അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു അവരാ സമരം നടത്തിയത്. ശമ്പളവര്‍ധന, നീതിപൂര്‍വ്വമായ ജോലിസമയം എന്നിവ മാത്രമായിരുന്നു തൊഴിലാളികളുടെ ആവശ്യം. ഈ ആവശ്യം നേടാനായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ സാംസങ്ങ് പ്ലാന്റിലെ 1500 തൊഴിലാളികൾ സമരത്തിനിറങ്ങി. സമ്മാനപ്പൊതികൾ വീട്ടിലെത്തിച്ചും കമ്പനി അനുകൂല യൂണിയനുണ്ടാക്കിയും സമരത്തെ പൊളിക്കാനുള്ള ശ്രമം നടന്നു.  അതിനെയെല്ലാം അതിജീവിച്ച് സാംസങ്ങിന്റെ ഇന്ത്യന്‍ ശാഖയിലെ തൊഴിലാളികള്‍ നടത്തിയ സമരം ഒടുവില്‍ ആഗോള കുത്തകകമ്പനികളുടെ തൊഴിലാളി ചരിത്രത്തിലെ വജ്രത്തിളക്കുള്ള ഏടായി മാറുകയായിരുന്നു

തൊഴിലാളിസമരങ്ങളേയും യൂണിയനേയും കോർപ്പറേറ്റ് ഭീമന്മാർ പടിക്കുപുറത്ത് നിർത്താൻ ശ്രമിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. പലപ്പോഴും സർക്കാരും കമ്പനിയും ഒന്നാകുന്നിടത്ത് നഷ്ടം തൊഴിലാളിയുടേത് മാത്രമാകാറുമുണ്ട്. എന്നാൽ, തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരിലെ തൊഴിലാളികളുടെ കഥ അങ്ങിനെയല്ല. വിജയം കാണാതെ പിന്നോട്ടില്ലെന്ന അവരുടെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടുമടക്കിയത് ഇലക്ട്രോണിക്സ് ഭീമൻ സാംസങ് ആയിരുന്നു.  വ്യവസായന്തരീക്ഷം മികച്ചതാക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്റ്റാലിൻ സർക്കാരിനേയും സമരം വിറപ്പിച്ചു. മാസങ്ങൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ സമവായം. 

To advertise here,

1500 പേരുടെ സമരവീര്യം

കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം ആരംഭിക്കുന്നത്. ശമ്പള പരിഷ്‌കരണം, എട്ട് മണിക്കൂർ ജോലി, തൊഴിലാളി യൂണിയന് അംഗീകാരം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ സമരം ആരംഭിക്കുന്നത്. 2000 തൊഴിലാളികളിൽ 1500-ഓളം പേർ സമരത്തിനിറങ്ങി. അടുത്ത മൂന്നുവർഷത്തിനുള്ളിൽ ശമ്പളത്തിൽ 50 ശതമാനം വർധന വേണമെന്നായിരുന്നു തൊഴിലാളികൾ ഉന്നയിച്ച പ്രധാന ആവശ്യം. പത്ത് വർഷത്തിലേറെ കമ്പനിയിൽ ജോലി ചെയ്തിട്ടും പലരുടേയും പ്രതിമാസ ശമ്പളം 25,000 രൂപയിലും കുറവാണ്. തൊഴിൽസമയമായിരുന്നു മറ്റൊരു പ്രശ്നം. ഒമ്പതുമണിക്കൂറിലേറെ സമയം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വളരെക്കുറവ് സമയം മാത്രമേ ഇടവേളകൾ ലഭിച്ചിരുന്നുള്ളൂ. ഉത്പ്പന്നങ്ങൾ പൂർത്തിയാക്കാൻ വലിയ സമ്മർദം ചെലുത്തുന്നു, സുരക്ഷിതമായ സാഹചര്യങ്ങളിൽ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നു എന്നിങ്ങനെ പോകുന്നു തൊഴിലാളികളുടെ ആരോപണങ്ങൾ. 

സാംസങ് ഇലക്ട്രോണിക്സിന്റെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്ലാന്റുകളിലൊന്നായ ശ്രീപെരുംപുതൂരിലെ സമരം കമ്പനി അധികാരികളെ സമ്മർദ്ദത്തിലാക്കി.

placeholder
സാംസങ് തൊഴിലാളികളുടെ പ്രതിഷേധത്തിൽ നിന്ന് | Photo: AFP

എന്നാൽ, ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് സാംസങ് ആദ്യം രം​ഗത്തെത്തി. മണിക്കൂറുകളോളം തൊഴിളാളികളെ ജോലി ചെയ്യിപ്പിക്കാറില്ലെന്നും കൃത്യമായ ഇടവേളകൾ നൽകാറുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിറക്കി. നിയമങ്ങൾക്കനുസരിച്ചേ പ്രവർത്തിക്കാറുള്ളൂ. ഒരു ഉത്പ്പന്നവും ഇത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന നിർദേശം നൽകിയിട്ടില്ല. നിർമാണ പ്രക്രിയയുടെ ഭാ​ഗമായുള്ള ജോലികൾ മാത്രമേ തൊഴിലാളികൾക്കുള്ളൂ എന്നും സാംസങ്  വ്യക്തമാക്കി. 

സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയന് അം​ഗീകാരം നൽകണമെന്നതാണ് തൊഴിലാളികളുടെ മറ്റൊരു ആവശ്യം. 2023-ൽ സി.ഐ.ടി.യുവിന്റെ പിന്തുണയോടെ രജിസ്റ്റർ ചെയ്തെങ്കിലും സാംസങ്ങ് എന്ന പേരുപയോ​ഗിച്ചതിനാൽ തമിഴ്‌നാട് സർക്കാർ രജിസ്‌ട്രേഷൻ നടപടി നിർത്തിവെയ്ക്കുകയായിരുന്നു. ഇതിനെതിരെ യൂണിയൻ സമർപ്പിച്ച ഹർജി ഇപ്പോൾ മദ്രാസ് ഹൈക്കോടതിയുടെ പരി​ഗണനയിലാണ്.

വൈകാതെ ആ​ഗോളശ്രദ്ധയിലേക്ക്

ശ്രീപെരുംപുതൂരിലെ ജീവനക്കാരുടെ സമരത്തിന്റെ അലയൊലികൾ അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സമരം ആരംഭിച്ച് ഒരു മാസം പിന്നിട്ട സാഹചര്യത്തിൽ  സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന് സി.ഐ.ടി.യു. കത്തയച്ചതോടെയാണ് വിഷയം പുറംലോകമറിയുന്നത്. പുതുതായി രൂപീകരിച്ച സാംസങ് ഇന്ത്യ ലേബർ യൂണിയൻ രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്നതടക്കം ഒട്ടേറെ പ്രശ്നങ്ങളായിരുന്നു കത്തിൽ ഉന്നയിച്ചത്. സമരം പല കോണുകളിലും ചർച്ചയായി. ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു.

placeholder
സാംസങ് ഫാക്ടറി | Photo:AP

കണ്ണടച്ച് സർക്കാർ

ആ​ഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുമ്പോഴും തമിഴ്നാട് സർക്കാർ സാംസങ്ങിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നു എന്നായിരുന്നു തുടക്കം മുതൽ സി.ഐ.ടി.യു. ഉന്നയിക്കുന്ന ആരോപണം. സമരം ശക്തമാകുന്ന സാഹചര്യമുണ്ടായതോടെ കയ്യൂക്കുകൊണ്ട് നേരിടാനായിരുന്നു പോലീസ് തീരുമാനം. സമരത്തിൽ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങൾ നീണ്ടു. എന്നാൽ, ഡി.എം.കെയുടെ സഖ്യകക്ഷികൾ സമരത്തെ അനുകൂലിച്ച് രം​ഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയേക്കാമെന്ന് സ്റ്റാലിൻ സർക്കാരിന് തോന്നി. ഇതോടെയാണ്, എങ്ങിനെയെങ്കിലും സമരം അവസാനിപ്പിച്ച് പ്രതിസന്ധിയിൽനിന്ന് പുറത്തുചാടാൻ സർക്കാർ തീരുമാനിക്കുന്നത്. 

സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയന്റെ നേതാക്കളുമായി ചർച്ച നടത്താൻ തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആർ.ബി. രാജ തയ്യാറായി. തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാമെന്നും വേതനമടക്കമുള്ള കാര്യങ്ങളിൽ പരിഹാരമുണ്ടാകുമെന്നും അന്ന് മന്ത്രി ഉറപ്പുനൽകി. എന്നാൽ, നിലവിലെ ആവശ്യങ്ങൾക്കപ്പുറം തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി നിലകൊള്ളുന്ന യൂണിയൻ രൂപീകരണമാണ് തങ്ങളുടെ പ്രധാന ആവശ്യമെന്ന് നേതാക്കൾ അന്നേ വ്യക്തമാക്കിയിരുന്നു. പിന്നീട് പലവട്ടം ചർച്ചകളുണ്ടായി. വേതനവും നഷ്ടപരിഹാരവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അനുകൂല നിലപാടുമായി സാംസങ് രം​ഗത്തെത്തി. സി.ഐ.ടി.യുവുമായി ഒരുരീതിയിലുള്ള ചർച്ചയ്ക്കുമില്ലെന്ന് സാംസങ് വ്യക്തമാക്കി. തൊഴിലാളികളോട് കാര്യങ്ങൾ തുറന്നുപറയാമെന്നും രാഷ്ട്രീയകക്ഷികളോട് സംസാരിക്കേണ്ടതില്ലെന്നുമായിരുന്നു കമ്പനി നിലപാട്.

placeholder
എം.കെ. സ്റ്റാലിൻ | Photo:AFP

അടിതെറ്റി സാംസങ് 

തുടക്കം കുറിച്ചനാൾ മുതൽ നോ യൂണിയൻ നയം കൃത്യമായി പാലിച്ചുപോരുന്നതിൽ വിജയിച്ച കമ്പനിയാണ് 198 ബില്യൺ ഡോളർ വരുമാനമുള്ള അന്താരാഷ്ട്ര ഭീമൻ സാംസങ്. എന്നാൽ, 2021 ജൂലായിൽ ഇതിന് ചെറുതായൊന്ന് ഇളക്കംതട്ടി. ഇക്കാലത്ത്, മുഴുവൻ സമയ യൂണിയൻ അം​ഗങ്ങളെ അം​ഗീകരിക്കാൻ കമ്പനി തയ്യാറായി. കൂടാതെ, ഡ്യൂട്ടിക്ക് ശേഷം ജോലിചെയ്യുന്നതിന് മുഴുവൻ വേതനവും നൽകണമെന്ന ആവശ്യവും സാംസങ് അം​ഗീകരിച്ചു. കമ്പനിയുടെ ദീർഘകാലത്തെ നയപരമായ വെല്ലുവിളികളെ അതിജീവിച്ചാണ് തൊഴിലാളികൾ ഇക്കാര്യം നേടിയെടുത്തത്. 

ആഗോളതലത്തിൽ സാംസങ്ങിനുള്ളിൽ നിരവധി തൊഴിലാളിയൂണിയനുകളുണ്ട്. രണ്ടര ലക്ഷത്തിലധികം തൊഴിലാളികളും ഇവയുടെ കീഴിലുണ്ട്. ഇതിൽ 1.25 ലക്ഷം പേർ ദക്ഷിണ കൊറിയയിൽ മാത്രം ജോലി ചെയ്യുന്നുന്നുണ്ട്. 30,000-ത്തിലധികം അം​ഗങ്ങളുള്ള സാംസങ് ഇലക്ട്രോണിക്സ് യൂണിയൻ (NSEU) ആണ് കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞ ജൂലായ് ഏട്ട് മുതൽ പത്ത് വരെ മൂന്ന് ദിവസം ചെന്നൈയിലെ സഹപ്രവർത്തകരുടെ ആവശ്യങ്ങളിൽ പിന്തുണയുമായി ഇവരും പണിമുടക്കി.

placeholder
സാംസങ് തൊഴിലാളികളുടെ പ്രതിഷേധത്തിൽ നിന്ന് | Photo: AFP

യൂണിയന് പകരം മറ്റൊരു തൊഴിലാളി കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമവും മേലധികാരികൾ നടത്തി. എന്നാൽ, കമ്മിറ്റിയോടൊപ്പം നിൽക്കാൻ തൊഴിലാളികൾ വിസ്സമതിച്ചു. അതിനിടെ, തൊഴിലാളികളുടെ വീടുകളിലേക്ക് സമ്മാനപ്പൊതികളെത്തിയതായി ഒരു ജീവനക്കാരനെ ഉദ്ധരിച്ചുകൊണ്ട് ഫ്രണ്ട്ലൈൻ റിപ്പോർട്ട് ചെയ്തു. പഴങ്ങളും ചോക്ലേറ്റുകളും സ്നാക്സ് കിറ്റുകളും അടങ്ങുന്ന പൊതികളായിരുന്നു അത്. പണിമുടക്കിൽനിന്ന് പിന്തിരിപ്പിക്കാൻ ജീവനക്കാരുടെ കുടുംബാം​ഗങ്ങളെ വിളിക്കുകയും സന്ദർശിക്കുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്താൽ തൊഴിലുണ്ടാകില്ലെന്ന് കമ്പനി മുന്നറിയിപ്പ് നൽകിയതായും ചിലർ ആരോപിച്ചു.

ഒടുവിൽ സമവായം

തൊഴിലാളികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ പലതും സാംസങ് അം​ഗീരിച്ചതോടെയാണ് സമരം അവസാനിക്കുന്നത്. തമിഴ്‌നാട് സർക്കാരിന്റെ ഇടപെടലും നിർണായകമായി. മന്ത്രിയും മുതിർന്ന ഡി.എം.കെ. നേതാവുമായ ഇ.വി. വേലു സി.ഐ.ടി.യു.വുമായും സാംസങ് മാനേജ്‌മെന്റുമായും നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമുണ്ടായത്. ശമ്പള വർധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഇൻസെന്റീവ് ആയി പ്രതിമാസം 5,000 രൂപ നൽകാമെന്ന് കമ്പനി വ്യക്തമാക്കി. അടുത്ത സാമ്പത്തികവർഷം മുതൽ ശമ്പളവർധന നടപ്പാക്കാനാണ് തീരുമാനം

സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ തൊഴിലാളികളെ ഇരകളാക്കില്ലെന്ന് മാനേജ്മെന്റ് ഉറപ്പു നൽകി. കമ്പനി താത്പര്യത്തിന് വിരുദ്ധമായ ഒരു പ്രവൃത്തിയും ചെയ്യില്ലെന്ന് തൊഴിലാളികളും വ്യക്തമാക്കി. ഇതോടെയാണ്, മാനേജ്‌മെന്റും പണിമുടക്കിയ തൊഴിലാളികളും നിർദേശങ്ങളെല്ലാം അംഗീകരിച്ചതായി സംസ്ഥാന തൊഴിൽവകുപ്പ് അറിയിക്കുന്നത്. പുതുതായി രൂപവത്കരിച്ച തൊഴിലാളി സംഘടനയ്ക്ക് അനുമതി നൽകണമെന്ന ആവശ്യം ഇപ്പോഴും കോടതിയുടെ പരി​ഗണനയിലാണ്.

placeholder
സാംസങ് തൊഴിലാളികളുടെ പ്രതിഷേധത്തിൽ നിന്ന് | Photo: AP

39 ദിവസം നീണ്ടുനിന്ന തൊഴിലാളി സമരത്തിന്റെ ഫലമായി ഏകദേശം 100 മില്ല്യൺ ഡോളറിന്റെ നഷ്ടം കമ്പനിക്ക് വന്നതായാണ് സാംസങ് പറയുന്നത്. മദ്രാസ് ഹൈക്കോടതിയിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. കൂടാതെ, ട്രേഡ് യൂണിയൻ അവരുടെ പേരിൽ 'സാംസങ്' എന്ന വാക്ക് ഉപയോഗിക്കാൻ അനുവദിക്കാനാകില്ലെന്നും സാംസങ് കോടതിയിൽ വ്യക്തമാക്കി. തങ്ങളുടേത് ഒരു അന്താരാഷ്ട്ര കമ്പനിയാണ്. ഫാക്ടറിയിലോ കമ്പനിയിലോ ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും തങ്ങളാ​ഗ്രഹിക്കുന്നില്ല. എന്നാൽ, 1926-ലെ ട്രേഡ് യൂണിയൻ നിയമം ഒരു കമ്പനിയുടെ പേര് ഉപയോ​ഗിക്കുന്നതിന് വിലക്കില്ലെന്നാണ് മറുഭാ​ഗം പറയുന്നത്. കമ്പനിയുടെ എതിരാളികളല്ല തങ്ങളെന്നും അവർ വ്യക്തമാക്കുന്നു.