താനൂർ : ഒട്ടുംപുറം തൂവൽതീരം കണ്ണീർത്തീരമായിട്ട് ഈ മാസം ഏഴിന് ഒരുവർഷം തികയുന്നു.22 പേരുടെ ജീവൻ പൊലിയുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്ത ദുരന്തം താനൂർ ജനതയുടെ നെഞ്ചിൽ നീറലായി അവശേഷിക്കുകയാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അർഹമായ സർക്കാർ സഹായങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല എന്നതാണ് വലിയ സങ്ക‌ടം. അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്.

To advertise here,

യാതൊരു സുരക്ഷാസംവിധാനവുമില്ലാതെ മത്സ്യബന്ധന ബോട്ട് യാത്രാബോട്ടാക്കി മാറ്റി ആളുകളെ കുത്തിനിറച്ച് നടത്തിയ യാത്രയിലായിരുന്നു അപകടം. സ്രാങ്കിന് ലൈസൻസും ഉണ്ടായിരുന്നില്ല. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് നൽകാതെ, സമയക്രമം പാലിക്കാതെ, രക്ഷാപ്രവർത്തനങ്ങൾക്കു സാധ്യമല്ലാത്ത മേഖലയിലൂടെ ഇരുട്ടിലൂടെ നടത്തിയ യാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്.

മരിച്ച 22 പേരിൽ 15 കുട്ടികളും ഉൾപ്പെട്ടിരുന്നു. പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് കുന്നുമ്മൽ കുടുംബത്തിൽനിന്ന് 12 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഓലപ്പീടികയിൽ കാട്ടിലപിടിയേക്കൽ സിദ്ദീഖും മക്കളായ ഫൈസാനും ഫാത്തിമ മിൻഹയും അപകടത്തിൽ യാത്രയായി. ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന സബറുദ്ദീൻ എന്ന പോലീസുകാരനും ജീവൻ നഷ്‌ടപ്പെട്ടു.

പ്രതികളായ ബോട്ടുടമയും സംഘവും ഭരണതലത്തിൽ സ്വാധീനമുപയോഗിച്ച് നടത്തിയ നിയമവിരുദ്ധ പ്രവർത്തനമാണ് ദുരന്തത്തിലേക്ക് വഴിയൊരുക്കിയതെന്നാണ് ആരോപണം. പെരുന്നാളിന് തീരത്ത് ആരംഭിച്ച ബോട്ട് സർവീസിനെക്കുറിച്ച് നാട്ടുകാർ അധികാരികളോട് പരാതി പറഞ്ഞിരുന്നു. ദുരന്തമുണ്ടായാൻ രക്ഷാപ്രവർത്തനങ്ങൾക്ക് സാധ്യതയില്ലാത്ത പ്രദേശത്ത് മത്സ്യബന്ധനബോട്ടിൽ നടത്തുന്ന സഞ്ചാരം അപകടമാണെന്ന നാട്ടുകാരുടെ മുന്നറിയിപ്പും അവഗണിച്ചായിരുന്നു യാത്ര.