ന്യൂഡൽഹി: പുതുവത്സരത്തലേന്നും ഗിഗ്-ഡെലിവറി തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കുന്നു. ഡിസംബർ 25-ന് നടത്തിയ പണിമുടക്കിന്റെ തുടർച്ചയായാണ് ഡിസംബർ 31-നും ഡെലിവറി തൊഴിലാളികൾ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്. ഇതിനാൽ ഏറ്റവും തിരക്കേറിയ പുതുവർഷാഘോഷവേളയിൽ വിവിധ ഫുഡ് ഡെലിവറി, ഇ-കൊമേഴ്‌സ് സേവനങ്ങൾ തടസ്സപ്പെടാനും സാധ്യതയുണ്ട്.
10 മിനിറ്റ് ഡെലിവറി ഓപ്ഷൻ ഒഴിവാക്കുക, മുൻപുണ്ടായിരുന്ന പേഔട്ട് ഘടന പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്കുന്നത്. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡെലിവറി തൊഴിലാളികളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ്(ഐഎഫ്എടി) തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ(ടിജിപിഡബ്ല്യൂയു) തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സംഘടനകളും പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബർ 25-ന് ക്രിസ്മസ് ദിനത്തിൽ നടന്ന ആദ്യഘട്ട പണിമുടക്കിൽ രാജ്യവ്യാപകമായി 40,000-ഓളം ഡെലിവറി തൊഴിലാളികൾ പങ്കെടുത്തെന്നാണ് തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം തൊഴിലാളി യൂണിയൻ പ്രസിഡന്റ് ഷെയ്ഖ് സലാഹുദ്ദീന്റെ അവകാശവാദം. അതിവേഗ ഡെലിവറി മോഡൽ സുരക്ഷിതമല്ലാത്തതും തൊഴിലാളികൾക്ക് ഏറെ സമ്മർദമുണ്ടാക്കുന്നതുമാണ്. അതിനാൽ എല്ലാ പ്ലാറ്റ്‌ഫോമുകളും 10 മിനിറ്റിനുള്ളിൽ ഡെലിവറിയെന്ന ഓപ്ഷൻ നീക്കംചെയ്യണം. തൊഴിലാളികൾക്കുള്ള പഴയ വേതനഘടന പുനഃസ്ഥാപിക്കണം. ഡിസംബർ 25-നും 31-നുമാണ് ഈ ആവശ്യങ്ങളുന്നയിച്ച് സമരത്തിന് ആഹ്വാനംചെയ്തിരുന്നത്. ഡിസംബർ 25-ന് രാജ്യവ്യാപകമായി 40,000-ഓളം തൊഴിലാളികൾ പണിമുടക്കി. രാജ്യത്തെ ഡെലിവറി സേവനങ്ങളുടെ പകുതിയിലേറെ തടസപ്പെട്ടു. ഡിസംബർ 25-ന് വെറും ട്രെയിലറാണ് കണ്ടത്. 31-ന് യഥാർഥ ചിത്രം കാണുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും സംസ്ഥാന, കേന്ദ്ര സർക്കാറുകൾ വിഷയത്തിൽ ഇടപെടണമെന്നാണ് തങ്ങളുടെ അഭ്യർഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Gig and delivery workers nationwide are striking on New Year`s Eve, disrupting services from Swiggy, Zomato, Blinkit, and more. Learn about their demands and the impact.
Published: 31 Dec 2025, 12:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented