'Travelling - it leaves you speechless,

To advertise here,

Then turns you in to a strong story teller'

- Ibn Battuta.

യാത്രകൾ എപ്പോഴും സുഖകരമാകണമെന്നില്ല. സുന്ദരങ്ങളാകണമെന്നുമില്ല. ചിലപ്പോഴത് വേദനിപ്പിക്കുകയും ഹൃദയത്തെ കീറിമുറിക്കുകയും ചെയ്യും. ബോധത്തിന്റെ നനുത്ത താഴ്വാരങ്ങളിൽ മഞ്ഞുപാളികൾ പെയ്തിറങ്ങുന്ന യാത്രകൾക്കൊടുവിൽ നമ്മൾ മറ്റൊരാളായി മാറിക്കഴിഞ്ഞിരിക്കും. എന്തെങ്കിലുമൊക്കെ വഴിയിൽ വിട്ടുപോന്നിട്ടുണ്ടാകും. പലതും പെറുക്കിയെടുത്തിട്ടുമുണ്ടാകും.

ലോകം ഒരു പുസ്തകമാണെന്നും, യാത്ര പോകാത്തവർ അതിലെ ഒരു പേജ് മാത്രമേ വായിച്ചിരിക്കാനിടയുള്ളൂ എന്നും പറഞ്ഞതാരാണ്... അങ്ങനെയെങ്കിൽ പുസ്തകത്തിന്റെ ഒന്നാം പേജിനപ്പുറം ഞാൻ വായിച്ചിരിക്കാനിടയില്ല.

2015 ഏപ്രിൽ മാസാവസാനം കോഴിക്കോട് ബാങ്ക്‌മെൻസ് ക്ലബ് സംഘടിപ്പിച്ച നേപ്പാൾ യാത്രയിൽ, എന്റെ ശരീരവും മനസ്സും ഏറെ നേരം തുടിച്ചു നിന്നത് ഒരു പക്ഷേ 'ലുംബിനി'യിലായിരിക്കണം. സിദ്ധാർഥൻ പിച്ചവെച്ചു നടന്ന ബുദ്ധവിഹാരങ്ങളുടെ അവശേഷിപ്പുകളിൽ പടർന്ന് പന്തലിച്ചു കിടന്നിരുന്ന സാൽ മരച്ചുവടുകളിലൊന്നിൽ മായാദേവിയുടെ പേറ്റുനോവ് ഞാനറിഞ്ഞു. അജ്ഞാനിയുടെ നൊമ്പരം....

'സന്തോഷത്തിനായി നിങ്ങൾ പുറത്തെവിടെയും തിരയേണ്ടതില്ല? അത് നിങ്ങളിൽ തന്നെയുണ്ട്....' കൺമുന്നിൽ കണ്ട സ്മാരകശിലകളിലൊന്നിൽ കൊത്തിവെച്ച ഈ വചനങ്ങൾ വായിച്ച് ഞാനും എന്തൊക്കെയോ പെറുക്കിയെടുത്തതുപോലെ... അർദ്ധപദ്മാസനത്തിൽ യോഗമുദ്രയിലിരുന്ന് കണ്ണുകൾ തുറന്ന നേരം അഹന്തയുടെ ചെറിയൊരളവെങ്കിലും അൽപ്പനേരത്തേക്കെങ്കിലും അവിടെയവിടെയോ വീണുപോയിട്ടുണ്ടാകണം.

 

2015 ഏപ്രിൽ 25 സമയം: 11.56 AM

നേപ്പാൾ യാത്രയിലുടനീളം അനുഭവിച്ചുകൊണ്ടിരുന്ന ഒരു ഹിമാലയൻ സ്പർശമുണ്ട്. അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പ്രയാസമാണ്. ഒടുവിൽ നാലു മണിക്കുള്ള വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ. പതിനൊന്ന് മണിക്കായിരുന്നു ഉച്ചഭക്ഷണം. പൊടുന്നനെ ഭീകരമായ ഒരു ശബ്ദത്തോടൊപ്പം ഡൈനിങ്ങ്ഹാൾ ഒന്നിളകി. പിന്നെ തുടർ ചലനങ്ങളുടെ മുഴക്കവും കൂട്ടക്കരച്ചിലുകളും മാത്രം. രണ്ട് കാലിൽ നിൽക്കാനാവുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ ഉണർന്ന് പ്രവർത്തിക്കുന്ന ഒരു ആറാമിന്ദ്രിയം ഉണ്ടായിരിക്കണം.

അത് കൊണ്ടാകും എല്ലാവരും തുറന്ന സ്ഥലങ്ങളിലേക്ക് ഓടിയത്. എല്ലാം ഇട്ടേടത്ത് തന്നെ ഇട്ട് ഞങ്ങളും ഓടി. എത്തിയത് അടുത്ത് തന്നെ ഉണ്ടായിരുന്ന മൈതാനത്തിൽ.

ടാർ റോഡിൽ പോലും വിള്ളലുകൾ. തലേന്ന് ഞങ്ങളെല്ലാവരും ചെന്ന് പ്രാർഥിച്ച പശുപതിനാഥ ക്ഷേത്രമാണ് മുന്നിൽ. അവിടത്തെ മേൽക്കൂര പോലും ഇളകി വീണിട്ടുണ്ട്. കാഠ്മണ്ഡുവിൽ ഞങ്ങൾ താമസിച്ചത് ഹോട്ടൽ 'നാരായണ'യിലായിരുന്നു. അവിടെ നിന്നുള്ള വൈഫൈ സിഗ്‌നലുകൾ മൊബൈലിൽ എപ്പോഴോ തുടിച്ച നിമിഷത്തിൽ ഞാനൊരു വാട്സാപ്പ് സന്ദേശമയച്ചു.

'ഞങ്ങളിവിടെ കുടുങ്ങിപ്പോയിരിക്കുന്നു. ഭൂമികുലുക്കം. പ്രാർഥിക്കുക'.

ഫലമുണ്ടായി. സിംഗപ്പൂരിൽ നിന്നും മരുമകൾ ശ്രുതിയുടെ സന്ദേശം.

'ലോകം അറിഞ്ഞിരിക്കുന്നു. 4 മണിക്ക് നിങ്ങളെ രക്ഷപ്പെടുത്തുവാൻ ഇന്ത്യൻ വ്യോമസേനയെത്തും. അത്രവരേ പിടിച്ചുനിൽക്കൂ. അച്ഛാ ഭയക്കരുത്'.

ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം അടുത്താണ്. ഏറിയാൽ അഞ്ഞൂറ് രൂപയുടെ ഓട്ടം മാത്രം. റിസ്‌ക്കുണ്ട്. അതുകൊണ്ടാണ് ചോദിക്കുന്നത് പതിനായിരം. ഇനി ഹോട്ടലിന്റെ നാലാം നിലയിലെ മുറിയിൽ കയറി ലഗേജ് എടുക്കണം. ഒരുപാട് കുഞ്ഞുകുഞ്ഞു സാധനങ്ങൾ വാങ്ങിക്കൂട്ടിയിരുന്നു. എല്ലാം പായ്ക്ക് ചെയ്ത് വെച്ചിരുന്നതുകൊണ്ട് കയറിയെടുത്തൽ മാത്രം മതി. ഒന്നും തന്നെ നഷ്ടപ്പെടാൻ വയ്യ. ഞാനും ബാലയും അവസാനമായൊന്ന് കെട്ടിപ്പിടിച്ചു. മരിക്കുന്നെങ്കിൽ ഒന്നിച്ച് മരിക്കണം.

When i die i want your hands on my eyes:

I want the light and the wheat of your beloved hands.

ഇടക്കെന്നോ വായിച്ച നെരൂദയുടെ കവിത നെഞ്ചിലേക്കിറങ്ങി വരുന്നതുപോലെ....

ഒരാൾ മാത്രമായി അവശേഷിക്കുന്നതാകും ഭൂമികുലുക്കത്തിലെ ഏറ്റവും വലിയ വേദന എന്നെനിക്ക് തോന്നി. കൈകൾ പരസ്പരം കോർത്ത് പിടിച്ചുകൊണ്ട് ഞങ്ങൾ കോണിപ്പടികൾ കയറാൻ തുടങ്ങി. ടെറസ്സിലെ ജലസംഭരണിയും പൈപ്പ് ലൈനുകളും പൊട്ടിയിട്ടുണ്ടാകണം. നല്ല വഴുക്കുണ്ടായിരുന്നു.

വിമാനത്താവളത്തിൽ രക്ഷപ്പെട്ടെത്തിയ വിദേശികളിൽ ഞങ്ങളായിരുന്നു ക്യൂവിന് മുന്നിലുണ്ടായിരുന്നത്. ചെറിയ ചെറിയ കുലുക്കങ്ങൾ പിന്നെയുമുണ്ടായപ്പോൾ ക്യൂ പലതവണ പൊട്ടി. പിന്നെ അവിടെ വരികളില്ല. ഭയന്ന് വിറക്കുന്ന കുറേ ആൾക്കൂട്ടങ്ങൾ മാത്രം. തിക്കിലും തിരക്കിലും വിമാനത്താവളത്തിലെ ചില്ലുവാതിൽ പൊടിഞ്ഞുവീണു. അതിനിടക്ക് ചൈനക്കാരുമായി അവരുടെ രണ്ട് വിമാനങ്ങൾ പറന്നുപോയി.

സന്ധ്യയായി. നല്ല കാറ്റുണ്ട്. മഴക്കാറുമായി കരിമേഘങ്ങൾ പാറിപ്പോകുന്നുണ്ട്.

ഒരു പഴയ മാരുതി ഓംനിയിൽ ചിലർ ഞങ്ങളെ തേടിയെത്തി. ഹോട്ടൽ നാരായണയുടെ മാനേജരും ഭാര്യയും. വണ്ടി നിറയെ വെള്ളക്കുപ്പികളും ബിസ്‌ക്കറ്റ് പാക്കറ്റുകളും. ഈ ഒരു ദുരന്ത ഭൂമിയിലും ജീവൻ പണയപ്പെടുത്തി സ്നേഹത്തിന്റെ ദാഹജലവുമായി അവർ വന്നിരിക്കുന്നു. പശുപതിനാഥന്റെ പ്രതിനിധികൾ! ഓരോ ബിസ്‌ക്കറ്റും കുറച്ച് വെള്ളവും മാത്രം കഴിച്ച് ബാക്കി ഞങ്ങൾ സൂക്ഷിച്ചുവെച്ചു. എത്ര നാൾ ഇങ്ങനെ കഴിയേണ്ടി വരും എന്നറിയില്ലല്ലോ.

അതേസമയം അവിടെ തുറന്നുവെച്ച ഒരേ ഒരു കടയിലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളെല്ലാം വിറ്റുതീർന്നിരുന്നു. പത്ത് രൂപയുടെ ബിസ്‌ക്കറ്റിന് പോലും വില ഇരുനൂറ്റിന് മേലെ ഉയർന്നു. ഈ ഭൂമുഖത്ത് ഇനി എത്ര ദിവസം എത്ര നിമിഷം എന്ന് പോലും അറിയില്ല. മരണം മുന്നിൽ വന്നുനിൽക്കുന്ന ഈ സമയത്ത് പോലും നന്മയും തിന്മയും എന്താണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു, ത്രിഭുവൻ വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ.

രക്ഷാദൗത്യം

ഇന്ത്യയിൽ നിന്നയച്ച ആദ്യ വിമാനത്തിൽ കയറാനുള്ള ഞങ്ങളുടെ ശ്രമം പരാജയപ്പെട്ടു. കൈയ്യിൽ കിട്ടിയ ലഗേജ് ട്രോളികളിലൊന്നിൽ ബാഗുകൾ അടുക്കിവെച്ച് അറ്റത്ത് ബാക്കിയായ ഇത്തിരി സ്ഥലത്ത് ഞങ്ങൾ മാറിമാറി ഇരുന്നു. കൂടെയുണ്ടായിരുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥൻ സമ്മർദം താങ്ങാനാകാതെ അസ്വസ്ഥത പ്രകടിപ്പിക്കുന്നു.

ചെറുപ്പക്കാരിയായ ഒരു നേപ്പാളി വനിത 'നിങ്ങൾ എവിടെ നിന്നും വരുന്നു' എന്ന് ചോദിച്ചുകൊണ്ട് പരിചയപ്പെടാൻ വന്നു. 'കേരളം' എന്ന് കേട്ടപ്പോൾ അവൾ പറഞ്ഞു. 'ഓ കേരള. ഇറ്റ് ഈസ് വെരി ബ്യൂട്ടിഫുൾ പ്ലേസ്. വെരി നൈസ് പീപ്പിൾ ടൂ...'

ഇംഗ്ലണ്ടിൽ നിന്നുള്ള ഫ്ലൈറ്റിൽ ഉച്ചക്കെത്തേണ്ടതായിരുന്നു അവളുടെ കാമുകൻ. ഭൂകമ്പം കാരണം വിമാനത്താവളം അടച്ചിരിക്കുന്നു. പക്ഷേ അവൾക്ക് തിരിച്ചുപോകാൻ തോന്നുന്നില്ല. 'ഇത്ര വലിയ ഒരു ദുരന്തമുണ്ടായിട്ട് ഇത്ര നേരമായിട്ടും നിങ്ങളുടെ സർക്കാരിന് ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ. ഒരു സഹായവും ഞങ്ങൾക്കിതുവരെയും കിട്ടിയില്ല. നശിച്ച നാട്'.

എന്റെ പ്രതികരണം ഇത്തിരി കടുത്ത് പോയിരുന്നു. അവളുടെ മുഖം വാടി. കണ്ണുകളിൽ നനവ്.

'എന്റെ നേപ്പാളിനെക്കുറിച്ച് ഒരിക്കലും നിങ്ങളങ്ങനെ പറയരുതേ... ഞങ്ങൾ പാവങ്ങൾ. ഇന്ത്യയുടേയും ചൈനയുടേയും സഹായം കൊണ്ട് മാത്രം കഷ്ടിച്ച് ജീവിച്ച് പോകുന്നവർ. എന്തെങ്കിലും അനിഷ്ടം തോന്നിയെങ്കിൽ ഞങ്ങൾക്ക് മാപ്പ് തരിക. ഒരിക്കലും ഞങ്ങളെ ശപിക്കരുതേ....' അവളുടെ ശബ്ദം ഇടറി.

ഒരിക്കൽ കൂടി ഭൂമി ഒന്നിളകി. ചിതറി ഓടുന്നതിനിടയിൽ അവസാനമായി അവൾ എന്തോ പറയുന്നുണ്ടായിരുന്നു. അതെന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായതുമില്ല. കറുത്ത പാന്റും സ്യൂട്ടുമിട്ട ഒരാറടി മനുഷ്യൻ ചോദിക്കുന്നു.

'ആർ യൂ ഫ്രം ഇന്ത്യ?' അദ്ദേഹത്തിന് പിന്നാലെ ഇമിഗ്രേഷൻ ചെക്കും സെക്യൂരിറ്റി ഗേറ്റുകളുമില്ലാതെ ഞങ്ങൾ വിമാനത്താവളത്തിനകത്ത്! ആരോടാണ് നന്ദി പറയേണ്ടത്? തിരിഞ്ഞ് നോക്കുമ്പോൾ കറുത്ത പാന്റും സ്യൂട്ടുമിട്ട അയാൾ മാത്രം ഞങ്ങളുടെ മിഴിവെട്ടത്തിലില്ല. വിമാനത്തിനകത്ത് ആരോ തള്ളിക്കയറ്റിയ പോലെ ഞങ്ങൾ. കുറുകെ വരിവരിയായി കെട്ടിയിട്ട വടങ്ങളിൽ മുറുകെപ്പിടിച്ച് തറനിരപ്പിൽ ഇരിക്കാനായിരുന്നു നിർദ്ദേശം. കാലുകൾ മടക്കി ചമ്രംപടിഞ്ഞിരിക്കണം. അവസാനത്തെ ഇന്ത്യക്കാരനും ഇരിക്കാനിടം വേണം. രക്ഷപ്പെടണം.

നമ്മുടെ വ്യോമസൈനികരൊടൊപ്പം ഞങ്ങളെല്ലാവരും ഒരുമിച്ച് ആർത്തുവിളിച്ചു.

'ഭാരത് മാതാ കി ജയ്...' ആശ്വാസത്തിന്റെ ആകാശങ്ങളിലേക്ക് ഇടക്കെപ്പോഴോ പറന്നുയരാൻ തുടങ്ങിയിരുന്നു ഞങ്ങൾ. വിമാനത്തിന്റെ നേരിയ ഇളക്കങ്ങളിൽപ്പോലും മുറിഞ്ഞ് പോകുന്ന മയക്കം. അറിയാതെ അടയുകയും തുറക്കുകയും ചെയ്തിരുന്ന മനസ്സിന്റെ മഞ്ഞ് വാതിലുകളിലൊന്നിൽ പശുപതിനാഥന്റെ പുണ്യാഹവുമായി വന്ന ഹോട്ടൽ മാനേജരുടേയും ഭാര്യയുടേയും രൂപം തെളിയുന്നു. തങ്ങളുടെ നാടിനെ ഒരിക്കലും വെറുക്കരുതേയെന്ന് വീണ്ടും വീണ്ടും ആ നേപ്പാളി പെൺകുട്ടി അപേക്ഷിക്കുന്നതുപോലെ...

അവളുടെ പേരുപോലും ഓർത്തെടുക്കാനാകുന്നില്ല. ഞാനവളെ കുമാരി എന്ന് വിളിച്ചുവോ? ബുദ്ധമതവിശ്വാസികളുടെ ദേവകന്യകളായിരുന്നു കുമാരിമാർ. അവർക്ക് വിവാഹം നിഷിദ്ധം. അഥവാ വിവാഹം കഴിച്ചാലും ഭർത്താക്കൻമാർ വാഴില്ല എന്നാണ് വിശ്വാസം. കുമാരിമാരുടെ ദർശനം പോലും ശുഭകരം, പുണ്യം എന്നൊക്കെയാണ് പറയപ്പെടുന്നത്.

നാട്ടിലെ ടെലിവിഷൻ സൈറ്റുകളിൽ ഭൂകമ്പത്തിന്റെ ദയനീയ ദൃശ്യങ്ങൾ ശുഭപന്തുവരാളികളായി മാറും. ചിത്രങ്ങളുടെ താഴെ ഞങ്ങളുടെ പേരുകളും സ്‌ക്രോൾ ചെയ്ത് നീങ്ങും. രക്ഷപ്പെടുന്നവരുടെ കൂട്ടത്തിൽ എന്റേയും ബാലയുടേയും പേരുകളുണ്ടോ എന്നറിയാൻ, സിംഗപ്പൂരിൽ ശ്രുതിയും അങ്ങ് കേരളത്തിൽ സായിക്കുട്ടനും ടിവിക്ക് മുമ്പിൽ ഉറക്കമൊഴിച്ചിരിക്കുന്നുണ്ടാകും. മറ്റാരോ ചെയ്ത പുണ്യം കൊണ്ട് മാത്രം, വിശുദ്ധ അഗസ്റ്റിൻ പറഞ്ഞ ലോകപുസ്തകത്തിലെ അടുത്ത പേജ് വായിക്കാനുള്ള

സമയം നീട്ടിക്കിട്ടുന്നു. ഡൽഹി ഇന്റർനാഷണൽ എയർപോർട്ടിന്റെ റൺവേയിൽ വിമാനം ഉരസിയിറങ്ങിയപ്പോഴുണ്ടായ തള്ളലിൽ എന്റെ മയക്കത്തിന്റെ കുമിളകൾ പൊട്ടി. നേരം പുലരുന്നേയുള്ളൂ. പുറത്ത് ഞങ്ങളെ കാത്ത് നിൽക്കുന്ന ഉദ്യോഗസ്ഥരുടേയും ക്യാമറകൾ തുറന്ന് വെച്ചിരിക്കുന്ന മീഡിയക്കാരുടേയും ബഹളം.

പ്രകൃതിയുടെ ചെറിയൊരു പ്രതിഷേധമായിരുന്നിട്ടുകൂടി ഞങ്ങൾ അനുഭവിച്ചത് ഒരായുസ്സിന്റെ വേദനയും പിരിമുറുക്കവുമായിരുന്നു. എനിക്കും ബാക്കിയുള്ളവർക്കും വേണ്ടി ഒരു മാപ്പെങ്കിലും പറയുവാൻ ഡൽഹിയുടെ മണ്ണിൽ ഞാൻ മുട്ടുകുത്തിയിരുന്ന് കൈകൾ കൂപ്പി.

ഓം വസുധാരായ വിദ്മഹേ
ഭൂതധത്രായ ധീമഹി തന്നോ ഭൂമി: പ്രചോദയാത്.