലവി പറയുന്നു.. മരിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കിട്ടാത്തവര്‍ ഇനിയുമുണ്ട്. ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ മാത്രമാണ് ഈ സാഹായം കിട്ടിയത്.
സൈതലവിയുടെ കുടുംബത്തില്‍ തന്നെ പരിക്കേറ്റ രണ്ടു കുഞ്ഞുങ്ങള്‍ ഇപ്പോഴും ദുരന്തത്തിന്റെ അവശതകള്‍ അനുഭവിക്കുകയാണ്. ഒമ്പതു വയസുകാരി ജംന പൂര്‍ണ്ണമായും തളര്‍ന്നു. ദുരന്തത്തിന് മുമ്പ് കളിയും ചിരുയുമായി നടന്ന മൂന്ന് വയസുകാരി ആയിഷ മെഹ്റിന് ഇപ്പോള്‍ സംസാരശേഷിയില്ല. എണീറ്റ് നടക്കാനോ പരസഹായമില്ലാതെ നില്‍ക്കാനോ കഴിയില്ല. സൈതലവിയുടെ സഹോദരി നുസ്റത്തിനും ഭര്‍ത്താവ് മന്‍സൂറിനും 12 വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം ലഭിച്ചതാണ് ആയിഷയെ. അവളൊന്ന് ഉമ്മായെന്ന് വിളിച്ചു കേള്‍ക്കുന്നതും കൊതിച്ചുകൊണ്ടാണ് ഞാനിപ്പോള്‍ എന്റെ ദിവസങ്ങള്‍ തള്ളിനീക്കുന്നതെന്ന് നുസ്റത്ത് കണ്ണീരോടെ പറയുന്നു. നുസ്റത്തും അപകടത്തില്‍പ്പെട്ടിരുന്നു. പരിക്കേറ്റവര്‍ക്ക് ചികിത്സയ്ക്കായി മാസം പതിനായിരം രൂപയോളം ചെലവുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടര്‍ന്നുള്ള യാതൊരു സഹായവും ലഭിച്ചിട്ടില്ല. നവകേരള സദസ്സില്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും വിലപിക്കുകയാണിവര്‍.
പരപ്പനങ്ങാടി ഉള്ളണം സ്വദേശി ആയിശ ബീവിയും മൂന്നും മക്കളും സബറുദ്ദീന്‍ എന്ന പോലീസുകാരനും ദുരന്തം കവര്‍ന്നവരില്‍പ്പെടും.
സ്വപ്‌നംപൂര്‍ത്തിയാക്കി...പക്ഷേ...
ഒറ്റമുറി വീട്ടില്‍ തിങ്ങിനിറഞ്ഞ് കഴിഞ്ഞിരുന്ന സൈതലവിയുടെയും കുടുംബത്തിന്റെ വലിയ സ്വപ്‌നമായിരുന്നു ഒരു വീട്. ഏറെക്കാലം മുമ്പ് വീടിന് തറയിട്ടിരുന്നെങ്കിലും സര്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം വീടിന്റെ നിര്‍മാണം നിലച്ചിരുന്നു. ആ വീടിന്റെ തറയിലായിരുന്നു സൈതലവിയുടെ പ്രിയതമയുടെയും മക്കളുടെയും മറ്റു ബന്ധുക്കളുടെയും ചേതനയറ്റ ശരീരങ്ങള്‍ കിടത്തിയിരുന്നത്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ സര്‍വേ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അവിടെയൊരു വീട് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വീട് സ്വപ്‌നംകണ്ടവര്‍ തൊട്ടപ്പുറത്ത് കബറിസ്ഥാനില്‍ ഉണരാത്ത നിദ്രയിലാണ്. 'ഉള്ളുരുകിയാണ് ഞങ്ങളിവിടെ കഴിയുന്നത്. ഉമ്മയും ഞാനും സഹോദരനും ഒരു മോളുംമാത്രമുണ്ടിപ്പോള്‍ ഇവിടെ. എല്ലാംമുണ്ടായിട്ടെന്താ.. അനുഭവിക്കാനുള്ളവരില്ലാതെ...' നെഞ്ചില്‍ തടവി സൈതലവി പറയുമ്പോള്‍ ജനലിനരികില്‍ കണ്ണീര്‍ പൊഴിച്ച് ഉമ്മ റുഖിയ നില്‍പ്പുണ്ട്...

സൈതലവിയുടെ ഭാര്യ സീനത്ത് (45), മക്കളായ അസ്‌ന (18), ഷംന (16), ഷഫ്‌ന (13), ഫിദ റില്‍ന (8), സൈതലവിയുടെ സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), ഫാത്തിമ റിസ്ല (7), നൈറ ഫാത്തിമ (10 മാസം), സൈതലവിയുടെ പിതാവിന്റെ വളര്‍ത്തുമകനായ ജാബിറിന്റെ ഭാര്യ ജല്‍സിയ (45), മകന്‍ ജരീര്‍ (12) എന്നിവരാണ് കുന്നുമ്മല്‍ കുടുംബത്തില്‍നിന്ന് ദുരന്തത്തില്‍ മരിച്ചത്.
ജാബിറിന്റെ മക്കളായ ജംന (8), ജസ്റ (10), സൈതലവിയുടെ സഹോദരി നുസ്റത്ത് (38), മകള്‍ ആയിഷ മെഹറിന് (ഒന്നര) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജസ്‌റയും നുസ്‌റത്തും പരിക്കില്‍ നിന്ന് മോചിതരായെങ്കിലും ജംനയും ആയിഷ മെഹ്‌റിനും ഇപ്പോഴും ചികിത്സയിലാണ്. ശരീരം പാടെ തളര്‍ന്ന ഇവര്‍ക്ക് ഓര്‍മശക്തിയും തിരിച്ചുകിട്ടിയിട്ടില്ല.തുടര്‍ ചികിത്സയക്കായി സഹായവും ലഭിച്ചിട്ടില്ല.

ലഹരിവേട്ടയ്ക്കിറങ്ങി സബറുദ്ദീനും ഓര്‍മയില്‍
താനൂര്‍ ഡിവൈ.എസ്.പി.യുടെ പ്രത്യേക സ്‌ക്വാഡ് അംഗമായ സബറുദ്ദീനും ബോട്ടപകടത്തില്‍ ഉള്‍പ്പെട്ടിരുന്നു. താനൂരിലെ സുഹൃത്തുക്കളോടൊപ്പമാണ് അദ്ദേഹം ബോട്ടില്‍ കയറിയത്. അത് അവസാനയാത്രയായി. പരപ്പനങ്ങാടി ചിറംമഗലം സ്വദേശിയായ സബറുദ്ദീന്‍ എന്നെന്നേക്കുമായി മണ്‍മറയുമ്പോള്‍ മകള്‍ ദിവ മെഹക്കിന് 28 മാസം മാത്രമാണ് പ്രായം. മറ്റു രണ്ടുമക്കളും കൂടിയുണ്ട് സബറുദ്ദീന്.
2021 ഫെബ്രുവരിയില്‍ താനൂരില്‍ ഡിവൈ.എസ്.പി. ഓഫീസ് തുടങ്ങിയതു മുതല്‍ ഡാന്‍സാഫ് അംഗമായിരുന്നു അദ്ദേഹം. കേസുകള്‍ തെളിയിക്കുന്നതിലെ പ്രാഗല്ഭ്യവും ജോലിയോടുള്ള നിറഞ്ഞ ആത്മാര്‍ഥതയുമാണ് ഡിവൈ.എസ്.പി.യുടെ പ്രത്യേകസംഘത്തിലേക്ക് തിരഞ്ഞെടുക്കുന്നതിന് കാരണമായത്. പെരുന്നാളിനോടനുബന്ധിച്ച് തൂവല്‍ത്തീരത്ത് ആളുകൂടിയ സാഹചര്യത്തില്‍ മഫ്തിയില്‍ നിരീക്ഷണം നടത്തിവരുന്നതിനിടെയായിരുന്നു ബോട്ടില്‍ കയറിയതെന്നാണ് വിവരം.
ഭാര്യ മുനീറയക്ക് ആശ്രിത നിയമനം നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപടികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
വല്യുമ്മയ്‌ക്കൊപ്പം ആദിലും അഫ്‌റഹും ബാക്കിയായി
പരപ്പനങ്ങാടി ചെട്ടിപ്പടി വലിയപ്പാടത്തെ വാടകവീട്ടിലാണ് ആയിശ ബീവിയും അഞ്ച് മക്കളും താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ആയിശ ബീവിക്കൊപ്പമാണ് ഉമ്മ സുബൈദയും താമസം. ഒരു മകന്‍ ആദിലിനെ പെരുന്നാളിനോടനുബന്ധിച്ച് ഭര്‍ത്താവ് സൈനുല്‍ ആബിദ് തന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ബാക്കിയുള്ള നാല് മക്കളേയും ഉമ്മയേയും കൂട്ടിയാണ് ആയിശ ബീവി ഞായറാഴ്ച വൈകീട്ട് താനൂര്‍ തൂവല്‍തീരത്തേക്ക് പോയത്. പരപ്പനങ്ങാടിയിലെ ഒരു വസ്ത്രവ്യാപാര ശാലയിലാണ് ആയിശ ബീവി ജോലി ചെയ്യുന്നത്. മക്കള്‍ കുറേനാളുകളായി പറയുന്നുണ്ട്...പുറത്തേക്ക് പോകാന്‍. ദുരിത ജീവിതത്തിനിടയില്‍ അവരുടെ ആഗ്രഹം അന്നത്തെ ദിവസം സാധിച്ചുകൊടുക്കാനിറങ്ങിയതാണ് ആയിശബീവി. തിരിച്ചുവരവില്ലാത്ത യാത്രയായിരുന്നു അത്. ആയിഷാബിയും ആദില ഷെറി (15), മുഹമ്മദ് അദ്‌നാന്‍ (10), മുഹമ്മദ് ഹര്‍ഷാന്‍ (മൂന്നര) എന്നിവരാണ് മരിച്ചത്. സുബൈദയും ആയിഷ ബീവിയുടെ മറ്റൊരു മകന്‍ അഫ്‌റഹും പരിക്കുകളോടെ രക്ഷപ്പെട്ടു.
ആയിശബീവിയായിരുന്നു സുബൈദയുടെ ഏക ആശ്രയം. ടെയ്ലറിങ് ജോലി ചെയ്താണ് ഉപജീവനം. ഒമ്പതാംക്ലാസുകാരനായ ചെറുമകന്‍ ആദിലിനൊപ്പം ഉള്ളണം തയ്യിലപ്പടിയിലെ വാടകവീട്ടിലാണ് ഇപ്പോള്‍ ഇവരുടെ താമസം. അപകടത്തിനുശേഷം സുബൈദയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. വാടക കൊടുക്കാന്‍പോലും നിവൃത്തിയില്ല. അപകടത്തില്‍പ്പെട്ടവര്‍ക്കും മരിച്ചവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
Content Highlights: tanur boat accident-thooval theeram
Published: 07 May 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented