ബ്രസല്‍സ്: 13,500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ വിവാദ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയന്‍ കോടതി അനുമതി നല്‍കി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ബെല്‍ജിയന്‍ പോലീസ് ചോക്‌സിയെ അറസ്റ്റ്‌ചെയ്ത നടപടി സാധുവാണെന്നും കോടതി കണ്ടെത്തി.
അതേസമയം, ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അനുമതി നല്‍കിയെങ്കിലും അദ്ദേഹത്തിന് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്ന് ആന്റ്വര്‍പ്പിലെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ചോക്‌സിയെ ഉടനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കുറ്റവാളിയെ കൈമാറുന്ന നടപടികളുമായി ബന്ധപ്പെട്ട് ഏറെ സുപ്രധാനമാണ് കോടതിയുടെ ഈ ഉത്തരവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് മെഹുല്‍ ചോക്‌സി. കേസില്‍ പ്രതിയായതോടെ ചോക്‌സി രാജ്യംവിടുകയായിരുന്നു. ഇന്ത്യയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഏപ്രില്‍ 22-നാണ് അദ്ദേഹത്തെ ബെല്‍ജിയത്തില്‍ അറസ്റ്റ്‌ചെയ്തത്. അന്നുമുതല്‍ ബെല്‍ജിയത്തിലെ ജയിലില്‍ അദ്ദേഹം തടവില്‍ കഴിയുകയാണ്. ഇതിനിടെ ഒന്നിലധികം തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതെല്ലാം കോടതി നിരസിച്ചിരുന്നു.
ബെല്‍ജിയത്തില്‍ പിടിയിലായത് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ
സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ പിടിയിലായത്. കാന്‍സര്‍ ബാധിതനായതിനാല്‍ ചികിത്സയ്ക്കായി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനായിരുന്നു ചോക്സിയുടെ പദ്ധതി. ഇതിനായുള്ള നടപടിക്രമങ്ങളും ഏതാണ്ട് പൂര്‍ത്തിയായിരുന്നു. എന്നാല്‍, രാജ്യംവിടുന്നതിന് മുന്‍പാണ് ബെല്‍ജിയത്തിലെ ആന്റ്വര്‍പ്പില്‍നിന്ന് മെഹുല്‍ ചോക്സിയെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.
വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായ മെഹുല്‍ ചോക്സിക്കെതിരേ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഏതാനുംനാളുകള്‍ക്ക് മുമ്പ് ഇന്റര്‍പോള്‍ നോട്ടീസ് പിന്‍വലിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തുടര്‍ന്ന് ചോക്സിയെ പിടികൂടി ഇന്ത്യയിലെത്തിക്കാനായി ഇന്ത്യന്‍ ഏജന്‍സികള്‍ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നുവെന്നും ഇതിനിടെയാണ് ഇന്ത്യന്‍ ഏജന്‍സികളുടെ അപേക്ഷയില്‍ ചോക്സിയെ ബെല്‍ജിയത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തതെന്നുമാണ് വിവരം.
അറസ്റ്റിന് പിന്നാലെ ചോക്സിയെ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങളും ഇന്ത്യന്‍ ഏജന്‍സികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെഭാഗമായി മുംബൈയിലെ പ്രത്യേക കോടതി ചോക്സിക്കെതിരേ 2018-ലും 2021-ലും പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുകളടക്കം ഇന്ത്യ ബെല്‍ജിയത്തിന് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ 2018-ലാണ് മെഹുല്‍ ചോക്സിയും ബന്ധുവായ നീരവ് മോദിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സിബിഐയും ഇഡിയും കേസെടുത്തത്. എന്നാല്‍, അതേവര്‍ഷം തന്നെ മെഹുല്‍ ചോക്സി ഇന്ത്യയില്‍നിന്ന് മുങ്ങി. ആദ്യം അമേരിക്കയിലേക്കും അവിടെനിന്ന് ആന്റിഗ്വയിലേക്കുമാണ് ചോക്സി പറന്നത്.
നിക്ഷേപങ്ങളിലൂടെ ചോക്സിക്ക് ആന്റിഗ്വയിലെ പൗരത്വം ലഭിച്ചു. ഇതിനിടെ കാന്‍സര്‍ ചികിത്സയ്ക്കായി ചോക്സിയും ഭാര്യയും ബെല്‍ജിയത്തിലേക്ക് പോയി. പിന്നീട് ആന്റിഗ്വയില്‍ തിരികെ എത്തിയെങ്കിലും കഴിഞ്ഞവര്‍ഷം മുതല്‍ ഇരുവരും ബെല്‍ജിയത്തില്‍ വീണ്ടും താമസമാക്കി. മെഹുല്‍ ചോക്സിയും ഭാര്യ പ്രീതി ചോക്സിയും ബെല്‍ജിയത്തിലെ എഫ് റെസിഡന്‍സി കാര്‍ഡുകള്‍ നേടിയിരുന്നതായാണ് വിവരം. പ്രീതി ചോക്സിക്ക് ബെല്‍ജിയം പൗരത്വമുള്ളതിനാല്‍ മെഹുല്‍ ചോക്സിക്ക് എഫ് റെസിഡന്‍സി കാര്‍ഡ് എളുപ്പത്തില്‍ ലഭിച്ചു.
അതേസമയം, ഇന്ത്യന്‍, ആന്റ്വിഗന്‍ പൗരത്വം ഉപേക്ഷിക്കാതെ ബെല്‍ജിയം സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് മെഹുല്‍ ചോക്സി റെസിഡന്‍സി കാര്‍ഡ് നേടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ മെഹുല്‍ ചോക്സി തന്റെ എഫ് റെസിഡന്‍സി കാര്‍ഡ് എഫ് പ്ലസ് റെസിഡന്‍സി കാര്‍ഡിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇക്കാര്യം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അറിഞ്ഞതോടെയാണ് ചോക്സിയെ പിടികൂടാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലായത്. എഫ് പ്ലസ് റെസിഡന്‍സി കാര്‍ഡ് ലഭിച്ചാല്‍ ബെല്‍ജിയത്തില്‍നിന്ന് ചോക്സിയെ വിട്ടുകിട്ടാന്‍ കൂടുതല്‍ പ്രയാസമാകും. ഇതോടെ ഇന്ത്യന്‍ ഏജന്‍സികള്‍ വിവരങ്ങള്‍ കൈമാറുകയും ബെല്‍ജിയം അധികൃതര്‍ റെസിഡന്‍സി കാര്‍ഡ് ഉയര്‍ത്താനുള്ള നീക്കങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയുമായിരുന്നു.
നേരത്തെ ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്കുള്ള യാത്രയ്ക്കിടെ ഡൊമിനിക്കയില്‍ ചോക്സി അറസ്റ്റിലായിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് ചോക്സിയെ അന്ന് ഡൊമിനിക്കന്‍ അധികൃതര്‍ പിടികൂടിയത്. കാമുകിയുമായുള്ള ഉല്ലാസയാത്രയ്ക്കിടെയാണ് ചോക്സി ഡൊമിനിക്കയില്‍ പിടിയിലായതെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ആന്റ്വിഗന്‍ പൗരത്വമുള്ളതിനാല്‍ ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാനാകില്ലെന്ന് ആന്റ്വിഗന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനിടെ, ചോക്സിയെ തിരികെ എത്തിക്കാനായി ഇന്ത്യയില്‍നിന്നുള്ള വിമാനം ഡൊമിനിക്കയില്‍ എത്തിയെങ്കിലും നിരാശയോടെ തിരികെ മടങ്ങുകയായിരുന്നു. അതേസമയം, ചോക്സിയെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ആരോപണം.
Content Highlights: Belgian court approves extradition of Mehul Choksi, accused in 13,500 crore PNB bank fraud, to India. He can appeal but extradition process is significant.
Published: 17 Oct 2025, 09:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented