ഇക്കഴിഞ്ഞ ഒക്ടോബര്‍ 14-ന് മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് നേതാവ് ഭൂപതി എന്ന എം. വേണുഗോപാല്‍ റാവു 60 അനുയായികളുമായാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന് മുന്നില്‍ കീഴടങ്ങിയത്. ഭൂപതി ചെറിയ മീനല്ല. ഛത്തിസ്ഗഡിലും ഒഡിഷയിലും മഹാരാഷ്ട്രയിലും തെലങ്കാനയിലുമൊക്കെയായി വ്യാപിച്ചുകിടക്കുന്ന ചുവന്ന ഇടനാഴി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് ( നക്സല്‍) ഭൂമികയിലെ സര്‍വ്വ സൈന്യാധിപനായിരുന്നു ഭൂപതി.
സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ സുപ്രധാന തലച്ചോറ്. ഭൂപതിയുടെ കീഴടങ്ങല്‍ മാവോയിസത്തിന്റെയും നക്സലിസത്തിന്റെയും ചരമക്കുറിപ്പായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2011-ല്‍ ഭൂപതിയുടെ സഹോദരനും മാവോയിസ്റ്റ് നേതാവുമായിരുന്ന കോടീശ്വര്‍ റാവു എന്ന കിഷന്‍ജി കേന്ദ്ര സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി ബസവരാജുവിനെ ഇക്കഴിഞ്ഞ മെയിലാണ് പോലിസ് കൊലപ്പെടുത്തിയത്. ബസവരാജുവിന് മുമ്പ് ജനറല്‍ സെക്രട്ടറിയായിരുന്ന ഗണപതി ഇപ്പോള്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. കഴിഞ്ഞ വര്‍ഷം മാത്രം മാവോയിസ്റ്റുകളെന്ന് സംശയിക്കപ്പെടുന്ന 185 പേരാണ് കൊല്ലപ്പെട്ടത്.
2026 മാര്‍ച്ചിനുള്ളില്‍ മാവോയിസത്തെ ഇന്ത്യയില്‍ നിന്നില്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ അവസ്ഥ വെച്ചു നോക്കിയാല്‍ അമിത് ഷാ ലക്ഷ്യത്തിന് വളരെ അടുത്താണ്. 1960-കളില്‍ ബംഗാളിലെ നക്സല്‍ബാരിയില്‍നിന്ന് നക്സലിസം ഉറവയെടുത്തപ്പോള്‍ വസന്തത്തിന്റെ ഇടിമുഴക്കം എന്നാണ് ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരീക്ഷിച്ചത്. അനീതിക്കും അസമത്വത്തിനുമെതിരെയുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ തീക്ഷ്ണവും തീവ്രവുമായ പ്രതികരണം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ചരിത്ത്രിന്റെ അടിക്കുറിപ്പുകള്‍ മാത്രമാവുന്ന പരിണാമദശയാണ് ദൃശ്യമാവുന്നത്. പ്രതിഭാശാലികളായ ആയിരക്കണക്കിന് യുവാക്കളാണ് നക്സലിസത്തിന്റെ കാട്ടുതീയില്‍ എരിഞ്ഞുചാമ്പലായത്. ഭരണകൂടവുമായി ഏറ്റുമുട്ടി അകാലത്തില്‍ പൊലിഞ്ഞുപോയവര്‍. ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകളായി തമ്മില്‍ തമ്മില്‍ വെട്ടിത്തീര്‍ന്നവരുടെ എണ്ണവും ചെറുതല്ല.
നീതി തേടുന്ന ആദിവാസികള്‍
2004-ല്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ് സെന്റര്‍ ഒഫ് ഇന്ത്യയും ഒന്നായപ്പോള്‍ നക്സലുകള്‍ സമാന്തര ഭരണകൂടമാവുകയാണെന്ന് കരുതിയവര്‍ കുറവായിരുന്നില്ല. നക്സലുകളുടെ തട്ടകമായിരുന്ന ബസ്തര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അജ്ഞാത ഇടം എന്നാണറിയപ്പെട്ടിരുന്നത്. കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് പ്രവേശനം വിലക്കപ്പെട്ടിരുന്ന ഭൂമിക. മാവോയിസ്റ്റുകളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര ഭീക്ഷണിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ചത് ഈ പരിസരത്തിലായിരുന്നു. പക്ഷേ, ഉള്ളിന്റെയുള്ളില്‍ നക്സല്‍ വേട്ട മന്‍മോഹനെ അലട്ടിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന ഷരിഷ് ഖരെ എഴുതിയിട്ടുണ്ട്. നക്സല്‍ ഭീഷണി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കോര്‍പറേറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ഭരണകൂടം തങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ടോ എന്ന് നക്സലുകളും ചോദിക്കുന്നുണ്ടാവും എന്നായിരുന്നു മന്‍മോഹന്റെ പ്രതികരണം എന്നാണ് ഖരെ വെളിപ്പെടുത്തിയത്.
