തിരൂർ: താനൂർ തൂവൽത്തീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷൻ ഒന്നാംഘട്ട റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും വെളിച്ചംകണ്ടില്ല. 2023 മേയ് ഏഴിനുണ്ടായ ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഉത്തരവാദികളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സംബന്ധിച്ചും റിപ്പോർട്ട് നൽകാനാണ് സർക്കാർ ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷനെ നിയമിച്ചത്.

To advertise here,

ഒന്നാംഘട്ട റിപ്പോർട്ട് 2025 ഡിസംബറിലാണ് ജസ്റ്റിസ് വി.കെ. മോഹനനും അംഗങ്ങളായ ഡോ. കെ.പി. നാരായണൻ, എസ്. സുദേഷ് കുമാർ എന്നിവരും ചേർന്നു മുഖ്യമന്ത്രിക്കു കൈമാറിയത്. അതിനുശേഷം നടന്ന നിയമസഭാ സമ്മേളനത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചില്ല. ഈ കാലതാമസം അപകടത്തിന് ഉത്തരവാദികളായവർക്കു സഹായകരമാകുമെന്നും പരിക്കേറ്റു ചികിത്സയിൽക്കഴിയുന്ന കുട്ടികളുൾപ്പെടെയുള്ളവർക്കു ലഭിക്കേണ്ട ചികിത്സാ ചെലവുകൾ കിട്ടുന്നത് വൈകിപ്പിക്കുമെന്നുമാണ് ആശങ്ക.

തിരൂർ സർക്കാർ വിശ്രമ മന്ദിരത്തിലെ കമ്മിഷൻ ക്യാമ്പ് ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തിന്റെ ഭാഗമായുള്ള സാക്ഷിവിസ്താരവും തെളിവെടുപ്പും. കേരള മാരിടൈം ബോർഡ് സി.ഇ.ഒ. സലിം കുമാർ, പോർട്ട് ഓഫീസർ ആൻഡ് രജിസ്റ്ററിങ് അതോറിറ്റി ക്യാപ്റ്റൻ അബ്രഹാം വി. കുര്യാക്കോസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ, കേരള മാരിടൈം ബോർഡ് ചീഫ് എക്സാമിനർ അശ്വിനി പ്രതാപ്, മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്ന സുജിത്ത് ദാസ്, കൊച്ചിൻ കുസാറ്റിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന ഡോക്ടർ സിബി സുധീർ, കെ.ആർ. അരവിന്ദ്, നേവൽ ആർക്കിടെക്ട് ആർ. അർജുൻ, മലപ്പുറം എ.ഡി.എം. ആയിരുന്ന കെ. മെഹറലി, അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി. വി.വി. ബെന്നി, താനൂർ എസ്.എച്ച്.ഒ. ആയിരുന്ന ജീവൻ ജോർജ് തുടങ്ങിയവരെ കമ്മിഷൻ വിസ്തരിച്ചിരുന്നു.

ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനായി പൊതുജനങ്ങൾ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗത രംഗത്ത് പ്രവർത്തിക്കുന്നവർ, സാങ്കേതികവിദഗ്ധർ, ടൂറിസം മേഖലയിലെ സംരംഭകർ എന്നിവരിൽനിന്നും അഭിപ്രായങ്ങൾ തേടുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും പൊതു തെളിവെടുപ്പും ഹിയറിങ്ങും നടത്തിയിരുന്നു.

തെളിവെടുപ്പിനിടെ ഉദ്യോഗസ്ഥരിൽനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായതായി കമ്മിഷനു ബോധ്യപ്പെട്ടിരുന്നു. മീൻപിടിത്തത്തിനുപോലും പറ്റാത്ത ബോട്ട് അനധികൃത യാർഡിൽവെച്ച് നിയമവിരുദ്ധമായി തരംമാറ്റി യാത്രാ ബോട്ടാക്കി മാറ്റി. നിർമാണവേളയിൽത്തന്നെ പരാതി ഉയർന്നതോടെ പരിശോധനയ്ക്കായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ അറിയച്ചിട്ടും നടപടികളുണ്ടായില്ല. നിയമവിരുദ്ധമായി നിർമിച്ച ബോട്ടിന് സർവീസ് നടത്താൻ ഉത്തരവിട്ട ഉദ്യോഗസഥന് അതിന് അധികാരമുണ്ടായിരുന്നില്ല. അപകടകരമായ രീതിയിലാണ് ബോട്ട് സർവീസ് നടത്തുന്നതെന്ന് പരാതി ഉയർന്നിട്ടും നടപടികളുണ്ടായില്ല തുടങ്ങിയ കാര്യങ്ങൾ സാക്ഷികൾ മൊഴി നൽകിയിരുന്നു. വീഴ്ചകൾ സംബന്ധിച്ച രേഖകളും പലരും ഹാജരാക്കിയിരുന്നു.