ഹമാസിന്റെ ഉന്നതനേതൃത്വത്തെ ലക്ഷ്യം വെച്ച് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത ലോകത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് ഹമാസിന്റെ രാഷ്ട്രീയകാര്യവിഭാഗം ആക്ടിങ് മേധാവി ഖലില്‍ അല്‍ ഹയ്യയുടെ മകന്‍ ഹമ്മാമും സഹായിയും ഖത്തറിലെ സുരക്ഷാസേനാംഗവുമുള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെട്ട ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ കാര്യം ഇസ്രയേല്‍ തങ്ങളെ അറിയിച്ചിരുന്നുവെന്നും ഖത്തറിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നുമാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ആക്രമണം തുടങ്ങിയ ശേഷമാണ് യുഎസിന്റെ അറിയിപ്പ് ലഭിച്ചതെന്നാണ് ഖത്തറിന്റെ പ്രതികരണം. ഗാസയില്‍ വെടിനിര്‍ത്തുന്നത് സംബന്ധിച്ച് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശം ചര്‍ച്ച ചെയ്യാനെത്തിയ ഹമാസ് പ്രതിനിധി സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ, ഗസയിലെ സമാധാനത്തിനും ഇസ്രയേലി ബന്ദികളുടെ മോചനത്തിനുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഖത്തറിന്റെ തലസ്ഥാന നഗരിയില്‍, ഖത്തര്‍ പാര്‍ലമെന്റില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയുണ്ടായ ഈ ആക്രമണം ഖത്തറിനെ സംബന്ധിച്ച് എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണ്. ഇസ്രയേല്‍-ഹമാസ് സമാധാന ചര്‍ച്ചകളെയെല്ലാം അട്ടിമറിക്കാന്‍ സാധ്യതയുള്ളതുമാണ്. ഗള്‍ഫ് രാജ്യങ്ങളും നാറ്റോ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയുമെല്ലാം ആക്രമണത്തെ അപലപിക്കുകയും ഖത്തറിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തുകഴിഞ്ഞു. അതേമസയം ഖത്തറിനെതിരായ ഇസ്രയേലിന്റെ ഈ ആക്രണം ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് അവരുടെ നിര്‍ണായക സഖ്യകക്ഷിയായ അമേരിക്കയെ തന്നെയാണ്.
അപ്രതീക്ഷിത നീക്കവുമായി നെതന്യാഹു
ഹമാസ് നേതൃത്വത്തെ ഉന്‍മൂലനം ചെയ്യാനായി ഏതറ്റവരെയും പോകുമെന്ന് ഇസ്രയേല്‍ പലതവണ തെളിയിച്ചിട്ടുണ്ടെങ്കിലും ഖത്തര്‍ ആക്രമണം ആരുടെയും പ്രവചനത്തില്‍ പോലുമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ജറുസലേമിലുണ്ടായ വെടിവെപ്പില്‍ ആറ് ഇസ്രയേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയായാണ് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ദോഹ ആക്രമണത്തിന് ഉത്തരവിട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതല്ല ഇസ്രയേല്‍ നേരത്തെ പദ്ധതിയിട്ട ആക്രമണമാണെന്ന് നിരീക്ഷിക്കുന്നവരും കുറവല്ല. അമേരിക്കയുടെ ഏറ്റവുമടുത്ത നാറ്റോഇതര സഖ്യകക്ഷിയും ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചത് മുതലുള്ള പ്രധാന മധ്യസ്ഥരുമായ ഖത്തറിനെ അക്രമിച്ചതിലൂടെ സമാധാനശ്രമങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന നടപടിയാണ് നെതന്യാഹു നടത്തിയിരിക്കുന്നത്. അമേരിക്കന്‍ നിര്‍ദേശത്തില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വന്ന സംഘത്തെയാണ് ആക്രമിച്ചതെന്നതും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇതോടെ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രയേല്‍ ആക്രമിക്കുന്ന ഏഴാമത്തെ രാജ്യമായിരിക്കുകയാണ് ഖത്തര്‍. പാലസ്തീന്‍, ഇറാന്‍, ലെബനന്‍, സിറിയ, ടുണീഷ്യ, യെമന്‍ എന്നീ രാജ്യങ്ങളെയാണ് ഇസ്രയേല്‍ നേരത്തെ ആക്രമിച്ചിട്ടുള്ളത്.

ഇത് അമേരിക്ക ഇസ്രയേല്‍ ബന്ധത്തെ പോലും കാര്യമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇസ്രയേലിനെ സഖ്യകക്ഷിയായി പരിഗണിക്കാനാവില്ലെന്നുള്ള ചിന്ത നാറ്റോ രാജ്യങ്ങള്‍ക്ക് പോലുമുണ്ട്. ഫ്രാന്‍സും ബ്രിട്ടണും അറബ് രാജ്യങ്ങളും ഇസ്രയേലിന്റെ ഈ നീക്കത്തെ അപലപിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ഖത്തറിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും തിരക്കേറിയ അറബ് നഗരങ്ങളിലൊന്നില്‍ ഇസ്രയേല്‍ ബോംബിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. നേരത്തെ എതിരാളികളെ കൊല്ലാന്‍ വിദേശ രാജ്യങ്ങളില്‍ കാര്‍ബോംബ് വെക്കുകയും വിഷം നല്‍കുകയും സ്‌നൈപര്‍ ആക്രമണങ്ങള്‍ നടത്തുകയുമൊക്കെ ചെയ്ത ചരിത്രം മൊസാദിനുണ്ട്. എന്നാല്‍ തലസ്ഥാന നഗരിയിലെ ജനവാസ കേന്ദ്രത്തില്‍ ബോംബിട്ട ഈ നടപടി സമാനതകളില്ലാത്തതായി. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കുന്ന ഇസ്രയേലിന്റെ ഈ നടപടിക്കെതിരെ തിരിച്ചടിക്കാനുള്ള എല്ലാ അവകാശവും തങ്ങള്‍ക്കുണ്ടെന്ന ഖത്തറിന്റെ പ്രസ്താവനയും പുറത്തുവന്നുകഴിഞ്ഞു.
എന്തുകൊണ്ട് ഖത്തര്‍?
2012 മുതല്‍ ഹമാസിന്റെ രാഷ്ട്രീയ ആസ്ഥാനം ഖത്തറിലാണ്. ഇപ്പോഴത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാത്രമല്ല, ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ പതിറ്റാണ്ടുകളായി ഖത്തറിന് വലിയ പങ്കുണ്ട്. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖത്തര്‍ ഹമാസ് നേതൃത്വത്തെ അംഗീകരിക്കുകയും ഗാസയിലുള്‍പ്പടെ സഹായം നല്‍കുകയും ചെയ്തിരുന്നു. ഹമാസുമായുള്ള സംസാരങ്ങള്‍ക്കുള്ള വേദി എന്ന നിലയിലാണ് അവര്‍ക്ക് തങ്ങള്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി നല്‍കിയതെന്നും ഇത് സമാധാന ശ്രമങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ടെന്നും ഇതിന് അമേരിക്കയുടെ ഉള്‍പ്പടെ പിന്തുണ ഉണ്ടെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ നല്‍കിയിരുന്ന വിശദീകരണം.
സമാധാന ചര്‍ച്ചയെക്കെത്തിയവരെ ആക്രമിച്ച ഇസ്രയേലിന്റെ നീക്കം പ്രാകൃതമായ രീതിയാണെന്നുള്ളതാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതുവായ വികാരം. എന്നാല്‍ ഹമാസിന്റെ പൂര്‍ണമായ ഉന്മൂലനം സ്വപ്‌നം കാണുന്ന നെതന്യാഹു മനപ്പൂര്‍വം തന്നെയാണ് ഈ ആക്രമണം നടത്തിയതെന്നാണ് പലരും കരുതുന്നത്. സമാധാന ശ്രമങ്ങള്‍ ഹമാസിനെ സമ്പൂര്‍ണമായി ഇല്ലാതാക്കാനും ഗാസ പിടിച്ചെടുക്കാനുമുള്ള തന്റെ ലക്ഷ്യത്തിന് തിരിച്ചടിയാവുമെന്ന് കണക്കുകൂട്ടിയാണ് അതില്ലാതാക്കാനായി ഖത്തറില്‍ ആക്രമണം നടത്താന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ തന്നെ ഖത്തറിനെതിരായ ആക്രമണം നേരത്തെ തന്നെ തീരുമാനിച്ച് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും വിലയിരുത്തപ്പെടുന്നു.

അമേരിക്കയെ വീണ്ടും നോക്കുകുത്തിയാക്കി ഇസ്രയേല്‍
പതിറ്റാണ്ടുകളായി അമേരിക്കയുടെ ഏറ്റവും വിശ്വസ്തനായ സഖ്യകക്ഷിയാണ് ഖത്തര്‍. പശ്ചിമ ഏഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം സ്ഥിതി ചെയ്യുന്നത് ഖത്തറിലാണ്. മിഡില്‍ ഈസ്റ്റിലെ പല അമേരിക്കന്‍ സൈനിക നടപടികളിലും ഖത്തര്‍ പങ്കാളികളായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ രണ്ടാം തവണ അധികാരത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 40 കോടി ഡോളര്‍ (3411 കോടിയോളം രൂപ) വിലവരുന്ന അത്യാഢംബര വിമാനമാണ് ഖത്തര്‍ രാജകുടുംബം സമ്മാനിച്ചത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് കിട്ടിയതില്‍ വെച്ച് ഏറ്റവും വിലകൂടിയ സമ്മാനമായിരുന്നു ഇത്. അന്ന് ഖത്തറിന്റെ സ്‌നേഹത്തെ ട്രംപ് വാനോളം പുകഴ്ത്താനും മറന്നിരുന്നില്ല. അതേ ഖത്തറിന്റെ തലസ്ഥാന നഗരിയിലാണ് ഇന്ന് അമേരിക്കയുടെ സഹോദര രാജ്യമായ ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. അമേരിക്ക നിര്‍ലോഭമായ പിന്തുണയും കയ്യും കണക്കുമില്ലാത്ത സഹായങ്ങളും ആയുധങ്ങളുമെല്ലാം നല്‍കിയാണ് ഇസ്രയേലിനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടുപോലും ഈ ആക്രമണം നടന്നുവെന്നത് അമേരിക്കയ്ക്ക് ഇസ്രയേലിന്റെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുന്നുവോ എന്ന ചോദ്യമുയര്‍ത്തുന്നതാണ്. ഒരു ലോകശക്തിക്കും തങ്ങളെ നിയന്ത്രിക്കാനാവില്ലെന്നുള്ള സന്ദേശവും ഇസ്രയേല്‍ ഇതിലൂടെ നല്‍കുന്നു.
ആക്രമണത്തെ കുറിച്ച് നേരത്തെ ഇസ്രയേല്‍ തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും എന്നാല്‍ തടയാന്‍ കഴിയാത്തവിധം വൈകിപ്പോയിരുന്നുവെന്നുമാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. അവസാന നിമഷം മാത്രമാണ് ആക്രമണം നടത്താനുള്ള പദ്ധതിയെ കുറിച്ച് അറിഞ്ഞതെന്ന ട്രംപിന്റെ വാക്കുകള്‍ വിലയ്‌ക്കെടുത്താല്‍ തന്നെ ഇസ്രയേലിന്റെ മേല്‍ അമേരിക്കയ്ക്കുള്ള സ്വാധീനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന കാര്യം വ്യക്തമാണ്. അതോടൊപ്പം യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളെ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയിലാണ് അമേരിക്കയുള്ളത്. ഒരുകാലത്തെ അടുത്ത സഖ്യകക്ഷികളായിരുന്ന ഇന്ത്യ അകന്നുകഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളുമായും മറ്റ് നാറ്റോ അംഗങ്ങളുമായും പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ഖത്തറുമായുള്ള ബന്ധത്തില്‍ ഇത്ര വലിയ ആഘാതമുണ്ടായിരിക്കുന്നത്. ഇത് അടുത്ത സഖ്യകക്ഷികളായ സൗദി അറേബ്യയുള്‍പ്പടയുള്ള അറബ് രാജ്യങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്. അമേരിക്കയ്ക്ക് അകത്ത് നിന്നും ഇസ്രയേലിനെതിരായ വികാരം ശക്തിപ്പെടും. ഡെമോക്രാറ്റിക് ജനപ്രതിനിധികളുള്‍പ്പടെയുള്ളവര്‍ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇനിയെന്ത്?
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം പരിഹരിക്കാനായി വലിയ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയ രാജ്യമാണ് ഖത്തര്‍. ഇസ്രയേല്‍ ചേരിയിലുള്ള അമേരിക്കയുടെ നിര്‍ദേശ പ്രകാരം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇത് സമാധാന ചര്‍ച്ചകളെയെല്ലാം തന്നെ പൂര്‍ണമായി ഇല്ലാതാക്കും. ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇത് ആദ്യമായല്ല ഖത്തറില്‍ ആക്രമണമുണ്ടാകുന്നത്. നേരത്തെ ദോഹയ്ക്ക് സമീപത്തെ അല്‍-ഉദൈദ് അമേരിക്കന്‍ താവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇത്തവണ അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് സമാധാന ചര്‍ച്ചയ്ക്ക് നേരെ വന്നവരെ ആക്രമിച്ചത് ആരും പിന്തുണയ്ക്കാന്‍ സാധ്യതയില്ല. പാലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ തൊട്ടടുത്ത് വരെയെത്തിയ ബ്രിട്ടണും ഫ്രാന്‍സും ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളെ ഈ സംഭവം കൂടുതല്‍ പാലസ്തീനുമായി അടുപ്പിക്കും. എന്നാല്‍ നിലവില്‍ യുദ്ധഭൂമിയായി മാറിയ ഗാസയിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ലെന്നുള്ളതാണ് ഈ ആക്രമണത്തിന്റെ ഏറ്റവും ഇരുണ്ട വശം. സമാധാന ശ്രമങ്ങളെല്ലാം ഇല്ലാതാവുന്നതോടെ ഗാസയിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാവാനാണ് സാധ്യത. അതോടൊപ്പം അറബ് രാജ്യങ്ങളുമായി അമേരിക്കയ്ക്കുള്ള ബന്ധത്തെയും കാര്യമായി ബാധിക്കും.
Content Highlights: striking a us ally israel attack on qatar
Published: 10 Sept 2025, 01:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented