
സായുധ പോരാട്ടങ്ങള്‍ക്ക് ഒരിക്കലും ശാശ്വത പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം ലോകത്തിന്റെ യുദ്ധ ചരിത്രങ്ങളോരോന്നും പരിശോധിക്കുമ്പോള്‍ നമുക്ക് മുമ്പില്‍ തെളിഞ്ഞുനില്‍ക്കുന്നത് കാണാം. എന്നന്നേക്കും സമാധാനമെന്ന് പറഞ്ഞ് തുടങ്ങുന്നവ എന്നന്നേക്കും നാശത്തിലേക്ക് വഴിമാറും. അവിടെ ജീവനും ജീവിതവും നഷ്ടപ്പെട്ട് ചിന്നിച്ചിതറിപ്പോയവരുടെ കണക്കുകള്‍ മാത്രം ബാക്കിയാവും. കഴിഞ്ഞുപോയ മഹായുദ്ധങ്ങള്‍ മുതല്‍ ഇപ്പോഴും തുടരുന്ന റഷ്യന്‍-യുക്രൈന്‍ സംഘര്‍ഷം വരെ അതിന്റെ നേര്‍ക്കാഴ്ചകളാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കുർദുകളും-തുർക്കി ഭരണകൂടവും തമ്മിലുള്ള വർഷങ്ങളോളമുള്ള പോരാട്ടം. നാല്‍പത് വര്‍ഷത്തെ സായുധ പോരാട്ടത്തിന് ശേഷം ആയുധങ്ങള്‍ അഗ്നിക്കിരയാക്കി ഇനി പോരാട്ടം ജനാധിപത്യ പാതയിലെന്ന് പറഞ്ഞ് കീഴടങ്ങിയ പികെകെ (കുര്‍ദിസ്താന്‍ വര്‍ക്കേസ് പാര്‍ട്ടി)യുടെ വാര്‍ത്തകള്‍ പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഇവിടെയും ബാക്കിയായത് നഷ്ടക്കണക്കുകൾ മാത്രം.
കഴിഞ്ഞ ദിവസമായിരുന്നു ഇറാഖി കുര്‍ദിസ്താനിലെ കസീനിലുള്ള ഗുഹയ്ക്ക് പുറത്ത് 30 പി.കെ.കെ പോരാളികള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചത്. തോക്കുകളടക്കമുള്ള ആയുധങ്ങള്‍ ഒരു വലിയ കണ്ടെയ്‌നറില്‍ ഉപേക്ഷിച്ച് അഗ്നിക്കിരയാക്കുന്ന കാഴ്ച ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചു. ജയിലില്‍ കഴിയുന്ന പി.കെ.കെ സ്ഥാപക നേതാവ് അബ്ദുള്ള ഒചലന്റെ നിര്‍ദേശപ്രകാരമായിരുന്നു ആയുധമുപേക്ഷിക്കല്‍.
നാല്‍പത് വര്‍ഷം മുമ്പ് സ്വതന്ത്ര കുര്‍ദിഷ് രാഷ്ട്രമെന്ന ആവശ്യം പറഞ്ഞ് തുടങ്ങി ഒടുവില്‍ കുര്‍ദുകളുടെ സ്വയംഭരണം എന്ന ആവശ്യത്തിലേക്ക് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം മാറ്റി സായുധ കലാപങ്ങള്‍ക്ക് പി.കെ.കെ തിരികൊളുത്തി ആളിക്കത്തിച്ചപ്പോള്‍ അത് തുര്‍ക്കി കണ്ട ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപമായി മാറി. നാല്‍പത് വര്‍ഷത്തിനിടെ നാല്‍പതിനായിരം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിക്കുന്നവര്‍ അതിനേക്കാളേറ. കഴിഞ്ഞ ഫെൂബ്രുവരി 27-ന് ആയിരുന്നു പി.കെ.കെ ആയുധം ഉപേക്ഷിക്കുമെന്ന പ്രഖ്യപനം അബ്ദുള്ള ഒചലന്‍ ജയില്‍ നിന്ന് വ്യക്തമാക്കിയത്. പി.കെ.കെ ഔദ്യോഗികമായി പിരിച്ചുവിടുമെന്നും അറിയിച്ചു.

സ്വന്തം നാടില്ലാത്ത കുര്‍ദുകള്‍
തുര്‍ക്കി, ഇറാഖ്, ഇറാന്‍, സിറിയ, അര്‍മേനിയ എന്നീ അതിര്‍ത്തി രാജ്യങ്ങളില്‍ ജീവിച്ചുപോവുന്ന കുര്‍ദുകള്‍ മധ്യപൂര്‍വദേശത്തെ തന്നെ ഏറ്റവും പുരാതനമായ വംശങ്ങളിലൊന്നാണ്. സ്വന്തം ഭാഷയും സംസ്‌കാരവുമുണ്ടെങ്കിലും സ്വന്തമായി ഒരു രാജ്യമെന്നതായിരുന്നു അവരുടെ സ്വപ്‌നം. ഒരു നൂറ്റാണ്ട് മുമ്പ് ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു കുര്‍ദ് പ്രേദേശങ്ങള്‍ മിക്കതും.
ഒന്നാംലോക മഹായുദ്ധത്തില്‍ ഓട്ടോമാന്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍ സ്വന്തം രാജ്യമെന്ന തങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷെ യുദ്ധ വിജയികളായ ബ്രിട്ടനും ഫ്രാന്‍സും ഓട്ടോമന്‍ പ്രദേശങ്ങള്‍ വെട്ടിമുറിച്ച് ഇറാഖിനും സിറിയക്കും ജോര്‍ദാനും രൂപം നല്‍കിയപ്പോള്‍ കുര്‍ദുകള്‍ വിസ്മരിക്കപ്പെട്ടു. അങ്ങനെ തുടങ്ങിയതാണ് അവരുടെ പ്രശ്‌നം. കുര്‍ദുകള്‍ താമസിക്കുന്നയിടങ്ങളില്‍ അവര്‍ ന്യൂനപക്ഷമായി കണക്കാക്കപ്പെട്ടു. സ്വന്തം അസ്തിത്വത്തിനായി പോരാട്ടം നടത്തി. പക്ഷെ എല്ലാം അടിച്ചമര്‍ത്തപ്പെട്ടു. തുര്‍ക്കിയില്‍ മാത്രം ഒന്നരക്കോടിയില്‍ വരും കുര്‍ദുകള്‍. മറ്റെല്ലായിടത്തും നടന്നപോലെ അങ്ങനെയാണ് സ്വതന്ത്ര കുര്‍ദിഷ് വാദവുമായി കുര്‍ദുകള്‍ തുര്‍ക്കിയിലും സായുധ കലാപങ്ങള്‍ക്ക് തുടക്കമിട്ടത്. പക്ഷെ അത് വലിയ ആള്‍ നഷ്ടത്തിലേക്കും തുര്‍ക്കികണ്ട ഏറ്റവും വലിയ ആഭ്യന്തര കലാപങ്ങളിലൊന്നായയും മാറി.

കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി
1978-നവംബര്‍ 27 ന് ആണ് സ്വതന്ത്ര കുര്‍ദിഷ് രാഷ്ട്രമെന്ന ആശയം മുന്നോട്ടുവെച്ച് കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി രൂപവത്കരിക്കപ്പെടുന്നത്. 1984-ല്‍ സായുധ കലാപത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 1993- മുതല്‍ 2015 വരെയുള്ള കാലയളവില്‍ പല തവണ വെടിനിര്‍ത്തലുണ്ടായെങ്കിലും പൂര്‍ണ കീഴടങ്ങലുണ്ടായിരുന്നില്ല. ഇതുവരെയെങ്ങനെ നാല്‍പതിനായിരം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തുര്‍ക്കി അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവയെല്ലാം കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചു. പക്ഷെ അബ്ദുള്ള ഒചലന്റെ നേതൃത്വത്തില്‍ പി.കെ.കെ ആരംഭിച്ച സായുധ കലാപം തുര്‍ക്കിയുടെ ഉറക്കം കെടുത്തുക തന്നെ ചെയ്തു. തുര്‍ക്കിയുടെ തെക്ക് കിഴക്കന്‍ പ്രദേശത്ത് പരിമിതമായ സ്വയംഭരണവും നേടിയിരുന്നു. എന്നാല്‍ 1999 ല്‍ കെനിയയില്‍ വെച്ച് ഒചലന്‍ പിടിയിലായതോടെ തുര്‍ക്കിയിലെത്തിച്ച ശേഷം ഏകാന്ത തടവിലാണ്. ഒടുവില്‍ പികെകെ ആയുധമുപേക്ഷിച്ചതോടെ തുര്‍ക്കി സര്‍ക്കാരുമായുണ്ടാക്കിയ കരാറില്‍ ഒചലന്റെ മോചനം കൂടിയുണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തുര്‍ക്കിക്കപ്പുറം കുര്‍ദുകള്‍ ഏറെയുള്ള ഇറാഖ്, സിറിയ, ഇറാന്‍ എന്നിവിടങ്ങളിലെല്ലാം നിരായൂധികരണത്തിന്റെ തുടച്ചയുണ്ടാവുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
വലിയ വാര്‍ത്താപ്രാധാന്യം നല്‍കുക എന്ന ഉദ്ദേശ്യത്തോടൊയാണ് പി.കെ.കയുടെ നിരായൂധികരണത്തിന്റെ തുടക്കത്തിന് തുര്‍ക്കി സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതിനായി മാധ്യമ സംഘത്തേയും രാഷ്ട്രീയ പ്രതിനികളെയുമെല്ലാം ഇറാഖി കുര്‍ദിസ്താനിലെ നിശ്ചയിച്ച സ്ഥലത്തെത്തിച്ചിരുന്നു. ജസ്‌ന ഗുഹയുടെ അമ്പത് കിലോമീറ്റര്‍ അകലെ സുലേമാനിയയിലായിരുന്നു നിരായാധീകരണത്തിനായുള്ള പ്രത്യക പരിപാടി സംഘടിപ്പിച്ചത്. പി.കെ.കെയുടെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വരിനിന്ന് ഓരോരുത്തരായി ആദ്യം തോക്കടക്കമുള്ള ആയുധങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ വലിയ കുട്ടകത്തിനുള്ളിലേക്കിട്ടത്. എല്ലാം കത്തിക്കുകയും ചെയ്തു. നല്ല തീരുമാനങ്ങള്‍ വഴിയെ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ ഈ ആയുധങ്ങള്‍ ഇവിടെ നശിപ്പിക്കുകയാണ് എന്നുപറഞ്ഞാണ് വളണ്ടിയര്‍മാര്‍ ഓരോ ആയുധവും കുട്ടകത്തിലേക്കിട്ടത്. സായുധ പോരാട്ടത്തില്‍ നിന്ന് ജനാധിപത്യ പാതയിലേക്ക് എന്ന ഒചലന്റെ പ്രഖ്യാപനം കഴിഞ്ഞയാഴ്ചയായിരുന്നു പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് പൊതുമധ്യമത്തില്‍ വെച്ചുതന്നെ ഇവര്‍ ആയുധമുപേക്ഷിച്ചതും.

ആദ്യമല്ല, പക്ഷെ പ്രതീക്ഷയുണ്ട്
ഇത് ആദ്യമായല്ല സമാധാനത്തിനായി പികെകെ ശ്രമം നടത്തുന്നത്. പക്ഷെ ഇത്തവണ അവസാനമുണ്ടാകുമെന്ന് തന്നെ തുര്‍ക്കിയും പികെകെയും വിശ്വസിക്കുന്നു. 2013 ല്‍ പികെകെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2015-ല്‍ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നു. വീണ്ടും രൂക്ഷ സംഘര്‍ഷത്തിന്റെ നാളുകള്‍. തുര്‍ക്കി സൈന്യം പി.കെ.കെ യുടെ താവളങ്ങള്‍ ലക്ഷ്യമിട്ടതോടെ വലിയ ആള്‍ നാശമുണ്ടായി. ഇത് തുടര്‍ന്നതോടെയാണ് പികെകെ ആയുധം താഴെ വെക്കാതെ മറ്റൊരു ചര്‍ച്ചയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷമാണ് തുര്‍ക്കിയിലെ കുര്‍ദിഷ് അനുകൂല പാര്‍ട്ടിയായ കുര്‍ദിഷ് ദെം പാര്‍ട്ടി നേതാക്കള്‍ വഴി തുര്‍ക്കി സര്‍ക്കാര്‍ ഒചലനുമായി ചര്‍ച്ച തുടങ്ങിയത്. ഒചലനെ താമസിപ്പിച്ച ഇമ്രലി ദ്വീപിലെ ഏകാന്ത ജയിലിലെത്തിയാണ് ഇവര്‍ ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയാണ് ആയുധമുപേക്ഷിക്കുക ജനാധിപത്യ മാര്‍ഗത്തിലേക്കെത്തുക എന്ന നിര്‍ണായക തീരുമനത്തിന് പി.കെ.കെ വഴിമാറിയത്. ഞാന്‍ വിശ്വസിക്കുന്നത് രാഷ്ട്രീയത്തിന്റെയും സാമൂഹിക സമാധാനത്തിന്റെയും ശക്തിയിലാണ്, ആയുധങ്ങളിലല്ല. ഈ തത്വം പ്രാവര്‍ത്തികമാക്കാന്‍ നിങ്ങളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു-എന്നായിരുന്നു ചര്‍ച്ചകള്‍ക്ക് ശേഷം അബ്ദുള്ള ഒചലന്റെ പ്രഖ്യാപനം.
ആയുധമുപേക്ഷിക്കല്‍ മറ്റ് കുര്‍ദ് മേഖലകളിലും
തുര്‍ക്കിക്ക് പുറമെ അരാരത്ത്- സാഗ്രോസ് മലനിരകള്‍ക്ക് ഇടയിലായാണ് ഇറാനിലെ കുര്‍ദിസ്താന്‍ വ്യാപിച്ചു കിടക്കുന്നത്. ഇറാഖുമായും തുര്‍ക്കിയുമായും അര്‍മേനിയയുമായും ഈ മേഖല അതിര്‍ത്തി പങ്കിടുന്നു. സുന്നി- ഷിയാ മുസ്ലിംകള്‍ക്ക് പുറമേ ഇസ്ലാമിന് മുമ്പ് ഉണ്ടായിരുന്നെന്ന് അവകാശപ്പെടുന്ന കുര്‍ദ് മതമായ യാര്‍സനില്‍പ്പെട്ടവരും ഈ മേഖലയില്‍ അധിവസിക്കുന്നു. 1979-ല്‍ ഷാ ഭരണകൂടത്തിനെതിരെ ആയത്തുള്ള ഖമീനിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തില്‍ പോരാടിയെങ്കിലും, അധികാരത്തിലെത്തിയ ശേഷം ഖമീനി കുര്‍ദ് ജനതയ്ക്കെതിരെ ജിഹാദ് പ്രഖ്യാപിച്ചു.
ഇറാനില്‍ ജനാധിപത്യവും സ്വയംഭരണാവകാശവുമായിരുന്നു കുര്‍ദുകളുടെ ആവശ്യം. എന്നാല്‍, അവര്‍ക്കെതിരെ ഖമീനി ഭരണകൂടം കടുത്ത സാമ്പത്തിക- സൈനിക- മാനസിക യുദ്ധമാണ് അഴിച്ചുവിട്ടത്. ഇത് തങ്ങളെ വലിയ വംശഹത്യയിലേക്ക് വഴിവെച്ചെന്ന് കുര്‍ദ് സംഘടനകള്‍ ആരോപിക്കുന്നു. ഇറാനിലെ കുര്‍ദുകളുടെ അവസ്ഥ യാതൊരു മാറ്റവുമില്ലാതെ ഇപ്പോഴും തുടരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങളുണ്ടാവുന്നത്.
താരതമ്യേന ശാന്തമായി ജീവിക്കുന്ന ജനതയെന്നാണ് ഇറാഖി കുര്‍ദുകള്‍ അറിയപ്പെടുന്നത്. കുര്‍ദുകള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കന്‍ ഇറാഖില്‍ സ്വയംഭരണാധികാരമുണ്ട്. എന്നാല്‍, സദ്ദാം ഹുസൈന്റെ കാലത്ത് കടുത്ത പീഡനമായിരുന്നു അനുഭവിക്കേണ്ടി വന്നത്. 1988-ല്‍ കുര്‍ദ് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സദ്ദാം ഹുസൈന്‍ രാസായുധം ഉപയോഗിക്കുകപോലും ചെയ്തു. അന്ന് അയ്യായിരം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1991-ലും 2003-ലും യു.എസിന്റെ നേതൃത്വത്തില്‍ സദ്ദാമിനെതിരെ നടന്ന യുദ്ധങ്ങളില്‍ കുര്‍ദുകള്‍ സജീവമായി പങ്കെടുത്തു. സദ്ദാമിന്റെ പതനത്തിന് ഇടയാക്കിയ 2003-ലെ യുദ്ധത്തെത്തുടര്‍ന്നാണ് കുര്‍ദുകള്‍ക്ക് കൂടുതല്‍ മികച്ച സാഹചര്യം ലഭിക്കാന്‍ തുടങ്ങിയത്. 2005-ലാണ് ഇറാഖി കുര്‍ദിസ്താന്‍ യാഥാര്‍ഥ്യമാകുന്നത്.
പെഷ്മര്‍ഗ എന്ന പേരില്‍ സൈന്യവും ഇവര്‍ക്കുണ്ട്. കുര്‍ദിസ്താനെ വേര്‍പ്പെടുത്തി സ്വതന്ത്രരാജ്യമാക്കാന്‍ ഇറാഖ് സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ക്കിടയിലും കുര്‍ദുകള്‍ ഹിതപരിശോധന നടത്തി. പങ്കെടുത്ത 76 ശതമാനം പേരില്‍ 93 ശതമാവും അനുകൂലമായി വിധിയെഴുതി. എന്നാല്‍, ഇറാഖിന് പുറമേ, തുര്‍ക്കിയും ഇറാനും ബ്രിട്ടനും അമേരിക്കയും എതിര്‍ത്തതോടെ കുര്‍ദുകള്‍ ആവശ്യം നിരസിച്ചു. സ്വതന്ത്ര കുര്‍ദ് രാജ്യം വരുന്നതോടെ തങ്ങളുടെ എണ്ണ സമ്പന്നമായ അഞ്ചിലൊരു ഭാഗം നഷ്ടപ്പെടുമെന്നായിരുന്നു ഇറാഖിന്റെ ആശങ്ക. അതിര്‍ത്തിവഴി തങ്ങളുടെ രാജ്യത്തെ കുര്‍ദുകളെ സംഘടിപ്പിച്ച്, വിശാല കുര്‍ദിസ്താന്‍ രൂപീകരണ ശ്രമം നടത്തുമെന്നായിരുന്നു തുര്‍ക്കിയും ഇറാനും ഭയപ്പെട്ടത്.
ഭരണത്തിലെത്തിയത് മുതല്‍ കുര്‍ദുകള്‍ക്കെതിരെ കടുത്ത നിലപാടാണ് തുര്‍ക്കി ഭരണാധികാരി ഉര്‍ദുഗാന്‍ കൈക്കൊണ്ടത്. ഭീകര മുക്ത തുര്‍ക്കിയെന്ന പ്രഖ്യാപനം നടപ്പിലാക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടു. സ്വന്തം അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, ഇറാഖിന്റേയും സിറിയയുടേയും അതിര്‍ത്തി കടന്നും ഉര്‍ദുഗാന്‍ കുര്‍ദ് വിരുദ്ധ ഓപ്പറേഷനുകള്‍ക്ക് സമ്മതം നല്‍കി. രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നലെല്ലാം ഈ സംഘടനയാണെന്ന് എല്ലാ അവസരത്തിലും ഉര്‍ദുഗാന്‍ വ്യക്തമാക്കി. എന്നാല്‍, ജീവപര്യന്തം ശിക്ഷയില്‍ 26 വര്‍ഷമായി ഏകാന്ത തടവില്‍ കഴിയുന്ന ഒചാലിന്റെ അഭാവത്തില്‍ ലക്ഷ്യമില്ലാതെയാണ് പി.കെ.കെയുടെ നീക്കങ്ങള്‍ നടന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം പി.കെ.കെ ആയുധമുപേക്ഷിച്ചെങ്കിലും ഇനി ഒചലന്റെ മോചനമുണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് . എന്നാല്‍ ഇത് സംബന്ധിച്ച് ഒരു തരത്തിലുള്ള വ്യക്തതയും നല്‍കാന്‍ ഉര്‍ദുഗാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
Content Highlights: Kurdistan Workers` Party (PKK) ends 40-year armed struggle in Turkey.
Published: 14 Jul 2025, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented