ജനാധിപത്യത്തില്‍നിന്ന് രാജഭരണത്തിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് ജനകീയപ്രക്ഷോഭം! കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാവുന്ന ഈ പ്രതിഷേധം നടക്കുന്നത് നേപ്പാളിലാണ്. രാജഭരണം തിരിച്ചുവേണമെന്നും നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് മാര്‍ച്ച് 28-ന് ഒരുകൂട്ടമാളുകള്‍ പ്രക്ഷോഭവുമായി തലസ്ഥാനമായ കാഠ്മണ്ഡുവിലെ തെരുവിലിറങ്ങി. പോലീസിനെയിറക്കിയാണ് സര്‍ക്കാര്‍ പ്രക്ഷോഭത്തെ നേരിട്ടത്. കടകമ്പോളങ്ങള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. സുരക്ഷാ സേനയും രാജഭരണത്തെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഒരു പ്രതിഷേധക്കാരനും ഒരു ക്യാമറാമാനും. അക്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലധികമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ അക്രമവുമായി ബന്ധപ്പെട്ട് നൂറിലേറെപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 

To advertise here,

ഹിന്ദു രാജ്യമായിരുന്ന നേപ്പാളില്‍ രാജഭരണം അവസാനിച്ചിച്ച് ഒന്നര പതിറ്റാണ്ടിലേറെയായി. 2015-ല്‍ നിലവില്‍ വന്ന പുതിയ ഭരണഘടനപ്രകാരം മതനിരപേക്ഷ റിപ്പബ്ലിക്കാണ് നേപ്പാള്‍. പക്ഷേ, ഒരു വെള്ളിയാഴ്ച വൈകുന്നേരത്തെ അത്താഴ വിരുന്നിനിടെയുണ്ടായ സംഭവ വികാസങ്ങളായിരുന്നു നേപ്പാള്‍ രാജകുടുംബത്തെയും ആ രാജ്യത്തെയും എന്നെന്നേക്കുമായി മാറ്റിമറിച്ചത്. 2001 ജൂണ്‍ ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരത്തെ രാജകുടുംബത്തിന്റെ പതിവ് അത്താഴ വിരുന്ന് ഒരു ദുരന്തത്തിലാണ് അവസാനിച്ചത്. കിരീടാവകാശി ദീപേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും നേരെ വെടിയുതിര്‍ത്തു. ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നേപ്പാള്‍ രാജകുടുംബത്തിന്റെ അടിവേരിളക്കുന്നതായിരുന്നു ആ കൂട്ടക്കൊല. കിരീടാവകാശി ദിപേന്ദ്രയെ ഇത്രയും ക്രൂരമായ ഒരു പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്തായിരിക്കാം? നേപ്പാളിനെ എങ്ങനെയാണ് ഈ കൂട്ടക്കൊല ബാധിച്ചത്?  

placeholder
കൊല്ലപ്പെട്ട നേപ്പാൾ രാജാവ് ബീരേന്ദ്ര ബിര്‍ ബിക്രം ഷാ ദേവും രാജ്ഞി ഐശ്വര്യ രാജ ലക്ഷ്മി ദേവി ഷായും |  Photo:Binod Joshi/ AP AND Devendra M SINGH/ AFP 

അന്ന് ആ വെള്ളിയാഴ്ച സംഭവിച്ചത് 

2001 ജൂണ്‍ ഒന്ന് വെള്ളിയാഴ്ച രാത്രി... കാഠ്മണ്ഡുവിലെ നാരായണ്‍ഹിതി കൊട്ടാരത്തില്‍ ഒരു അത്താഴ വിരുന്നിനായി ഒത്തുകൂടിയതായിരുന്നു നേപ്പാളിലെ രാജകുടുംബാംഗങ്ങള്‍. മാസത്തില്‍ രണ്ടുതവണ വെള്ളിയാഴ്ചകളില്‍ അവര്‍ ഒത്തുകൂടുന്നത് പതിവായിരുന്നു. രാജാവ് ബീരേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ്, രാജ്ഞി ഐശ്വര്യ രാജ ലക്ഷ്മി ദേവി ഷാ, അവരുടെ മക്കളായ കിരീടാവകാശി ദീപേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ്, ശ്രുതി റാണ രാജകുമാരി, രാജകുമാരന്‍ നിരഞ്ജന്‍ ബിര്‍ ബിക്രം ഷാദേവ് എന്നിവര്‍ അത്താഴവിരുന്നിനെത്തിയിരുന്നു. രാജാവിന്റെ ഇളയ സഹോദരനും ഭാര്യയും മൂന്ന് പെണ്‍മക്കളും മരുമകനും രാജാവിന്റെ മൂന്ന് സഹോദരിമാരും ഒരു സഹോദരി ഭര്‍ത്താവും രാജകുമാരി ശ്രുതിയുടെ ഭര്‍ത്താവും, രാജാവിന്റെ രണ്ട് ബന്ധുക്കളും സന്നിഹിതരായിരുന്നു. രാജാവിന്റെ നേര ഇളയ സഹോദരന്‍ ഗ്യാനേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ് ചടങ്ങിലുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യയും മകനും മകളും സന്നിഹിതരായിരുന്നു. വിരുന്ന് ആരംഭിച്ചതിന് ശേഷം രാജകുടുംബാംഗങ്ങള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അംഗരക്ഷകരോ സേവകരോ അവിടെയുണ്ടായിരുന്നില്ല. 

വിരുന്ന് ആരംഭിച്ച് 45 മിനിറ്റുകള്‍ക്ക്‌ ശേഷം മുറിയിലേക്ക് പോയ ദീപേന്ദ്ര, കമാന്‍ഡോ വസ്ത്രങ്ങള്‍ ധരിച്ച് അസോള്‍ട്ട് റൈഫിളുകളുമായാണ് തിരിച്ചുവന്നത്. ദീപേന്ദ്ര തന്റെ പിതാവ് ബീരേന്ദ്ര രാജാവിനെ നോക്കി. പിന്നാലെ ട്രിഗര്‍ അമര്‍ത്തി. വെടിയേറ്റ അദ്ദേഹം കുറച്ച് നിമിഷങ്ങള്‍ അവിടെ നിന്നു. പിന്നീട് പതുക്കെ നിലത്ത് ഇരുന്നു. നീ എന്താണ് ചെയ്തത്? -അദ്ദേഹം ചോദിച്ചു. അന്ന് ആ രാത്രിയില്‍ നാരായണ്‍ഹിതി കൊട്ടാരത്തില്‍ ബീരേന്ദ്ര രാജാവിന് പിന്നാലെ വെടിയേറ്റ് മരിച്ചു വീണത് എട്ടു പേരാണ്. അദ്ദേഹത്തിന്റെ ഭാര്യയും രാജ്ഞിയുമായ ഐശ്വര്യ, മകള്‍ ശ്രുതി രാജകുമാരി, ഇളയമകന്‍ നിരജന്‍, രാജാവിന്റെ സഹോദരിമാരായ ഷാരദാ ഷാ രാജകുമാരി, ശാന്തി സിങ് രാജകുമാരി, ശാരദാ ഷാ രാജകുമാരിയുടെ ഭര്‍ത്താവ് കുമാര്‍ ഖഡ്ഗ ബിക്രം ഷാ, സഹോദരന്‍ ധീരേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ് രാജകുമാരന്‍, രാജാവിന്റെ ബന്ധു ജയന്തി രാജ്യലക്ഷ്മി ദേവി ഷാ രാജകുമാരന്‍ എന്നിവര്‍. സഹോദരന്‍ ഗ്യാനേന്ദ്രയുടെ ഭാര്യ കോമള്‍ രാജകുമാരി, രാജാവിന്റെ സഹോദരി ശോവ രാജലക്ഷ്മി ദേവി രാജകുമാരി, ശ്രുതി രാജകുമാരിയുടെ ഭര്‍ത്താവ് കുമാര്‍ ഗോരഖ്, ബന്ധു ബസുന്ദര ബിര്‍ ബിക്രം ഷാ രാജകുമാരന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ സ്വയം വെടിയുതിര്‍ത്ത് ആത്മാഹൂതിക്ക് ശ്രമിച്ച ദീപേന്ദ്ര അത്യാസന്ന നിലയില്‍ ആശുപത്രിയിലായി. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ജൂണ്‍ 4-ന് ദീപേന്ദ്ര മരിച്ചു. 

placeholder
2001 ജൂൺ 3-ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത | Photo: Mathrubhumi Archives

എന്തായിരുന്നു ആ കൊലപാതകങ്ങള്‍ക്ക്‌ പിന്നില്‍? 

ദുരൂഹതയും നാടകീയതയും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്നതാണ് നേപ്പാള്‍ രാജകുടുംബാംഗങ്ങളുടെ കുട്ടക്കൊല. കൊലപാതകങ്ങള്‍ക്ക്‌ പിന്നിലെ യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതം. പക്ഷേ, ഇത് സംബന്ധിച്ച് പല കഥകളും അന്ന് മുതല്‍ തന്നെ പ്രചരിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍, രാജസിംഹാസനത്തിന്റെ അടുത്ത അവകാശിയായിരുന്നു കൂട്ടക്കൊല നടത്തിയ ദീപേന്ദ്ര. ബീരേന്ദ്ര രാജാവിന്റെയും ഐശ്വര്യ രാജ്ഞിയുടേയും മൂത്തപുത്രനായി 1971 ജൂണ്‍ 27-നാണ് ദീപേന്ദ്ര ജനിച്ചത്. തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ തന്നെ അദ്ദേഹത്തെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. കാഠ്മണ്ഡുവിലെ സ്‌കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ദീപേന്ദ്ര, കാഠ്മണ്ഡു വര്‍വകലാശാലയില്‍നിന്ന് ഭൂമിശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നാലെ പിതാവിന്റെ പാത പിന്തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലെ എറ്റന്‍ കോളേജില്‍ ചേര്‍ന്നു. എല്ലാവരോടും നന്നായി പെരുമാറുന്നയാളായിരുന്നു ദീപേന്ദ്ര എന്നാണ് കൊട്ടാരത്തോട് അടുത്ത വൃത്തങ്ങള്‍ പിന്നീട് പറഞ്ഞത്. എന്നാല്‍ മാതാപിതാക്കളുടെ ശ്രദ്ധ ലഭിക്കാതെ വരുന്നഘട്ടത്തില്‍ അവന്‍ ദേഷ്യം പ്രകടിപ്പിച്ചിരുന്നതായാണ് മറ്റുചിലര്‍ അഭിപ്രായപ്പെട്ടത്. കുട്ടിയായിരിക്കുമ്പോള്‍ അവന് സ്‌നേഹം ലഭിച്ചിരുന്നില്ലെന്നാണ് കൊട്ടാരത്തില്‍ 26 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു സഹായി 2011-ല്‍ വെളിപ്പെടുത്തിയത്.

ചെറുപ്പം മുതലേ ദീപേന്ദ്രയ്ക്ക് തോക്കുകളോട് പ്രത്യേക കമ്പമുണ്ടായിരുന്നു. എട്ട് വയസ്സുള്ളപ്പോഴാണ് ആദ്യമായി തോക്ക് ലഭിക്കുന്നത്. പിതാവിനൊപ്പം സൈനിക പരിശീലന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പട്ടാളക്കാരുടെ തോക്കുകളില്‍ അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നില്ലെങ്കിലും ദീപേന്ദ്ര തന്റെ മുറിയില്‍ തോക്കുകള്‍ സൂക്ഷിച്ചിരുന്നു. ദിവസവും മണിക്കൂറുകളോളം അദ്ദേഹം പരിശീലനത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ വെടിയൊച്ചകള്‍ കൊട്ടാരത്തില്‍ കേള്‍ക്കുക പതിവായിരുന്നു. ഇതെല്ലാം സംഭവത്തില്‍ ദീപേന്ദ്രയുടെ പങ്കിനെ സാധൂകരിച്ചിരുന്നു. രാജവാഴ്ചയില്‍ നിന്ന് ഭരണഘടനാപരമായ രാജവാഴ്ചയിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തില്‍ ദിപേന്ദ്ര അതൃപ്തനായിരുന്നുവെന്നും ഇതാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് ഒരു വാദം. പക്ഷേ, രാജകുമാരന്റെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൂട്ടക്കൊലയില്‍ കലാശിച്ചു എന്നതാണ് ഏറ്റവും പ്രബലമായ വാദം. വിവാഹത്തെ മാതാപിതാക്കള്‍ എതിര്‍ത്തത് ദീപേന്ദ്രയെ ചൊടിപ്പച്ചുവെന്നാണ് സംഭവത്തിന് പിന്നാലെ ചില നേപ്പാളി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊട്ടാരം ജോത്സ്യന്‍മാരുടെ വിലക്ക് കാരണമാണ് ദീപേന്ദ്രയുടെ കല്യാണത്തിന് കുടുംബം അനുമതി നിഷേധിച്ചതെന്നായിരുന്നു കഥ. 35 വയസുവരെ രാജകുമാരന്‍ വിവാഹം കഴിക്കാനോ അച്ഛനാകാന്‍ പാടില്ലന്നോ ആയിരുന്നു ജ്യോതിഷവിധിയെന്നും അന്ന് പത്രങ്ങള്‍ എഴുതി.

placeholder
 ദീപേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ് | Photo: Saeed KHAN/ AFP and DEVENDRA M SINGH

രാജകുമാരന്റെ പ്രണയത്തിലെ തര്‍ക്കമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് മറ്റൊരു വാദം. നേപ്പാള്‍ മുന്‍ വിദേശകാര്യമന്ത്രി പശുപതി റാണയുടെ മകള്‍ ദേവയാനി റാണയുമായി ദീപേന്ദ്ര പ്രണയത്തിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ സഹോദരി ഉഷാറായ് സിന്ധ്യയുടെ മകളാണ് ദേവയാനി. ദേവയാനിയെ മാത്രമേ വിവാഹം കഴിക്കൂവെന്ന വാശിയിലായിരുന്നു ദീപേന്ദ്ര. ഈ ബന്ധത്തെ അമ്മ മഹാറാണി എതിര്‍ത്തു. എന്നാല്‍ രാജകുടുംബത്തില്‍പ്പെട്ട ഒരു രാജകുമാരിയെ വിവഹം കഴിക്കണമെന്ന്‌ ബീരേന്ദ്ര രാജാവും മാതാവും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രിയില്‍ നടന്ന അത്താഴവിരുന്നില്‍ വിഷയം പൊങ്ങി വന്നു. അച്ഛനും അമ്മയും എതിര്‍പ്പ് രൂക്ഷമാക്കിയപ്പോള്‍ ദേവയാനിയെ താന്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് ദീപേന്ദ്ര വെളിപ്പെടുത്തിയെന്നാണ് കൂട്ടൊക്കലയ്ക്ക് പിന്നാലെ നേപ്പാളിലെ പത്രങ്ങള്‍ എഴുതിയത്. അമ്മ പറയുന്നയാളെ വിവാഹം കഴിച്ചില്ലെങ്കില്‍ ദീപേന്ദ്രയെ രാജാവാക്കില്ലെന്നും അനുജന്‍ നിരജനെ കിരീടാവകാശിയാക്കുമെന്നും മഹാരാജാവ് ഭീഷണിപ്പെടുത്തി. വിരുന്ന് മേശയ്ക്ക് ചുറ്റും വാദപ്രതിവാദങ്ങള്‍ തുടരവേ മുറിയില്‍ പോയി ഇരുകൈകളിലും തോക്കുമായെത്തിയ ദീപേന്ദ്ര കുടുംബാംഗങ്ങള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് കഥ.

അവസാനിക്കാത്ത ദുരൂഹത, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

കൊലപാതകങ്ങള്‍ക്ക് പിന്നാലെ രാജകുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ പൂര്‍ണ ബഹുമതികളോടെ പശുപതിനാഥ ക്ഷേത്രത്തിന് മുന്നില്‍ സംസ്‌കരിച്ചു. ആശുപത്രിയില്‍ കോമയിലായിരുന്നപ്പോള്‍ ദീപേന്ദ്രയെ രാജാവായി പ്രഖ്യാപിച്ചു. പക്ഷേ 2001 ജൂണ്‍ നാലിന് ദീപേന്ദ്ര മരിച്ചു. മൂന്ന് ദിവസത്തേക്ക് റീജന്റായി നിയമിതനായ ഗ്യാനേന്ദ്ര, ദിപേന്ദ്രയുടെ മരണശേഷം നേപ്പാളിന്റെ സിംഹാസനത്തിലേറി. ജനങ്ങള്‍ പ്രതിഷേധ ശബ്ദമുയര്‍ത്തി. ജൂണ്‍ 4-ന് കാഠ്മണ്ഡുവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കലാപങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. കര്‍ഫ്യൂ ലംഘിച്ചതിന് നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കൂട്ടക്കൊലയെക്കുറിച്ച് ചീഫ് ജസ്റ്റിസ് കേശവ് പ്രസാദ് ഉപാധ്യായ, സഭാസ്പീക്കര്‍ താരനാഥ് റാണഭട്ട് എന്നിവരടങ്ങുന്ന രണ്ടംഗ സമിതി അന്വേഷണം നടത്തി. ദൃക്സാക്ഷികള്‍, കൊട്ടാരം ഉദ്യോഗസ്ഥര്‍, കാവല്‍ക്കാര്‍, ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ നൂറിലധികം പേരുടെ മൊഴികളെടുത്തു. ഒടുവില്‍ വെടിവയ്പ്പിന് പിന്നില്‍ ദീപേന്ദ്രയാണെന്ന് അന്വേഷണകമ്മിഷന്‍ നിഗമനത്തിലെത്തി. പക്ഷേ, നേപ്പാളിനകത്തും പുറത്തുമുള്ള പലരും ദീപേന്ദ്രയാണ് കുറ്റം ചെയ്തതെന്ന് വിശ്വസിച്ചില്ല. കൂട്ടക്കൊല നടന്ന് മൂന്ന് പതിറ്റാണ്ടിലേറെയായിട്ടും പല ചോദ്യങ്ങള്‍ക്കും ഇനിയം ഉത്തരം ലഭിച്ചിട്ടില്ല. 

placeholder
ഗ്യാനേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ്, മകന്‍ പരസ് ഷാ | Photo: AFP and  Binod Joshi/ AP 

രാജാവിന്റെ സഹോദരന്‍ ഗ്യാനേന്ദ്രയ്ക്ക് കൂട്ടക്കൊലയില്‍ പങ്കുണ്ടെന്നും സിംഹാസനം പിടിച്ചടക്കാന്‍ അദ്ദേഹം നടത്തിയ നീക്കങ്ങളുടെ ഭാഗമാണിതെന്നും ഒരുവിഭാഗം ആരോപിച്ചു. ബീരേന്ദ്ര രാജാവും മകന്‍ ദീപേന്ദ്രയും നേപ്പാളിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്ഥാനമുള്ളവരായിരുന്നു. സഹോദരനേയും മക്കളേയും പിന്തുടര്‍ച്ചാവകാശത്തില്‍ നിന്ന് നീക്കം ചെയ്‌തെങ്കില്‍ മാത്രമേ ഗ്യാനേന്ദ്രയ്ക്ക് സിംഹാസനാരോഹണം സാധ്യമാകുകയുണ്ടായിരുന്നുള്ളൂ. മാത്രമല്ല, ഗ്യാനേന്ദ്രയും മകന്‍ പരസ് രാജകുമാരനും ജനപ്രീതിയില്ലാത്തവരായിരുന്നു. കൂട്ടക്കൊല നടന്ന ദിവസം, മറ്റ് രാജകുടുംബാംഗങ്ങള്‍ അത്താഴവിരുന്നില്‍ പങ്കെടുക്കുമ്പോള്‍ ഗ്യാനേന്ദ്ര പൊഖാറയിലായിരുന്നു. കൂട്ടക്കൊല സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ കോമളും മകന്‍ പരസും മകള്‍ പ്രേരണയും രാജകൊട്ടാരത്തിലുണ്ടായിരുന്നു. ബീരേന്ദ്ര രാജാവിന്റെ മുഴുവന്‍ കുടുംബങ്ങളും കൊല്ലപ്പെട്ടപ്പോള്‍, ഗ്യാനേന്ദ്രയുടെ കുടുംബത്തിലെ ആരും മരിച്ചില്ല. അദ്ദേഹത്തിന്റെ മകന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യക്ക് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. ഇത് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് വഴിയൊരുക്കി. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പരസാണെന്ന് ദിപേന്ദ്രയുടെ അംഗരക്ഷകരില്‍ ഒരാളായിരുന്ന ലാല്‍ ബഹാദൂര്‍ മഗര്‍ ആരോപിക്കുകയും ചെയ്തിരുന്നു. 

നേപ്പാളിന്റെ ചീഫ് ജസ്റ്റിസും സഭാ സ്പീക്കറും ഉള്‍പ്പെടുന്ന രണ്ടംഗ കമ്മിറ്റി കൂട്ടക്കൊലയെക്കുറിച്ച് ഒരാഴ്ച മാത്രം അന്വേഷണം നടത്തിയതും സംശയങ്ങള്‍ ആളിക്കത്തിച്ചു. അന്വേഷണ റിപ്പോര്‍ട്ടില്‍ നേപ്പാളിലെ പൊതുജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്ന കാര്യമായ വിവരങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ടോക്‌സിക്കോളജി റിപ്പോര്‍ട്ടുകള്‍, ബാലിസ്റ്റിക് റിപ്പോര്‍ട്ടുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ അതിലുള്‍ക്കൊള്ളിച്ചിരുന്നില്ല. ദിപേന്ദ്ര ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് (ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ്) അന്വേഷണത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് സ്വീകരിച്ചില്ല. ഇതിന് പുറമേ ദീപേന്ദ്ര തന്റെ മാതാപിതാക്കളെ കൊല്ലുമെന്ന് പല നേപ്പാളികളും വിശ്വസിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഔദ്യോഗിക വിശദീകരണം അവര്‍ തള്ളിക്കളഞ്ഞു. മാവോയിസ്റ്റ് കലാപം മൂലമുണ്ടായ രാഷ്ട്രീയ കോളിളക്കത്തിന് ഈ കൂട്ടക്കൊല ആക്കം കൂട്ടി. നേപ്പാളിലെ രാജവാഴ്ച അവസാനിപ്പിച്ച നിര്‍ണായക ഘട്ടമായിരുന്നു ഈ കൂട്ടക്കൊല. ഗ്യാനേന്ദ്രയുടെ സ്ഥാനാരോഹണത്തെത്തുടര്‍ന്ന്, രാജവാഴ്ചയ്ക്ക് നേപ്പാളിലെ ജനങ്ങളുടെ അംഗീകാരം നഷ്ടപ്പെട്ടു. സിംഹാസനത്തിലേറിയ ഗ്യാനേന്ദ്രക്ക് അധികകാലം തുടരാനായില്ല. 2008-ല്‍ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു. ഏതാണ്ട് 240 വര്‍ഷത്തെ രാജഭരണത്തിനുശേഷം നേപ്പാള്‍ ജനാധിപത്യത്തിലേക്ക് യാത്രതുടങ്ങുകയും ചെയ്തു.