കാലഹരണപ്പെട്ട ഒരു വിശ്വാസ പ്രമാണത്തിന്റെ പേരില്‍ കലാപം നടത്തുന്ന ഭീകരരാണോ മാവോയിസ്റ്റുകള്‍? അതോ ഭരണകൂട ഭീകരതയ്ക്കെതിരെ മറ്റു വഴിയൊന്നുമില്ലാതെ ആയുധമേന്താന്‍ നിര്‍ബ്ബന്ധിതരായ ആദര്‍ശശാലികളോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി അരുന്ധതി റോയിയേയും അല്‍പ ഷായേയും പോലുള്ള എഴുത്തുകാര്‍ നക്സല്‍ ഹൃദയഭൂമിയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ആദര്‍ശാത്മക ലോകം സ്വപ്നം കണ്ടാണ് ഇന്ത്യയിലെ ഇടത്തരം - ഉപരിവര്‍ഗ്ഗ സമൂഹങ്ങളില്‍നിന്ന് ചെറുപ്പക്കാര്‍ നക്സല്‍ പ്രസ്ഥാനങ്ങളിലേക്കെത്തിയത്. ഇവരാണ് പിന്നീട് നക്സല്‍ ഗ്രൂപ്പുകളെ നയിച്ചത്. ത്യാഗനിര്‍ഭരമാണ് ഇവരുടെ ഇവരുടെ ജീവിതമെന്നതില്‍ സംശയമില്ലെന്ന് അല്‍പ ഷായും അരുന്ധതിയും എഴുതുന്നുണ്ട്. പക്ഷേ, ആദിവസികളിലേറെപ്പേരും വ്യക്തിപരമായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് മാവോയിസ്റ്റ് കൂടാരങ്ങളിലേക്കെത്തിയത്.
മാവോയിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ 90 ശതമാനവും ആദിവാസികളാണ്. അതേസമയം, ഇക്കഴിഞ്ഞ അരനൂറ്റാണ്ടില്‍ ഇവരിലാരും തന്നെ സംഘടനയുടെ തലപ്പത്തേക്കെത്തിയില്ലെന്നതും ശ്രദ്ധേയമാണെന്ന് അല്‍പ ഷാ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണകൂടവും കോര്‍പറേറ്റുകളും തങ്ങളെ 'ശല്ല്യ' മായി കണ്ടപ്പോള്‍ നക്സലുകള്‍ തങ്ങളെ മനുഷ്യരായി കണ്ടെന്ന് ആദിവാസികള്‍ പറയുന്നുണ്ട്. നക്സലുകളില്ലായിരുവെങ്കില്‍ ഛത്തിസ്ഗഡിലെയും ഝാർഖണ്ടിലെയും ബിഹാറിലെയും ആന്ധ്രയിലെയുമൊക്കെ ആദിവാസികള്‍ വന്‍ കോര്‍പറേറ്റുകളുടെ അത്യാര്‍ത്തികള്‍ക്കിരയായി എന്നേ ഒടുങ്ങുമായിരുന്നുവെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അരുന്ധതി റോയ് വിരല്‍ ചൂണ്ടുന്നത് വെറുതെയല്ല.
പരാജയപ്പെടുന്ന യുദ്ധങ്ങള്‍
ആദിവാസികളെ മുന്നില്‍ നിര്‍ത്തി മാവോയിസ്റ്റുകളെ വേട്ടയാടുക എന്ന തന്ത്രമാണ് ഭരണകൂടം പ്രയോഗിച്ചത്. കോണ്‍ഗ്രസ് - ബിജെപി സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിച്ചത്. സല്‍വ ജുദും എന്ന് പേരിലായിരുന്നു ഈ 'ശുദ്ധീകരണ' പ്രക്രിയയുടെ തുടക്കം. ഭരണകൂടത്തിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത സായുധ സേനയായിരുന്നു സല്‍വ ജുദും. ഡിസ്ട്രിക്റ്റ് റിസര്‍വ്വ് ഗാര്‍ഡ് ( ഡിആര്‍ജി) നിലവില്‍ വന്നതോടെയാണ് നക്സല്‍വേട്ട പൂര്‍വ്വാധികം ശക്തമായത്. ആദിവാസി യുവാക്കള്‍ അടങ്ങുന്ന ഈ പ്രത്യേക സേനാവിഭാഗം സായുധ പോലീസിന്റെ ഭാഗമായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. നക്സലുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഭരണകൂടത്തിന് യഥാസമയം ലഭ്യമായി എന്നതാണ് ഡിആര്‍ജി കൊണ്ടുവന്ന മാറ്റം.
രണ്ട് ലക്ഷത്തോളം അര്‍ദ്ധ സേനാ സൈനികരാണ് സംസ്ഥാന പോലിസിനൊപ്പം മാവോയിസ്റ്റ് വേട്ടയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എവിടെപ്പോയൊളിച്ചാലും വിവരം പോലിസിന് കിട്ടുമെന്നായതോടെ നക്സലുകള്‍ തളര്‍ന്നു. ഇതിന്റെയൊപ്പമാണ് കീഴടങ്ങിയാല്‍ ലഭ്യമാവുന്ന ജീവിത സൗകര്യങ്ങളുടെ പ്രലോഭനം ഭരണകൂടം മുന്നോട്ടുവെച്ചത്. ദയാരഹിതമായ വേട്ട, ആദിവാസികള്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പ്, സൈ്വരവും സമാധാനപൂര്‍ണ്ണവുമായ ജീവിതത്തെക്കുറിച്ചുള്ള ആഗ്രഹം എന്നിവ ചേര്‍ന്നാണ് മാവോയിസത്തിനെ കുഴിച്ചുമൂടുന്നതെന്ന നിരീക്ഷണം കാണാതിരിക്കാനാവില്ല.
ഇക്കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ഒരു സായുധ വിപ്ലവവും ഇന്ത്യയില്‍ വിജയിച്ചിട്ടില്ല. സമ്പത്തിന്റെ പുനര്‍വിതരണം, സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കല്‍ എന്നിങ്ങനെയുള്ള അടിസ്ഥാന മുദ്രാവാക്യങ്ങള്‍ ഇന്നിപ്പോള്‍ നകസലുകള്‍ പോലും ഉയര്‍ത്തുന്നില്ല. ഉള്ള ഭൂമിയില്‍നിന്ന് തങ്ങളെ കുടിയിറക്കാതിരിക്കാനാണ് നര്‍മ്മദാ അണക്കെട്ടിനെതിരെയുള്ള സമരത്തില്‍ ആദിവാസികള്‍ അണിചേര്‍ന്നത്. ഛത്തിസ്ഗഡ് ഉള്‍പ്പെടെയുള്ള ചുവന്ന ഇടനാഴിയിലും തങ്ങളുടെ ഭൂമി കൈവിട്ടുപോവാതിരിക്കാനുള്ള സമരത്തിലായിരുന്നു ആദിവാസികള്‍.
റാഡിക്കലായ ഒരു പോരാട്ടമേയല്ല ആദിവാസികളുടേതെന്ന് അരുന്ധതി റോയ് എഴുതുന്നത് ഇതുകൊണ്ടാണ്. പക്ഷേ, ഈ സമരങ്ങള്‍ പോലും പരാജയപ്പെടുകയാണ്. ഭരണകൂടത്തിന്റെ ചിറകുകളിലേറി കോര്‍പറേറ്റുകള്‍ ധാതുവിഭവങ്ങള്‍ക്കായി പുതിയ ഖനികള്‍ തേടുമ്പോള്‍ ആദിവാസികള്‍ അവരുടെ വാസഭൂമിയില്‍നിന്നും എന്നെന്നേക്കുമായി പിഴുതെറിയപ്പെടുന്നു. പരാജയപ്പെടുന്ന ഒരു പോരാട്ടത്തിലാണ് തങ്ങളെന്ന പ്രഖ്യാപനവുമായി ഭൂപതിയെപ്പോലുള്ളവര്‍ ഭരണകൂടം മുന്നോട്ടുവെയ്ക്കുന്ന കീഴടങ്ങല്‍ പദ്ധതികള്‍ ആലിംഗനം ചെയ്യുന്നത് വേറെ വഴികളില്ലെന്ന തിരിച്ചറിവിലാണ്.
കേരളത്തില്‍ നക്സല്‍ നേതാവായിരുന്ന മന്ദാകിനിയുടെ ജന്‍മശതാബ്ദി വര്‍ഷമാണിത്. കുന്നിക്കല്‍ നാരായണനും മന്ദാകിനിയും വര്‍ഗ്ഗീസും കെ. വേണുവും അജിതയുമൊക്കെ നക്സല്‍ വിപ്ലവവഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ ഈ യുദ്ധം ജയിക്കാനുള്ള സംവിധാനങ്ങള്‍ നക്സലുകള്‍ക്കില്ല എന്നാണ് മേതില്‍ രാധാകൃഷ്ണന്‍ പ്രവചന സ്വഭാവത്തോടെ പറഞ്ഞത്. വേണുവും അജിതയുമൊക്കെ ജനാധിപത്യത്തിന്റെ പാതകളിലേക്ക് തിരിച്ചുവന്നു. തെറ്റിയും തെറിച്ചും കേരളാതിര്‍ത്തികളിലെ കാടുകളിലെത്തുന്ന വിരലിലെണ്ണാവുന്ന നക്സലുകളേ ഇപ്പോള്‍ മലയാളികള്‍ക്ക് മുന്നിലുള്ളു.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എട്ട് നക്സലുകളാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. ഇടത് എന്ന് പേര് മാത്രമേയുള്ളുവെന്നും കച്ചവടം മുതലാളിത്തവുമായിട്ടാണെന്നും എം.വി. ഗോവിന്ദന്‍ തുറന്ന് സമ്മതിക്കുന്ന അവസ്ഥയില്‍ നക്സലുകള്‍ക്ക് കേരളവും ദണ്ഡകാരണ്യവും ഒരുപോലെയാവുന്നു. അതിനും മുമ്പ് കെ. കരുണാകരന്‍ എന്ന ആഭ്യന്തര മന്ത്രിയും ജയറാം പടിക്കലിന്റെ നേതൃത്വത്തിലുള്ള പോലിസുമാണ് കേരളത്തില്‍ നക്സല്‍ വിപ്ലവം ഇല്ലാതാക്കിയതെന്ന് പറയുന്നവരുണ്ട്. അവര്‍ മറന്നുപോകുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ മലയാളികളായ ചെറുപ്പക്കാര്‍ക്ക് മുന്നില്‍ തുറന്നിട്ട തൊഴില്‍ അവസരങ്ങളും അതിലൂടെ കേരളത്തിന്റ സമ്പദ് വ്യവസ്ഥയിലുണ്ടായ മാറ്റവുമാണ്.
മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ വെളിച്ചത്തിലുള്ള നക്സല്‍ പ്രസ്ഥാനങ്ങള്‍ ചരിത്രമാവുമ്പോഴും ഭൂമിയില്‍ അനീതിയും അസമത്വവും അസ്വാതന്ത്ര്യവും ഇല്ലാതാവുന്നില്ല. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഇപ്പോഴുമുയരുന്നുണ്ട്. നേപ്പാളിലും ബംഗ്ളാദശേിലും മഡഗാസ്‌കറിലും ഇന്‍ഡോനേഷ്യയിലുമൊക്കെ പുതിയ തലമുറ അനീതിക്കെതിരെ പ്രതികരിക്കുന്നുണ്ട്. പക്ഷേ, അതിനെ വസന്തത്തിന്റെ ഇടിമുഴക്കമെന്ന് വിളിക്കാന്‍ മാവോയുടെ ചൈന ഇന്നില്ല. പൂച്ച കറുത്തതാണോ വെളുത്താണോ എന്നല്ല എലിയെ പിടിക്കുന്നുണ്ടോ എന്നാണ് പുതിയ ചൈന ചോദിക്കുന്നത്. ആരാണെലി ആരാണ് പൂച്ച എന്നു ചോദിക്കരുത്. ഷി ജിന്‍പിങ്ങിനും വ്ളദമിര്‍ പുതിനും എന്ത് കമ്മ്യൂണിസം ഏത് കമ്മ്യൂണിസം! ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ക്ക് ഇത് എന്തുകൊണ്ടും ശിശിരമാണ്. കാലത്തിന്റെ ഇലപൊഴിക്കലില്‍ നക്സലിസം കാലഹരണപ്പെടുമ്പോള്‍ അവശേഷിക്കുന്ന ഒരു യാഥാര്‍ത്ഥ്യം ആദിവാസികളുടെ അശരണതയും നിരാലംബതയും തന്നെയാവുന്നു.
Content Highlights: Maoist leader Bhupathi`s surrender with 60 followers marks a turning point. Explore the decline of Naxalism in India, its historical roots, and the plight of tribal communities.
Published: 31 Oct 2025, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented