13,500 കോടി രൂപയുടെ ബാങ്ക് വായ്പാത്തട്ടിപ്പ് നടത്തി രാജ്യംവിട്ടയാള്‍. ആദ്യം അമേരിക്കയിലേക്കും അവിടെനിന്ന് ആന്റിഗ്വയിലേക്കും ഒളിച്ചോട്ടം. പിന്നീട് ക്യൂബയിലേക്കുള്ള പലായന ശ്രമത്തിനിടെ ഡൊമിനിക്കയിൽ അറസ്റ്റിൽ. ഡൊമിനിക്കന്‍ സര്‍ക്കാര്‍ ആന്റിഗ്വയിലേക്ക് തിരിച്ചയച്ചെങ്കിലും അധികം വൈകാതെ ഭാര്യക്കൊപ്പം ബെൽജിയത്തിലേക്ക് കുടിയേറി. തുടര്‍ന്ന് ബെൽജിയത്തില്‍ അറസ്റ്റില്‍. പറഞ്ഞു വന്നത് പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്ന് വന്‍തുക വായ്പയെടുത്ത് ഒളിവില്‍ പോയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെക്കുറിച്ചാണ്. ഒരുകാലത്ത് സംരംഭക വിജയത്തിന്റെ ഉത്തമ മാതൃകയായിരുന്നു മെഹുല്‍ ചിനുഭായ് ചോക്സി. ഗീതാഞ്ജലി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും എന്ന നിലയില്‍ തന്റെ കുടുംബ ആഭരണ ബിസിനസിനെ ഒരു ആഗോള സാമ്രാജ്യമാക്കി മാറ്റിയ ആള്‍. പക്ഷേ ഇന്ന് ഇന്ത്യയുടെ ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കിയ പിഎന്‍ബി തട്ടിപ്പിന്റെ പര്യായമാണ് മെഹുല്‍ ചോക്‌സി എന്ന പേര്.

To advertise here,

ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ബെൽജിയം ആന്റ്​വെർപ്പിലെ കോടതി ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യ ഉയര്‍ത്തിയ നയതന്ത്രസമ്മര്‍ദത്തെത്തുടര്‍ന്നാണ് മെഹുല്‍ ചോക്സി അറസ്റ്റിലാകുന്നത്. ചോക്‌സിയുടെ അറസ്റ്റ് സാധുവാണെന്നും കോടതി വിധിച്ചു. ഇതെല്ലാമാണെങ്കിലും അതിപ്രശസ്ത ബിസിനസുകാരനില്‍ നിന്ന് പിടികിട്ടാപ്പുള്ളിയായ വ്യക്തിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്. കുടുംബ ജ്വല്ലറിയില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി സാമ്രാജ്യങ്ങളിലൊന്നായ ഗീതാഞ്ജലി ഗ്രൂപ്പിന്റെ തലവനിലേക്കുള്ള ചോക്‌സിയുടെ യാത്ര അദ്ദേഹത്തിന്റെ ബിസിനസ് വളർച്ചയുടെ കഥ കൂടിയാണ്.

വജ്രവ്യാപാരത്തിനൊപ്പം വളര്‍ന്ന ജീവിതം

1959 മേയ് 5-ന് ബോംബെയിൽ (ഇപ്പോഴത്തെ മുംബൈ) ഒരു ഗുജറാത്തി വ്യാപാരി കുടുംബത്തിലാണ് മെഹുല്‍ ചോക്‌സി ജനിച്ചത്. പിതാവ് ചിനുഭായ് ചോക്‌സി വജ്രവ്യാപാരിയായിരുന്നു. കുടുംബത്തിന്റെ ചെറിയ വജ്രവ്യാപാരത്തിനൊപ്പമായിരുന്നു മെഹുലിന്റെയും വളർച്ച. ചെറുപ്പം മുതല്‍ തന്നെ മെഹുല്‍ രത്‌നങ്ങളിലും ആഭരണങ്ങളിലും പ്രായോഗിക പരിശീലനം നേടി. കോളേജ് പഠനകാലത്ത് പകല്‍ സമയത്ത് ക്ലാസുകളില്‍ പങ്കെടുക്കുകയും വൈകുന്നേരങ്ങളില്‍ കുടുംബ സ്ഥാപനത്തില്‍ സമയം ചെലവഴിക്കുകയും ചെയ്തു. പിതാവിന്റെ മേല്‍നോട്ടത്തില്‍ വജ്രം മുറിക്കലും വ്യാപാരവും പഠിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. ഇതാണ് ആഭരണ വ്യാപാരത്തില്‍ അദ്ദേഹത്തിന്റെ ഭാവിക്ക് അടിത്തറയിട്ടത്. ഗുജറാത്തിലെ പാലന്‍പൂരിലുള്ള ജി.ഡി.മോദി കോളേജിലാണ് മെഹുൽ വിദ്യാഭ്യാസം നേടിയത്. എന്നാല്‍ ഉന്നത ബിരുദങ്ങളുടെയോ പ്രത്യേക പ്രൊഫഷണല്‍ പരിശീലനത്തിന്റെയോ രേഖകളൊന്നുമില്ല.

1975-ല്‍ തന്റെ പിതാവ് ചിനുഭായ് ചോക്‌സിയുടെ വജ്രവ്യാപാരത്തിന്റെ ഭാഗമായിക്കൊണ്ടാണ് മെഹുല്‍ രത്‌ന-ആഭരണ മേഖലയിലേക്ക് പ്രവേശിച്ചത്. വജ്രവ്യാപാരത്തിന്റെ വിവിധ വശങ്ങള്‍ മനസിലാക്കിയ മെഹുല്‍, പില്‍ക്കാലത്ത് തന്റെ ബിസിനസ്സ് തന്ത്രങ്ങള്‍ക്ക് വഴിയൊരുക്കിയ പ്രായോഗിക അനുഭവം ആര്‍ജിച്ചത് ഇക്കാലഘട്ടത്തിലാണ്. ഒരു പതിറ്റാണ്ടിനുശേഷം 1985-ല്‍, കുടുംബസംരംഭത്തിന്റെ നിയന്ത്രണം അദ്ദേഹം ഏറ്റെടുത്തു. സ്ഥാപനത്തെ ഗീതാഞ്ജലി ജെംസ് എന്ന് പുനര്‍നാമകരണം ചെയ്തു. കമ്പനി പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വജ്രം മിനുക്കലിന് അപ്പുറത്തേയ്ക്ക് മെഹുലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ആഗോള വിപണികളിലേക്ക്, പ്രത്യേകിച്ച് അമേരിക്കയിലേക്ക് മെഹുല്‍ ചോക്‌സി പ്രവര്‍ത്തനം വിപുലീകരിച്ചു. ബ്രാന്‍ഡിങ്ങില്‍ ശ്രദ്ധകാണിച്ച അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി 4,000-ത്തിലധികം സ്റ്റോറുകളുള്ള ഒരു റീട്ടെയില്‍ ഭീമനായി ഗീതാഞ്ജലിയെ വികസിപ്പിച്ചു.

മെഹുല്‍ ചോക്‌സി എന്ന ബ്രാന്‍ഡ്

കുടുംബത്തിന്റെ വജ്രവ്യാപാര സ്ഥാപനം മെഹുല്‍ ചോക്സി ഏറ്റെടുക്കുമ്പോള്‍ അന്നതിന്റെ വാര്‍ഷിക വിറ്റുവരവ് ഏകദേശം 50 കോടിയായിരുന്നു. വജ്രകയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അദ്ദേഹം അതിനെ ഗീതാഞ്ജലി ജെംസ് എന്ന് പുനര്‍നാമകരണം ചെയ്തു. 1980-കളുടെ അവസാനത്തോടെ, ഗീതാഞ്ജലി രാജ്യത്തെ ഏറ്റവും മികച്ച കട്ട് ആന്‍ഡ് പോളിഷ്ഡ് വജ്ര കയറ്റുമതിക്കാരില്‍ ഒരാളായി മാറി. തൊണ്ണൂറുകളില്‍ രാജ്യത്തെ സാമ്പത്തിക ഉദാരവത്കരണത്തിനുശേഷം ബ്രാന്‍ഡഡ് മേഖലയിലെ റീട്ടെയിലിലെ അവസരങ്ങള്‍ ചോക്സി തിരിച്ചറിഞ്ഞു. 1994-ല്‍ ബ്രാന്‍ഡഡ് ജ്വല്ലറിയായ ഗിലി അദ്ദേഹം ആരംഭിച്ചു. ഇത് കയറ്റുമതിയില്‍ നിന്ന് റീട്ടെയില്‍ വില്പനയിലേക്കുള്ള ഒരു പ്രധാന മാറ്റമായിരുന്നു. അത് വലിയ വിജയവുമായിരുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഗീതാഞ്ജലി നക്ഷത്ര, അസ്മി, സംഗിനി, ഡി'ഡമാസ്, മായ തുടങ്ങിയ ജനപ്രിയ ആഭരണ ബ്രാന്‍ഡുകളുടെ ഒരു പരമ്പര അവതരിപ്പിച്ചു.

2010-ന്റെ തുടക്കത്തില്‍, ഗീതാഞ്ജലിയുടെ റീട്ടെയില്‍ ശൃംഖല ഇന്ത്യയിലെ 200 നഗരങ്ങളിലും യുഎസ്, ജപ്പാന്‍, ചൈന, മിഡില്‍ ഈസ്റ്റ് എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലുമായി 4,000 ത്തിലധികം വില്പന കേന്ദ്രങ്ങളായി വളര്‍ന്നു. 2006-ല്‍ സാമുവല്‍സ് ജ്വല്ലേഴ്സ് (യുഎസ്) പോലുള്ള അന്താരാഷ്ട്ര ആഭരണ സ്ഥാപനങ്ങളെയും ചില ഇറ്റാലിയന്‍ ബ്രാന്‍ഡുകളെയും ഗീതാഞ്ജലി സ്വന്തമാക്കി. ഗീതാഞ്ജലിയെ ഇന്ത്യയില്‍ നിന്നുള്ള ആഢംബര ബ്രാന്‍ഡാക്കുക എന്നതായിരുന്നു ചോക്സിയുടെ ആഗ്രഹം. 2010 ആയപ്പോഴേക്കും ഗീതാഞ്ജലി ജെംസ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 8,000 കോടിയിലധികം മൂല്യമുള്ള കമ്പനിയായി ലിസ്റ്റ് ചെയ്തു.

സ്ഥിരോത്സാഹവും ആളുകളുമായി പെട്ടെന്ന് അടുക്കാനുള്ള കഴിവും ചോക്‌സിയെ ഉന്നതരുടെ പ്രിയപ്പെട്ടവനാക്കി. ഫാഷന്‍ ഷോകളും ഫിലിം അവാര്‍ഡുകളും ഉള്‍പ്പെടെയുള്ള ഉന്നത നിലവാരമുള്ള പരിപാടികള്‍ അദ്ദേഹം സ്‌പോണ്‍സര്‍ ചെയ്തു. ഗീതാഞ്ജലി ഗ്രൂപ്പ് അതിന്റെ പ്രതാപകാലത്ത് 13,000 കോടിയിലധികം വാര്‍ഷിക വരുമാനം വരെ നേടിയിരുന്നതായാണ് കണക്കുകള്‍. ഗീതാഞ്ജലി ജെംസിന്റെ പ്രതാപകാലത്ത് 20,000 കോടി രൂപയിലധികമായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. ലോകമെമ്പാടുമായി 5,000-ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയിലും കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യയുടെ ആകെ ആഭരണ വിപണി വിഹിതത്തിന്റെ 50%-ത്തിലധികം കൈവശപ്പെടുത്തി. പക്ഷേ 2018 ആയപ്പോഴേക്കും ആ സാമ്രാജ്യത്തിന്റെ തകര്‍ച്ച തുടങ്ങി. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്തു വന്നതോടെ പതനം പൂര്‍ണമായി.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്

ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ ഏറ്റവും വലിയ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അരങ്ങേറിയത്. മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡിഹൗസ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. 2011 മുതല്‍ കുറ്റമറ്റ രീതിയില്‍ നടന്ന തട്ടിപ്പ് 2018-ലാണ് നിയമത്തിന് മുന്നിലെത്തിയത്. 13,578 കോടി രൂപയോളം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിയെടുത്തു. ചില ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആയിരുന്നു തട്ടിപ്പ്. നീരവ് മോദി, സഹോദരന്‍ നിരാല്‍ മോദി, ഭാര്യ അമി നീരവ്, മെഹുല്‍ ചോക്‌സി എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണം മാറ്റിയത്. ഈ പണം വിദേശത്ത് പിന്‍വലിച്ചതായി കണ്ടെത്തി. ബാങ്കിലെ ഗോകുല്‍നാഥ് ഷെട്ടിയെന്ന ഉദ്യോഗസ്ഥനായിരുന്നു നീരവിന് തട്ടിപ്പിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. 2010 മുതല്‍ ഫോറിന്‍ എക്സ്ചേഞ്ച് വിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. 2017-ല്‍ ഗോകുല്‍നാഥ് വിരമിച്ചു. ഇയാള്‍ക്ക് പകരമെത്തിയ ഉദ്യോഗസ്ഥന്‍ തട്ടിപ്പ് തിരിച്ചറിയുകയും മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

നീരവ് മോദിയുടേയും പങ്കാളികളുടെയും പേരിലുള്ള ഡയമണ്ട് ആര്‍.യു, സോളാര്‍ എക്‌സ്‌പോര്‍ട്ട്, സ്‌റ്റെല്ലാര്‍ ഡയമണ്ട് എന്നീ കമ്പനികള്‍ക്ക് വിദേശത്തുനിന്ന് ഇറക്കുമതിക്കായി ഹ്രസ്വകാലവായ്പ ലഭിക്കുന്നതിന് ജാമ്യച്ചീട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. 2018 ജനുവരി 16-ന് ജാമ്യച്ചീട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നീരവ് ബാങ്കിനെ സമീപിച്ചു. ജാമ്യച്ചീട്ട് നല്‍കാന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ 100 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതായാണ് ബാങ്ക് അന്ന് നല്‍കിയ പരാതിയില്‍ പറയുന്നത്. പക്ഷേ, ഇതേ സൗകര്യം മുമ്പ് ലഭിച്ചിരുന്നതായി നീരവ് അവകാശപ്പെട്ടു. എന്നാല്‍ ശാഖയിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഈ സ്ഥാപനങ്ങള്‍ക്ക് മുമ്പ് ജാമ്യച്ചീട്ട് നല്‍കിയതായി കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ ഇതേ ശാഖയില്‍ ഡെപ്യൂട്ടി മാനേജരായ ഗോകുല്‍നാഥ് ഷെട്ടി, മറ്റൊരു ജീവനക്കാരനായ മനോജ് ഖരാത്തുമായി ചേര്‍ന്ന് 2010 മാര്‍ച്ച് മുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നീരവിന് ജാമ്യച്ചീട്ട് നല്‍കിയതായി കണ്ടെത്തി. ഇടപാടുകള്‍ കണ്ടെത്താതിരിക്കാന്‍ ഇവ ബാങ്ക് രേഖകളില്‍ ചേര്‍ത്തിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പടുകൂറ്റന്‍ തട്ടിപ്പ് പുറത്തുവന്നത്.

നീരവിനൊപ്പം ചോക്‌സിയും കുടുങ്ങുന്നു!

ഫോബ്സ് മാസികയുടെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം, 2014 മുതല്‍ നീരവ് മോദി വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിനു കീഴിലായിരുന്നു. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നികുതി വകുപ്പും അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നു. നികുതി അടയ്ക്കാതെ കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടും മുത്തുകളും ആഭ്യന്തര വിപണിയിലേക്ക് അനധികൃതമായി ഇറക്കുമതി ചെയ്തതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നീരവിനെതിരെ അന്വേഷണം നടത്തിയിരുന്നു. ബാങ്ക് ഗ്യാരന്റിയുടെ ഉറപ്പില്‍ കോടികളുടെ ഇടപാട് സാധ്യമാക്കുന്ന ബയേഴ്സ് ക്രഡിറ്റ് ലെറ്റര്‍ ഓഫ് കംഫര്‍ട്ട് ഉപയോഗിച്ചാണ് നീരവ് മോദി തട്ടിപ്പ് നടത്തിയത്. പി.എന്‍.ബി.യുടെ ജാമ്യത്തില്‍ വിദേശബാങ്കുകളില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുകയും തിരിച്ചടയ്ക്കാതെ മുങ്ങുകയുമാണ് നീരവ് ചെയ്തത്. 2018 ഫെബ്രുവരിയിലാണ് മെഹുല്‍ ചോക്സിയുടെ മരുമകന്‍ നീരവ് പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. തട്ടിപ്പില്‍ നീരവിന്റെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ മെഹുല്‍ ചോക്സിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ആദ്യഘട്ടത്തില്‍ ചോക്സി ആരോപണം നിഷേധിച്ചു.

2018 മാര്‍ച്ചില്‍ പ്രത്യേക പിഎംഎല്‍എ കോടതി ചോക്സിക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. അതിനുമുമ്പേ ചോക്സി ഇന്ത്യ വിട്ടിരുന്നു. ആദ്യം അമേരിക്കയിലേക്കും അവിടെ നിന്ന് ആന്റിഗ്വയിലേക്കും താമസംമാറി. നിയമപരമായ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് 2017-ല്‍ തന്നെ ആന്റിഗ്വയുടെ 'സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ്' പ്രോഗ്രാമിലൂടെ ചോക്‌സി പൗരത്വം നേടിയിരുന്നു. എന്നാല്‍ താന്‍ ഒളിച്ചോടിയതല്ലെന്നും ചികിത്സയ്ക്ക് എത്തിയതാണെന്നുമാണ് ചോക്സി വിശദീകരിച്ചത്. ആ സമയത്ത് ആന്റിഗയുമായി ഇന്ത്യയ്ക്ക് പ്രതികളെ കൈമാറുന്നതിനുള്ള ഉടമ്പടി ഇല്ലായിരുന്നു. 2021-ല്‍ ചോക്സിയെ ആന്റിഗ്വയില്‍നിന്ന് കാണാതായി. പിന്നീട് ഡൊമിനിക്കയില്‍ ചോക്സിയെ കണ്ടെത്തി. ബോട്ടില്‍ ക്യൂബയിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രാജ്യത്ത് അനധികൃതമായി പ്രവേശിച്ചതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡൊമിനിക്ക കോടതി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ഉടനടി നാടുകടത്താനുള്ള നീക്കം നിരസിക്കുകയും ആ വര്‍ഷം ജൂലൈയില്‍ ആന്റിഗ്വയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. 2023 മാര്‍ച്ചില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ചു.

2024-ല്‍ ചോക്‌സി ഭാര്യ പ്രീതിയോടൊപ്പം ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പിലേക്ക് താമസം മാറി. ആരോഗ്യ-നിയമപ്രശ്‌നങ്ങള്‍ കണക്കിലെടുത്തായിരുന്നു മാറ്റം. സിബിഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ ബെല്‍ജിയന്‍ പോലീസ് 2025 ഏപ്രില്‍ ചോക്‌സിയെ അറസ്റ്റ് ചെയ്തു. അന്വേഷണ ഏജന്‍സിയായ സിബിഐയുടെയും നയതന്ത്ര ഇടപെടലുകളെയും തുടര്‍ന്നാണ് ആൻന്റ്​വേർപ്പ് പോലീസ് ചോക്‌സിയെ ഏപ്രിലില്‍ അറസ്റ്റ് ചെയ്തത്. ബെല്‍ജിയന്‍ കോടതികളില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളിയതിനാല്‍ അന്നു മുതല്‍ ചോക്‌സി ജയിലിലാണ്. പിഎന്‍ബി തട്ടിപ്പ് കേസില്‍ കുടുങ്ങിയവരെ പിടികൂടുന്നതില്‍ ഇന്ത്യ നടത്തിയ നീക്കത്തിലെ നിർണായക വഴിത്തിരിവാണ് അദ്ദേഹത്തിന്റെ അറസ്റ്റ്. 2025 ഒക്ടോബറില്‍ ബെല്‍ജിയന്‍ കോടതി ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടു. ചോക്‌സിയുടെ അറസ്റ്റ് സാധുവാണെന്നും കോടതി വിധിച്ചു. പക്ഷേ, ഇനിയും അപ്പീലിന് അവസരമുള്ളതിനാല്‍ ചോക്‌സിയെ ഉടന്‍ ഇന്ത്യയിലെത്തിക്കുമോ കാര്യത്തില്‍ ഉറപ്പില്ല.