കേരളത്തിന് അത്ര പരിചിതമല്ല ആള്‍ക്കൂട്ടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്ന ദുരന്തങ്ങള്‍. അത്തരമൊരു ദുരന്തത്തിനാണ് ശനിയാഴ്ച ഇരുട്ടിവീണപ്പോള്‍ എറണാകുളം കളമശ്ശേരിയിലെ കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) സാക്ഷിയായത്. കേരളത്തിലെ നടുക്കിയ ആ ദുരന്തത്തില്‍ നാല് ജീവനുകളാണ് നമുക്ക് നഷ്ടമായത്. മൂന്ന് പേര്‍ വിദ്യാര്‍ഥികള്‍.

To advertise here,

ആള്‍ക്കൂട്ട ദുരന്തങ്ങള്‍ കേരളത്തില്‍ സാധാരണമല്ലെന്ന് പറയുമ്പോള്‍ തന്നെയും വലിയ ആളപായമുണ്ടായ ഒരു ദുരന്തം, നടുക്കുന്ന ഓര്‍മയയായി ഇന്നും നമ്മുടെ മനസ്സിലുണ്ട്. 2011 ജനുവരി 14-ലെ പുല്ലുമേട് ദുരന്തം. 102 ശബരിമല തീര്‍ഥാടകരുടെ ജീവനാണ് അന്ന് നഷ്ടമായത്. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് അയ്യപ്പഭക്തര്‍ മരിച്ചത്.

പുല്ലുമേട്ടില്‍ നടന്നത്

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറില്‍നിന്ന് ശബരിമലയിലേക്കുള്ള കാനനപാതയിലാണ് പുല്ലുമേട്. ഇവിടെനിന്നാല്‍ മകരജ്യോതി കാണാം. അന്ന് ആയിരങ്ങള്‍ മകരജ്യോതി കണ്ട് മടങ്ങുമ്പോഴായിരുന്നു ദുരന്തം. മകരജ്യോതി ദര്‍ശനത്തിനുശേഷം അയ്യപ്പന്മാര്‍ മലയിറങ്ങുമ്പോള്‍ തിക്കിലും തിരക്കിലുംപെട്ടാണ് 102 മരണമുണ്ടായത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. തിക്കിലും തിരക്കിലുംപെട്ട് നിലത്തുവീണ് ചവിട്ടേറ്റാണ് എല്ലാവരും മരിച്ചത്. ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും തറച്ചതാണ് ഏറെപ്പെരുടേയും മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിലരുടെ മുഖംപോലും തിരിച്ചറിയാന്‍ കഴിയാത്തവിധം തകര്‍ന്നുപോയി.

രാത്രി എട്ടുമണിയോടെ ഉണ്ടായ അപകടം മണിക്കൂറുകള്‍ വൈകിയാണ് പുറത്തറിയുന്നത്. 10.30-ഓടെ അപകടസ്ഥലത്തുനിന്ന് രണ്ടുപേരുടെ മൃതദേഹങ്ങള്‍ വണ്ടിപ്പെരിയാര്‍ ആശുപത്രിയില്‍ എത്തി. അപകടത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വ്യാപിച്ചു. പുല്ലുമേട്ടില്‍നിന്ന് കൂട്ടംതെറ്റിപ്പോയ അയ്യപ്പന്മാര്‍ ആശുപത്രിയിലെത്തിത്തുടങ്ങി. മരിച്ചെന്നു കരുതി കൊണ്ടുവന്ന നാലുപേരില്‍ മൂന്നുപേരേയും കൊണ്ടുവന്നു. കൂടെവന്നവരെ കാണാനില്ലെന്ന് പറഞ്ഞ് പല തീര്‍ഥാടകരും എത്തിയതോടെ കൂടുതല്‍പ്പേര്‍ മരിച്ചിട്ടുണ്ടാവാമെന്ന് പ്രചാരണം വ്യാപകമായി. പുലര്‍ച്ചെ രണ്ടുമണിയോടെ മരിച്ച അയ്യപ്പഭക്തരുടെ മൃതദേഹവുമായി രണ്ടു ലോറികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന കാഴ്ചയായിരുന്നു അത്.

അന്നും പഴികേട്ടത് പോലീസാണ്. മൂന്നുലക്ഷത്തോളം അയ്യപ്പഭക്തന്മാര്‍ തിങ്ങിക്കൂടിയ പുല്ലുമേട്ടില്‍ 50-ല്‍ താഴെ പോലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുല്ലുമേട്ടില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന സ്ഥലം തീരുന്നിടത്താണ് അപകടമുണ്ടായത്. തിരക്കിനിടയിലേക്ക് ആളെക്കയറ്റാനെത്തിയ ഓട്ടോറിക്ഷയും ജീപ്പും തമ്മില്‍ മത്സരമുണ്ടായി. ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങിയപ്പോള്‍, അതിനോട് ചേര്‍ന്നുനിന്നവര്‍ താഴെ വീണു. ഇവരുടെ ശരീരത്തില്‍ തട്ടി കൂടുതല്‍ പേര്‍ വീഴുകയുമായിരുന്നു. പിന്നാലെ എത്തിയവര്‍ ഇവരെ ചവിട്ടിമെതിച്ച് കടന്നുപോവുകയായിരുന്നു.

ശബരിമലയില്‍ മുമ്പും

ശബരിമലയില്‍ സമാനമായ മറ്റൊരു ദുരന്തമുണ്ടാകുന്നത് 1999 ജനുവരി 14-നാണ്. അന്നും അപകടം മകരജ്യോതി നാളില്‍. പമ്പ ബേസ് ക്യാമ്പിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 53 പേരാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തുനിന്നുള്ള ശബരിമല തീര്‍ഥാടകര്‍. പുല്ലുമേടിന് സമാനമായി തീര്‍ഥാടകര്‍ ജ്യോതി കണ്ടു പിരിയുമ്പോഴായിരുന്നു സംഭവം.

തിരക്കിനിടെ ആളുകളെ നിയന്ത്രിക്കാന്‍ ഒരുക്കിയ കയര്‍പൊട്ടുകയും ഒരു കുന്നിന്റെ വശങ്ങള്‍ ഇടയുകയും ചെയ്തു. ഇതിനിടെ, മകരജ്യോതി കാണാനായി തേങ്ങാക്കൂമ്പാരത്തിന് മുകളില്‍ കയറിനിന്നിരുന്നവര്‍ വഴുതിവീണാണ് ദുരന്തമുണ്ടായത്. ഇലക്ട്രിക്ക് പോസ്റ്റിന്റെ സ്‌റ്റേവയര്‍ പൊട്ടിയതും ഒരു ബസ്സിനുമേല്‍ കയറിനിന്നവര്‍ നിലതെറ്റി വീണതും ദുരന്തത്തിന് ആക്കം കൂട്ടി.

സംഗീതനിശയ്ക്കിടെ കോഴിക്കോട്ടും; പരിക്കേറ്റത് 70 പേര്‍ക്ക്

കോഴിക്കോട് കടപ്പുറത്ത് മൂന്ന് ദിവസമായി നടക്കുന്ന പാലിയേറ്റീവ് ധനസമാഹരണ പരിപാടി. നാല്‍പ്പതോളം സ്റ്റാളുകളും സംഗീത- കലാപരിപാടികളും. പരിപാടിയുടെ മൂന്നാം ദിവസം, 2022 ഓഗസ്റ്റ് 21-ന് വൈകീട്ട് നടക്കേണ്ട സംഗീത പരിപാടിക്കായി ടിക്കറ്റുകള്‍ നേരത്തേ വിറ്റുപോയി. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ (എസ്.ഐ.പി.സി.) ആയിരുന്നു സംഘാടകര്‍.

പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടിക്കായി നേരത്തേതന്നെ ഓണ്‍ലൈന്‍വഴി ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്തും ടിക്കറ്റ് വില്‍പ്പനയുണ്ടായിരുന്നു. അവധിദിവസമായതിനാല്‍ ബീച്ചില്‍ കൂടുതല്‍പ്പേരെത്തിയതും അധിക ടിക്കറ്റുകള്‍ വിറ്റുപോയതും തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കി. ബീച്ചിന്റെ ഒരുഭാഗത്തായി പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കലിക വേദിക്ക് ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതോടെ ടിക്കറ്റെടുത്തവര്‍ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ബഹളം, സംഘര്‍ഷം. ഇവിടെയും കുസാറ്റിലേതിന് സമാനമായി ആവശ്യമായ പോലീസ് സാന്നിധ്യമില്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് എട്ട് പോലീസ് ഉദ്യോഗസ്ഥര്‍.

ബാരിക്കേഡുകള്‍ തകര്‍ത്ത് സംഗീതപരിപാടി നടക്കുന്ന സ്റ്റേജിനരികിലേക്ക് ജനങ്ങള്‍ ഇരച്ചെത്തിയതോടെ ഇവിടെ ഉന്തും തള്ളും തിരക്കുമുണ്ടായി. ചവിട്ടേറ്റും ശ്വാസംകിട്ടാതെയും പലരും കുഴഞ്ഞുവീഴുകയായിരുന്നു. പരിപാടിക്കെത്തിയ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ തിരക്കിനിടയില്‍ വീണുപോയി. 70-ഓളം പേര്‍ക്കാണ് അന്ന് പരിക്കേറ്റത്.

കുസാറ്റില്‍ നടന്നത്

പരിപാടി നടന്ന ഹാളില്‍ എക്‌സിറ്റ് സംവിധാനം ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്ന ഒരു ഗേറ്റ് വഴിമാത്രം എന്‍ട്രിയും എക്‌സിറ്റും. പരിപാടിക്കെത്തിയവരെ പരിശോധിച്ച് കയറ്റിവിട്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. പെട്ടെന്നൊരു തള്ളിക്കയറ്റം. കുറേപ്പേര്‍ വീണുപോയി. വീണവരുടെ മുകളിലൂടെയാണ് കടന്നുപോകുന്നതെന്നറിയാതെ, പിന്നാലെ വന്നവര്‍ മുന്നോട്ടുനീങ്ങി. അകത്ത് ആള്‍ക്കൂട്ടം നിറഞ്ഞിരുന്നില്ലെന്ന് സംഭവസ്ഥലത്തെത്തിയ എ.ഡി.ജി.പി. വ്യക്തമാക്കുന്നു. പുറത്തും ആള്‍ക്കൂട്ടമുണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ തള്ളിക്കയറ്റമാണ് നാലുപേരുടെ ജീവനെടുക്കുന്ന അപകടത്തിലേക്ക് എത്തിച്ചത്.

എന്‍ട്രി ഗേറ്റിലെ ചെറിയ വഴിയിലൂടെയായിരുന്നു പരിശോധിച്ചവരെ കയറ്റിവിട്ടുകൊണ്ടിരുന്നത്. തിരക്ക് വന്നപ്പോള്‍ വലിയ ഗേറ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 12 പടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുന്ന മേല്‍ക്കൂരയുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. തിരക്കുണ്ടായതോടെ മുന്‍നിരയിലെ വിദ്യാര്‍ഥികള്‍ പടിക്കെട്ടുകളിലൂടെ താഴെ ഓഡിറ്റോറിയത്തിന്റെ തറയിലേക്ക് വീണു. അവര്‍ക്കുമുകളിലേക്കു പിന്നിലുള്ളവരും. ഓഡിറ്റോറിയത്തിനകത്തെ വിദ്യാര്‍ഥികള്‍ ദുരന്തവാര്‍ത്തയറിഞ്ഞത് അല്പം വൈകിയാണ്. നിലവിളിയും ബഹളവുംകേട്ട പലരും കരുതിയത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഉന്തുംതള്ളുമാണെന്നായിരുന്നു. പിന്നാലെ ആംബുലന്‍സുകള്‍ പാഞ്ഞെത്തിയതോടെയാണ് അവര്‍ക്ക് കാര്യഗൗരവം മനസിലാകുന്നത്.

കളമശ്ശേരിയിലെ 'കരുതല്‍'

കളമശ്ശേരി യഹോവസാക്ഷികളുടെ സമ്മേളനത്തിന് നേരെ ബോംബാക്രമണമുണ്ടായി ഒരുമാസം പൂര്‍ത്തിയാവുംമുമ്പേയാണ് കുസാറ്റിലെ അപകടം. ഒക്ടോബര്‍ 29-ന് കളമശ്ശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെറ്ററിലെ സമ്മേളനത്തിലായിരുന്നു സ്‌ഫോടനം. ഉത്തരവാദിത്തമേറ്റെടുത്ത് ഡൊമനിക് മാര്‍ട്ടിന്‍ എന്ന മുന്‍ യഹോവയുടെ സാക്ഷി പോലീസില്‍ കീഴടങ്ങി. ഇതില്‍ അന്വേഷണം പുരോഗമിക്കവെയാണ്, 27-ാം നാള്‍ സാമ്ര കണ്‍വെന്‍ഷന്‍ സെറ്ററില്‍നിന്ന് വെറും നാലു കിലോമീറ്റര്‍ മാത്രം ദൂരമുള്ള കുസാറ്റില്‍ അതിദാരുണമായ അപകടം ഉണ്ടാകുന്നത്.

പ്രത്യക്ഷത്തില്‍ രണ്ടു സംഭവങ്ങള്‍ക്കും യാതൊരു സാമ്യതകളുമില്ല. ആറുപേരാണ് ബോംബ് സ്‌ഫോടനത്തില്‍ മരിച്ചത്. കുസാറ്റില്‍ നാലുപേരും. എന്നാല്‍, കരുതലുണ്ടായിരുന്നെങ്കില്‍ കുസാറ്റില്‍ അപകടം ഇല്ലാതാക്കാമായിരുന്നെന്ന സൂചന സാമ്രയിലെ സ്‌ഫോടനം നല്‍കുന്നുണ്ട്. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതെങ്ങനെയെന്ന് യഹോവസാക്ഷികളുടെ സമ്മേളനത്തിന് മുമ്പ് അംഗങ്ങളോട് വിശദീകരിച്ചതാണ്, തിക്കിലുംതിരക്കിലുംപെട്ടുണ്ടാവുമായിരുന്ന അപകട തീവ്രത കുറച്ചതെന്ന് അന്നുതന്നെ വിവരം പുറത്തുവന്നിരുന്നു. വാതിലുകളെപ്പറ്റിയും അപകടങ്ങളുണ്ടായാല്‍ എത്രയുംവേഗം പുറത്തേക്ക് എത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വിശദീകരിച്ച് നല്‍കിയിരുന്നു. വിമാനങ്ങളില്‍ നല്‍കുന്ന ഒഴിപ്പിക്കല്‍ മുന്‍കരുതലിന് സമാനമായിട്ടാണ് മോക്ഡ്രില്‍ നടത്തിയത്. ഇതുകാരണം വലിയ അപകടങ്ങള്‍ കൂടാതെ ഹാളിലുണ്ടായിരുന്ന എല്ലാവര്‍ക്കും പുറത്തെത്താനായി. വിദ്യാര്‍ഥികളുടെ മാത്രം സംഘാടനത്തില്‍ നടന്ന കുസാറ്റിലെ പരിപാടിയില്‍ പ്രാഥമികമായ സുരക്ഷാമുന്‍കരുതല്‍ പോലും ഇല്ലായിരുന്നുവെന്നാണ് വിവരം.

രാജ്യംകണ്ട ദുരന്തങ്ങള്‍

രാജ്യത്തിന്റെ പലയിടങ്ങളില്‍ പലപ്പോഴായി ആള്‍ക്കൂട്ടദുരന്തങ്ങളില്‍ ജീവന്‍നഷ്ടപ്പെട്ടത് അനവധിപ്പേര്‍ക്കാണ്. ഇവയെല്ലാം ഭൂരിഭാഗവും ആരാധനാലയങ്ങളും മതപരമായ കൂടിച്ചേരലിന്റേയും ഭാഗമായി ഉണ്ടാവുന്നത്. ഇതില്‍ എട്ടോളം അപകടങ്ങള്‍ ഹരിദ്വാറിലും അലഹബാദിലെ പ്രയാഗ്‌ലുമായി നടന്ന കുംഭമേളകളിലാണ്. ഇതില്‍ 1954-ലെ പ്രയാഗ് കുംഭമേളയില്‍ 500-നും 800-നും ഇടയില്‍ ആളുകള്‍ക്കാണ് ജീവന്‍നഷ്ടമായത്. സമീപകാലത്ത് പത്തില്‍ കൂടുതല്‍ പേരുടെ മരണത്തിനിടയാക്കിയ ആള്‍ക്കൂട്ട ദുരന്തം 2022 ജനുവരി ഒന്നിന് ജമ്മുകശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിലുണ്ടായ ദുരന്തമാണ്.

തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍ സൗജന്യസാരി വിതരണത്തിനിടെ തിക്കുംതിരക്കുമുണ്ടായി നാലുസ്ത്രീകളാണ് മരിച്ചത്. അതിന് മുമ്പ് നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് മധ്യപ്രദേശിലെ ദതിയയിലെ രത്‌നഗഢ് ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തിലാണ്. 2013 ഓക്ടോബര്‍ 13-ന് നടന്ന അപകടത്തില്‍ 115 പേര്‍ മരിക്കുകയും 100-ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തമിഴ്‌നാട് വാണിയമ്പാടിയിലേതിന് പുറമേ രാജ്യത്ത് ഈ വര്‍ഷമുണ്ടായ ആള്‍ക്കൂട്ട ദുരന്തം ആന്ധ്രപ്രദേശിലാണ്. പുതുവത്സരദിനത്തില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ പൊതുയോഗത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ചത് മൂന്നുപേര്‍.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എന്തുണ്ട്?

ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളെത്തുന്ന ഉത്സവങ്ങളും മലയാളികളെ സംബന്ധിച്ച് അപരിചതമായ ഒന്നല്ല, സാമൂഹിക ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല്‍, ആള്‍ക്കൂട്ട ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ മുന്‍കരുതലെന്തുണ്ട് എന്ന ചോദ്യത്തിന് പലര്‍ക്കും വ്യക്തമായ ഉത്തരമില്ല. അപകടങ്ങള്‍ ഉണ്ടാവാതിരിക്കാനല്ല, ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാത്രമാണ് നമ്മുടെ സംവിധാനങ്ങള്‍ക്ക് ധാരണയുള്ളത്. കുസാറ്റില്‍ എന്‍ട്രി പോയിന്റിലുണ്ടായ തിക്കുംതിരക്കുമാണ് അപകടത്തില്‍ കലാശിച്ചത്. അത് മുന്‍കൂട്ടിക്കണ്ട് ഒരുങ്ങാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ല.

കോളേജ് കാമ്പസുകളില്‍ പോലീസിനെ നിയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കാമ്പസുകള്‍ പ്രിന്‍സിപ്പാളിന്റെ അധികാരപരിധിയില്‍ വരുന്നസ്ഥലമാണ്. ഇവിടെ പരിപാടി നടക്കുമ്പോള്‍ ആവശ്യപ്പെട്ടാല്‍പോലും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ നിയന്ത്രിക്കാന്‍വേണ്ട ഏറ്റവും ചുരുങ്ങിയ വിന്യാസമാണ് പോലീസ് നടത്തുക. അതില്‍ കൂടുതല്‍ പോലീസ് നീരീക്ഷണവും ഇടപെടലും നിയന്ത്രണവും ആവശ്യമുണ്ടെങ്കില്‍ രേഖാമൂലം തന്നെ ബന്ധപ്പെട്ടവര്‍ പോലീസിനോട് ആവശ്യപ്പെടേണ്ടതുണ്ട്.

ശബരിമല, ആറ്റുകാല്‍ പൊങ്കാല, തൃശ്ശൂര്‍ പൂരം, പള്ളിപ്പെരുന്നാളുകളും മറ്റ് ആഘോഷങ്ങളുമടക്കം വലിയ ആള്‍ക്കൂട്ടങ്ങള്‍ എത്തുന്ന പരിപാടികള്‍ കേരളത്തില്‍ സ്ഥിരമാണ്. ഇവിടങ്ങളിലെല്ലാം സംഘാടകരും പോലീസും സംയുക്തമായാണ് മുന്നൊരുക്കങ്ങള്‍ നടത്തുക. ആവശ്യമായ ഗതാഗതം നിയന്ത്രണം മുതല്‍ തുടങ്ങും മുന്നൊരുക്കം. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും ക്രമസമാധാനപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനുമാണ് ഇത്തരം മുന്‍കരുതലുകള്‍. പൂരം പോലുള്ള അവസരങ്ങളിലാണെങ്കില്‍ ഒരോ ഘോഷയാത്രയ്ക്കും പ്രത്യേകം സംഘങ്ങളെ പോലീസ് നിയോഗിക്കും. മോഷണവും പിടിച്ചുപറിയും മറ്റ് ഉപദ്രവങ്ങളും നടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ പോലീസ് സ്വീകരിക്കും. മഫ്തിയിലടക്കം പോലീസിനെ വിന്യസിക്കും. കണ്‍ട്രോള്‍ റൂമുകളില്‍ ഓരോ ആവശ്യങ്ങള്‍ക്കും പ്രത്യേകം ടീമിനെ ഒരുക്കിനിര്‍ത്തും. ഇതിനൊക്കെ പുറമേ, തന്ത്രപ്രധാനമായ വിന്യാസങ്ങളും പോലീസ് നടത്തും.

സംഗീതപരിപാടികളിലടക്കം സമാനമായ രീതിയില്‍ സംഘാടകരുമായി യോജിച്ചാണ് പോലീസിന്റെ മുന്‍കരുതല്‍ നടപടികള്‍. പരിപാടിയുമായി നേരിട്ട് ബന്ധമുള്ള ടിക്കറ്റ് പരിശോധനയടക്കമുള്ള കാര്യങ്ങള്‍ നടപ്പിലാക്കുന്നത് സംഘാടകര്‍ തന്നെയാവുമെങ്കിലും കര്‍ശനമായ നിര്‍ദേശങ്ങള്‍ പോലീസ് നല്‍കും. ആള്‍ക്കൂട്ടം ഉണ്ടാവാതിരിക്കാനുള്ള മാനദണ്ഡങ്ങള്‍ അറിയിക്കും, അത് കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ആംബുലന്‍സും വലിയ പരിപാടികളാണെങ്കില്‍ അഗ്നിരക്ഷാസേനയേയും ഒരുക്കിനിര്‍ത്തും. നിശ്ചിതതുകയടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കും അഗ്നിരക്ഷാസേനയുടെ സേവനം ഉറപ്പാക്കും. പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപം അനാവശ്യമായി ആള്‍ക്കൂട്ടമുണ്ടാവാതിരിക്കാന്‍ ഓരോ നൂറുമീറ്ററിലു പോലീസ് നിയന്ത്രണമുണ്ടാവും.

ആളുകളെ കൂട്ടമായി നീങ്ങാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്‍കരുതലായി പൊതുവില്‍ നല്‍കിവരുന്ന നിര്‍ദേശം. ജനങ്ങളെ ബാരിക്കേഡ് കെട്ടി തിരിക്കണം. കൂട്ടമായി വിടാതെ ചെറിയ സംഘങ്ങളായി തിരിക്കാന്‍ നിര്‍ദേശം നല്‍കും. ഒരുസ്ഥലത്ത് ആളുകള്‍ തിങ്ങി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കും. പുറത്തേക്ക് പോകാന്‍ കൃത്യമായ വഴികള്‍ ഒരുക്കും. അത് ആളുകളെ നേരത്തെ അറിയിക്കുകയും ചെയ്യണം എന്നാണ് നിര്‍ദേശം. തിരക്കുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പോലീസ് ഡ്രോണടക്കം ഉപയോഗിച്ച് നിരീക്ഷിക്കുകയും ചെയ്യും.

'തിക്കുംതിരക്കും'ജീവിതത്തിന്റെ ഭാഗമോ?

കൂടിനില്‍ക്കുന്ന ആളുകളിലേക്ക് തള്ളിക്കയറ്റമുണ്ടാവുമ്പോള്‍ ആള്‍ക്കൂട്ട ദുരന്തങ്ങളുണ്ടാവാം. ആള്‍ക്കൂട്ടത്തിന്റെ ഉള്ളില്‍നിന്ന്  പെട്ടെന്നുണ്ടാവുന്ന സമ്മര്‍ദത്തെത്തുടര്‍ന്നും അപകടമുണ്ടാവാം. നിലത്തുവീഴുന്നവരിലേക്ക് പിന്നിലുള്ളവര്‍ മറിഞ്ഞുവീണും പിന്നാലെ വരുന്നവര്‍ അവര്‍ക്ക് മുകളിലൂടെ കടന്നുപോകുന്നതും ആളപായസാധ്യത വര്‍ധിപ്പിക്കും. അനാവശ്യമായി തിക്കിത്തിരക്കുക എന്നത് പൊതുവേ മലയാളികളുടെ ശീലമാണെന്ന് പറഞ്ഞുപോരാറുണ്ട്. നിര്‍ത്തുന്നതിന് മുമ്പ് വിമാനത്തില്‍നിന്ന് പോലും ചാടിയിറങ്ങാന്‍ ശ്രമിക്കുന്നവരാണ് മലയാളികളെന്ന് വ്യാപകമായൊരു പരിഹാസമാണ്.

കൃത്യമായ മുന്‍കരുതലാണ് ഇത്തരം ദുരന്തങ്ങളെ മറികടക്കാന്‍ ആവശ്യം. ആളുകൂടുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവരെക്കുറിച്ചുള്ള കൃത്യമായ ധാരണവേണം. പോലീസിന്റെ സഹായം ആവശ്യമെങ്കില്‍ നേരത്തേ തേടണം. അവരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണം. ഇത്തരം സാഹചര്യങ്ങളുണ്ടാവാതാരിക്കാനുള്ള നിലവിലെ മാനദണ്ഡങ്ങളെക്കുറിച്ച് അത് നടപ്പിലാക്കേണ്ടവര്‍ക്ക് പൂര്‍ണബോധ്യം വേണം. ആവശ്യമെങ്കില്‍ മാനദണ്ഡങ്ങളില്‍ മാറ്റവും വേണം.