1984, ഒരു ഇതിഹാസത്തിന്റെ അവസാനം, ഒരു പുതുയുഗത്തിന്റെ ആരംഭം. സഫ്ദർജങ് റോഡിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോഴാണ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ 1984 ഒക്ടോബർ 31-ന് അവരുടെതന്നെ സുരക്ഷാസംഘത്തിലുള്ള ബിയാന്ത് സിങ്ങും സത്‌വന്ത് സിങ്ങും വെടിവെച്ചു കൊല്ലുന്നത്. അഞ്ച് മാസങ്ങൾക്കു മുമ്പ് ജൂണിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന പേരിൽ സിഖുകാരുടെ പരമപവിത്രക്ഷേത്രമായ ഗോൾഡൻ ടെംബിളിൽ നടന്ന നടപടിയുടെ പ്രതികാരം. ഇവിടെവച്ച് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ മാറുകയായിരുന്നു. വിദേശത്തായിരുന്ന ഇന്ദിരയുടെ മൂത്ത മകൻ രാജീവ് ഗാന്ധി അടിയന്തരമായി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. കിച്ചൻ കാബിനറ്റ് എന്നറിയപ്പെട്ട ഇന്ദിരയുടെ ഏറ്റവും അടുപ്പക്കാർ ചേർന്ന് രാജീവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദേശിക്കുന്നു.

To advertise here,

1984 ഒക്ടോബർ 31-ന് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരത്തിന്റെ ഏറ്റവും ഉന്നതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു. പൈലറ്റായി ജോലി ചെയ്യുകയായിരുന്ന രാജീവ്  ഇളയ സഹോദരൻ സഞ്ജയ് ഗാന്ധി 1980-ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1981-ൽ അമേത്തിയിൽനിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ 1984 ഡിസംബറിൽ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടന്നു. ആകെയുള്ള 514 സീറ്റിൽ 404 എണ്ണം നേടി ചരിത്രം സൃഷ്ടിച്ചാണ് രാജീവ് അധികാരത്തിൽ വീണ്ടും ഇടംതേടിയത്. തൊട്ടടുത്ത വർഷം പഞ്ചാബിലും അസമിലും നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റുകൾ കൂടി സ്വന്തമാക്കി കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിൽ ഭരണം തുടങ്ങി.

അധികാരരാഷ്ട്രീയം അപരിചിതമായിരുന്ന രാജീവിനു ചുറ്റും പുതിയൊരു സംഘം രൂപപ്പെടുകയായിരുന്നു. അമേത്തിയിലെ യുവരാജാവായ വിശ്വനാഥ് പ്രതാപ് സിങ് എന്ന വി.പി. സിങ്ങായിരുന്നു ഉത്തർപ്രദേശിലെ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കോൺഗ്രസിനെ നയിച്ചിരുന്നത്. അരുൺസ് ഇൻ വെയ്റ്റിങ് എന്നറിയപ്പെട്ടിരുന്ന രണ്ട് അരുൺമാരായിരുന്നു ഇവരിൽ ഏറ്റവും ശക്തർ. രാജീവിന്റെ കസിനായ അരുൺ നെഹ്റുവും വ്യവസായിയായിരുന്ന അരുൺ സിങ്ങും. രാജീവിന്റെ സുഹൃത്തും പൈലറ്റുമായിരുന്ന ക്യാപ്റ്റൻ സതീഷ് ശർമ്മ ആയിരുന്നു മൂന്നാമൻ. ഇവർക്കെല്ലാം രാഷ്ട്രീയ പരിചയുമായി ഇന്ദിരയുടെ വിശ്വസ്തൻ എം.എൽ. ഫൊത്തേദാർ. എങ്കിലും വി.പി.സിങ്ങിന് രാജീവിന്റെ ഏറ്റവും അടുത്ത സംഘത്തിൽ ഉൾപ്പെടാൻ അപ്പോഴും കഴിഞ്ഞിരുന്നില്ല.

ഇന്ദിരയുടെ മകനാണെങ്കിലും, സത്യത്തിൽ രാജീവിൽ ആർക്കും വിശ്വാസം ഉണ്ടായിരുന്നില്ല, 1985-ൽ യുഎസ്. സന്ദർശനം നടത്തുംവരെ. വാഷിങ്ടണിൽവെച്ച് നടത്തിയ വാർത്താ സമ്മേളനം എല്ലാം മാറ്റിമറിച്ചു. ചോദ്യങ്ങൾക്കുള്ള മറുപടിയും വിശാലമായ കാഴ്ച്ചപ്പാടും നർമ്മവും രാജീവ് ഗാന്ധിയുടെ അതുവരെയുണ്ടായിരുന്ന ഇമേജ് തകർത്തെറിയുകയായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയതോടെ രാജീവ് കൂടുതൽ ശക്തനായി. ഇന്ത്യ പുതുയുഗത്തിലേക്ക് കടക്കുകയാണെന്ന ധാരണ പൊതുവെ ലോകത്തിനു മുന്നിൽ സൃഷ്ടിക്കപ്പെട്ടു. ടെലികോം രംഗത്ത് മാറ്റങ്ങൾ പ്രകടമായി.

പിന്നീട് വന്ന ചെറിയൊരു മന്ത്രിസഭാ പുനഃസംഘടനയാണ് കാര്യങ്ങളെല്ലാം കീഴ്മേൽ മറിച്ചത്. ധനകാര്യമന്ത്രിയായിരുന്ന വി.പി. സിങ് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയിൽ എത്തി. രാജീവിന്റെ കിച്ചൻ കാബിനറ്റ് കൂടുതൽ ശക്തമായി. പതിയെ ആ ഗ്രൂപ്പിൽനിന്ന് വി.പി. സിങ് അകന്നുതുടങ്ങി. പ്രതിരോധ മന്ത്രാലയത്തിലെ 'കിക്ബാക്സി'ലായിരുന്നു തുടക്കം. പതിയപ്പതിയെ അതു വളർന്ന് സ്വീഡിഷ് ആയുധ നിർമാതാക്കളായ ബോഫോഴ്സിന്റെ പീരങ്കി കരാറിന്റെ ഉള്ളറകളിലേക്കെത്തി.

ബോഫോഴ്സ് അഴിമതി ആരോപണം വന്നതിനു പിന്നാലെ രാജീവിന്റെ 'കിച്ചൻ കാബിനറ്റ്' നാമാവേശേഷമായതായിരുന്നു മറ്റൊരു പരിണിതഫലം. അരുൺ നെഹ്റു വി.പി. സിങ്ങിനോടൊപ്പം ചേരുകയും രാജീവിന്റെ നിതാന്തശത്രുവാവുകയും ചെയ്തു. 1989-ൽ വി.പി. സിങ് മന്ത്രിസഭയിൽ വാണിജ്യ മന്ത്രിയായി മന്ത്രിസഭയിലെ രണ്ടാമനായി മാറി. സതീഷ് ശർമ പക്ഷേ, ഒരിക്കലും കോൺഗ്രസിൽനിന്ന് പുറത്തുപോയില്ല. രാജീവിന്റെ മരണത്തിനുശേഷം അമേത്തിയിൽനിന്ന് വിജയിച്ചതും സതീഷ് ശർമയാണ്. 1999 മുതൽ 2004 വരെ റായ്ബറേലിയിൽനിന്നും ശർമ്മ വിജയിച്ചു.

അതേസമയം, രാജീവിന്റെ കളിക്കൂട്ടുകാരനും ക്ലാസ്മേറ്റുമായിരുന്ന അരുൺ സിങ്ങിന്റെ പതനമായിരുന്നു ഏറ്റവും ഭീകരം. ഏറ്റവും അടുപ്പമുണ്ടായിരുന്ന അരുൺ സിങ്ങിനെയാണ് രാജീവ് ഗാന്ധി തന്റെ 1984 മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയാക്കിയത്. ബോഫോഴ്സ് ആരോപണം ഉയർന്നതോടെ ഈ ബന്ധം ഉലഞ്ഞു. 1987-ൽ പ്രതിരോധ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചതോടെ അരുൺ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തിനു വിരാമമായി. പിന്നീടൊരിക്കലും പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത അരുൺ സിങ് ഹിമാചലിലെ കൃഷിസ്ഥലത്തേക്ക് ഒതുങ്ങി.

പ്രധാനമന്ത്രിക്കുനേരെ ആരോപണങ്ങളുമായി വി.പി. സിങ് അഴിമതി വിരുദ്ധപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി മാറുന്നതാണ് പിന്നീട് രാജ്യം കണ്ടത്. ജനതാദൾ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ കോൺഗ്രസിന് ബദലായി സിങ് വളർന്നു. ബോഫോഴ്‌സ് അഴിമതിയെ വി.പി. സിങ് ശക്തമായ ഒരു അഴിമതി വിരുദ്ധ പ്രചാരണമാക്കി മാറ്റി. ഇത് രാജീവ് ഗാന്ധിയുടെ 'മിസ്റ്റർ ക്ലീൻ' എന്ന പ്രതിച്ഛായ തകർക്കുകയും 1989-ൽ കോൺഗ്രസ് പാർട്ടിയുടെ പരാജയത്തിന് കാരണമാവുകയും ചെയ്തു. 1987 ഏപ്രിലിൽ പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ച ശേഷം, ഭിന്നിച്ചുനിന്ന പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ സിങ് ഈ അഴിമതിയെ ഉപയോഗിച്ചു. ഒടുവിൽ അദ്ദേഹം പ്രധാനമന്ത്രിയാകുകയും ബോഫോഴ്സ് അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

പ്രതിരോധ രംഗത്തെ അഴിമതിക്ക് വൻ ഭൂരിപക്ഷമുള്ള ഒരു സർക്കാരിനെപ്പോലും താഴെയിറക്കാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് ഈ പ്രചാരണം ഇന്ത്യൻ രാഷ്ട്രീയത്തെ മൗലികമായി മാറ്റിമറിച്ചു. ആയുധവ്യാപാരിയായ ഒട്ടാവിയോ ക്വാത്‌റോച്ചിയുടെ പങ്കിനെച്ചൊല്ലിയും രാജീവിന്റെ കുടുംബത്തിന് അയാളുമായുള്ള സൗഹൃദത്തെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുതുടങ്ങി. ഒട്ടാവിയോ ക്വാത്‌റോച്ചിയുടെ പങ്ക്, അല്ലെങ്കിൽ സ്വീഡിഷ് ഓഡിറ്റ് എന്നിവയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ സി.ബി.ഐയുടെ എഫ്.ഐ.ആറിൽ ഇടംപിടിച്ചു.

തനിച്ചു ഭൂരിപക്ഷം ഇല്ലാതിരുന്ന ജനതാദളിന് അധികകാലം അധികാരത്തിൽ തുടരാൻ സാധിച്ചില്ല. രണ്ടു വർഷത്തിനുശേഷം 1991-ല് വീണ്ടും പൊതുതിരഞ്ഞെടുപ്പ്. മെയ് 21-ന് രാത്രി 10-10ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിൽ തമിഴ് തീവ്രവാദികളുടെ ബെൽറ്റ് ബോംബ് ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ ബോഫോഴ്സ് കേസുകളുടെ ഒരു ഘട്ടം അവസാനിക്കുകയായിരുന്നു. തുടർന്ന് പി.വി. നരസിംഹ റാവുവിന്റെ മന്ത്രിസഭ അധികാരത്തിലെത്തി. ഇഴഞ്ഞുനീങ്ങിയ ബോഫോഴ്സ് അന്വേഷണത്തിൽ 2004-ലാണ് ഡൽഹി ഹൈക്കോടതി രാജീവ് ഗാന്ധിയെ കുറ്റവിമുക്തനാക്കി ഉത്തരവിടുന്നത്.

കേസ് സുപ്രീം കോടതിയിലെത്തി. അന്വേഷണവും പുനരന്വേഷവും നടന്നു. ഡൽഹി ഹൈക്കോടതി വിധിക്കു പിന്നാലെയുണ്ടായ വി.പി. സിങ്ങിന്റെ പ്രതികരണമായിരുന്നു പിന്നീട് ഇക്കാര്യത്തിലുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ ചലനം. ബോഫോഴ്സ് കേസിൽ രാജീവ് ഗാന്ധി പണം കൈപ്പറ്റിയെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ലെന്ന് വി.പി. സിങ് ആണയിട്ടു. അപ്പോഴേക്കും അർബുദബാധിതനായിരുന്ന സിങ് അവസാനകാലത്ത് രാജീവിന് സംശയത്തിന്റെ അനുകൂല്യം നൽകുകയാണെന്നായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

എന്നാൽ, ഏറെക്കുറെ പശ്ചാത്താപത്തോടെയാണ് പിന്നീട് വി.പി. സിങ് സോണിയ ഗാന്ധിയെ കണ്ടതും ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് നിലനിൽക്കണമെന്ന് ആഗ്രഹിച്ചതും. ഒടുവിൽ ബോഫോഴ്സ് കേസ് ഇന്ത്യയിലെ പരമോന്നത കോടതി തള്ളിക്കളയുമ്പോൾ 40 വർഷത്തെ പാപഭാരം കൂടി ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയകുടുംബത്തിൽനിന്നു കഴുകിക്കളയുക കൂടിയാണ്, എല്ലാറ്റിനും തുടക്കമിട്ട വി.പി. സിങ് അവസാനകാലത്ത് ചെയ്തതുപോലെ.