
ദുനിയാവിൽ ഒരുമ്മയ്ക്കും ഈ ഗതി വരരുതേ, പൊന്ന് മോളുടെ കൊട്ടും മുള്ളും കൊണ്ടു പോകേണ്ട ഗതി " തീക്കനൽ കോരിയിട്ട നെഞ്ചുമായി ആ ഉമ്മയ്ക്ക് പറയാൻ അതേ ഉണ്ടായിരുന്നുള്ളൂ .. തങ്ങളുട ദാരിദ്ര്യത്തിനിടയ്ക്ക് തൻ്റെ മകൾക്ക് കുറച്ചു കൂടിമെച്ചപ്പെട്ടൊരു ജീവിതം ലഭിക്കട്ടെ എന്നാഗ്രഹിച്ച് യാത്രയാക്കിയ ആ ഉമ്മ 18 വർഷത്തിനുശേഷം കോടതിയിൽനിന്ന് മകൾ ജീവിച്ചിരുന്നതിനും മരിച്ചതിനും തെളിവായ തലയോട്ടി ഏറ്റുവാങ്ങുമ്പോൾ വേറെന്തു പറയാൻ.
നിശ്ചയദാർഢ്യത്തോടെ, കാണാതായ മകളെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ തീക്ഷ്ണസമരം നടത്തുന്നതിനിടയിലാണ് മകൾ ഗോവയിൽവെച്ച് കൊല്ലപ്പെട്ടുവെന്നും മൃതദേഹം പല കഷ്ണങ്ങളാക്കി അവിടെ കുഴിച്ചിട്ടെന്നും അറിയുന്നത്. നെഞ്ചു പൊട്ടിപ്പിളരുന്ന നിലവിളിക്കിടയിൽ അന്നും അയിഷ പറഞ്ഞതും അത് തന്നെയായിരുന്നു ."ഒരു പെറ്റ തള്ളയ്ക്കും ഈ ഗതി വരരുതേ റബ്ബേ'' എന്ന്.
2006 ഡിസംബറിലാണ് കൊടക് അയ്യങ്കേരി സ്വദേശികളായ അയിഷ - മൊയ്തു ദമ്പതികളുടെ മൂത്ത മകൾ സഫിയയെ കാസർകോട് മുളിയാർ മസ്തിക്കുണ്ട് സ്വദേശികളായ ഹംസയും മൈമൂനയും ഗോവയിലേക്ക് കൂട്ടുന്നത്. അന്നവൾക്ക് 16 വയസ്സ്. ആറാം ക്ലാസ്സിൽ പഠനം തുടരാതെ വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടുമൊക്കെ തിരിച്ചറിഞ്ഞ് തുടങ്ങിയ കാലം. തനിക്ക് താഴെ മൂന്ന് അനിയന്മാർ. അന്നത്തെ എഴുപതോ എൺപതോ രൂപ ദിവസക്കൂലി കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്ത ഉപ്പ. 'ഗോവയിൽ കോൺട്രാക്ടറായ ഹംസയ്ക്ക് കാസർകോട്ടെ വീട്ടിൽ തൻ്റെ രണ്ട് പെൺമക്കൾക്ക് കളിക്കൂട്ടുകാരിയാവാനും ഭാര്യയ്ക്ക് സഹായത്തിനും ഒരാള് വേണം. മകളെ വിടുമോ?' അയങ്കേരിക്കാരനായ ബ്രോക്കർ മെയ്തു ഹാജി വഴി നടന്ന അന്വേഷണം. അവരുടെ രണ്ട് പെൺമക്കൾക്കൊപ്പം പഠനവും തുടരാം എന്ന് ഒരു ഉറപ്പ് കിട്ടിയപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. ഒരേയൊരു മകളെ വിടാൻ മനസ്സ് അനുവദിച്ചില്ലെങ്കിലും നല്ല ഭക്ഷണവും വിദ്യാഭ്യാസവും കിട്ടുമല്ലോ എന്ന് തോന്നലിൽ പൂർണമനസ്സോടെയല്ലെങ്കിലും എടുത്ത തീരുമാനമായിരുന്നു അത്. നിരക്ഷരരായ തങ്ങളുടെ മകൾക്ക് പഠനം തുടരാൻ ടിസി വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചു മകളെ കാസർകോട്ട് മസ്തിക്കുണ്ടിലെ ഹംസയുടെ വീട്ടിലേക്കയച്ചു. അവിടുന്നാണ് കുറച്ച് ദിവസത്തേക്ക് എന്ന് പറഞ്ഞ് കുടുംബത്തോടൊപ്പം ഹംസ അവളെ ഗോവയിലേക്ക് കൂട്ടുന്നത്.
2006 ഡിസംബർ 20-ന് സഫിയയുടെ ഉപ്പയെ ഹംസ വിളിച്ചറിയിക്കുന്നത് "ഞങ്ങൾ കാസർഗോഡ് മസ്തിക്കുണ്ടിലെ വീട്ടിലെത്തിയിട്ടുണ്ട്.മോളെ കൂട്ടാൻ വരണം." അയൽവാസിയോട് ഇഞ്ചി കടം വാങ്ങി വിറ്റ് വണ്ടിക്കൂലിക്ക് പൈസ കണ്ടെത്തി അതിൽനിന്ന് 15 രൂപയ്ക്ക് നെല്ലിക്കയും വാങ്ങി മോളെ കൂട്ടിക്കൊണ്ടുപോകാൻ ഹംസയുടെ വീട്ടിലെത്തിയ ഉപ്പയോട് ഹംസ പറഞ്ഞത് "ഞങ്ങൾ രാത്രി ഇവിടെയെത്തി. രാവിലെയവൾ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു .പിന്നെ കാണാനില്ല ".ആകെ തരിച്ചുനിന്ന ആ മനുഷ്യനോട് മോളെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതായിരിക്കും.പോലീസിൽ പരാതി കൊടുക്കാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നെന്ന് ധരിപ്പിച്ചു. സമ്പന്നരുടെ കാപട്യങ്ങളോ രീതികളോ ഒന്നും അറിയാത്ത ആ പാവം മനുഷ്യനെ ഹംസ ആദൂർ പോലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയി മകളെ കാണാതില്ലെന്ന പരാതിയും കൊടുപ്പിച്ചു.
മകളെ കാത്തിരുന്ന ഉമ്മയെ വിവരമറിയിക്കാതെ രണ്ട് ദിവസം മൊയ്തു കാത്തു. മൂന്നാം ദിവസം ആയിഷയോടൊപ്പം മകളെ കിട്ടിയോ എന്നറിയാൻ സങ്കടപ്പെട്ട് സ്റ്റേഷനിലെത്തിയ അവരെ ഭയപ്പെടുത്തി തിരിച്ചയയ്ക്കാനാണ് പോലീസ് ശ്രമിച്ചത്. മകളെ ഒളിപ്പിച്ച് വെച്ചിട്ട് പണം തട്ടാനുള്ള വിദ്യയുമായി വന്നവർ എന്ന് അപമാനിച്ചു. എന്നിട്ടും എൻ്റെ മോളെവിടെ എന്ന ചോദ്യവുമായി, ഇടശ്ശേരിയുടെ 'പൂതപ്പാട്ടി'ലെ അമ്മയെപ്പോലെ, പോലീസിനെ ഭയക്കാതെ ആ ഉമ്മ നിന്നു. പിടിച്ച് ലോക്കപ്പിലിടുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. എന്നിട്ടും മകളോടുള്ള സ്നേഹത്താൽ ഭയക്കാതെ നിന്ന ഉപ്പയെ പിടിച്ച് ലോക്കപ്പിലാക്കാനും പോലീസ് മടിച്ചില്ല. ആയിഷയും കൂടെയുണ്ടായിരുന്ന കുഞ്ഞുമകനും കരഞ്ഞ് പറഞ്ഞപ്പോഴാണ് തുറന്നുവിട്ടത്. പ്രായപൂർത്തിയാകാത്ത മകളെ വീട്ടുവേലയ്ക്ക് അയച്ച ഉത്തരവാദിത്തമില്ലാത്ത മാതാപിതാക്കൾ എന്ന് കുറ്റപ്പെടുത്തി.അപമാനിച്ചു .
കുഞ്ഞിനെ ചോദിച്ച് ചെന്ന നങ്ങേലിയെ പേടിപ്പിച്ചോടിക്കാൻ നോക്കിയ പൂതത്തിന് മുന്നിൽ പേടിക്കാതങ്ങനെ നിന്ന, അവസാനം കുഞ്ഞിനെ കിട്ടാൻകണ്ണുകൾ വരെ ചൂഴ്ന്ന് കൊടുത്ത അമ്മ ഇടശ്ശേരിയുടെ ഒരു ഭാവനാസൃഷ്ടിയായിരുന്നെങ്കിൽ " എൻ്റെ മകളെവിടെ " എന്ന ചോദ്യവുമായി കാസർകോട്ടെ തെരുവിൽ 88 ദിവസം സമരം ഇരുന്ന ആയിഷ എന്ന ഉമ്മ ഒരു പ്രതീകമാണ്. മകളെ തിരിച്ചു കിട്ടാനുള്ള സമരത്തിൽ മഴയും വെയിലും വിശപ്പും വിമർശനങ്ങളുടെ കൂരമ്പും ഏശാത്ത നിശ്ചയദാർഢ്യത്തിൻ്റെ സ്ത്രീ പ്രതീകം. പല ദിവസങ്ങളിൽ പലരിൽനിന്നും വണ്ടിക്കൂലിയും കടം വാങ്ങി ആ ഉമ്മയും വാപ്പയും മൂന്ന് പിഞ്ചുമക്കളെയും കൂട്ടി കൊടകിൽനിന്ന് ഹംസയുടെ വീട്ടിലും പോലീസ് സ്റ്റേഷനിലും എത്തി മകളെ കിട്ടിയോ എന്നറിയാൻ.
വി.കെ.പി. മുഹമ്മദ് (ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല) സഫിയയുടെ ഒരു ബന്ധുവഴി കാണാതായ മകളെത്തേടി പോലീസ് സ്റ്റേഷൻ കയറിയിറങ്ങുന്ന ആ മാതാപിതാക്കളെക്കുറിച്ച് അറിഞ്ഞ് അവരെക്കണ്ട് വിവരങ്ങൾ അറിയുകയും അവരെ ചേർത്ത് പിടിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ കുടകിൽനിന്ന് കാണാതാവുന്ന നിരവധി പേരിൽ ഒരാളാകുമായിരുന്നു സഫിയയും. സഫിയയെ അന്വേഷിച്ച് കണ്ടു പിടിക്കണമെന്നാവശ്യപ്പെട്ട് കാസർകോഡ് എസ്.പി. ഓഫീസിന് മുന്നിൽ സമരമിരിക്കാമോ എന്ന് ചോദിച്ചത് അദ്ദേഹമാണ്. മകളെ തിരിച്ചുകിട്ടാൻ എന്തിനും അവർ തയ്യാറായിരുന്നു. പിറ്റേന്ന് മൂന്ന് കുഞ്ഞുങ്ങളുമായി ഒരു കുടുംബം എസ്.പി. ഓഫീസിനു മുന്നിൽ എന്ന് ജന്മദേശം പത്രത്തിൽ വന്ന വാർത്തയും ഫോട്ടോയുമാണ് പൊതുസമൂഹത്തിലേക്ക് ഈ തിരോധാനം എത്തിക്കുന്നത്.
വായിച്ചുതള്ളാനുള്ള ഒരു വാർത്തയല്ലെന്ന് തോന്നിയ വി. ജയലക്ഷ്മിയെപ്പോലെ ചിലർ സംഭവം അന്വേഷിച്ചറിഞ്ഞ് പിന്തുണയുമായി എത്തുകയും കാസർകോട്ടെ മനുഷ്യാവകാശ പ്രവർത്തകരെ അറിയിക്കുകയും ചെയ്തു . മകളെ കണ്ടെത്താനുള്ള ഒരുമ്മയുടെ നിശ്ചയദാർഢ്യത്തിനൊപ്പം നിൽക്കാൻ ഒരു ആക്ഷൻ കമ്മറ്റി രൂപീകരിക്കാനും സഫിയയുടെ മാതാപിതാക്കൾക്കൊപ്പം നിൽക്കാനും കാസർകോട്ടെ കുറച്ച് മനുഷ്യസ്നേഹികൾ തയ്യാറാവുന്നത് അങ്ങനെയാണ്. നാരായണൻ പേരിയ, സുബൈർ പടുപ്പ്, വിജയലക്ഷ്മി, ശോഭന തുടങ്ങിയവരൊക്കെയായിരുന്നു മുൻനിരയിൽ. വി.കെ.പി. മുഹമ്മദ് ചെയർപേഴ്സണും അമ്പലത്തറ കുഞ്ഞികൃഷ്ണൻ കൺവീനറുമായി ആക്ഷൻ കമ്മറ്റി രൂപീകരിച്ച് സഫിയ എവിടെ എന്ന ചോദ്യം ഉയർത്തിത്തുടങ്ങി.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ആയിരുന്നു അന്ന് അധികാരത്തിൽ. നിവേദനങ്ങൾ കൊടുത്ത് കാത്തിരുന്നു. പോലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പ്രകടനങ്ങളും പോലീസ് സ്റ്റേഷൻ മാർച്ചുകളും നടത്തി. എല്ലാത്തിനും ആ മാതാപിതാക്കൾ മുന്നിൽത്തന്നെയുണ്ടായിരുന്നു.മുസ്ലിം ലീഗൊഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ആക്ഷൻ കമ്മറ്റിയിൽ പങ്കാളികളായി. ഹംസയുടെ ലീഗ് ബന്ധമായിരിക്കാം അവരെ തടഞ്ഞത്. ഭരണം എൽ.ഡി.എഫ്. ആയിരുന്നിട്ടും പോലീസിൻ്റെ അനാസ്ഥയ്ക്കെതിരെ പ്രതികരിക്കാൻ സി.പി.എമ്മും സി.പി.ഐയും കൂടെ നിന്നു. സി.പി.ഐയുടെ മഹിളാ വിഭാഗവും സോളിഡാരിറ്റിയുടെ മഹിളാ വിഭാഗവും കമ്മിറ്റിയുടെ ഭാഗമായിരുന്നു.
അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടപ്പോഴാണ് "സഫിയ എവിടെ " എന്ന ചോദ്യമുയർത്തി കാസർകോഡ് തെരുവിൽ സത്യഗ്രഹം ഇരിക്കാൻ ഉമ്മ അയിഷയും ഉപ്പ മൊയ്തുവും തീരുമാനിക്കുന്നത്. രാഷ്ട്രീയപരിചയമോ സാമൂഹ്യബന്ധങ്ങളോ ഇല്ലാത്ത, പുറംലോകം വളരെയൊന്നും പരിചയിച്ചിട്ടില്ലാത്ത ഒരു കുഗ്രാമത്തിലെ ജീവിതാനുഭവങ്ങൾ മാത്രമുള്ള ഒരു സ്ത്രീ തൻ്റെ മകളെ തിരിച്ചുകിട്ടാൻ എന്തിനും തയ്യാറാണെന്ന നിശ്ചയദാർഢ്യവുമായി തെരുവിലേക്കിറങ്ങുന്നത് കാസർകോടിന് മാത്രമല്ല കേരളത്തിന് തന്നെ പുതിയ അനുഭവമായിരുന്നു .എന്നാൽ, സഫിയയെ ഗോവയിലേക്ക് കൊണ്ടുപോയ ഹംസയോടൊപ്പം ലോക്കൽ പോലീസ് ഉറപ്പിച്ചു തന്നെയായിരുന്നു ,ഗോവയിൽനിന്ന് മസ്തിക്കുണ്ടിലെ ഹംസയുടെ വീട്ടിൽ എത്തിയ സഫിയയെ ഹംസയുടെ ബിസിനസ് ശത്രുക്കൾ ആരോ തട്ടിക്കൊണ്ടുപോയി. അല്ലെങ്കിൽ 16 വയസ്സുള്ള പെൺകുട്ടി ആർക്കൊപ്പമോ പോയി അഥവാ "ഒളിച്ചോടി". ലോക്കൽ പോലീസിന് അത്രയേ പറയാനുണ്ടായിരുന്നുള്ളൂ. പെൺകുട്ടികളെ കാണാതായാൽ ഒളിച്ചോടി എന്ന് തീരുമാനിച്ചാൽ മതിയല്ലോ. നിങ്ങളെ വെച്ച് എന്തൊക്കെയോ മുതലെടുപ്പ് നടത്താനാണ് ആക്ഷൻ കമ്മറ്റി എന്ന് ആ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാനും പോലീസിലെ ചിലർ ശ്രമിക്കുകയുണ്ടായി.
"ഒരു ജനകീയ അന്വേഷണ കമ്മീഷനെക്കൊണ്ട് അന്വേഷണം നടത്താൻ ആക്ഷൻ കമ്മറ്റി തീരുമാനിക്കുന്നത് അങ്ങനെയൊരു സാഹചര്യത്തിലാണ്. അഡ്വ പി.എ. പൗരൻ ചെയർപേഴ്സണും ഡോ. പി. ഗീത, ആക്ഷൻ കമ്മിറ്റി പ്രവർത്തകരായ എം. സുൽഫത്ത്, ശോഭന, അഡ്വ. രാജേന്ദ്രൻ, ഡോ. ഡി. സുരേന്ദ്രനാഥ്, എൻ. സുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളുമായിട്ടുള്ള ജനകീയ അന്വേഷണ കമ്മീഷൻ ഹംസയെയും കുടുംബാoഗങ്ങളെയും ചില നാട്ടുകാരെയും മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥരെയും നേരിട്ട് കണ്ട് വിവരങ്ങൾ ചോദിച്ചറിയുകയും ചില രേഖകൾ ശേഖരിക്കുകയും ചെയ്തു. ഉറച്ച സ്വരത്തിൽ ഹംസയും കുടുംബവും പറഞ്ഞത് രാത്രിയിൽ വൈകി ഗോവയിൽ നിന്നെത്തിയെന്നും "ഈ മുറിയിൽ " സഫിയ ഉറങ്ങിയെന്നും രാവിലെ മക്കളോടൊപ്പം കളിക്കുന്നത് ഹംസയുടെ ഉമ്മ കണ്ടു എന്നുമാണ്.
ഒരു പതിനാറ് വയസ്സുകാരി പുലർച്ചെ എഴുന്നേറ്റ് കളിക്കുന്നുണ്ടായിരുന്നു എന്നതൊഴിച്ചാൽ ബാക്കിയൊക്കെ വളരെ വിശ്വസനീയമായി കമ്മീഷൻ അംഗങ്ങൾക്ക് അന്ന് തോന്നിയിരുന്നു. അപ്പോഴേക്കും ലോക്കൽ പോലീസിൻ്റെ അന്വേഷണം തൃപ്തികരമല്ല എന്ന ആരോപണം ശക്തമാവുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊടുക്കാൻ തീരുമാനമാവുകയും ചെയ്തു. ഗോവയിൽനിന്നുള്ള അതിർത്തി ചെക്ക് പോസ്റ്റിലെ രേഖകളിൽ ഹംസയോടൊപ്പം കേരളത്തിലേക്ക് വന്നവരുടെ എണ്ണത്തിൽ തിരുത്തി എഴുതൽ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത് ജനകീയ അന്വേഷണ കമ്മീഷനായിരുന്നു.
സഫിയ തിരോധാനത്തിലെ പിടിവള്ളി ആ "തിരുത്തൽ രേഖയായിരുന്നു.അത് തിരുത്താൻ കൂട്ടുനിന്നതിൻ്റെ പേരിലാണ് എസ്.ഐ.ഗോപാലകൃഷ്ണനെ ക്രൈം ബ്രാഞ്ച് പ്രതി ചേർക്കുന്നത്. സത്യസന്ധരായ എത്ര പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നാലും ഒന്നോ രണ്ടോ അഴിമതിക്കാർ വിചാരിച്ചാൽ നിഷ്കളങ്കയായ ഒരു കുഞ്ഞിൻ്റെ കൊലപാതകം പോലും കാണാതാവലായി മാറ്റാൻ നിഷ്പ്രയാസം കഴിയുമെന്ന യാഥാർത്ഥ്യത്തിനു മുന്നിൽ വിട്ടുവീഴ്ചയില്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ നിശ്ചയദാർഢ്യം വിജയിക്കുമെന്നതിന് തെളിവാണ് സഫിയ കൊലക്കേസ്.
പിന്നീടങ്ങോട്ട് ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണം തൃപ്തികരമായിരുന്നു. സഫിയ ഗോവയിൽനിന്ന് കേരളത്തിലേക്ക് വന്നിട്ടില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് അവൾക്ക് എന്ത് സംഭവിച്ചു എന്ന അന്വേഷണത്തിൽ പോലീസിന് മുന്നിൽ ഹംസയ്ക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവൾ പൊള്ളലേറ്റ് മരിച്ചുവെന്നും മൃതശരീരം കഷണങ്ങളാക്കി ഗോവയിലെ മാല്ലോം ഡാം സൈറ്റിൽ കുഴിച്ചുമൂടിയെന്നും അയാൾക്ക് സമ്മതിക്കേണ്ടി വന്നു. സാഹചര്യത്തെളിവുകളുടെ പിൻബലം മാത്രമുള്ള കേസിൽ ഒന്നര വർഷത്തിനു ശേഷം കിട്ടിയ നിർണായക തെളിവുകളും പരിശോധനയിലൂടെ അവ സ്ഥിരീകരിച്ച ഫോറൻസിക് വിദഗ്ദ ഡോ. ഷെർലി വാസുവിൻ്റെ കണ്ടെത്തലുകളുമാണ് ജനകീയ അന്വേഷണത്തിനും ജനകീയ സമ്മർദ്ദങ്ങൾക്കുമൊടുവിൽ കേസ് തെളിയിക്കുന്നത്.
രണ്ട് ഫ്ലാറ്റുകളാണ് ഗോവയിൽ കോൺട്രാക്റ്ററായ ഹംസയ്ക്കുള്ളത്. അതിലൊന്നിൽ വെച്ചാണ് സഫിയയ്ക്ക് പൊള്ളലേൽക്കുന്നത്. അത് എങ്ങനെയെന്നതോ എന്ത് കാരണത്താലെന്നതോ ഇപ്പോഴും ഹംസയ്ക്കും ഭാര്യ മൈമൂനയ്ക്കും മാത്രം അറിയാവുന്ന രഹസ്യമാണ്. തിളച്ച കഞ്ഞിവെള്ളം സഫിയയുടെ മേൽ വീണത് കയ്യബദ്ധം എന്നാണ് അവർ കോടതിയിൽ പറഞ്ഞത്. പൊള്ളലേറ്റ വിവരം പുറത്തറിഞ്ഞാൽ പ്രശ്‌നമാവും എന്ന് ഭയന്നാണ് ആരും അറിയാതിരിക്കാൻ ശരീരം കുളിമുറിയിൽ കൊണ്ടുപോയി ജീവനോടെ തന്നെ കഷണങ്ങളാക്കിയത് എന്നാണ് ഒന്നാം പ്രതി ഹംസ കോടതിയിൽ പറഞ്ഞത്. തുടർന്ന് മൂന്ന് ബിഗ് ഷോപ്പർ ബാഗുകളിലാക്കി. ഗോവയിൽത്തന്നെയുള്ള ബന്ധു അബ്ദുള്ളയുടെ കാറിൽ 60 കിലോ മീറ്ററോളം അകലെയുള്ള ഡാം സൈറ്റിലെ കാട്ടിൽ ഉപേക്ഷിച്ചു. വീണ്ടും അതെടുത്ത് സമീപത്തെ തൻ്റെ വർക്ക് സൈറ്റിലെ അഞ്ച് മീറ്ററിലധികം ആഴമുള്ള കിണറിലിട്ട്, കോൺട്രാക്റ്റർ എന്ന സൗകര്യമുപയോഗിച്ച് ജെ.സി.ബി. കൊണ്ട് മണ്ണിട്ട് മൂടി.
മാസങ്ങൾക്കു ശേഷവും അബ്ദുള്ളയുടെ കാറിൻ്റെ ഡിക്കിയിൽ നഷ്ടപ്പെടാതെ കിടന്ന തലമുടിയുണ്ടായിരുന്നു. താൻ കൊല ചെയ്യപ്പെട്ടതാണെന്ന് തെളിയിക്കാൻ അവൾ അവശേഷിപ്പിച്ചു പോയ ഒരു തലമുടി. ഡിവൈഎസ്പി സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം സഫിയ കൊല്ലപ്പെട്ട് ഒരു വർഷത്തിനുശേഷമാണ് ആ തലമുടി കണ്ടെത്തുന്നത്. അവളെ തുണ്ടംതുണ്ടമാക്കിയ കുളിമുറി പല പ്രാവശ്യം പല വെള്ളത്തിൽ അടിച്ചു കഴുകി വൃത്തിയാക്കിയിട്ടും ചൂലിൻ്റെ ഈർക്കിലുകൾക്കും വെള്ളത്തിനും പിടികൊടുക്കാതെ അവശേഷിച്ച രക്തക്കറ മറ്റൊരു തെളിവായിരുന്നു. പ്രധാനപ്പെട്ട തെളിവായത് ഗോവയിലെ ഡാം സൈറ്റിൽ നിന്ന് 2008 ജൂണിൽ ജെ.സി.ബിയുപയോഗിച്ച് മാന്തിയെടുത്ത അവളുടെ തലയോട്ടിയും വസ്ത്രത്തിൻ്റെ അവശിഷ്ടവുമാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി കെ.സി. ഹംസയ്ക്ക് വധശിക്ഷയാണ് കാസർകോട് സെഷൻസ് കോടതി വിധിച്ചത്. ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
മറ്റ് നാല് പ്രതികളിൽ രണ്ടു പേരെ സെഷൻസ് കോടതിയും രണ്ട് പേരെ ഹൈക്കോടതിയും വെറുതെ വിട്ടു. ഒന്നാം പ്രതി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. 18 വർഷത്തിനു ശേഷം 2024 നവംബർ 11-നാണ് കോടതിയിൽ സൂക്ഷിച്ചിരുന്ന സഫിയയുടെ തലയോട്ടി വിറയ്ക്കുന്ന കൈകളോടെ കുടുംബം ഏറ്റുവാങ്ങിയത്. 2006 ഡിസംബർ 16-നാണ് സഫിയ കൊലചെയ്യപ്പെടുന്നത്. 18 മാസത്തിനു ശേഷമാണ് മണ്ണിനടിയിൽനിന്ന് തലയോട്ടി കുഴിച്ചെടുത്തത്. മെറ്റിരിയൽ ഒബ്ജക്ട് ആയി കോടതി മുറിയിൽ സൂക്ഷിക്കപ്പെട്ട തലയോട്ടിയാണ് കോടതിയിടപെടൽ വഴി തിരിച്ചെടുത്ത് ഒരു മയ്യത്തിൻ്റെ ബഹുമതിയോടെ അയ്യങ്കേരി പള്ളിയിൽ ഖബറിൽ അടക്കം ചെയ്തത്.
മകളെ നഷ്ടപ്പെട്ട ആ ഉമ്മയുടെ നിസ്സഹായാവസ്ഥയിലും തുടർന്ന നിശ്ചയദാർഢ്യം അസാധാരണമായിരുന്നു. കേസ് തെളിയിക്കാൻ നിയോഗിക്കപ്പെട്ടവരിൽത്തന്നെ
കേസ് അട്ടിമറിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. അവർക്കിടയിൽ ഫോറൻസിക് വിദഗ്ദ ഷെർലി വാസുവിനെപ്പോലെ അറിവും ആത്മാർത്ഥതയും ഉള്ള ഉദ്യോഗസ്ഥരും ആ ഉമ്മയ്ക്ക് തുണയായിരുന്നു.
ഒന്നര വർഷത്തിനു ശേഷവും ജെ.സി.ബി .കുഴിച്ചെടുത്ത മണ്ണ് തൊട്ട് പരിശോധിച്ച് മൃതശരീരത്തിൻ്റെ അവശേഷിപ്പുകൾ ഉള്ള മണ്ണാണോ എന്ന് പറയാനുള്ള ഷെർലി വാസു എന്ന ഫോറൻസിക് വിദഗ്ദയുടെ കഴിവ് ഗോവയിൽ അവർക്കൊപ്പം ചെലവഴിച്ച സമയത്ത് കണ്ടറിഞ്ഞതാണ്. പബ്ലിക്ക് പ്രോസിക്യൂട്ടർ ഷുക്കൂർ കേസ് ഏറ്റെടുത്തതു മുതൽ ഇപ്പോൾ മെറ്റീരിയൽ ഒബ്ജക്ട്തിരിച്ച് കൊടുക്കുന്നത് വരെ നിയമസഹായിയായി കൂടെയുണ്ടായിരുന്നു. സഫിയ എവിടെ എന്ന ചോദ്യവുമായി സമരത്തോടൊപ്പം നിന്ന നാരായണൻ പേരിയ സഫിയയുടെ അവസാനശേഷിപ്പ് ഏറ്റുവാങ്ങുന്ന വേളയിലും പ്രായാധിക്യം മറന്ന് കോടതിയിൽ എത്തിയിരുന്നു. അമ്പലത്തറ കുഞ്ഞികൃഷ്ണനും സുബൈർ പടുപ്പും വിജയലക്ഷ്മിയും സുൽഫത്തും അടക്കമുള്ള ആക്ഷൻ കമ്മറ്റി അംഗങ്ങൾ ഉണ്ടായിരുന്നു. എല്ലാ മനസ്സും ആഗ്രഹിക്കുന്നത് ആ ഉമ്മയുടെ ചങ്ക് തകർന്ന നിലവിളിയോടൊപ്പം പുറത്തേക്ക് വന്ന വാക്കുകൾ തന്നെയാണ്. "ഇനി ഒരു ഉമ്മയ്ക്കും ........"
Content Highlights: Justice for Safiya: Mother`s Fight Ends After 18 Years
Published: 14 Nov 2024, 11:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented