
ദിവസങ്ങള്‍ക്കുമുമ്പ് പാകിസ്താനും താലിബാന്‍ നയിക്കുന്ന അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണങ്ങള്‍, ചാവേറാക്രമണങ്ങള്‍, ബോംബാക്രമണങ്ങളും പ്രത്യാക്രമണങ്ങളും എന്നിവയാല്‍ അഫ്ഗാന്‍-പാക് അതിര്‍ത്തി ദിവസങ്ങളോളം സംഘര്‍ഷഭരിതമായിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുശേഷം ദോഹയില്‍ നടന്ന സമവായ ചര്‍ച്ചയിലൂടെ സംഘര്‍ഷം വെടിനിര്‍ത്തല്‍ ധാരണയിലെത്തി. ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക ശാന്തിയായെങ്കിലും വെടിനിര്‍ത്തല്‍ ഒന്നിനും അവസാനമല്ല. പ്രതികാരനടപടികളുടെ ഭാഗമായി പ്രകോപനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ചരിത്രം ആവര്‍ത്തിക്കും. രൂക്ഷമായ പോരാട്ടങ്ങളിലേക്കാവും അത് എത്തിച്ചേരുക. എന്താണ് പാകിസ്താന്‍-അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷത്തിന്റെ ഭാവി? ബലപരീക്ഷണത്തില്‍ സമ്മര്‍ദ്ദത്തിലാവുമോ അഫ്ഗാന്‍-പാക് അതിര്‍ത്തി? സേനാശക്തിയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?
പുകഞ്ഞ് അതിര്‍ത്തി, ഒടുവിൽ സമവായം
പാകിസ്താനിൽ സംഘർഷം നടത്തുന്ന അഫ്ഗാൻ തീവ്രവാദികളെ താലിബാൻ നിയന്ത്രിക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് ഇരു രാജ്യങ്ങളും പങ്കിടുന്ന 2600 കിലോമീറ്റർ അതിർത്തി സംഘർഷഭരിതമായത്. അഫ്ഗാനില്‍ താവളങ്ങളുള്ള ഭീകരവാദ സംഘങ്ങള്‍ പാകിസ്താന്‍ പൗരന്മാരെയടക്കം നിഷ്ഠൂരമായി ആക്രമിക്കുകയാണ്, ഇവരെ അഫ്ഗാന്‍ ഭരണകൂടം നിയന്ത്രിക്കണമെന്നായിരുന്നു പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ആവശ്യപ്പെട്ടത്. അതിര്‍ത്തിക്ക് സമീപത്ത് അഫ്ഗാന്‍ തീവ്രവാദസംഘം നടത്തിയ ചാവേറാക്രമണത്തില്‍ ഏഴ് പാക് സൈനികരാണ് കൊല്ലപ്പെട്ടത്, പത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് തീവ്രവാദ സംഘം നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അസീം മുനീര്‍ ശക്തമായ പ്രതികരണം നടത്തിയത്. ഈ സംഭവവികാസങ്ങള്‍ക്ക് സമാന്തരമായി അതിര്‍ത്തിയില്‍ അഫ്ഗാന്‍ ഭീകരവാദികളുടെ കേന്ദ്രം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 200 പേരെ വധിച്ചതായി പാക് സൈന്യവും അറുപതോളം പാക് സൈനികരെ വധിച്ചതായി താലിബാനും അവകാശപ്പെട്ടു. കൊടുത്തും വാങ്ങിയും സംഘര്‍ഷം ഏഴ് ദിവസത്തോളം തുടര്‍ന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യപാതകളടക്കം അടച്ചു. സംഘര്‍ഷം തുടരുന്നതിനിടെ ഖത്തര്‍ നടത്തിയ മധ്യസ്ഥചര്‍ച്ചകള്‍ ഫലം കാണുകയും വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരികയും ചെയ്യുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ പൊതുജീവിതത്തെ സാരമായി ബാധിച്ചിരുന്നു. കൂടാതെ പക്തിക പ്രവിശ്യയിലെ സൈനികാക്രമണത്തില്‍ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ മരിച്ചതിനെ തുടര്‍ന്ന് പാകിസ്താനില്‍ നടക്കുന്ന ട്വന്റി20 അന്താരാഷ്ട്ര ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്മാറുകയും ചെയ്തു.
ഖത്തറും തുര്‍ക്കിയുമാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയത്. പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിയതായാണ് ഖത്തര്‍ പ്രസ്താവനയില്‍ അറിയിച്ചത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും രാജ്യത്തെ സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്താന്‍ വ്യോമാക്രമണം നടത്തിയതായി താലിബാന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എങ്കിലും ചര്‍ച്ചകളെ മാനിച്ച് തിരിച്ചടിക്കരുതെന്ന് അഫ്ഗാന്‍ അവരുടെ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. അതേസമയം തീവ്രവാദികളെയാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്താന്റെ വിശദീകരണം. വെടിനിര്‍ത്തല്‍ സമയത്ത് തീവ്രവാദികള്‍ പാകിസ്താനില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ തടയുന്നതിനുള്ള നീക്കമായിരുന്നു വെടിനിര്‍ത്തല്‍ കരാര്‍ എങ്കിലും താലിബാനും പാകിസ്താനും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നുവെന്ന പാകിസ്താന്റെ വാദം താലിബാന്‍ നിഷേധിക്കുകയാണ്, അഫ്ഗാനിസ്ഥാന്റെ സ്ഥിരതയെ തകര്‍ക്കാന്‍ ഐഎസ്സുമായി ബന്ധമുള്ള ഗ്രൂപ്പുകള്‍ക്ക് പാകിസ്താന്‍ അഭയം നല്‍കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. എന്നാല്‍ പാകിസ്താന്‍ ഈ ആരോപണങ്ങളേയും തള്ളിക്കളയുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സംഘര്‍ഷഭരിതമായ അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ കൂടുതല്‍ ഫലവത്തായ ചര്‍ച്ചകളിലൂടെ മാത്രമേ കഴിയുകയുള്ളൂ, നിലവില്‍ സ്ഥിതിഗതികള്‍ ദുര്‍ബലമായി തുടരുകയാണ്. സംഘർഷം തുടരുന്നത് തള്ളിക്കളയാനുമാവില്ല.
പാകിസ്താനും താലിബാനും; ബലാബലമോ മുൻതൂക്കമോ?
ലോകത്തെ ഇസ്ലാമിക് രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതല്‍ സൈന്യമുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. ആറരലക്ഷമാണ് സജീവ സൈനിക സാന്നിധ്യം. ഇതില്‍ 5.6 ലക്ഷം കരസേനയിലും 70,000 പേര്‍ വ്യോമസേനയിലും 30,000 പേര്‍ നാവികസേനയിലുമാണെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുകൂടാതെ ചൈനയടക്കമുള്ള സഖ്യകക്ഷികളുടെ പ്രതിരോധ-സൈനിക പിന്തുണയും പാകിസ്താനുണ്ട്. സൈനികശക്തിയുടെ പിന്‍ബലമുണ്ടെങ്കിലും പാക് സൈന്യം സമ്മര്‍ദ്ദത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് മന്ദഗതിയിലായതായും സൈനികരുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചതായും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാകിസ്താന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളും ഇതിന്കാരണമായിട്ടുണ്ട്. എന്നാല്‍ സൈന്യത്തിന് വേണ്ടി പാകിസ്താന്‍ ചെലവഴിക്കുന്നത് വര്‍ഷം തോറും കൂടിവരുന്നതായാണ് കണക്കുകള്‍. ചിട്ടയായ ഘടനയാണ് പാകിസ്താന്റെ സായുധസേനയ്ക്കുള്ളത്. ഔദ്യോഗിക റിക്രൂട്ട്മെന്റ് രീതികള്‍, ദൈര്‍ഘ്യം കൂടിയ പരിശീലന പരിപാടികള്‍, ആധുനിക കമാന്‍ഡ് സംവിധാനങ്ങള്‍ എന്നിവയാണ് പാക് സൈന്യത്തിന്റെ സവിശേഷതകള്‍.
എലൈറ്റ് കമാന്‍ഡോ സേനയായ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിനെ (എസ്എസ്ജി) വ്യോമ, സമുദ്ര, പര്‍വത യുദ്ധങ്ങള്‍ക്കായി പരിശീലിപ്പിച്ചിട്ടുണ്ട്. ഇത്തരം നിരവധി ബറ്റാലിയനുകള്‍ തന്നെ പാക് സൈന്യത്തിന് കീഴിലുണ്ട്. വ്യോമ, നാവിക സ്‌പെഷ്യല്‍ ഓപ്പറേഷന്‍ യൂണിറ്റുകളുടെ പിന്തുണയോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും നൂതനമായ ആയുധങ്ങളും ഹെലികോപ്റ്ററുകളും, തത്സമയ ഇന്റലിജന്‍സ് വിവരങ്ങള്‍ എന്നിവയും അവര്‍ക്ക് ലഭ്യമാകും.
മറുവശത്ത് താലിബാന് ഏകദേശം 1,72,000 സജീവ സൈനികരാണുള്ളത്. ഇത് 2,00,000 ആയി ഉയര്‍ത്താനാണ് പദ്ധതി. പാരമ്പര്യമായ സൈനിക ഘടനയോ അന്താരാഷ്ട്രനിലവാരത്തിലുള്ള പരിശീലനമോ ലഭിച്ചില്ലെങ്കിലും രണ്ട് പതിറ്റാണ്ടുകാലത്തെ ഒളിപ്പോരാട്ടങ്ങളിലൂടെ പരിശീലനം ലഭിച്ച ആയിരക്കണക്കിന് പോരാളികളാണ് താലിബാന്‍ ഭരണകൂടത്തിന്റെ പോരാട്ടനിരയിലുള്ളത്. അവരുടെ അതീവതന്ത്രസ്വഭാവമുള്ള നീക്കങ്ങള്‍ പാകിസ്താനെ പോലുള്ള പരമ്പരാഗത സൈന്യത്തിന് നേരിടാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അഫ്ഗാന്‍ പോരാട്ടനിരയെ നിയന്ത്രിക്കുന്നതില്‍ പാക് സൈന്യത്തിന് തുടര്‍ച്ചയായ വീഴ്ച സംഭവിക്കുന്നതും അതുകൊണ്ടാണ്.
താലിബാന്‍ ഒരു വിമത ശക്തിയില്‍ നിന്നാണ് വളര്‍ന്നുവന്നത്. അസംഘടിത രൂപമാണെങ്കിലും ബദ്രി-313, റെഡ് യൂണിറ്റ് പോലുള്ള ചില പ്രത്യേക സേനാവിഭാഗങ്ങള്‍ അഫ്ഗാന്റെ സൈന്യത്തിനുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരം, കാബൂള്‍ വിമാനത്താവളം തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നത് ബദ്രി-313 പോരാളികളാണ്. M4 റൈഫിളുകള്‍, ഹംവികള്‍, രാത്രികാഴ്ച വ്യക്തമാക്കുന്ന ആധുനിക ഉപകരണങ്ങളൊക്കെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇവയില്‍ പലതും അമേരിക്കന്‍ സൈന്യത്തിന്റെ പക്കല്‍ നിന്ന് കൈക്കലാക്കിയവയാണ്. എങ്കിലും ഇവയുടെ പ്രവര്‍ത്തന പരിധി പരിമിതമാണ്. പ്രത്യേക പരിശീലനം സിദ്ധിച്ച സ്പെഷ്യൽ ഫോഴ്‌സിന്റെ എല്ലാ ദൗത്യങ്ങളും നിര്‍വഹിക്കാന്‍ ഇവയ്ക്ക് കഴിയില്ലെന്നതാണ് പോരായ്മ. താലിബാന്റെ ഏറ്റവും ഭയപ്പെടേണ്ട ആക്രമണ വിഭാഗമായിരുന്നു റെഡ് യൂണിറ്റ്. പരമ്പരാഗത സൈനിക വ്യൂഹങ്ങള്‍ക്ക് പകരം ഗറില്ലാ തന്ത്രങ്ങളെയും ചെറിയ സ്‌ക്വാഡ് നീക്കങ്ങളെയും ആശ്രയിച്ചാണ് ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. താലിബാന്റെ ഹഖാനി ശൃംഖലയുമായി ബന്ധമുള്ളതാണ് അവരുടെ പരിശീലനം.
ആയുധങ്ങളില്‍ മുന്‍പിലാര്?
ലഭ്യമായ കണക്കുകള്‍ പ്രകാരം പാകിസ്താനാണ് ആയുധങ്ങളില്‍ മുന്‍നിരയിലുള്ളത്. ആറായിരത്തിലധികം കവചിത വാഹനങ്ങളും അയ്യായിരത്തോളം പീരങ്കികളും ഇതിലുള്‍പ്പെടും. എണ്ണത്തില്‍ കൂടുതലെങ്കിലും ഇവയില്‍ പലതും പൂര്‍ണതോതില്‍ പ്രവര്‍ത്തനസന്നദ്ധമല്ല. കാലഹരണപ്പെട്ട, സാങ്കേതിക മികവുള്ള ആയുധങ്ങള്‍ കുറവാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്റെ ആയുധശക്തിയുടെ ഭൂരിഭാഗവും കൈമാറിയത് ചൈനയാണ്. എന്നാല്‍ ചൈനയുള്‍പ്പെട്ട വിവിധ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൊണ്ട് ആയുധങ്ങളുടെ അറ്റകുറ്റപ്പണികളും ആധുനികവത്കരണവും താല്‍ക്കാലികമായെങ്കിലും മുടങ്ങിയിരിക്കുകയാണ്.
2021ല്‍ അമേരിക്ക അഫ്ഗാനില്‍ നിന്ന് പിന്മാറുമ്പോള്‍ ഉപേക്ഷിച്ചുപോയ, സോവിയറ്റ് കാലഘട്ടത്തിലെ ടാങ്കുകളും ഹംവികളും ഉള്‍പ്പെടെ പരിമിതമായ എണ്ണം കവചിത വാഹനങ്ങളാണ് താലിബാന്റെ കൈവശമുള്ളത്. അതിന് പുറമേ താലിബാന്റെ കൈവശമുള്ള ആയുധങ്ങളുടേയും വെടിക്കോപ്പുകളേയും കണക്കുകള്‍ കൃത്യമായി ലഭ്യമല്ല. പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നതിന് തെളിവുകളുമില്ല.
വ്യോമാതിര്‍ത്തിയില്‍ പാകിസ്താനാണ് വ്യക്തമായ ആധിപത്യം. പാകിസ്താന്‍ വ്യോമസേന (PAF) ഏകദേശം 465 യുദ്ധവിമാനങ്ങളും 260-ലധികം ഹെലികോപ്റ്ററുകളുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. വിവിധോദ്ദേശ്യ ജെറ്റുകള്‍ മുതല്‍ ആക്രമണത്തിനും സാധാരണ ഗതാഗതത്തിനും ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍ വരെ ഇതിലുള്‍പ്പെടുന്നുണ്ട്. പാകിസ്താന്റെ ചൈനീസ് നിര്‍മ്മിത വിമാനങ്ങളില്‍ ചിലതിന് അറ്റകുറ്റപ്പണി പ്രശ്‌നങ്ങളും പറക്കല്‍ നിരോധന ഉത്തരവുകളും നേരിടുന്നുണ്ട്. ഇത് ചില സമയങ്ങളില്‍ വ്യോമാധിപത്യത്തെ ബാധിച്ചിട്ടുമുണ്ട്. അതിനാല്‍ താലിബാന്റെ എല്ലാ വ്യോമാക്രണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പാകിസ്താന് കഴിയാറില്ല. മറുവശത്ത് താലിബാന് പ്രവര്‍ത്തനക്ഷമമായ വ്യോമസേനയില്ല. സോവിയറ്റ് കാലഘട്ടത്തിലെ ചിലത് ഉള്‍പ്പെടെ ആറ് പഴയ വിമാനങ്ങളും 23 ഹെലികോപ്റ്ററുകളുമാണ് പ്രധാനമായും അവരുടെ നിയന്ത്രണത്തിലുള്ളത്. എന്നാല്‍ അവയില്‍ എത്രയെണ്ണം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാണെന്നത് സംശയമാണ്.
ആര്‍ക്കാണ് മുന്‍തൂക്കം?
സൈനികമായി വലിപ്പം, ഘടന, ആയുധശക്തി, സാങ്കേതികവിദ്യ എന്നിവയുടെ കാര്യത്തില്‍ പാകിസ്താന്‍ വളരെ മുന്നിലാണ്. പാക് സൈന്യം ഔപചാരികമായി പരിശീലനം നേടിയവരും, ആഗോളതലത്തില്‍ ബന്ധങ്ങളുള്ളവരും, അത്യാധുനിക ഉപകരണങ്ങള്‍ ഉള്ളവരുമാണ്. എങ്കിലും ആഭ്യന്തര അസ്ഥിരതകളും സൈനികരുടെ എണ്ണം കുറയുന്നതും പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ചൈന, തുര്‍ക്കി പോലുള്ള വിദേശരാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സൈന്യത്തിന്റെ ഫലപ്രാപ്തി കുറഞ്ഞുവരികയാണ്.
നേരെമറിച്ച്, കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ചാണ് താലിബാന്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടാനും തന്ത്രപരമായി ആക്രമിക്കാനും അതിജീവിക്കാനുമുള്ള കഴിവ് അവര്‍ ഇതിനോടകം പ്രകടിപ്പിച്ചുകഴിഞ്ഞു. താലിബാന് വേണ്ടി പോരാട്ടത്തിനിറങ്ങുന്നവര്‍ പരിചയസമ്പന്നരും ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ പോലും ഒളിപ്പോരാട്ടങ്ങള്‍ നടത്താന്‍ കഴിവുള്ളവരുമാണെങ്കിലും ആയുധങ്ങളുടേയും സൈന്യത്തിന്റെ പിന്‍ബലത്തിന്റേയും പരിമിതികളുണ്ട്. വ്യോമസേനയുടെ അഭാവം, കമാന്‍ഡ് ഘടനയിലെ പ്രശ്‌നങ്ങള്‍, ദുര്‍ബലമായ ലോജിസ്റ്റിക്‌സ്, അന്താരാഷ്ട്ര പിന്തുണയുടെ കുറവ്, ആയുധങ്ങളുടെ പരിമിതി തുടങ്ങിയവയാണ് താലിബാന്‍ നേരിടുന്ന പരിമിതികള്‍.
പാകിസ്താന്റെ ആണവശേഷി ഒരു നിര്‍ണായക ഘടകമാണോ?
170 ആണവപോര്‍മുനകളുള്ളതാണ് പാകിസ്താന്റെ ആണവായുധശേഖരം. പ്രാദേശിക എതിരാളികള്‍ക്കെതിരെയുള്ള ശക്തമായ പ്രതിരോധമാണിത്. പക്ഷെ ഈ ആണവശക്തിക്ക് അതിര്‍ത്തി ലംഘനങ്ങള്‍ തടയാനോ അധികാരങ്ങളോ സ്വാധീനമോ നിലനിര്‍ത്താനോ സാധിക്കില്ല. താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാന് ആണവായുധങ്ങളില്ല, അവ നേടാനുള്ള പദ്ധതികളുമില്ല. കരയുദ്ധമുറകള്‍, വിമത ശൃംഖലകള്‍, അസംഘടിത പോരാട്ടം എന്നിവയെ ആശ്രയിച്ചാണ് അവരുടെ യുദ്ധതന്ത്രം.
നിലവിലെ സംഘര്‍ഷത്തിന്റെ ഭാവി
അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ് നിലവിലെ സംഘര്‍ഷങ്ങളുടെ കാതല്‍. തങ്ങളുടെ രാജ്യത്ത് നിരവധി ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ തെഹ്രീകെ-താലിബാന്‍ പാകിസ്താന്‍ (TTP) പോലുള്ള വിഭാഗങ്ങള്‍ അഫ്ഗാനിസ്ഥാനിലെ താവളങ്ങളില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു. എന്നാല്‍ താലിബാന്‍ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും അത്തരം ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കാര്യമായൊന്നും ചെയ്തിട്ടില്ല.
ഏഴ് പാകിസ്താനി അര്‍ധസൈനികര്‍ കൊല്ലപ്പെട്ട നോര്‍ത്ത് വസീരിസ്ഥാനിലെ ചാവേറാക്രമണത്തിന് ശേഷമാണ് സ്ഥിതിഗതികള്‍ വീണ്ടും വഷളായത്. TTP-യുമായി ബന്ധമുള്ള ഹാഫിസ് ഗുല്‍ ബഹാദൂര്‍ ഗ്രൂപ്പിനെയാണ് പാകിസ്താന്‍ കുറ്റപ്പെടുത്തിയത്. ഇതിന് പ്രതികാരമായി അഫ്ഗാനിസ്ഥാനിനുള്ളില്‍ ആക്രമണങ്ങള്‍ നടത്തി. കൃത്യമായ വ്യോമാക്രമണങ്ങള്‍ എന്നാണ് ഇവയെ പാകിസ്താന്‍ വിശേഷിപ്പിച്ചത്. 48 മണിക്കൂര്‍ നീണ്ട ചെറിയ വെടിനിര്‍ത്തലിന് ശേഷം നടന്ന ഈ ആക്രമണങ്ങളില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളും മറ്റ് അഞ്ച് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തില്‍ പാകിസ്താന്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താന് തന്ത്രപരമായുണ്ടായ തിരിച്ചടിയാണെന്ന വിലയിരുത്തലുകളുണ്ട്. അതിന് ശേഷം താലിബാനുമായി നടക്കുന്ന സംഘര്‍ഷവും സമാനമായ തിരിച്ചടിയാണെന്ന് കരുതപ്പെടുന്ന സാഹചര്യം ഒഴിവാക്കേണ്ടത് പാകിസ്താന്റെ ആവശ്യമാണ്. കൂടാതെ താലിബാനുമായുള്ള സംഘര്‍ഷം പാകിസ്താന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയെ കൂടുതല്‍ അസ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പാകിസ്താൻ പെട്ടന്ന് വഴങ്ങിയതെന്നാണ് വ്യാഖ്യാനങ്ങള്‍. നിലവില്‍ ഖത്തര്‍ മധ്യസ്ഥതയിലുണ്ടായ വെടിനിര്‍ത്തലിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെങ്കിലും പ്രതികാര ആക്രമണങ്ങളിലേക്ക് ഇരുരാജ്യങ്ങളും വീണ്ടും തിരിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു, സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് അഭിപ്രായങ്ങളും
Content Highlights: Examine the recent Pakistan-Afghanistan border clashes, the brokered ceasefire, and analyze the military strengths and future of the complex relationship between the two nations.
Published: 23 Oct 2025, 05:57 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented